Thursday, November 08, 2018 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Oct 2017 03.34 PM

നെരിപ്പോടായി എരിയുന്ന ഓര്‍മ്മ

uploads/news/2017/10/156902/Weeklyaanmanasu181017.jpg

ആ കുട്ടി അന്ധയായിരുന്നു, കറുത്ത നിറം, ഒപ്പം വിരൂപമായ മുഖവും. കോളേജില്‍ സ്ഥിരം കാണുന്ന സുന്ദരമുഖങ്ങളില്‍ എന്നെ ആകര്‍ഷിച്ചത് ആ കുട്ടിയുടെ മുഖം ആയിരുന്നു. ചിലപ്പോള്‍ അങ്ങനെയാണ്. ചില വൈപരീത്യങ്ങള്‍ നമ്മളില്‍ നടമാടും.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളോട് പണ്ടുമുതലേയുള്ള മാനസിക അടുപ്പത്തിന്റെ ഭാഗമാകാം, ആ കുട്ടിയോട് മറ്റു കുട്ടികളെക്കാള്‍ അല്പം കൂടുതല്‍ വാത്സല്യം തോന്നിയത്. ഒരിക്കല്‍ കുട്ടികള്‍ക്കായി ഒരു ഹോംവര്‍ക്ക് നല്‍കി. അവരവര്‍, അവരവരെപ്പറ്റി എഴുതിക്കൊണ്ടുവരാന്‍ പറഞ്ഞു.

പിറ്റേന്ന്, എല്ലാവരും എഴുതിക്കൊണ്ടുവന്ന പേപ്പറില്‍ ഞാന്‍ ആദ്യം തിരഞ്ഞത് ആ കുട്ടിയുടെ പേപ്പര്‍ ആയിരുന്നു. അന്ധയായ, കറുത്ത, വിരൂപയായ ഒരു പെണ്‍കുട്ടിയുടെ ഹൃദയവിചാരം അറിയാന്‍ മാത്രം. അവളോടുള്ള സമൂഹത്തിന്റെ അവഗണന തുടങ്ങിയത് രണ്ടാം ക്ലാസ് മുതലാണ്.

ഒരു കവിത എഴുതി ടീച്ചറെ കാണിച്ചപ്പോള്‍ അത് വായിച്ചിട്ട് പരമപുച്ഛത്തോടെ പേപ്പര്‍ ചുരുട്ടി ജനലിലൂടെ വലിച്ചെറിഞ്ഞെന്നു അന്ധയായ അവള്‍ അറിഞ്ഞത് കൂട്ടുകാരി പറഞ്ഞപ്പോഴാണ്. ഇന്റര്‍വെല്ലിനു ജനലിനപ്പുറം ചെന്ന് ചെടികള്‍ക്കിടയില്‍ കിടന്ന പേപ്പര്‍ പരതിയെടുത്തു.

അത് നിവര്‍ത്തി അതിനുള്ളില്‍ മുഖം പൂഴ്ത്തി കരഞ്ഞത്രേ. പീഡിതമായ ഒരു ബാല്യം പേറിയ ആ കുട്ടിയുടെ ഇരുട്ടുനിറഞ്ഞ ജീവിതത്തില്‍, എങ്ങനെയെങ്കിലും ഒരു തിരിനാളമാകാന്‍ കഴിയുമെങ്കില്‍ ശ്രമിക്കണമെന്ന് മനസ്സില്‍ ഓര്‍ത്തു. ഭാവിയെപ്പറ്റി വലിയ സ്വപ്നങ്ങള്‍ ആയിരുന്നു അവള്‍ക്ക്.

ഒരുപക്ഷെ, പ്രായോഗികജീവിതത്തിന്റെ ഏതു കോണില്‍ നിന്നുനോക്കിയാലും എത്തിപ്പിടിക്കാനാവാത്ത തരത്തില്‍ ഉള്ള സ്വപ്നങ്ങള്‍. പക്ഷെ, ഞാന്‍ അവളെ കാണുന്ന സമയങ്ങളില്‍ ഒക്കെ അവള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകള്‍ നിരന്തരം അവളുടെ വാക്കുകളില്‍ വന്നിരുന്നതിനാല്‍, നാട്ടിലെ എനിക്കറിയാവുന്ന ഒരു ചാരിറ്റി സംഘടനയിലൂടെ ആ കുട്ടിക്ക് എന്തെങ്കിലും ധനസഹായം വാങ്ങിക്കൊടുക്കാന്‍ കഴിയുമോ എന്ന് ചിന്തിച്ചു. ഞാന്‍ അത് ചെയ്യാമെന്ന് അവളോട് സൂചിപ്പിക്കുകയും ചെയ്തു.

പിന്നെ, അതേപ്പറ്റി ചോദിക്കാത്തതിനാല്‍ ഞാനും അത് മറന്നു. കുറേ നാള്‍ക്കുശേഷം എനിക്ക് ഒരു ഫോണ്‍കോള്‍ വന്നു. ഒരു ദേവാലയ കമ്മിറ്റിയുടെ ഭാരവാഹി ആണ് വിളിച്ചത്. ധനസഹായം ചെയ്യാന്‍ ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ മാഷ് ഒരു കത്ത് കൊടുത്തുവിട്ടിരുന്നോ? എന്നാണ് അവര്‍ ചോദിച്ചത്.

സത്യത്തില്‍ ഞാന്‍ അതേപ്പറ്റി അറിഞ്ഞുപോലും ഇല്ലായിരുന്നു. അവള്‍ ഞാന്‍ എന്ന വ്യാജേന സ്വയം എഴുതിയ കത്തായിരുന്നു അത്. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഞാന്‍ ഏറെ വാത്സല്യത്തോടെ കണ്ട ആ കുട്ടിയുടെ മനസ്സ് ഇത്ര മോശം ആയിരുന്നോ എന്ന് ഒരുനിമിഷം ഓര്‍ത്തു.

പിന്നീട് ആ കുട്ടിയെ പലതവണ കണ്ടപ്പോഴും ഞാന്‍ വൈരാഗ്യബുദ്ധി കാട്ടിയില്ലെങ്കിലും, ആ കുട്ടിയോടുള്ള മമത നാള്‍ക്കുനാള്‍ കുറഞ്ഞുവന്നു. ആ കുട്ടി അവിടെനിന്നും ജയിച്ചു പോയതിനുശേഷം പിന്നെയും പലതവണ കോളേജില്‍ വന്നപ്പോഴും, അന്ന് ചെയ്ത തെറ്റിന്റെ ഓര്‍മയില്‍ ഞാന്‍ അധികം സംസാരിക്കാതെ ഒഴിഞ്ഞുമാറി. അങ്ങനെ ഒരു ദിവസം ആ കുട്ടി എന്നെ കാണാനായി മാത്രം കോളേജില്‍ വന്നു. ഞാന്‍ അല്പം തിരക്കില്‍ ആയിരുന്നു.

അതും, പിന്നെ അവളോടുള്ള ദേഷ്യവും ഒക്കെ വച്ച് പ്യുണിനോട് ഞാന്‍ തിരക്കിലാണെന്നും, ഇന്ന് കാണാന്‍ പറ്റില്ലെന്നും പറഞ്ഞയച്ചു. അവള്‍ കുറെ നേരം കാത്തിരുന്നിട്ട് തിരിച്ചുപോയി. ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു വാര്‍ത്ത കേട്ടു. ആ കുട്ടി മരിച്ചു പോയെന്ന്.

ഞാന്‍ അവളുടെ വീട്ടിലെത്തി. ഒരു ചെറ്റക്കുടില്‍. അവിടെ കിടപ്പിലായ അവളുടെ അമ്മ മാത്രം. ഞാനവരെ ആശ്വസിപ്പിച്ചപ്പോഴാണ് അവര്‍ പറഞ്ഞു ഞാന്‍ അറിഞ്ഞത്, അവളുടെ വയറ്റില്‍ ഒരു മുഴ ഉണ്ടായിരുന്നെന്നും അതിന്റെ ഓപ്പറേഷനുമുമ്പ് എന്നെ കാണണമെന്നും മാപ്പ് പറയണമെന്നും പറഞ്ഞ് അന്ന് കാണാന്‍ വന്നതാണെന്ന്.

മാത്രമല്ല, അന്ന് ആ ധനസഹായത്തിന് വേണ്ടി കത്ത് വ്യാജമായ് എഴുതിയത് അമ്മയുടെ ചികിത്സയ്ക്കുവേണ്ടി പണമില്ലാതെ അന്യന്റെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥ വന്നപ്പോള്‍ ചെയ്തതാണെന്നും. ഞാന്‍ ആകെ തളര്‍ന്നുപോയി. ആ നിമിഷം അവള്‍ ചെയ്ത എല്ലാ തെറ്റിനും ഞാന്‍ ആയിരം വട്ടം മനസ്സില്‍ മാപ്പുകൊടുത്തു.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Wednesday 18 Oct 2017 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW