Wednesday, January 23, 2019 Last Updated 23 Min 14 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
Saturday 14 Oct 2017 03.04 PM

ഭര്‍ത്താവുമൊത്തുള്ള സുന്ദര ജീവിതം സ്വപ്‌നം കണ്ട അവള്‍ക്ക് നിറവയറുമായി വീട്ടില്‍ നിന്ന് ഇറങ്ങേണ്ടിവന്നു.. അതിനു പിന്നിലുള്ള കാരണം അറിഞ്ഞാല്‍ ഞെട്ടും

''ഓഫീസില്‍നിന്ന് വന്നതിനു ശേഷം ജോലിയുണ്ടെന്നു പറഞ്ഞ് ലാപ്‌ടോപില്‍ മറ്റ് സ്ത്രീകളുമായി ചാറ്റ് ചെയ്യുകയായിരുന്നു.''
uploads/news/2017/10/155621/Weeklyfmlycourt111017.jpg

ഓഫീസിലിരിക്കുമ്പോള്‍ നിറവയറുമായി ദേവികയും അച്ഛനും എന്നെക്കാണാന്‍ വന്നു. ഭര്‍ത്താവുമായി ഒന്നിച്ച് ജീവിക്കാന്‍ സാധിക്കാത്തതുകൊണ്ട് വിവാഹ ബന്ധം വേര്‍പിരിയണമെന്നായിരുന്നു അവരുടെ ആവശ്യം.

ഇരുപത്തിമൂന്നു വയസ്സുളള ഗര്‍ഭിണിയായ യുവതി. ജീവിതം തുടങ്ങുന്നതേയുളളൂ. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു വേര്‍പിരിയല്‍ ആവശ്യമാണോ? പിന്തിരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും ദേവിക അതിന് തയ്യാറായില്ല.

ആ പെണ്‍കുട്ടി അവളുടെ വിവാഹശേഷമുളള കാര്യങ്ങള്‍ ഓരോന്നായി പറഞ്ഞു തുടങ്ങി.
''ഞാന്‍ നഴ്‌സിങ് പഠനത്തിനുശേഷം ചെന്നൈയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് കമ്പ്യൂട്ടര്‍ എന്‍ജിനീയറായ അബിയേട്ടന്റെ ആലോചന വന്നത്.

അച്ഛനും അമ്മയ്ക്കും അദ്ദേഹത്തെയും വീട്ടുകാരെയും ഇഷ്ടമായി. അച്ഛന്‍ പറഞ്ഞതനുസരിച്ച് നെറ്റ് വഴി ഞങ്ങള്‍ പരസ്പരം കണ്ടു, വീട്ടുകാര്‍ തമ്മില്‍ വിവാഹം പറഞ്ഞുറപ്പിച്ചു.

വിവാഹത്തിനു മുന്‍പ് തന്നെ അദ്ദേഹം എനിക്ക് നാട്ടില്‍ ജോലി ശരിയാക്കി തന്നു. വിവാഹശേഷം ചെന്നൈയിലെ ജോലി ഉപേക്ഷിച്ച് അബിയേട്ടന്‍ പറഞ്ഞതനുസരിച്ച് വീടിനടുത്തുളള ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്തു. മദ്യപാനമോ പുകവലിയോ മറ്റ് ദു:ശീലങ്ങളോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

ജോലി കഴിഞ്ഞ് സുഹൃത്തുക്കളുമൊത്ത് കറങ്ങി നടക്കാതെ നേരെ വീട്ടിലെത്തും. ഓഫീസിലെ ചെയ്ത് തീര്‍ക്കാനുളള ബാക്കി ജോലി ചെയ്യും. . അതിനുശേഷമുളള സമയം എന്നോടൊപ്പം ചിലവഴിക്കും. അദ്ദേഹത്തിന്റെ സ്‌നേഹം കണ്ട് പലപ്പോഴും ഞാന്‍ അഹങ്കരിച്ചു. എന്നോട് അബിയേട്ടന് അത്രയ്ക്ക് ഇഷ്ടമാണെന്ന് ഞാന്‍ വിശ്വസിച്ചു.

അബിയേട്ടനെക്കുറിച്ചുളള എന്റെ എല്ലാ സങ്കല്പങ്ങളും തെറ്റായിരുന്നുവെന്ന് അല്പം വൈകിയാണ് മനസിലായത്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യ വഴി ഞാനറിഞ്ഞു, അബിയേട്ടന്‍ ഓഫീസിലുളള മറ്റൊരു സ്ത്രീയുമായി സ്‌നേഹത്തിലാണെന്ന്.

കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. ഞാനെന്നു വച്ചാല്‍ അബിയേട്ടന് ജീവനാ.., എന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ ചിന്തിക്കാന്‍ പോലും അദ്ദേഹത്തിനാകില്ലെന്ന് ഞാനവരോട് പറഞ്ഞു. എനിക്ക് അദ്ദേഹത്തെ പൂര്‍ണ്ണവിശ്വാസമായിരുന്നു.

എങ്കിലും ആ സ്ത്രീയുടെ വാക്ക് മനസ്സില്‍ നിന്ന് പോയില്ല. ഒരു ദിവസം അബിയേട്ടന്‍ പുറത്തേക്ക് പോയ സമയം ഞാനദ്ദേഹത്തിന്റെ ലാപ്‌ടോപ് പരിശോധിച്ചു. ഒരിക്കലും ഒരു ഭാര്യയും കാണാന്‍ പാടില്ലാത്ത തരത്തിലുളള മെസേജുകളും വീഡിയോകളും. ഒരാളുമായിട്ടല്ല പല സ്ത്രീകളുമായി അദ്ദേഹത്തിന് വഴിവിട്ടബന്ധമുണ്ടെന്ന് എനിക്ക് മനസിലായി.

ഓഫീസില്‍ നിന്ന് വന്നതിനുശേഷം ജോലിയുണ്ടെന്ന് പറഞ്ഞ് ലാപ്‌ടോപില്‍ മറ്റ് സ്ത്രീകളുമായി ചാറ്റ് ചെയ്യുകയായിരുന്നു. ഇത്രയും നാള്‍ സ്‌നേഹം അഭിനയിച്ച് എന്നെ വഞ്ചിക്കുകയായിരുന്നു.

അയാളുടെ ഭാര്യയാണെന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി. അറിഞ്ഞതില്‍ കൂടുതലായി ഒന്നുമില്ലെന്ന് എനിക്ക് ബോധ്യമായി. വഴക്കുണ്ടാക്കാനോ ബഹളം വച്ച് നാട്ടുകാരെ അറിയിക്കാനോ നിന്നില്ല. അബിയേട്ടനോടുപോലും ഒന്നും ചോദിച്ചില്ല. ചോദിച്ചിട്ട് കാര്യവുമില്ല.

ലാപ്‌ടോപ് ഓപ്പണായി കിടന്നതുകൊണ്ട് അദ്ദേഹത്തിന് കാര്യം മനസിലായി. എന്നോട് ക്ഷമ പറഞ്ഞെങ്കിലും എല്ലാം ക്ഷമിച്ച് കൂടെ ജീവിക്കാന്‍ എനിക്കായില്ല. ഞാന്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആറുമാസം ഗര്‍ഭിണിയായിരുന്നു.

ഭര്‍ത്താവിന്റെ സ്‌നേഹവും കരുതലും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സമയം. ആ മാനസികാവസ്ഥയില്‍ എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു.

പിന്നീട് എന്റെ അച്ഛന്റെയും അമ്മയുടെയും സംരക്ഷണയിലാണ് ജീവിച്ചത്. ഇതിനിടെ അബിയേട്ടനും വീട്ടുകാരും എന്നെ പലപ്രാവശ്യം തിരികെ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. എനിക്കിനി അങ്ങനെയൊരു ഭര്‍ത്താവിനെ വേണ്ട.

മറ്റ് സ്ത്രീകളുടെ സാമീപ്യത്തില്‍ സന്തോഷം അനുഭവിക്കുന്ന ഒരു ഭര്‍ത്താവിനെ എനിക്കെന്തിനാണ്? എത്രയും പെട്ടെന്നു തന്നെ ഞങ്ങളുടെ ബന്ധം വേര്‍പ്പെടുത്തി തരണം സാര്‍..,'' എന്ന് പറഞ്ഞ് ദേവിക പൊട്ടിക്കരഞ്ഞു.

ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ഓര്‍ത്ത് എല്ലാം ക്ഷമിച്ച് ഒന്നിച്ച് ജീവിക്കാന്‍ ഞാന്‍ പറഞ്ഞെങ്കിലും ദേവിക തയ്യാറായില്ല. മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ദേവികയ്ക്ക് നീതി ലഭിച്ചു. ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു.

പ്രസവശേഷം ദേവിക ജോലിക്ക് പോയി തുടങ്ങി. ഇപ്പോള്‍ കുഞ്ഞുമായി അച്ഛന്റെയും അമ്മയുടെയും കൂടെ കഴിയുന്നു.

അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
Saturday 14 Oct 2017 03.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW