Thursday, October 18, 2018 Last Updated 45 Min 29 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 16 Oct 2017 02.05 PM

രാഷ്ട്രീയം മറക്കുന്ന കോണ്‍ഗ്രസും യു.ഡി.എഫും; വേങ്ങരയ്ക്ക് ശേഷം ..

സി.പി.എമ്മിനെ ഒതുക്കി ബി.ജെ.പിയെ വളരെ അനായാസമായി നേരിട്ട് ഭരണം സ്ഥിരമായി നിലനിര്‍ത്താമെന്നായിരുന്നു യു.ഡി.എഫിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരുപരിധിവരെ അത് വിജയിക്കുകയും ചെയ്തു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ പദ്ധതിക്ക് ഒരിക്കലും വിജയം കാണാന്‍ കഴിയില്ലെന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വൈകിയെന്നതാണ് സത്യം.
uploads/news/2017/10/156251/opinionrsuresh.jpg

കാത്തിരുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം വന്നു. പ്രതീക്ഷിച്ചത് സംഭവിച്ചു. എന്നാല്‍ പ്രതീക്ഷിക്കാതെ സംഭവിച്ചത് കേരളത്തിലൂം തീവ്രവാദകക്ഷികള്‍ വേരുപിടിക്കുന്നുവെന്നതാണ്. വേരുപിടിക്കുന്നുവെന്നല്ല, അവര്‍ക്ക് വേരുകള്‍ ഉണ്ടാക്കികൊടുക്കുന്നുവെന്നതാണ്. ഈ തെരഞ്ഞെടുപ്പ്ഫലം നമ്മുടെ രാഷ്ട്രീയരംഗത്ത് ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് 8000ല്‍ പരം വോട്ടുകള്‍ വര്‍ദ്ധിപ്പിച്ചതുകൊണ്ട് ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് അല്‍പ്പം ആശ്വസിക്കാം. എന്തെന്നാല്‍ ലീഗിന് എതിരാളികളില്ലാത്ത അവരുടെ കോട്ടയില്‍ കടന്നുകയറി എല്ലാ പഞ്ചായത്തിലും മുന്‍കാലത്തെ അപേക്ഷിച്ച് ലീഗിന്റെ വോട്ടുകുറച്ചുവെന്നതുകൊണ്ടുതന്നെ അവര്‍ക്ക് പറഞ്ഞുനില്‍ക്കാം. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷരാഷ്ട്രീയകക്ഷികളുടെ മുന്നില്‍ ഈ തെരഞ്ഞെടുപ്പ് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ചും യു.ഡി.എഫ് രാഷ്ട്രീയത്തില്‍.

കേരളത്തിലെ ജനങ്ങളുടെ മനസായിരുന്നു ഇവിടുത്തെ രണ്ടുമുന്നണികള്‍. വലതുപക്ഷവികാരത്തിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫും ഇടതുപക്ഷ പുരോഗമനമനസുകള്‍ ചേര്‍ന്ന ഇടതുമുന്നണിയും. കഴിഞ്ഞ മൂന്നു-നാലു പതിറ്റാണ്ടോളം കേരളത്തിന്റെ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഈ മുന്നണികള്‍ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. സാമൂഹിക-സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങള്‍ മുന്നണികളുടെ സ്വഭാവത്തേയും ബാധിക്കുന്നുവെന്ന് പറയാമെങ്കിലും രാഷ്ട്രീയത്തിന്റെ അടിത്തറയിലുണ്ടാകുന്ന മാറ്റമാണ് ഇതിന് വഴിവയ്ക്കുന്നത്. ഇടതുപക്ഷത്തില്‍ നിന്നും ഇടതുമുന്നണി അല്‍പ്പം വലത്തോട്ട് വ്യതിയാനമുണ്ടായപ്പോള്‍, വലതുമുന്നണി കൂടുതല്‍ വലത്തോട്ടുചാഞ്ഞുവെന്ന് പറയാം.

പക്ഷേ അങ്ങനെ ലളിതമായി പറഞ്ഞുപോകാവുന്നതല്ല, ഈ മാറ്റം. യു.ഡി.എഫ് എന്ന രാഷ്ട്രീയമുന്നണിയുടെ ഭാവിയെക്കുറിച്ചാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ യു.ഡി.എഫിന്റെ ആവശ്യകത ആര്‍ക്കും തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് കേരളത്തില്‍ നിര്‍ണ്ണായക സ്ഥാനവുമുണ്ട്. എന്നാല്‍ മുന്നണിക്ക് രൂപകല്‍പ്പന ചെയ്ത കെ. കുരുണാകരന്റെ പിടി അയഞ്ഞതോടെ ഈ മുന്നണിക്കുണ്ടായ ജീര്‍ണ്ണതയെക്കുറിച്ച് പറയാതിരിക്കാനുമാവില്ല. കെ. കരുണാകരന്‍ നേതൃത്വം വഹിച്ചിരുന്നപ്പോള്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും നിര്‍ണ്ണായക ശക്തിയായിരുന്ന യു.ഡി.എഫ് ഇന്ന് മലബാറില്‍ ലീഗ് മാത്രമായി മാറിയിരിക്കുന്നു.

ആ ലീഗിന്റെ കോട്ടയിലാണ് വേങ്ങരയില്‍ ഫലം ആശങ്കാജനകമാകുന്നതും. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നതിനെ കുറിച്ച് വളരെ കൃത്യമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. പ്രധാനമായും യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ തന്ത്രപരമായ നീക്കത്തിലുണ്ടായ മാറ്റമാണ്. അത് പ്രകടമായത് 2011 മുതല്‍ 2016 വരെയുള്ള യു.ഡി.എഫ് ഭരണത്തിലും. ആ ഭരണകാലത്ത് ഒരു രാഷ്ട്രീയകക്ഷിക്കുണ്ടാകാവുന്ന എല്ലാ ജീര്‍ണ്ണതകളും കോണ്‍ഗ്രസിനേയും ഘടകകക്ഷികളേയും ബാധിച്ചുവെന്നതിനുപുറമെ രാഷ്ട്രീയമായ തന്ത്ര രൂപീകരണം പോലും പാളിയെന്നതാണ് വസ്തുത. വിഭാഗീയതയില്‍ വലഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ ശക്തിക്ഷയം സംഭവിച്ചിരുന്ന സി.പി.എമ്മിന് പുനരുര്‍ജ്ജം നല്‍കിയതുതന്നെ കോണ്‍ഗ്രസായിരുന്നുവെന്ന് പറയുന്നതായിരിക്കും ശരി.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സി.പി.എമ്മിലെ പ്രതിസന്ധി മുതലാക്കി അവരെ ദുര്‍ബലപ്പെടുത്തുന്നതിന് പകരം സി.പി.എമ്മിനെ സംസ്ഥാനത്ത് ഇല്ലാതാക്കാനുള്ള ശ്രമമാണ് അന്ന് നടന്നത്. ടി.പി. കേസിലും മറ്റും സ്വീകരിച്ച അത്തരം തീരുമാനങ്ങള്‍ക്ക് വലിയ ജനപിന്തുണ ലഭിച്ചെങ്കിലും പിന്നീട് അവര്‍ സ്വീകരിച്ച നിലപാടുകള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായുകയായിരുന്നു. രാഷ്ട്രീയം പറയുന്നതിന് പകരം വ്യക്തിപരമായി നേതൃത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്. പ്രത്യേകിച്ച് ആര്‍.എസ്.എസ്. നേതാവായ കതിരൂര്‍ മനോജിന്റെ കേസിലുള്‍പ്പെടെ.

ഇത് സി.പി.എമ്മിന് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശക്തമായി പ്രചരണം നടത്തുന്നതിന് സഹായകരമാകുകയും ചെയ്തു. അത്തരത്തില്‍ സി.പി.എമ്മിനെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമത്തില്‍ നിന്നാണ് അവര്‍ക്ക് ഉയര്‍ന്നുവരാനുള്ള കച്ചിതുരുമ്പ് ലഭിച്ചത്.
പക്ഷേ അത്‌യു.ഡി.എഫിനാണ് തിരിച്ചടിയായത്. സി.പി.എമ്മിനെ ഒതുക്കി ബി.ജെ.പിയെ വളരെ അനായാസമായി നേരിട്ട് ഭരണം സ്ഥിരമായി നിലനിര്‍ത്താമെന്നായിരുന്നു യു.ഡി.എഫിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരുപരിധിവരെ അത് വിജയിക്കുകയും ചെയ്തു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ പദ്ധതിക്ക് ഒരിക്കലും വിജയം കാണാന്‍ കഴിയില്ലെന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വൈകിയെന്നതാണ് സത്യം.

കോണ്‍ഗ്രസും ബി.ജെ.പിയും വലതുപക്ഷകക്ഷികളാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു വലതുപക്ഷകക്ഷികള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ കൂടുതല്‍ വലതുപക്ഷമായ കക്ഷിക്കായിരിക്കും ആ മനസുള്ളവരുടെ പിന്തുണ കൂടുതല്‍ ലഭിക്കുക. അങ്ങനെ വരുമ്പോള്‍ അങ്ങേയറ്റം വലതുപക്ഷനയങ്ങള്‍ പിന്തുടരുന്ന ബി.ജെ.പിക്കായിരിക്കും മുന്‍ഗണന. മാത്രമല്ല, അവര്‍ക്ക് വര്‍ഗ്ഗീയത അല്‍പ്പം കൂടുതല്‍ കൂടിയുള്ളതുകൊണ്ട് പിന്തുണ കുറേക്കൂടി വര്‍ദ്ധിക്കുക മാത്രമേയുള്ളു. അതേസമയം ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസിനൊപ്പം എന്നും നിലകൊണ്ട ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ സംശയം മുളപൊട്ടുകയും അവര്‍ ഇടതുപക്ഷത്തേക്ക് നീങ്ങുകയും ചെയ്യുമെന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അതിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കണ്ടത്.

പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷവോട്ടുകള്‍ നഷ്ടപ്പെടുകയും ഭൂരിപക്ഷവോട്ടുകള്‍ കിട്ടാതാകുകയും ചെയ്തു. അതേസമയം ബി.ഡി.ജെ.എസിന്റെ രൂപത്തില്‍ ഇടതുമുന്നണിക്ക് കുറച്ച് വോട്ട് നഷ്ടപ്പെട്ടപ്പോള്‍ യു.ഡി.എഫിനെ സംശയത്തോടെ നോക്കിയ ന്യൂനപക്ഷങ്ങള്‍ ഇടതുമുന്നണിയോടൊപ്പം നിന്നു. അതാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിക്കുണ്ടായ കാരണം.

അതേനിലയാണ് ഇപ്പോള്‍ വേങ്ങരയിലും കാണുന്നത്. ഇപ്പോഴും യു.ഡി.എഫ് സ്വപ്നലോകത്തുനിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിവന്നിട്ടില്ല. സി.പി.എമ്മിനെ ഇല്ലാതാക്കി ആ സ്ഥാനം പിടിച്ചെടുക്കാമെന്ന ചിന്തയാണ് അവര്‍ക്കുള്ളില്‍ ഇപ്പോഴുമുള്ളത്. അതാണ് വേങ്ങരയില്‍ സി.പി.എമ്മിന് നിലമെച്ചപ്പെടുത്താന്‍ സഹായിച്ചതും. ഇന്നും കോണ്‍ഗ്രസും യു.ഡി.എഫും സി.പി.എം-ബി.ജെ.പി ബന്ധത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ വര്‍ഗ്ഗീയമായി വേര്‍തിരിക്കുന്നതിന് വേണ്ടി നടത്തുന്ന ഇത്തരംചര്‍ച്ചകള്‍ കേരളസമൂഹം തള്ളിക്കയുമെന്നതാണ് വേങ്ങരഫലം.

രാജ്യത്ത് ബി.ജെ.പി-കോണ്‍ഗ്രസ് ഇതര നേതൃത്വങ്ങള്‍ ബി.ജെ.പിക്കെതിരെയുള്ള പോരില്‍ സര്‍വസൈന്യാധിപനായി പിണറായി വിജയനെ പ്രതിഷ്ഠിക്കുമ്പോഴാണ് ഇവിടെ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ അത് സി.പി.എമ്മിനെക്കാളും കോണ്‍ഗ്രസിനായിരിക്കും തിരിച്ചടിയുണ്ടാക്കുക. മറിച്ച് ഇത്തരം കാര്യങ്ങള്‍ പറയുന്നതിന് പകരം ബി.ജെ.പിയെ കടന്നാക്രമിക്കുകയും സി.പി.എമ്മിനെ രാഷ്ട്രീയമായി എതിര്‍ക്കുകയും ചെയ്യാതെ യു.ഡി.എഫിന് രക്ഷയില്ല. അതുചെയ്യാത്തതുകൊണ്ടാണ് വേങ്ങരയില്‍ സി.പി.എമ്മിന് മാത്രമല്ല, തീവ്രമതകക്ഷികള്‍ക്കുപോലും വോട്ടുലഭിക്കുന്നത്.

കേരളരാഷ്ട്രീയത്തില്‍ ബി.ജെ.പി ഒരു ശക്തിയായി ഇനിയും മാറിയിട്ടില്ല. ആശങ്കകൊണ്ട് ബി.ജെ.പിയെ പ്രധാന എതിരാളിയായി എല്ലാകക്ഷികളും പ്രതിഷ്ഠിച്ച് ഇല്ലാത്ത പ്രാധാന്യം അവര്‍ക്ക് കല്‍പ്പിച്ച് കൊടുക്കുകയാണ്. ഇതാണ് ഇവിടെ പ്രശ്‌നവും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തീവ്രവലതുപക്ഷനിലപാടുള്ള ബി.ജെ.പിയെക്കാളും ഇടതുപക്ഷമായ സി.പി.എമ്മിനെ നേരിടുകയായിരിക്കും രാഷ്ട്രീയമായി കൂടുതല്‍ എളുപ്പം.

മറിച്ച് സി.പി.എമ്മിനെ സംബന്ധിച്ചാണെങ്കില്‍ കോണ്‍ഗ്രസിനെക്കാളും ബി.ജെ.പിയെ നേരിടുകയാണ് അവര്‍ക്ക് കേരളത്തില്‍ കൂടുതല്‍ എളുപ്പം. ഒന്നുമില്ലെങ്കിലും കോണ്‍ഗ്രസിന് ഒരു മതേതരമുഖമുണ്ട്. പക്ഷേ ഇവിടെ കോണ്‍ഗ്രസ് അതിന് ശ്രമിക്കാതെ വര്‍ഗ്ഗീയചേരിതിരിവ് സൃഷ്ടിച്ച് വോട്ട് ബാങ്കുകള്‍ ഉണ്ടാക്കാനാണ് ശ്രമം. അത് യു.ഡി.എഫിന് ഇനിയും വലിയതിരിച്ചടി സൃഷ്ടിക്കും. അത് മാറ്റി രാഷ്ട്രീയം സംസാരിക്കാനാണ് യു.ഡി.എഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ അനിവാര്യമായത് സംഭവിക്കുമെന്ന് മനസിലാക്കാനും അധികനാള്‍ വേണ്ടിവരില്ല.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 16 Oct 2017 02.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW