Thursday, December 13, 2018 Last Updated 37 Min 43 Sec ago English Edition
Todays E paper
Ads by Google

റൈറ്റ്ക്ലിക്ക്

S. Sreekumar
S. Sreekumar
Saturday 14 Oct 2017 11.05 AM

അന്ധകാരയുഗത്തിന്റെ പ്രേതം

uploads/news/2017/10/155566/sabarimalainfo-1.jpg

പ്രേയർ (പ്രാർഥന) എന്ന വാക്കിന്റെ സ്പെല്ലിങ്ങിൽ ഒരക്ഷരം മാറ്റിയാൽ പ്രയാർ എന്ന സ്ഥലപ്പേരു കിട്ടും. പേരിനു മുന്നിൽ ആ സ്ഥലപ്പേരുള്ള ഒരാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറായപ്പോൾ ആദ്യം തോന്നിയത് ആ കൗതുകമാണ്. മിൽമയെപ്പോലൊരു പൊതുമേഖലാസ്ഥാപനത്തെ നയിച്ച ഭരണപരിചയം ദേവസ്വം ബോർഡിനു മുതൽക്കൂട്ടാകുമെന്നും കരുതി. എന്നാൽ, ബോർഡ് പ്രസിഡന്റായശേഷം ഹൈന്ദവ ആചാര- വിശ്വാസങ്ങളുടെ കുത്തക ഏറ്റെടുത്ത് അദ്ദേഹം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും വിഷം തുപ്പുന്ന പ്രതികരണങ്ങളും അറിഞ്ഞപ്പോൾ പ്രേയറിലെ 'സ്പെല്ലിങ് മിസ്റ്റേക്കി'നു സാധൂകരണമായി.

ഏറ്റവുമൊടുവിൽ ശബരിമലയിലെ ബാലികാ- യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ വിഷലിപ്തമായ വാക്കുകൾ താൻ പ്രതിനിധീകരിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന മതത്തിലെ മുഴുവൻ സ്ത്രീകളെയും വ്യഭിചാരിണികളുമാക്കി. ഇനി ഈ വിഴുപ്പുഭാണ്ഡം ദേവസ്വം ബോർഡിന്റെ തലപ്പത്തിരുന്ന് നാറാൻ അനുവദിക്കണോയെന്ന് പ്രബുദ്ധ ഹൈന്ദവസമൂഹം ചിന്തിക്കണമെന്നു പ്രാർത്ഥിച്ചു പോകുന്നു.

പത്തിനും അൻപതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ അയ്യപ്പദർശനത്തിന് അനുവദിക്കുന്നതിലൂടെ ശബരിമലയെ തായ്ലാൻഡാക്കാൻ അനുവദിക്കില്ലെന്നാണു പ്രയാറിന്റെ പ്രഖ്യാപനം. സെക്സ് ടൂറിസത്തിനു പേരുകേട്ട തായ്ലൻഡിനെ ശബരിമലയുടെ കാര്യത്തിൽ ഉദ്ധരിച്ചതിലൂടെ ഈ മഹാൻ കേരളത്തിലെ, ഹൈന്ദവരെയെന്നല്ല, മുഴുവൻ സ്ത്രീപുരുഷൻമാരെയുമാണ്‌ അപമാനിച്ചത്. (ശബരിമലയിൽ ഏതു മതസ്ഥർക്കും പ്രവേശിക്കാമല്ലോ. അതിനു വിശ്വാസം പോലും തടസമല്ല).

10 വയസുമുതലുള്ള ബാലികമാരും 50 വയസു വരെയുള്ള അമ്മപെങ്ങൻമാരും ശബരിമലയിലെത്തിയാൽ വ്യഭിചാരിണികളാകുമെന്നും സന്നിധാനം സെക്സ് ടൂറിസം കേന്ദ്രമാകുമെന്നും തന്നെയാണ് പ്രയാറിന്റെ പിഴച്ച നാവിൽനിന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾക്കെല്ലാം മനസിലായത്. അവസരം കിട്ടിയാൽ എവിടെയും വ്യഭിചരിക്കുന്നവരാണു കേരളത്തിലെ സ്ത്രീ പുരുഷൻമാർ എന്നുകൂടി ഒരർത്ഥമുണ്ട് പ്രയാറിന്റെ ശുദ്ധ ഭോഷ്ക്കിന്.

41 ദിവസം നോമ്പുനോറ്റ് മല കയറുന്ന പുരുഷൻമാർ ഇരുമുടിക്കെട്ടേന്തിയ യുവതികളെയോ പെൺകുഞ്ഞുങ്ങളെയോ കണ്ടാൽ ബ്രഹ്മചര്യം മറക്കുമെന്നാണു പ്രയാറിന്റെ ആശങ്കയെങ്കിൽ ശബരിമലയിൽ പുരുഷപ്രവേശനം നിരോധിക്കുകയാണു ചെയ്യേണ്ടത്! തൊട്ടടുത്തു മാളികപ്പുറത്തമ്മ ഒരു വിളി കാത്തിരിക്കുമ്പോഴും നൈഷ്ഠികബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്നയാളാണ് അവിടുത്തെ ദൈവം.

അല്ല പ്രയാറേ, എല്ലാവർഷവും അയ്യപ്പനെ വിവാഹം കഴിക്കാമെന്ന മോഹവുമായി ശരംകുത്തിയിലേക്ക് ആഘോഷപൂർവം എഴുന്നള്ളുകയും നിരാശയായി കാത്തിരിപ്പിന്റെ തപസിലേക്കു മടങ്ങുകയും ചെയ്യുന്ന മാളികപ്പുറത്തമ്മ പത്തുവയസിൽ താഴെയുള്ള ബാലികയോ ആർത്തവം നിലച്ച വയോധികയോ? ശരംകുത്തിയിലെ ആചാരപ്രകാരം മാളികപ്പുറത്തമ്മ യുവതിയെങ്കിൽ അയ്യപ്പന്റെ ആ നിത്യകാമുകിയെങ്ങനെ ശബരിമലയിലെ പ്രധാന ഉപദേവതയായി?

സുപ്രീം കോടതി അനുവദിച്ചാലും മാനവും മര്യാദയുമുള്ള, കുടുംബത്തിൽ പിറന്ന സ്ത്രീകൾ ശബരിമലയിൽ കയറില്ലെന്നും പ്രയാർ പ്രഖ്യാപിക്കുന്നു. കുടുംബങ്ങളിലെ പേറും പേറ്റിച്ചിയുമൊക്കെ ലോകമിത്രയും വികസിക്കാത്ത പഴയകാലത്തെ ഏർപ്പാടുകളാണു സർ. 'കുടുംബത്തിൽ പിറന്ന ' എന്നതുകൊണ്ട് അന്തസും ആഭിജാത്യവുമാണ് പ്രയാർ സാർ ഉദ്ദേശിക്കുന്നതെന്നറിയാം. സുപ്രീം കോടതി മറിച്ചെങ്ങാനും വിധിച്ചാലും ശബരിമലയിലേക്ക് ഒരുത്തിയും കെട്ടുമുറുക്കേണ്ട എന്ന സദാചാരഭീഷണിയാണിത്. പമ്പയ്ക്കപ്പുറം മലചവിട്ടാൻ വരുന്ന യുവതികൾ ( പെൺകുഞ്ഞുങ്ങളും) കുടുംബത്തിൽ പിറക്കാത്ത 'തറ'കളാണെന്നു പച്ചയ്ക്കങ്ങു പറഞ്ഞില്ലെന്നേയുള്ളൂ.

സ്ത്രീകളുടെ സുരക്ഷയും പ്രയാറിനു പ്രധാനമാണത്രേ! കാനനപാതയിൽ, പ്രതികൂല സാഹചര്യത്തിൽ സുരക്ഷയൊരുക്കാൻ കഴിയില്ല പോലും! പമ്പ മുതൽ സന്നിധാനം വരെ കോൺക്രീറ്റിട്ട, വെളിച്ചത്തിൽ കുളിച്ച 'കാനനപാത'യിൽ എവിടെയാണു ഹേ അരക്ഷിതാവസ്ഥ. പുലി പോയിട്ടൊരു കാട്ടുപൂച്ച പോലും മണ്ഡല മകരവിളക്കു കാലത്ത് ശരണപാതയുടെ പരിസരത്തെങ്ങും വരാറില്ല. അതോ പുലിയും കടുവയുമൊക്കെ പെണ്ണിറച്ചി കാത്തിരിക്കുകയാണോ!

ശബരിമലയിൽ വനിതാ പോലീസിനെ കൂട്ടത്തോടെ നിയോഗിക്കാനും കഴിയില്ലത്രേ. അപ്പോൾ പിന്നെ ബഹു: പ്രസിഡന്റ് ഉദ്ദേശിക്കുന്ന സ്ത്രീസുരക്ഷാ ഭീഷണി അയ്യപ്പൻമാരെന്ന് അറിയപ്പെടുന്ന പുരുഷ തീർഥാടക 'ഭീകരൻ'മാരിൽനിന്നാണെന്നു വ്യക്തം. പ്രയാർ പറഞ്ഞതുപോലെ 'മാനവും മര്യാദയുമുള്ള' (കുടുംബം പ്രശ്നമല്ല), മാലയിടാനൊരുങ്ങുന്ന എല്ലാ പുരുഷൻമാരും ഈ അൽപത്തത്തിനെതിരേ പ്രതികരിക്കണം.

മതത്തിന്റെ കാര്യത്തിൽ സുപ്രീം കോടതി മതാധിഷ്ഠിത കാഴ്ചപ്പാടാണു സ്വീകരിക്കേണ്ടതെന്ന ഉപദേശവും ഭരണഘടനാ വിദഗ്ധനായ പ്രയാർ നൽകുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം കാലാനുസൃതമായി ചില മാറ്റങ്ങൾ ആചാരങ്ങളിൽ വരുത്തിയിട്ടുണ്ടത്രേ. ക്ഷേത്രപ്രവേശന വിളംബരം മുതൽ ദളിതരെ പൂജാരികളാക്കുന്നതിൽവരെ മുപ്പത്തിമുക്കോടി ദൈവങ്ങളിൽ ഒരാൾ പോലും കോപിച്ചതായറിയില്ല. മൃഗങ്ങളുടെ കഴുത്തു മുറിക്കുന്നതിനു പകരം കുമ്പളങ്ങ മുറിച്ച് ബലിയർപ്പിച്ചിട്ടും ചുണ്ണാമ്പും മഞ്ഞളും കലർത്തി 'നിണം' നൽകിയിട്ടും ദൈവങ്ങൾ വയലന്റായിട്ടില്ല. പിന്നല്ലേ, ശബരിമലയിൽ യുവതികളെയും ബാലികമാരെയും പ്രവേശിപ്പിച്ചാൽ അയ്യപ്പൻ ഇറങ്ങിപ്പോകുന്നത്. അതും മാളികപ്പുറത്തമ്മയെ ഒറ്റയ്ക്കാക്കി!

ശബരിമലയിലെ സ്ത്രീപ്രവേശനവിഷയത്തിൽ സുപ്രീം കോടതിയുടെ മനസ് മാറ്റാൻ കോട്ടയം ജില്ലയിലെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവതയായ ജഡ്ജിയമ്മാവനു മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഖണ്ഡപ്രാർഥനായജ്ഞം സംഘടിപ്പിച്ചിരുന്നു. കോടതി വിധി പ്രതികൂലമായാൽ 'പ്രേയർ, പാളിയതിന്റെ പേരിൽ പ്രയാർ പാവം ജഡ്ജിയമ്മാവനെ എഴുതിത്തള്ളുമോ ആവോ!

(NB: എല്ലാവർഷവും വ്രതമെടുത്ത് ശബരിമലയ്ക്കു പോകുന്ന യാളാണ് ഈ ലേഖകൻ). ബാലികമാരെയും യുവതികളെയും ശബരിമലയിൽ പ്രവേശിപ്പിക്കാൻ സുപ്രീം കോടതി വിധിച്ചാലും മല ചവിട്ടുന്നതു തുടരും... പറ്റിയാൽ 24 വയസുള്ള പെങ്ങളുടെ കൈപിടിച്ചുതന്നെ)

Ads by Google

റൈറ്റ്ക്ലിക്ക്

S. Sreekumar
S. Sreekumar
Saturday 14 Oct 2017 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW