Friday, April 19, 2019 Last Updated 43 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 16 Oct 2017 02.39 PM

അഭിനയത്തിന് താല്‍ക്കാലിക വിട

നായികവേഷങ്ങള്‍ മാറ്റി വച്ച് പഠനത്തില്‍ മുഴുകുന്ന ബേബി നയന്‍താരയുടെ വിശേഷങ്ങള്‍....
uploads/news/2017/10/156256/Weeklybabynayanthra.jpg

തങ്ങളുടെ കുഞ്ഞിന് ആരും കേള്‍ക്കാത്ത പേരിടണമെന്നാഗ്രഹിച്ച മണിനാഥും ബിന്ദിയും ഒരുപാട് നാളുകളായുള്ള തിരച്ചിലുകള്‍ക്കൊടുവില്‍ ഒരു പേര് കെണ്ടത്തിയെങ്കിലും മറ്റാരോടും അതിനെക്കുറിച്ച് പറഞ്ഞില്ല.

പേര് പറയുമ്പോള്‍ ആരെങ്കിലും എതിര് നില്‍ക്കുമോ എന്ന സംശയമുള്ളതിനാല്‍ മനസ്സിലൊളിപ്പിച്ചു. കാത്തിരുന്ന ദിവസമെത്തി. കുഞ്ഞിന് പേരിടീല്‍ കര്‍മ്മം നല്‍കുന്ന മുഹൂര്‍ത്തം എത്തിയപ്പോള്‍ മണിനാഥ് കുഞ്ഞിന്റെ ചെവിയില്‍ പേര് ചൊല്ലി വിളിച്ചു, 'നയന്‍താര'.

കണ്ണിലെ കൃഷ്ണമണി എന്നാണ് പേരിന്റെ അര്‍ഥം. കേട്ടപ്പോള്‍ എല്ലാവര്‍ക്കും കൗതുകം തോന്നി. ചെറുപ്പം മുതല്‍ ശാന്തശീലയായിരുന്ന ഈ മിടുക്കി അധികം താമസിയാതെ ബിഗ്‌സ്‌ക്രീനിലെത്തി.

കുട്ടികക്കുറുമ്പുകളും കളിചിരികളുമായി പ്രേക്ഷകലക്ഷങ്ങളുടെ പ്രിയങ്കരിയായി മാറിയ ബേബി നയന്‍താര ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. താരപുത്രന്മാരുടെ സിനിമകളില്‍ നായികയായി ക്ഷണമുണ്ടായിട്ടും അതൊക്കെ പഠനത്തിനായി ഉപേക്ഷിച്ചിരിക്കുകയാണ് നയന്‍താര.

പഠനത്തിനാണ് പ്രാധാന്യം?


തൃപ്പൂണിത്തുറയിലെ ദി ചോയ്‌സ് സ്‌കൂളിലെ പത്താംക്‌ളാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. ഒരുപാട് പഠിക്കാനുണ്ട്. അഭിനയത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ എന്നും സ്‌കൂളില്‍ പോകാന്‍ സാധിക്കില്ല. പഠനത്തില്‍ പിന്നോട്ടാകും.

എന്നുകരുതി അഭിനയം ഞാന്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയല്ല, തിരിച്ചുവരും. കാരണം അഭിനയിക്കാന്‍ ഒരുപാടിഷ്ടമാണ്. പഠനമൊക്കെ ഏകദേശം തീര്‍ന്നുകഴിയുമ്പോള്‍ ഞാനഭിനയിക്കും. ഇപ്പോഴത്തെ ന്യൂജനറേഷന്‍ സിനിമകളിലേക്കൊക്കെ വിളിച്ചിരുന്നു, അതും നായികയായി.

എന്നാല്‍ ഞാനിപ്പോള്‍ ചെറിയ കുട്ടിയല്ലേ, കുറച്ചുകൂടി കഴിയട്ടെ, പഠനമൊക്കെ കഴിയട്ടെ എന്നൊക്കെപ്പറഞ്ഞ് ഞാന്‍ പിന്മാറി. തുടര്‍ച്ചയായി ധാരാളം സിനിമകളില്‍ അഭിനയിച്ച് നടന്നതുകൊണ്ടായിരിക്കാം, ഇപ്പോള്‍ സങ്കടമുണ്ട്. എങ്കിലും നല്ലൊരു കാര്യത്തിന് വേണ്ടി സിനിമ മാറ്റിവയ്ക്കുന്നതുകൊണ്ട് തെറ്റൊന്നും കാണുന്നില്ല.

അപ്രതീക്ഷിതമായി സിനിമയിലേക്ക്?


അഭിനയപാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍ ദൈവാനുഗ്രഹംകൊണ്ട് ഡാന്‍സ്, പാട്ട്, അഭിനയം എന്നിവയിലൊക്കെ അഭിരുചിയുണ്ടായിരുന്നു. എനിക്ക് രണ്ടരവയസ്സുള്ള സമയത്ത് ഒരു ചാനലില്‍ 'സെന്‍സേഷന്‍സ്' എന്നൊരു പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു.

ഇത് കണ്ടിട്ടാണ് 'ഓമനത്തിങ്കള്‍പ്പക്ഷി'എന്ന സീരിയലിന്റെ സംവിധായകന്‍ വിളിച്ചത്. ടൈറ്റില്‍ സോങ്ങില്‍ അഭിനയിക്കാമോ എന്നു ചോദിച്ചു, സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലേക്കും എത്തിപ്പെട്ടു.

ചുരുങ്ങിയ കാലം കൊണ്ട് ലാലങ്കിള്‍, മമ്മൂക്ക, ജയറാമങ്കിള്‍ , മണിച്ചേട്ടന്‍ തുടങ്ങി നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. അതോര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ഇനിയും അവര്‍ക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുമ്പോള്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്നുണ്ട്.

ഇക്കാര്യം ഒരു ഇന്റര്‍വ്യൂവില്‍ ഞാന്‍ പറയുകയുണ്ടായി. അത് പ്രസിദ്ധീകരിച്ച് വന്നപ്പോള്‍ ദുല്‍ഖറിന്റെ നായികയായി എനിക്കഭിനയിക്കണമെന്നാണ് എഴുതിയത്. അതിനെച്ചൊല്ലി നിരവധി നെഗറ്റീവായ കമന്റ്‌സും ഫേസ്ബുക്കിലുണ്ടായിരുന്നു. ന്യൂജെന്‍ താരങ്ങളില്‍ ഇഷ്ടപ്പെട്ട നടനാണ് ദുല്‍ഖര്‍.

അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ ചെയ്യും, നായികയല്ലെങ്കില്‍പ്പോലും. അതുപോലെ തമിഴ്താരം സൂര്യയ്‌ക്കൊപ്പം അഭിനയിക്കാനും എനിക്കിഷ്ടമാണ്. നടക്കുമോ എന്നറിയില്ല, നോക്കാം.

uploads/news/2017/10/156256/Weeklybabynayanthra1.jpg

ഇഷ്ടപ്പെട്ട കഥാപാത്രം?


ഞാന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം എനിക്കിഷ്ടമാണ്, അതില്‍ എടുത്തുപറയേണ്ടത് സ്വര്‍ണ്ണവും മറുപടിയുമാണ്. കഥാപാത്രങ്ങളേക്കാള്‍ എനിക്കിഷ്ടമായത് ഈ സിനിമകളുടെ ലൊക്കേഷനുകളാണ്.

സ്വര്‍ണ്ണത്തില്‍ കലാഭവന്‍ മണിച്ചേട്ടന്റെയും പ്രവീണചേച്ചിയുടെയും മകളായിട്ടാണ് അഭിനയിച്ചത്. മണിച്ചേട്ടന്റെ കഥാപാത്രം നെഗറ്റീവാണ്. ക്ലൈമാക്‌സിലാണ് നല്ലവനായി മാറുന്നത്.

ഷൂട്ടിംഗ് തുടങ്ങിക്കഴിയുമ്പോള്‍ എന്നോട് ദേഷ്യപ്പെടുകയും തുറിച്ചുനോക്കുകയും ചെയ്യുന്ന മണിച്ചേട്ടന്‍ ബ്രേക്ക് വരുമ്പോള്‍ എന്റെ അടുത്തെത്തി ചോദിക്കും' മോള്‍ക്ക് ഈ മാമനോട് ദേഷ്യമുണ്ടോ?' ഇല്ല മാമാ, ഇത് സിനിമയല്ലേ ' എന്ന് പറയുമ്പോള്‍ ചേട്ടന്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് എന്നെ എടുക്കും.

ഒരുപാട് കഥകള്‍ പറഞ്ഞുതരികയും പാട്ട് പാടിത്തരികയുമൊക്കെ ചെയ്യും. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ മെസ്സില്‍ നിന്നാണല്ലോ പതിവായി ഊണ്. എന്നാല്‍ ഒരു ദിവസം മണിച്ചേട്ടന്‍ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് അടുപ്പ് കൂട്ടി ചോറും കറികളുമുണ്ടാക്കി.

പരിപ്പ്, സാമ്പാര്‍, തോരന്‍, അവിയല്‍, അച്ചാര്‍, പപ്പടം എന്നിവയടങ്ങുന്ന ഒന്നാന്തരം സദ്യ ചേട്ടനുണ്ടാക്കിത്തന്നു. അണിയറപ്രവര്‍ത്തകരെല്ലാം സഹായിക്കാന്‍ ഒപ്പം കൂടിയെങ്കിലും മണിേച്ചട്ടന്‍ തന്നെയാണ് എല്ലാം മാനേജ് ചെയ്തത്.

ഷൂട്ടിംഗ് തീരുന്ന ദിവസം ശരിക്കും സങ്കടമുണ്ടായിരുന്നു. പിന്നീട് കേട്ടത് അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ്. മണിച്ചേട്ടന്‍ മരിച്ച ദിവസം അദ്ദേഹം പാടിത്തന്ന പാട്ടുകളെല്ലാം ഞാനോര്‍ത്തു. മറുപടി എന്ന സിനിമയും വളരെ ആസ്വദിച്ച് ചെയ്ത സിനിമയാണ്.

ഇതില്‍ റഹ്മാനങ്കിളിന്റെയും ഭാമച്ചേച്ചിയുടെയും മകളായിട്ടായിരുന്നു എന്റെ കഥാപാത്രം. ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് അവരാണോ ഞാനാണോ കുട്ടിയെന്നാണ് എന്റെ സംശയം. കൊച്ചുകുട്ടികളെപ്പോലെയായിരുന്നു രണ്ടുപേരും.

ചേച്ചിയ്ക്ക് കൂട്ടായി അനുജനും?


അതെ, എനിക്കിപ്പോള്‍ കൂട്ടായി ഒരനുജനെയും കിട്ടി. അഞ്ചരമാസമേ അവന് ആയിട്ടുള്ളൂ, കഴിഞ്ഞ കുറെ ദിവസങ്ങള്‍ അവനിടാനുള്ള പേര് കണ്ടുപിടിക്കുന്നതിന്റെ അലച്ചിലിലായിരുന്നു. ഒടുവില്‍ കണ്ടെത്തി.

ദൈവത്തിന്റെ സമ്മാനം എന്നര്‍ത്ഥം വരുന്ന അയാന്‍ എന്ന പേരാണ് ഞാനവന് വേണ്ടി കണ്ടുപിടിച്ചിരിക്കുന്നത്. എങ്ങനെയുണ്ട്? ഒരുപാട് കേള്‍ക്കാത്ത പേര് നോക്കിയാണ് അച്ഛനും അമ്മയും എനിക്ക് പേരിട്ടത്. അപ്പോള്‍പ്പിന്നെ എന്റെ അനിയനും അങ്ങനെതന്നെ വേണ്ടേ.

ആളൊരു കുസൃതിക്കുടുക്കയാണ് കേട്ടോ, അവന്റെ മുഖത്ത് നോക്കിയിരുന്നാല്‍ പിന്നെ എവിടെയും പോകാന്‍ തോന്നില്ല. എന്തിനേറെ, സ്‌കൂള്‍ വിട്ട് വൈകിട്ട് വന്നാല്‍ എന്റെ കൈയില്‍ നിന്നും അവന്‍ മാറില്ല, അച്ഛന്‍ ബംഗലൂരുവില്‍ വര്‍ക്ക് ചെയ്യുന്നു.

വൈകിട്ട് വീഡിയോകോളിലൂടെ അച്ഛന്‍ സംസാരിക്കുമ്പോള്‍ അവന്‍ എന്റെ മടിയിലിരുന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും. അച്ഛനോടെന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നതാണ്.

കുഞ്ഞനിയനും അമ്മയും അച്ഛനും ഞാനും മാത്രമുള്ള സന്തുഷ്ടകുടുംബം. ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. കൊച്ചുവിശേഷങ്ങള്‍ പറഞ്ഞുതീരുമ്പോഴേക്കും ക്ലോക്കില്‍ മണി നാലടിച്ചു. ട്യൂഷന് പോകാനുള്ള സമയമായതിനാല്‍ മംഗളം വാരികയോട് യാത്ര പറഞ്ഞ് കുഞ്ഞനുജന് ഉമ്മയും കൊടുത്ത് ബുക്ക്‌സും സൈക്കിളുമായി നയന്‍താര സ്ഥലം വിട്ടു.

ദേവിന റെജി

Ads by Google
Monday 16 Oct 2017 02.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW