Wednesday, July 17, 2019 Last Updated 27 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Oct 2017 04.51 PM

എന്റെ പൊളിഞ്ഞുപോയ പ്രേമത്തെക്കുറിച്ചുപോലും വിശദമായി അവനോടു പറഞ്ഞിട്ടുണ്ട്; കൂടുതലൊന്നും ചിന്തിക്കാതെ ഞാന്‍ നോ പറഞ്ഞു: അര്‍ച്ചനാ കവി തുറന്നു പറയുന്നു

Archana kavi about Abeesh
അര്‍ച്ചന കവി -അബീഷ് മാത്യു

ഡല്‍ഹിയില്‍ വളര്‍ന്നതുകൊണ്ടാകാം സുഹൃത്തിനെ തിരഞ്ഞെടുക്കുന്നതില്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വേര്‍തിരിവൊന്നും ഒരുകാലത്തും ഉണ്ടായിട്ടില്ല.എല്ലാവരുമായും ഒരുപോലെ ഇടപഴകാനുള്ള എന്റെ കഴിവിനെക്കുറിച്ച് എല്ലാവരും പറയും.പഠിപ്പിസെ്റ്റന്നും ബാക്ബെഞ്ചര്‍ എന്നും നോക്കി സൗഹൃദവലയം ഉണ്ടാക്കാന്‍ എനിക്കറിയില്ല.

സ്‌കൂളില്‍ ക്യാപ്റ്റന്‍ ആയിരുന്നതുകൊണ്ട് എല്ലാ ക്ലാസ്സിലെ കുട്ടികളുമായും അടുത്ത് ഇടപഴകിയിരുന്നു.ഓരോരുത്തരും കരുതും അവരാണ് എന്റെ ആത്മസുഹൃത്തെന്ന്.കാരണം,ചെറുതായി അടുക്കുമ്പോള്‍ തന്നെ എന്റെ മനസ്സ് അവര്‍ക്കുമുന്നിലൊരു തുറന്ന പുസ്തകമായി മാറും.ചുരുങ്ങിയനേരംകൊണ്ട് അവരുടെ ഇരട്ടപ്പേര് വിളിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നതായി പപ്പ പറയാറുണ്ട്.

കുറച്ച് പക്വത വന്ന ശേഷം ഞാനെന്റെ സ്വഭാവത്തിന് കടിഞ്ഞാണിട്ടു.അപ്പോഴും എല്ലാം തുറന്നുപറയാവുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു-അബീഷ് മാത്യു.എന്റെയും അവന്റെയും പപ്പമാരുടെ കോമണ്‍ ഫ്രെണ്ടായ പാരിഷ് പ്രീസ്റ്റ് നടത്തിയ പാര്‍ട്ടിയില്‍വെച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.പിന്നീട് സുഹൃത്തുക്കളായി.

എന്റെ ചേട്ടനുമായിട്ടും അബീഷ് നല്ല കൂട്ടാണ്.കുടുംബങ്ങള്‍ തമ്മിലും സൗഹൃദത്തിലായി.രണ്ടു സ്‌കൂളുകളിലാണ് പഠിച്ചിരുന്നതെങ്കിലും ഇന്റര്‍ സ്‌കൂള്‍ ഫെസ്റ്റിനൊക്കെ തമ്മില്‍ കാണുമായിരുന്നു.അബീഷ് നന്നായിപ്പാടും.

പെണ്‍കുട്ടികള്‍ക്ക് പാടുന്ന ചെറുക്കന്‍മാരോട് ഒരാരാധനയുണ്ടല്ലോ!അബീഷ് എന്റെ സുഹൃത്താണെന്ന് കേള്‍ക്കേണ്ട താമസം എല്ലാരും എന്നെ വളയും.പരിചപ്പെടുത്തിക്കൊടുക്കാന്‍ പറഞ്ഞ് പിന്നാലെ കൂടുന്നവര്‍ക്ക് മുന്നില്‍ ജാഡ ഇടുമ്പോള്‍ അവന്റെ സുഹൃത്താണെന്നതിന്റെ പേരില്‍ അഭിമാനം തോന്നിയിരുന്നു.

മീഡിയ ആണെന്റെ വഴിയെന്ന ചിന്ത സ്വപ്നത്തിലൂടെ പോലും കടന്നുപോകാതിരുന്ന സമയത്ത് എന്റെ മനസ്സില്‍ ആ വിത്തിട്ടതും അബീഷാണ്.ആങ്കറിങ്ങിനിടയിലാണ് നീലത്താമരയിലേക്ക് ഓഫര്‍ വന്നത്.വീട്ടുകാര്‍ കാര്യങ്ങള്‍ എന്റെ ഇഷ്ടത്തിനു വിട്ടെങ്കിലും ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ ഞാന്‍ അബീഷിനെ വിളിച്ചു.അവനപ്പോള്‍ സ്റ്റാന്‍ഡ് അപ്പ് കോമഡിയിലൂടെ പോപ്പുലര്‍ ആയിവന്ന സമയമാണ്.എം.ടി-ലാല്‍ ജോസ് എന്നീ പേരുകള്‍ കേട്ടപ്പോള്‍ തന്നെ യെസ് പറഞ്ഞോളാന്‍ ഉപദേശിച്ചു.

ആളുകള്‍ എന്നെ തിരിച്ചറിയുന്ന കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഞങ്ങളുടെ വീട്ടുകാര്‍ എന്റെയും അബീഷിന്റെയും കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നത്.കൂടുതലൊന്നും ചിന്തിക്കാതെ ഞാന്‍ നോ പറഞ്ഞു.വിവാഹത്തിലൂടെ ഞങ്ങളുടെ സൗഹൃദം ഇല്ലാതാകും എന്നായിരുന്നു എന്റെ ചിന്ത.മാത്രമല്ല,വള്ളിപുള്ളി വിടാതെ എന്റെ എല്ലാക്കാര്യങ്ങളും അബീഷിനറിയാം.

Archana kavi about Abeesh

പൊളിഞ്ഞുപോയ പ്രേമത്തെക്കുറിച്ചുപോലും വിശദമായി അവനോടു പറഞ്ഞിട്ടുണ്ട്.വേറൊരാളെ വിവാഹം കഴിച്ചാല്‍,എക്‌സ്-ബോയ് ഫ്രണ്ട് അടുത്തുനിന്നാലും അയാള്‍ക്കത് അറിയില്ലല്ലോ എന്ന് നമുക്ക് സമാധാനിക്കാം.പക്ഷെ,അബീഷിനെല്ലാം അറിയാവുന്നത്‌കൊണ്ട് എന്നെ കളിയാക്കി ചിരിക്കില്ലേ എന്നൊക്കെ ഓര്‍ത്താണ് ഞാന്‍ ആ കല്യാണത്തെ എതിര്‍ത്തത്.ഒന്നുകൂടി ആലോചിച്ച് നോക്കാന്‍ പറഞ്ഞ് അവനെനിക്ക് മൂന്നുമാസത്തെ സമയം തന്നു.

ഇതുതന്നെ മനസ്സിലിട്ടു കുലുക്കിക്കുടഞ്ഞപ്പോള്‍ എന്റെ മനസ്സുമാറി.മറ്റൊരാള്‍ അവന്റെയോ എന്റെയോ ജീവിതത്തില്‍ വന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ പരസ്പരം എടുക്കുന്ന സ്വാതന്ത്ര്യം ഇല്ലാതെ വരുമെന്നൊക്കെ ഓര്‍ത്ത് ഞാന്‍ വിവാഹത്തിന് സമ്മതം അറിയിച്ചു.ഞങ്ങള്‍ പരിചയപ്പെടാന്‍ ഇടയാക്കിയ പാര്‍ട്ടി സംഘടിപ്പിച്ച പ്രീസ്റ്റ് തന്നെയാണ് വിവാഹവും ന ടത്തിത്തന്നത് എന്നതാണ് രസം.

സൗഹൃദത്തിന്റെ ആഴം കൂടിയതു ശരിക്കും വിവാഹത്തിന് ശേഷമാണ്.തമ്മില്‍ മനസ്സിലാക്കിയെടുക്കാന്‍ സാധാരണയായി നവദമ്പതികള്‍ നടത്തുന്ന കഷ്ടപ്പാടൊന്നും വേണ്ടിവന്നില്ല.സ്വഭാവത്തിന്റെ നല്ലവശങ്ങള്‍ മാത്രം കാണിച്ച് അഭിനയിക്കേണ്ട അവസ്ഥയും ഉണ്ടായില്ല.ഞാന്‍ എങ്ങനെയാണോ അതിനെ ഉള്‍ക്കൊള്ളാന്‍ നൂറുശതമാനം സാധിക്കുന്ന പങ്കാളിയെ കിട്ടിയതില്‍ ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു.

സിനിമയില്‍ സജീവമായിരുന്ന സമയത്ത് തലയില്‍ പത്ത് ഫില്‍റ്ററുകളായിരുന്നു.ഇത് ചെയ്യരുത്,അത് ചെയ്യരുത് എന്നിങ്ങനെ.കസിന്റെ കൂടെ തീയേറ്റ റില്‍ പോകാന്‍പോലും ഗോസിപ്പ് ഭയന്ന് ഞാന്‍ മടിച്ചിട്ടുണ്ട്.എന്നെക്കാള്‍ നന്നായി എന്നെ മനസ്സിലാക്കുന്ന ഭര്‍ത്താവിനെ കിട്ടിയത് അരുതുകളുടെ ലോകത്തുനിന്നെന്നെ സ്വതന്ത്രയാക്കി എന്നുവേണം പറയാന്‍.

ഏത് പുരുഷന്റെ വിജയത്തിനുപിന്നിലും ഒരു സ്ത്രീയുണ്ടാകും എന്നാണു പറയുന്നതെങ്കിലും എന്റെ കാര്യത്തില്‍ തിരിച്ചാണ്.ഞാനെന്തൊക്കെ ചെയ്തിട്ടുണ്ടോ,അതെല്ലാം അബീഷിന്റെ പ്രേരണകൊണ്ടാണ്.ഒരുപാട് ആഗ്രഹംതോന്നിയ പലകാര്യങ്ങളും ആത്മവിശ്വാസം ഇല്ലാതെ ഞാന്‍ വേണ്ടെന്നുവെച്ചിരുന്നു.അങ്ങനുള്ള എന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കിയെടുത്ത് എന്നെ ട്യൂണ്‍ ചെയ്ത് ആ ട്രാക്കില്‍ എത്തിക്കാന്‍ സുഹൃത്തായും ഭര്‍ത്താവായും അബീഷെന്നെ സഹായിച്ചിട്ടുണ്ട്.

സമൂഹം ചിട്ടപ്പെടുത്തിവച്ചിരിക്കുന്ന നിയമാവലികള്‍ പൊളിച്ചടുക്കി പരസ്പരസ്‌നേഹവും വിശ്വാസവും ബഹുമാനവും സമന്വയിപ്പിച്ച് സ്വയം സൃഷ്ടിച്ച ചട്ടക്കൂട്ടിലാണ് ഞങ്ങള്‍.ഭാര്യ അങ്ങനെ ആയിരിക്കണം ഇങ്ങനെ ആയിരിക്കണമെന്നൊക്കെ മമ്മി പഠിപ്പിച്ചുതന്നത് എന്റെ ജീവിതത്തില്‍ ആവശ്യം വന്നിട്ടില്ല.

ഭാര്യാഭര്‍ത്താക്കന്മാരുടെ തുല്യതയ്ക്കുവേണ്ടി ആളുകള്‍ പ്രസംഗിക്കുമ്പോള്‍ ഞാന്‍ ഭാര്യ എന്നനിലയില്‍ ചെയ്യേണ്ട കടമയെന്ന നിലയ്ക്ക് ചായ ഇടുന്നത്തിനോടും ഭക്ഷണമുണ്ടാക്കുന്നതിനോടും അബീഷിനു യോജിപ്പില്ല.ഞാന്‍ ബ്രെഡില്‍ ബട്ടര്‍ തേച്ചുകൊടുത്താലും സന്തോഷത്തോടെ നല്ല രുചിയെന്നുപറഞ്ഞേ എന്റെ ഭര്‍ത്താവ് കഴിക്കൂ.

ഞങ്ങള്‍ക്ക് കൂടുതലും കോമണ്‍ ഫ്രണ്ട്‌സാണ്.ഗ്യാങ്ങില്‍ ആദ്യം വിവാഹിതരായവര്‍ എന്ന നിലയ്ക്ക് ആഘോഷദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ എല്ലാവരും ഒത്തുകൂടും.ആ സമയത്താണ് കാര്യമായി എന്തെങ്കിലും പാചകം ചെയ്യാന്‍ അവസരം കിട്ടുന്നത്.

Archana kavi about Abeesh

അബീഷെന്ന സുഹൃത്തില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ ക്വാളിറ്റി, അവന്റെ പ്രായോഗിക ബുദ്ധിയാണ്.ഒരു ഗിഫ്റ്റ് നല്‍കുമ്പോള്‍പ്പോലും അതിലങ്ങനൊരു കയ്യൊപ്പുണ്ടാകും. ഉദാഹരണത്തിന്,എനിക്ക് സര്‍പ്രൈസായി ക്യാമറ സമ്മാനിച്ചപ്പോള്‍ അതില്‍ വീഡിയോ എടുത്ത് യൂട്യൂബ് ചാനല്‍ തുടങ്ങി അപ്ലോഡ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങള്‍ അബീഷ് മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നു.

ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ലാത്ത ഒരു സ്വപ്നം ഞാനൊരിക്കല്‍ വെറുതെ അബീഷുമായി പങ്കുവെച്ചു.മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ വളരെ റോ ആയ ഒരു ട്രിപ്പ്.ഞാനതങ്ങ് മറന്നു.കുറച്ചുദിവസം കഴിഞ്ഞ്,അബീഷ് അവന്റെ ഫ്രണ്ട്‌സായ ബെലിന്‍ഡയെയും ലോയ്ഡിനെയും വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു.ലോയ്ഡ് ബാക്പാക്കറാണ്.

അഞ്ച് ദിവസത്തേയ്ക്ക് വേണ്ട വസ്ത്രങ്ങള്‍ പാക്ക് ചെയ്ത് ഇറങ്ങിക്കോളാന്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാനോര്‍ത്തു അബീഷിന് വട്ടാണോ എന്ന്.കൂട്ടുകാരോടൊപ്പം അത്ര ധൈര്യത്തില്‍ വിവാഹത്തിനുമുന്‍പായിരുന്നെങ്കില്‍ എന്നെ വീട്ടുകാര്‍ വിടുമായിരുന്നില്ല.പക്ഷേ,അബീഷിന്റെ ആ തീരുമാനം പെര്‍ഫെക്റ്റ് ആയിരുന്നെന്ന് അനുഭവത്തിലൂടെ മനസ്സിലായി.

ഷിംലയിലേയ്ക്ക് കൂട്ടുകാര്‍ക്കൊപ്പം ഞാന്‍ നടത്തിയ യാത്ര എന്നെത്തന്നെ മാറ്റി.ആ യാത്രയുടെ വീഡിയോ എന്റെ യൂട്യൂബ് ചാനലില്‍ ഹിറ്റ് ആയി.അതിലെന്റെ മുഖം ശ്രദ്ധിച്ച് പലരും എന്റെ പോസിറ്റിവിറ്റി കൂടിയതായി പറഞ്ഞു.അബീഷുമായി ആജീവനാന്ത സൗഹൃദത്തിന്റെ കരാര്‍ ഒപ്പിട്ടതു തന്നെയാണ് ആ ഊര്‍ജത്തിന്റെ രഹസ്യം.

മീട്ടു റഹ്മത്ത് കലാം

Ads by Google
Tuesday 17 Oct 2017 04.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW