Wednesday, November 28, 2018 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google

ഉയിര്‍പ്പ്

P.S. Abhayan
P.S. Abhayan
Wednesday 18 Oct 2017 08.55 AM

പട്ടികജാതിക്കാരന്റെ പൂജാരി പുരോഹിത നിയമനത്തില്‍ ഇത്ര പറയാനെന്തിരിക്കുന്നു?

തിരുവല്ലയിലെ വളഞ്ഞവട്ടത്ത് പാടത്തിന് നടുവിലെ അത്ര പ്രശസ്തമല്ലാത്ത ഒരു ക്ഷേത്രത്തില്‍ കീഴാളനെ പൂജാരിയാക്കി നടത്തുന്ന നവോത്ഥാനമെന്ന പ്രഘോഷണങ്ങളില്‍ പക്ഷേ ചെട്ടിക്കുളങ്ങരയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പോലും കയറാനാകാതെ പിന്നാക്കക്കാരന്‍ നേരിടുന്ന പ്രതിസന്ധിയെ മുക്കിക്കളയരുത്. പൊതുവഴിയിലൂടെ നടക്കാന്‍ വേണ്ടി തുടങ്ങിയ സമരം പിന്നാക്കര്‍ക്ക് ക്ഷേത്രപ്രവേശനം കിട്ടിയിട്ടും അനേകം വര്‍ഷം വേണ്ടി വന്നു ദളിതന് ക്ഷേത്രത്തില്‍ പൂജാരിയാകാന്‍ എന്നത് കൂടി ചേര്‍ത്തു വായിക്കണം. അതായത് ഒരു ചെറിയ രീതിയില്‍ പോലും ക്ഷേത്രത്തിന്റെ ആധികാരികതയില്‍ പരിഗണിക്കാന്‍ ഏറെക്കുറെ ഒരു നൂറ്റാണ്ട് കാലം വേണ്ടി വന്നെന്നത്.
uploads/news/2017/10/156832/priest-yadu.jpg

'' ജാതി എന്നാല്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയുന്ന ഒരു കോണ്‍ക്രീറ്റ് ഭിത്തിയല്ല. അത് മനുഷ്യമനസ്സിലെ ഒരു ധാരണയാണ്. ആ ധാരണയാണ് ഇല്ലാതാക്കേണ്ടത്.'' ജാതി ഉന്മൂലനം എന്ന പുസ്തകത്തില്‍ ഡോ. ബി.ആര്‍.അംബേദ്ക്കര്‍ പറയുന്നു. ''ദുര്‍ഗന്ധം വമിക്കുന്ന ഓവുചാലാണ് ഹിന്ദുമതമെന്നും തൊട്ടുകൂടാത്തവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കണമെങ്കില്‍ അത് വിടേണ്ടി വരും'' ജാതിമേല്‍ക്കോയ്മാവാദം ശക്തമായി നിലനില്‍ക്കുന്ന ഹിന്ദുമതത്തെ പെരിയോര്‍ ഇ വി രാമസ്വമി വിലയിരുത്തിയത് ഇങ്ങിനെയാണ്. 11.2.1933 ലെ തന്റെ ഹരിജന്‍ പത്രത്തില്‍ മഹാത്മാഗാന്ധി തന്നെ ഹരിജന്‍ എന്ന പദത്തെ വിവക്ഷിക്കുന്നത് പദവിയില്‍ യാതൊരുമാറ്റവുമില്ലാതെ ഏറ്റവും താണവനായി വേര്‍തിരിക്കപ്പെട്ട ഒരു അയിത്തജാതിക്കാരന്‍ എന്നാണ്. കേരളത്തില്‍ കീഴാളന് ഏറ്റവും അവസാനമായി പതിച്ചുലഭിച്ച പുരോഹിത ജോലിയുടെ ഏറ്റവും പുതിയ ചര്‍ച്ചകളില്‍ ഈ പ്രസ്താവനകള്‍ക്കും പ്രസക്തിയുണ്ട്.

പട്ടിക വിഭാഗക്കാര്‍ ഉപയോഗിക്കുന്നതിന് ക്ഷേത്രത്തിലേക്കുള്ള പൊതുവഴി മതില്‍ കെട്ടി തിരിക്കുകയും സംഗീതപൂജയ്ക്കിടയില്‍ വാദ്യസംഘത്തിലെ കീഴാളനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും ഇറക്കിവിടപ്പെടുകയും ചെയ്യപ്പെട്ട ഈ നൂറ്റാണ്ടില്‍ ക്ഷേത്രങ്ങളുടെ ഏഴയല്‍പക്കത്ത് പോലും പ്രവശനം ഇല്ലായിരുന്ന പുലയനും കുറയനും പൂജാരിപുരോഹിത സ്ഥാനം കിട്ടിയതിന്റെ പ്രതിഫലനവും നൈതീകതയുമെല്ലാം തെളിയിക്കേണ്ട ബാദ്ധ്യത കാലത്തിനാണ്. അതങ്ങിനെ വിട്ടുകൊടുക്കാം. സമത്വം എന്ന തത്വത്തിന് പുറത്ത് സംവരണ അവകാശത്തിലൂടെ ഒരു പിന്നാക്കക്കാരന്‍ ക്ഷേത്രത്തിലെ വിധിപ്രകാരമുള്ള പൂജാ (ജോലി)ക്ക് നിയോഗിതനാകുന്നതിനെ പക്ഷേ കേരളത്തില്‍ സംഭവിച്ച വന്‍ നവോത്ഥാനങ്ങളില്‍ ഒന്നായിട്ടാണ് കേരളം കൊട്ടിഘോഷിക്കുന്നത്. മംഗളം പുറത്തു വിട്ട വാര്‍ത്ത പ്രകാരം പൂജാരിമാരാകാനുള്ള ടെസ്റ്റിലും പ്രാക്ടിക്കലിലും അഭിമുഖ പരീക്ഷകളിലും ബ്രാഹ്മണര്‍ പരാജപ്പെട്ട് അനുയോജ്യരല്ലാതെ പോയതും ഒരു ജോലിക്ക് പരിഗണിക്കുമ്പോള്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ ക്രമപ്രകാരം മുന്നോട്ട് വന്നതും സംവരണതത്വം നിര്‍ബ്ബന്ധപൂര്‍വ്വം പരിപാലിക്കപ്പെട്ടതും ഒരു സാധാരണ കാര്യമാണെന്നിരിക്കെ അതില്‍ നവോത്ഥാനത്തിന്റെ തിളക്കം കാണുന്നവര്‍ ഇനി പറയുന്നത് കൂടി ഒന്നു വിചിന്തനം ചെയ്യുക.

തൊട്ടു കൂടാത്തവര്‍ക്ക് ഭരണഘടനാനുസൃതമായ നിയമപരമായ സംവരണം കൊണ്ട് കിട്ടിയതിനെ സമത്വമെന്നോ അതിലേക്കുള്ള ചവിട്ടുപടിയാകുന്ന സാമൂഹ്യമാറ്റം സംഭവിച്ചെന്നോ എങ്ങിനെ പറയാനാകും? നിയമിക്കുന്ന 62 ശാന്തിക്കാരില്‍ പകുതിയോളം അബ്രാഹ്മണരുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളില്‍ അഞ്ച് പട്ടിക വിഭാഗക്കാര്‍ ഉള്‍പ്പെടെ 35 അബ്രാഹ്മണരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത് ഓഗസ്റ്റിലാണ്. അന്ന് തുടങ്ങിയ ദളിത് വിദ്വേഷങ്ങളിലെ പ്രതിഷേധം ആലപ്പുഴ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ഇപ്പോഴും തുടരുകയാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ അബ്രാഹ്മണരെ നിയമിക്കുന്നത് നേരത്തേ തുടങ്ങുകയും ഇതിനകം 95 അബ്രാഹ്മണര്‍ ശാന്തിക്കാരായിട്ടുണ്ടെങ്കിലും പട്ടിക വിഭാഗത്തില്‍ നിന്നും ആള്‍ക്കാര്‍ ഇതാദ്യമാണ്. മുമ്പ് 1967 ല്‍ അബ്രാഹ്മണരെ ഉപയോഗപ്പെടുത്തുന്നതിലൂടെ ഇത്തരം ഒരു നീക്കം നടത്തി ചരിത്രം സൃഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും നിയോഗിച്ചതല്ലാതെ പലയിടത്തും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല. പിടിച്ചു നിന്ന വിരലില്‍ എണ്ണാവുന്നവരാകട്ടെ കാലക്രമേണെ മറ്റ് ക്ഷേത്രം ജോലികളിലേക്ക് മാറേണ്ടിയും വന്നു.

കീഴാള പ്രസ്ഥാനങ്ങളാണ് കേരളത്തില്‍ ജാതിവിരുദ്ധ നവോത്ഥാന മൂന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് ആധുനികവും കേരളീയവുമായ ഒരു കേരളീയ ജനാധിപത്യ സ്വത്വഘടന രൂപപ്പെടുത്താന്‍ നവോത്ഥാന മണ്ഡലത്തില്‍ ജാതിവിരുദ്ധ ആശയങ്ങള്‍ നിസ്തൂല പങ്ക് വഹിച്ചെങ്കിലും വിവേചനം പൂര്‍ണ്ണമായി ഇല്ലാതാക്കത്തക്കവിധം ജാതി ഉന്മൂലനമോ ജാതി നിര്‍മ്മാര്‍ജ്ജനമോ സംഭവിച്ചിട്ടില്ലെന്നും ജാതിയെ നിലനിര്‍ത്തിക്കൊണ്ട് ജാതി വ്യവസ്ഥയ്ക്കുള്ളിലെ ഉച്ചനീചത്വങ്ങളെ അവസാനിപ്പിക്കല്‍ മാത്രമാണ് നടന്നതെന്നുമുള്ള വസ്തുതകള്‍ ദളിത് പക്ഷ എഴുത്തുകാരും ചിന്തകരും നിരീക്ഷിക്കപ്പെടുന്നു. കേരളത്തില്‍ രൂപപ്പെട്ടുവന്ന നവോത്ഥാനത്തിന്റെ പൊതുമണ്ഡലം ജാതിവിരുദ്ധത എന്ന നിലയിലല്ലാതെ ശൂദ്രകേന്ദ്രീകൃത വ്യവഹാര മണ്ഡലമായിട്ടാണ് അന്ന് രൂപപ്പെട്ടതെന്നും ജാതി ചോദിക്കരുത്, പറയരുത്,വിചാരിക്കരുത് എന്ന സ്വപ്നം കൊണ്ടു വന്ന ശ്രീനാരായണ ഗുരുവിന് അരുവിപ്പുറത്ത് തന്റെ പ്രതിഷ്ഠയെ 'ഈഴവശിവന്‍' ആക്കേണ്ടി വന്നത് അതുകൊണ്ടാണെന്നും അവര്‍ വിലയിരുത്തുന്നു.

ജാതി ഉന്മൂലനം ലക്ഷ്യമിട്ടുള്ളതാണ് കേരളത്തിലെ നവോത്ഥാനങ്ങളെല്ലാമെങ്കിലും സംഭവിച്ചതെല്ലാം ജാതിയെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിഷ്‌ക്കരണങ്ങള്‍ മാത്രമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ തിരിച്ചറിയാനാകും. ചില സാങ്കേതിക അവകാശങ്ങള്‍ പിന്‍തുടരാന്‍ സമൂഹം നിര്‍ബ്ബന്ധിതമായതൊഴിച്ചാല്‍ സ്വതന്ത്ര ഇന്ത്യ രൂപപ്പെടും വരെ ഈ പരിഷ്‌ക്കരണങ്ങള്‍ പിന്നാക്കരില്‍ നിന്നും താഴേത്തട്ടിലേക്ക് എത്തിയതുമില്ല. കീഴാളന് പൊതുവഴിയിലൂടെ നടക്കാനുള്ള അവകാശത്തില്‍ തുടങ്ങിയ വൈക്കം സത്യാഗ്രഹം 603 ദിവസത്തിന് ശേഷം ക്ഷേത്രപ്രവേശന വിളംബരമായി മാറിയ ഐതിഹാസിക സമരത്തിലെ കുഞ്ഞാപ്പി എന്നൊരു പുലയന്റെ സാന്നിദ്ധ്യം ഘോഷിക്കപ്പെടുമ്പോള്‍ വഴിനടക്കാനും വിദ്യാഭ്യാസം ചെയ്യാനും മാറു മറയ്ക്കാനുമെല്ലാമുള്ള മാനുഷിക അവകാശങ്ങള്‍ക്ക വേണ്ടി പോരാടുകയും വാദിക്കുകയും ചെയ്ത് നവോത്ഥാന കേരളത്തില്‍ കീഴാളരുടെ ഏടിനെ നയിക്കുന്ന അയ്യന്‍കാളിയോ സാധുജന പരിപാലനസംഘമോ നവോത്ഥാനത്തിന്റെ പുത്തന്‍ അധ്യായം എഴുതിചേര്‍ത്ത ക്ഷേത്രപ്രവേശന വിളംബരത്തില്‍ പങ്കാളിയായിരുന്നില്ല എന്നത് കൂടി തിരിച്ചറിയണം.

പുതിയ സംഭവത്തിലും നിയമനം തന്നെ നോക്കുമ്പോള്‍ അത് സംവരണാടിസ്ഥാനത്തിലാണ് എന്നത് പരിശോധിക്കുമ്പോള്‍ തന്നെ അതില്‍ ജാതി മറഞ്ഞിരിക്കുന്നുണ്ടെന്ന് വ്യക്തം. മാത്രവുമല്ല. പുജാരിപുരോഹിത ജോലികള്‍ കല്‍പ്പിച്ചു കൊടുത്ത സമൂഹത്തിന്റെ ഔദാര്യമോ സമഭാവനയോ അല്ലതാനും. വിശ്വാസങ്ങളും പൂജയും പ്രാര്‍ത്ഥനയുമെല്ലാം തികച്ചും വ്യക്തിയുടെ സ്വകാര്യതകളാണെന്ന് സമ്മതിച്ചു കൊണ്ടുതന്നെ പറയട്ടെ പട്ടികജാതിക്കാരന്‍ പൂജ ചെയ്യുന്നത് നവോത്ഥാനമെന്ന് വിളിച്ചു കൂവുന്നവര്‍ അവന്റെ അസ്ഥിത്വത്തെ ഹിന്ദുമതത്തോട് കൂട്ടിക്കെട്ടാന്‍ നടത്തുന്ന ശ്രമം കൂടി ഇവിടെ തിരിച്ചറിയാതെ പോകരുത്. ബുദ്ധമതത്തിനും സിക്കു മതത്തിനും കാര്യമായി വേരോട്ടമില്ലാത്ത കേരളത്തില്‍ പട്ടികജാതി എന്ന സംവരാണാനുകൂല്യം തന്നെ ഹിന്ദു അസ്ഥിത്വത്തിലാണ് തളച്ചിട്ടിരിക്കുന്നത്. അതായത് ഭരണഘടന അനുസരിച്ചു പട്ടികജാതിക്കാരന്‍ എന്നാല്‍ ഹിന്ദുമതത്തില്‍ അടിസ്ഥാനപ്പെട്ട കീഴാളന്‍ എന്നാണ് അര്‍ത്ഥം. വിദ്യാഭ്യാസവും ജോലിയും ധനസഹായങ്ങളും ഉള്‍പ്പെടെ സര്‍ക്കാരിന്റെ പിന്തുണയും സഹായവും പരിഗണിക്കപ്പെടുന്നത് കീഴാളന്റെ ഹിന്ദു സ്റ്റാറ്റസിനെ ചേര്‍ത്തായതിനാല്‍ കേരളത്തില്‍ ഒരു പട്ടികജാതിക്കാരന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ഹിന്ദുവായി ചേര്‍ക്കപ്പെടുന്നെന്ന് സാരം.

ഒരു പക്ഷേ അമ്പലസേവകളും ചാതുര്‍വര്‍ണ്ണ്യങ്ങളും അന്തസ്സ് നിര്‍ണ്ണയിക്കുന്നതിനെ നിരന്തരം ചോദ്യം ചെയ്ത് ലോകമാനവീകതയുടെ അപ്പോസ്തലരെന്ന് കരുതുന്ന ഇടതുപക്ഷമല്ല കേരളത്തില്‍ ഭരിക്കുന്നതെങ്കില്‍ ഇത് സംഭവിക്കുക കൂടിയുണ്ടാകില്ല. തങ്ങള്‍ വര്‍ഗ്ഗീയവാദികളല്ലെന്ന് തെളിയിക്കാന്‍ സവര്‍ണ്ണരും വിവേചനത്തിന്റെ ആവലാതികള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മാറ്റി വെയ്ക്കുന്ന അവര്‍ണ്ണരും തമ്മിലുള്ള പോര് നടക്കുന്ന കേരളത്തിന്റെ അവസ്ഥയില്‍ ചിലപ്പോഴൊക്കെ ഇത്തരം സാമൂഹ്യമാറ്റങ്ങള്‍ രാഷ്ട്രീയലാക്ക് കൂടിയായി മാറാറുണ്ട്. ബിജെപിയും ആര്‍എസ്എസും പട്ടികജാതിക്കാരനെ പൂജാവിധികള്‍ പരിശീലിപ്പിക്കാന്‍ ഒരുങ്ങുന്ന എന്ന വാര്‍ത്ത മുമ്പ് കണ്ടിരുന്നു. അതില്‍ ക്ഷേത്രങ്ങളിലെ നിയമനം വരുമായിരുന്നെന്ന് അവര്‍ സ്വപ്നത്തില്‍ കൂടി വിചാരിച്ചിരിക്കണമെന്നില്ല. പക്ഷേ പട്ടികജാതിക്കാരെ പൂജാരിയാക്കുക വഴി സിപിഎം ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞെന്ന് മാത്രം.

കീഴാള അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി പോരാടിയ അംബേദ്ക്കറും അയ്യന്‍കാളിയും പോലും ഏറ്റവും ആക്രമിക്കപ്പെട്ടതും പ്രതിപ്രവര്‍ത്തനം നേരിട്ടതും ഹിന്ദു ജാതീകതയില്‍ നിന്നുമാണ്. അയിത്തമെന്നത് ഹൃസ്വവും താല്‍ക്കാലികവുമായ ഒരു പ്രതിഭാസമല്ലെന്നും അത് സ്ഥിരമാണെന്നും ദളിതുകള്‍ക്ക് രക്ഷപ്പെടാന്‍ ഹിന്ദുമതം തിരസ്‌ക്കരിക്കേണ്ടി വരുമെന്നുമാണ് അംബേദ്ക്കര്‍ പറഞ്ഞത്. അയിത്തജാതിക്കാരനും സവര്‍ണ്ണഹിന്ദുവും തമ്മിലുള്ളത് സ്ഥിരമായ വൈരുദ്ധ്യമാണെന്ന് യുക്തിവാദികളും പറയുന്നു. രാജ്യത്തിന്റെ പുരാണങ്ങളേയും ഇതിഹാസങ്ങളെയും അടിച്ചമര്‍ത്തലിന് ഉപയോഗിക്കുകയും അതിനെ ചോദ്യം ചെയ്യപ്പെടുന്ന എഴുത്തുകളെ ഇല്ലാതാക്കിയും അപ്രമാദിത്യം തുടരുന്ന സവര്‍ണ്ണര്‍ വിദ്യ, വേദജ്ഞാനം എന്നിവയില്‍ നിന്നെല്ലാം ശൂദ്രനെ അകറ്റി നിര്‍ത്തിയതും മേധാവിത്വം സംരക്ഷിക്കാനാണെന്നു ഡോ. കെ.എസ്. ഭഗവാനെപ്പോലെയുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്.

യജുര്‍വേദത്തിലും അഥര്‍വ്വവേദത്തിലും ജാതിലിംഗഭേദമില്ലാതെ സകല മനുഷ്യര്‍ക്കും അറിവ് സമ്പാദിക്കാന്‍ അവകാശമുണ്ടെന്ന് പറയുന്നതായി വ്യക്തമാക്കിയ പ്രശസ്ത ഓറിയന്റലിസ്റ്റ് എഫ്. മാക്‌സ്മുള്ളറുടെ 'കിഴക്കിന്റെ പവിത്രഗ്രന്ഥങ്ങള്‍' പരിഭാഷപ്പെടുത്തിയ ജോര്‍ജ്ജ് തിബൗട്ട് നല്‍കിയിട്ടുള്ള ഭാഷ്യം കെ.എസ്. ഭഗവാന്‍ തന്റെയൊരു പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങിനെയാണ്. '' മനുഷ്യവംശത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി നാം നാലു വേദങ്ങളുടെ ദര്‍ശനം ബോധനം ചെയ്യുന്നത് പോലെ വേദങ്ങള്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി പഠിപ്പിക്കുക. നാലുജാതികള്‍ക്കും സ്ത്രീകള്‍ക്കും പറയര്‍ക്കുമെല്ലാമെന്ന് യജുര്‍വേദം പറയുന്നു.'' ''പരമേശ്വരന്റെ സന്താനങ്ങള്‍ ജ്ഞാനത്തിനായി യാചിക്കുമ്പോള്‍ മനുഷ്യര്‍ അവര്‍ക്കത് നല്‍കാതിരിക്കുകയും ചെയ്താല്‍ അവന്‍ എന്നന്നേക്കുമായി നരകത്തില്‍ പതിക്കുമെന്നും അവന്റെ ജ്ഞാനവും സമ്പത്തും നഷ്ടപ്പെടുമെന്നും അഥര്‍വ്വ വേദവും പറയുന്നു.'' എന്നാല്‍ ബ്രഹ്മസൂത്രം വന്നപ്പോള്‍ അതിങ്ങനെയായി. ''ശൂദ്രന്‍ ശ്മശാനം പോലെയാകുന്നു. അതിനാല്‍ ശൂദ്രന്റെ കണ്‍വെട്ടത്ത് വേദം പാരായണം ചെയ്യരുത്. വേദങ്ങള്‍ കേള്‍ക്കുന്നതും പഠിക്കുന്നതും മനസ്സിലാക്കുന്നതും വേദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും ശൂദ്രര്‍ക്ക് നിരോധനം ഉള്ളതിനാല്‍ അവര്‍ അയോഗ്യരാണ്. വേദം ശ്രവിക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം. അവന്‍ അത് ഉച്ചരിക്കുകയാണെങ്കില്‍ നാവരിയണം, നിലനിര്‍ത്തുകയാണെങ്കില്‍ ദേഹം ഊര്‍ന്നു മുറിക്കണം. ശൂദ്രര്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കരുത്, പഠനം, യാഗം, ദാനം മുതലായവ ചെയ്യേണ്ടത് ദ്വിജന്മാരാണ്. വേദത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അത്തരം യോഗ്യതകളില്ല എന്നത് തീരുമാനിക്കപ്പെട്ട കാര്യമായി നിലകൊള്ളുന്നു.''

കീഴാളന്റെ പൗരോഹിത്യത്തെ സുഖിപ്പിക്കാന്‍ ജീവിതം കൊണ്ട് ബ്രഹ്മജ്ഞാനം നേടിയവനാണ് ബ്രാഹ്മണനെന്നും അത് കുല മഹിമയല്ലെന്നും പറയുന്നവര്‍ സംവരണത്തിലൂടെ പൂജാവേലകളില്‍ എത്തിയവര്‍ക്ക് പുരോഹിത സമൂഹത്തിന് കിട്ടുന്ന മാന്യതയും സംരക്ഷണയും അന്തസ്സുമെല്ലാം കിട്ടുന്നുണ്ടോ, ഭാവിയില്‍ കിട്ടുമോ എന്ന് കൂടി പരിശോധിക്കണം. ജീവിതം കൊണ്ട് ബ്രഹ്മജ്ഞാനം നേടിയവനെ ബ്രാഹ്മണനായി കണക്കാക്കാമെങ്കില്‍ ഈ പൂജാരിമാര്‍ക്ക് സവര്‍ണ്ണസമുദായങ്ങളില്‍ നിന്നോ ജാതികളില്‍ നിന്നോ ഒരു സംബന്ധമോ വേളിയോ ആലോചിക്കപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതിയെന്ന ചെറിയ കാര്യം മാത്രം ചിന്തിച്ചാല്‍ മതി.

ഇനി കീഴാളന് നല്‍കിയ പൗരോഹിത്യം വലിയ കാര്യമായി കരുതുന്നവര്‍ കേരളത്തിലെ കീഴാളന്റെ ഉപജാതി ചരിത്രങ്ങള്‍ ഒന്നു പരിശോധിക്കണം. അന്ധവിശ്വാസം എന്ന് വിളിച്ചേക്കുമായിരിക്കാം എന്നിരുന്നാലും ഓരോ ഉപവിഭാഗങ്ങളും ക്ഷേത്രമൂര്‍ത്തികള്‍ക്ക് അപ്പുറത്ത് സ്വന്തം വംശത്തിലെ പിതൃക്കളെ (അപ്പനപ്പൂപ്പന്മാര്‍) സേവ ചെയ്ത് സായൂജ്യം അടഞ്ഞിരുന്നവരാണെന്നത് മറഞ്ഞു കിടക്കുന്ന സത്യമാണ്. എന്നാല്‍ ഇന്ത്യയിലെ മുഴുവന്‍ ആചാരാനാഷ്ഠാനങ്ങളെയും മതസിദ്ധാന്തങ്ങളെയും വിഴുങ്ങാനുള്ള ഹിന്ദുമതത്തിന്റെ പാരമ്പര്യം ഇത്തരം പ്രാകൃതാരാധനകളെയും വിഴുങ്ങി തങ്ങളുടെ ബി ടീമാക്കി നിലനിര്‍ത്തി പോരുകയാണ്. ഹിന്ദു വിശ്വാസത്തിലും ദൈവങ്ങളിലും പോലും അയിത്തം നിലനിര്‍ത്തി സവര്‍ണ്ണര്‍ക്ക് ഹിന്ദുവിലെ ശ്രേഷ്ഠമായ ബ്രഹ്മ-ശൈവ-വിഷ്ണു ആരാധനകളും കീഴാളന് മോശമായ മാടനും മറുതയും ചാത്തനും ദൈവമായ ആരാധനകളും ആയെന്ന് മാത്രം.

തിരുവല്ലയിലെ വളഞ്ഞവട്ടത്ത് പാടത്തിന് നടുവിലെ അത്ര പ്രശസ്തമല്ലാത്ത ഒരു ക്ഷേത്രത്തില്‍ കീഴാളനെ പൂജാരിയാക്കി നടത്തുന്ന നവോത്ഥാനമെന്ന പ്രഘോഷണങ്ങളില്‍ പക്ഷേ ചെട്ടിക്കുളങ്ങരയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പോലും കയറാനാകാതെ പിന്നാക്കക്കാരന്‍ നേരിടുന്ന പ്രതിസന്ധിയെ മുക്കിക്കളയരുത്. പൊതുവഴിയിലൂടെ നടക്കാന്‍ വേണ്ടി തുടങ്ങിയ സമരം പിന്നാക്കര്‍ക്ക് ക്ഷേത്രപ്രവേശനം കിട്ടിയിട്ടും ഇപ്പോള്‍ അനേകം വര്‍ഷങ്ങള്‍ വേണ്ടി വന്നു ദളിതന് ക്ഷേത്രത്തില്‍ പൂജാരിയാകാന്‍ എന്നത് കൂടി ചേര്‍ത്തു വായിക്കണം. അതായത് ഒരു ചെറിയ രീതിയില്‍ പോലും ക്ഷേത്രത്തിന്റെ ആധികാരികതയില്‍ പരിഗണിക്കാന്‍ ഏറെക്കുറെ ഒരു നൂറ്റാണ്ടിനോട് അടുത്ത കാലം വേണ്ടി വന്നെന്നത്.

ഏതാനും വര്‍ഷം മുമ്പ് ബോളിവുഡ് താരം അമീര്‍ഖാന്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി സത്യമേവ ജയതേയില്‍ ഇന്ത്യന്‍ മതപരിവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയിലെ കീഴാളജാതികളുടെ നിലയെപ്പറ്റി അന്വേഷിക്കുന്ന ‘അണ്‍ടച്ചബിളിറ്റി- ദി ഡിഗ്നിറ്റി ഫോര്‍ ആള്‍’ ല്‍ സ്റ്റാലിന്‍ പദ്മ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യത്തില്‍ നടത്തിയ ഒരു ഡോക്യുമെന്ററിയിലെ ഒരു ക്‌ളിപ്പിംഗുണ്ട്. വാരണാസിയിലെ തുള്‍സി മാന്‍സ് ക്ഷേത്രം പൂജാരിയും അവിടുത്തെ പണ്ഡിത സഭയുടെ തലവനുമായ പഡുപ്രസാദ് ശാസ്ത്രീകളുടെ ഒരു നിരീക്ഷണം. അതില്‍ ഇങ്ങിനെ പറയുന്നു. 'താന്‍ വേദപ്രകാരമുള്ള തൊട്ടുതീണ്ടായ്മയില്‍ വിശ്വസിക്കുന്നതായും ചാതുര്‍വര്‍ണ്ണ്യപ്രകാരം തലയില്‍ നിന്നും ബ്രാഹ്മണനും പാദത്തില്‍ നിന്നും ശൂദ്രനും ഉണ്ടായതെന്ന് വിശ്വസിക്കുന്നു. ഇത്രയും നാള്‍ തലയെ പാദം ചുമന്നു നടന്നതല്ലേ. ഇനി പാദത്തെ തല ചുമക്കാം എന്ന് വിചാരിച്ചാല്‍ ഏവരും തലകുത്തി നടക്കേണ്ടി വരില്ലേ എന്നും താന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല. പകരം ജാതിവിവേചനം ശക്തമായി പ്രതിഫലിക്കുന്ന വേദങ്ങളിലൂം മനുസ്മൃതികളിലും വിശ്വസിക്കുന്നതായി പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരനും സമഭാവന എന്ന് വിചാരദീക്ഷയുടെ നേരെ എതിരായി ഇത് മാറുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കീഴാളന്റെ പൂജാരിസേവ വന്‍ ചര്‍ച്ചയാകുമ്പോള്‍ ഇന്ത്യയില്‍ അനേകം മതങ്ങള്‍ ഉടലെടുത്തിട്ടും സിന്ധുനദീതട സാംസ്‌ക്കാരികതയ്‌ക്കൊപ്പം ഖൈബര്‍പാസ് ബോളന്‍പാസ് ചുരം കടന്നു വന്നവര്‍ സമന്വയിപ്പിച്ച് സംസ്‌ക്കരിച്ച് പ്രചരിപ്പിച്ചതെന്ന് ചരിത്രഗവേഷകര്‍ ഇപ്പോഴും സംശയിക്കുന്ന ഹിന്ദു സംസ്‌ക്കാരം ചരിത്രാതീതകാലം മുതല്‍ ഇട്ടിരിക്കുന്ന ജാതിവാദം നൂറ്റാണ്ടുകളോളം നില നില്‍ക്കുന്നു എന്ന കാര്യവും മറന്നു പോകരുത്. സാമൂഹ്യ നവീകരണത്തിന് മതം ഉപാധിയാകുമോ എന്ന ഏറ്റവും കൂടുതല്‍ പരീക്ഷണം നടന്നിട്ടുള്ള ഇന്ത്യയില്‍ അഫ്ഗാനിലെ അടിമരാജവംശങ്ങള്‍ പ്രചരിപ്പിച്ച ഇസ്‌ളാമികതയും ബ്രിട്ടീഷുകാര്‍ കപ്പല്‍ കടന്ന വന്ന് ബൈബിള്‍ പ്രചരിപ്പിച്ചിട്ടു പോലും സമുഹത്തിന്റെ മനസ്സുകളില്‍ നിന്നും ഹിന്ദുമതം വിതച്ച ജാതിയുടെ വിത്ത് മാത്രം ഒഴിഞ്ഞുപോയില്ല. ക്രിസ്ത്യന്‍ പള്ളികളില്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ സഹോദരാ സഹോദരി എന്ന് വിളിക്കുമ്പോഴും മാര്‍ഗ്ഗം കൂടിയവര്‍ തങ്ങളുടെ ജാതി അന്തസ്സിന്റെ ബോധപൂര്‍വ്വമായ വ്യംഗംവരുന്ന സുന്നഹദോസുകളുടെ ചരിത്രങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നു.

അതുകൊണ്ടാണ് മതപരിവര്‍ത്തനം നടത്തിയിട്ടും പള്ളികളില്‍ തങ്ങള്‍ക്ക് ജാതിവിവേചനം നേരിടുന്നെന്ന് പാമ്പാടി ജോണ്‍ജോസഫ് വിലപിച്ചത്. പള്ളിസെമിത്തേരിയില്‍ അടക്കിയ അധ:കൃതന്റെ മൃതദേഹം നിര്‍ബ്ബന്ധിച്ച് കുഴിച്ചുമാന്തിയെടുത്ത് പുറമ്പോക്കില്‍ വീണ്ടും കുഴിച്ചിടപ്പെട്ടപ്പോള്‍ ശവത്തോടു പോലും ജാതി കാണിക്കുന്ന നിങ്ങളുടെ സ്വര്‍ഗ്ഗത്തില്‍ പോലും അയിത്തം ഉണ്ടാകും അതുകൊണ്ട് ആ സ്വര്‍ഗ്ഗം ഞങ്ങള്‍ക്ക് വേണ്ടെന്ന് പൊയ്കയില്‍ അപ്പച്ചനും (ശ്രീകുമാരഗുരുദേവന്‍) പറയേണ്ടി വന്നതെന്നത് കൂടി ഓര്‍മ്മിക്കുക.

Ads by Google

ഉയിര്‍പ്പ്

P.S. Abhayan
P.S. Abhayan
Wednesday 18 Oct 2017 08.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW