പെരിന്തല്‍മണ്ണ: നാറാണത്തു ഭ്രാന്തന്റെ സ്മൃതിയില്‍ ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്. നാറാണത്തു ഭ്രാന്തന് കുടിയിരിക്കുന്ന ക്ഷേത്രമാണ് കൈപ്പുറത്തുള്ള ഭ്രാന്താചലം എന്നാണ് വിശ്വാസം. സമുദ്ര നിരപ്പില്‍ നിന്ന് അഞ്ഞൂറടി ഉയരത്തിലാണ് രായിരനല്ലൂര്‍ മല നിലകൊള്ളുന്നത്. പാറയില്‍ കൊത്തിയ അറുപത്തിമൂന്ന് പടികള്‍ക്ക് മുകളിലാണ് ഭ്രാന്താചല ക്ഷേത്രം പണിതിരിക്കുന്നത്. നാറാണത്തു ഭ്രാന്തനെ ബന്ധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന വലിയൊരു കാഞ്ഞിരമരവും ചങ്ങലയും ഇവിടെ കാണാം. ഇദ്ദേഹത്തിന്റെ സ്വന്തം ശക്തിയാല്‍ ഒരു രാത്രികൊണ്ട് നിര്‍മിച്ചുവെന്നു കരുതപ്പെടുന്ന കടുത്ത വേനലിലും വറ്റാത്ത പാറയില്‍ വെട്ടിയ നീരുറവകളും ഇവിടെയുണ്ട്. ക്ഷേത്രത്തിനടുത്ത് പാറയില്‍ കാണപ്പെടുന്ന മൂന്ന് ഗുഹകളും ഇദ്ദേഹത്തിന്റെ സൃഷ്ടിയായി വിശ്വസിക്കപ്പെടുന്നു.
നാറാണത്ത് ഭ്രാന്തന് കല്ലുരുട്ടിക്കയറ്റുകയും പിന്നീടത് തള്ളി താഴേക്കിട്ട് ആര്‍ത്തട്ടഹസിക്കുകയും ചെയ്തിരുന്ന മലയാണ് രായിരനല്ലുര് എന്നാണ് ഐതിഹ്യം. ദുര്‍ഗാ ദേവിയുടെ ഒരു ക്ഷേത്രവുമുണ്ട് ഇതേമലയില്. നാറാണത്ത് ഭ്രാന്തനു മുന്നില്‍ ശക്തി സ്വരൂപിണിയായ ദുര്‍ഗാ ദേവി പ്രത്യക്ഷപ്പെട്ടത് ഈ മലമുകളില്‍ വെച്ചാണെന്നാണ് വിശ്വാസം. തുലാം ഒന്നിനാണ് ദുര്‍ഗാദേവി നാറാണത്ത് ഭ്രാന്തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു.
തുലാം ഒന്നിന് രായിരാംകുന്ന് കയറുന്നത് പുണ്യമാണെന്നാണ് ഭക്തജനവിശ്വാസം. മാറാ രോഗ നിവാരണത്തിനുമെല്ലാം വഴിപാട് നടത്തി നാറാണത്ത് ഭ്രാന്തനേയും വന്ദിച്ച് കുന്ന് കയറുന്നവരുടെ തിരക്കായിരിക്കും തുലാം ഒന്നിന്. സന്താന സൗഭാഗ്യത്തിന് വേണ്ടി മലകയറുന്നവര്‍ ആണ്‍കുട്ടിക്ക് വേണ്ടി കിണ്ടിയും പെണ്‍കുട്ടിക്ക് വേണ്ടി ഓടവും കമിഴ്ത്തി പ്രാര്‍ഥിച്ച് മലയിറങ്ങുകയും സന്താനപ്പിറവിക്ക് ശേഷം അവിടെച്ചെന്ന് കമിഴ്ത്തി വെച്ചിരിക്കുന്ന ഈ ഓട്ടുപാത്രങ്ങളില്‍ നെയ്യ് നിറച്ച് മലര്‍ത്തി വെയ്ക്കുകയും വേണമെന്നാണ് വിശ്വാസം.
ആമയൂര്‍ മനക്കാരാണ് കുന്നിന് മുകളില്‍ ദേവീക്ഷേത്രം പണിതതും പൂജനടത്തുന്നതുമൊക്കെ. പതിവ് മട്ടിലുള്ള പ്രതിഷ്ഠയില്ലാത്ത ക്ഷേത്രത്തില്‍ ഭഗവതിയുടെ പാദമുദ്രയിലാണ് പൂജ. നാറാണത്തു ഭ്രാന്തന് ശ്രീ ദ്വാദശാക്ഷരി ട്രസ്റ്റാണ് ക്ഷേത്രകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. തന്റെ ഭ്രാന്തന് ചിന്തകള്‍ കൊണ്ട്ലോകത്തെ അമ്പരപ്പിച്ച നാറാണത്ത് ക്ഷേത്ര സങ്കല്പത്തിലും വ്യത്യസ്ത കാഴ്ചപ
്പാട് പുലര്‍ത്തിയതാവാം എന്ന് വിശ്വാസികള്‍ കരുതുന്നു. ഇവിടെ സാമ്പ്രദായികമായ ഉത്സവവിശേഷങ്ങള്‍ പതിവില്ല .
ക്ഷേത്രം അശുദ്ധമായാല്‍ പുണ്യാഹം പതിവില്ല. പകരം പഞ്ചഗവ്യം തളിക്കലാണ് രീതി. പ്രകൃതി ഉപാസനയുടെ അടിസ്ഥാനമാവണം ഇതെല്ലാമെന്ന് കരുതപ്പെടുന്നു.