Friday, December 14, 2018 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 13 Oct 2017 08.39 PM

കാറ്റുപോയ കഥ

പുതുതലമുറ സിനിമകളുടെ തുടക്കക്കാരിലൊരാളായ അരുണ്‍ കുമാര്‍ അരവിന്ദിന്റെ കാറ്റിന് സുഗന്ധമല്ല, ഒരുമുഷിഞ്ഞ വാടയാണ്. ടിയാന്‍ എന്ന രണ്ടേമുക്കാല്‍ മണിക്കൂറിന്റെ ബോറടിക്കുശേഷം മുരളീഗോപിയും സംഘവും അവതരിപ്പിക്കുന്ന മറ്റൊരു രണ്ടേമുക്കാല്‍ മണിക്കൂര്‍ ബോറടിയാണ് കാറ്റ് എന്നാണ് സിനിമയ്ക്കുചേരുന്ന ഏറ്റവും ലളിതവും സമഗ്രവുമായ വിശേഷണം.
Malayalam movie kattu

കാറ്റു പറഞ്ഞ കഥയാവണം കവി ഉദ്ദേശിച്ചത്, പക്ഷേ കണ്ടതു കാറ്റുപോയ കഥയാണ്. കണ്ട എന്റെയാണോ, നിങ്ങളുടെയാണോ ഈ ശൂൂൂ... എന്ന ഒച്ചമാത്രമുള്ള ഈ കാറ്റിന് കാശുമുടക്കിയവരുടേതാണോ എന്ന് അധികം വൈകാതെ അറിയാം. ഏതായാലും പുതുതലമുറ സിനിമകളുടെ തുടക്കക്കാരിലൊരാളായ അരുണ്‍ കുമാര്‍ അരവിന്ദിന്റെ കാറ്റിന് സുഗന്ധമല്ല, ഒരുമുഷിഞ്ഞ വാടയാണ്. ടിയാന്‍ എന്ന രണ്ടേമുക്കാല്‍ മണിക്കൂറിന്റെ ബോറടിക്കുശേഷം മുരളീഗോപിയും സംഘവും അവതരിപ്പിക്കുന്ന മറ്റൊരു രണ്ടേമുക്കാല്‍ മണിക്കൂര്‍ ബോറടിയാണ് കാറ്റ് എന്നാണ് സിനിമയ്ക്കുചേരുന്ന ഏറ്റവും ലളിതവും സമഗ്രവുമായ വിശേഷണം.

മലയാളസിനിമയുടെ പോയകാലവസന്തം പി. പദ്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥയെഴുതിയ കാറ്റിന് ഒരിലപോലും അനക്കാന്‍ ശേഷിയുള്ളതല്ല എന്നല്ലാതെ എന്തുപറയാന്‍. പദ്മരാജന്റെ 'റാണികളുടെ കുടുംബം' എന്ന ചെറുകഥയെ ആസ്പദമാക്കി ആണ് സിനിമ. എഴുപതുകളുടെ പശ്ചാത്തലത്തിലുള്ള തമിഴ്, മലയാളം അതിര്‍ത്തിഗ്രാമവും അവിടെയുള്ള ആളുകളുടെ ജീവിതവും പ്രണയവും പകയും രതിയും അടങ്ങുന്ന സാധാരണ പശ്ചാത്തലം മാത്രമാണ്. അതൊക്കെ പദ്മരാജനും ഭരതനുമൊക്കെ അവരുടെ കാലത്തു വൃത്തിയായും മോഹിപ്പിച്ചും പറഞ്ഞതല്ലേ, ഇവരെന്തിനാണു വീണ്ടും പറയുന്നതെന്നു ചോദിച്ചാല്‍ സത്യായിട്ടും പിടികിട്ടിയില്ല. വിഷയദാരിദ്ര്യമായിരിക്കും. അതല്ല പദ്മരാജനുള്ള സമര്‍പ്പണമാണെങ്കില്‍, ഹോ, അയാം ദി സോറി അളിയാ, വല്ലാത്ത സമര്‍പ്പണമായിപ്പോയി. അദ്ദേഹത്തിന്റെ സിനിമകള്‍ ഡിജിറ്റലായി റീമാസ്റ്റര്‍ ചെയ്ത് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു, ഇങ്ങനെ കാശുകളയുന്നതിലും നന്ന്.

Malayalam movie kattu

കഥപറയുന്ന വഴിക്കോ, വിരസതയുടെ 163 മിനിട്ട് ദൈര്‍ഘ്യമുളള തിരക്കഥയ്‌ക്കോ പദ്മരാജന്റെ ഏതെങ്കിലും ജീനിയസ് ജീനുകളെ ഓര്‍മിപ്പിക്കാനാകുന്നില്ലെങ്കിലും കഥാപാത്രങ്ങള്‍ക്കാകുന്നുണ്ട്. രതിയും പകയും നിറഞ്ഞ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങള്‍ തന്നെയാണു സിനിമ. ചെല്ലപ്പന്‍ എന്ന സ്ത്രീലമ്പടനായ, മദ്യാസ്‌കതനായ, അതികായനായ പുരുഷനും അയാളുടെ ശത്രുക്കളും സുഹൃത്തുക്കളുമാണ് സിനിമയുടെ പ്രമേയം. ഒരു നഷ്ടപ്രണയം പരസ്ത്രീഗമനത്തില്‍ അഭിരമിച്ചു തീര്‍ക്കുന്ന വെടിക്കെട്ടു ജോലിക്കാരനായ ചെല്ലപ്പനെ പദ്മരാജന്‍ കഥാപാത്രങ്ങളുടെ മൂശയില്‍ വാര്‍ത്തതാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മുരളീ ഗോപി അവതരിപ്പിക്കുന്ന ചെല്ലപ്പന്‍ രതിയും പകയും കരുത്തും കുത്തിനിറച്ചൊരു മനുഷ്യനാണ്. അരണക്കണ്ണ് എന്നു നാട്ടുകാര്‍ വിശേഷിപ്പിക്കുന്ന നുഹുക്കണ്ണ്(ആസിഫ് അലി) എന്ന ഭീരുവായ ചെറുപ്പക്കാരനെ ഒരു പട്ടച്ചാരായക്കടയിലെ ജോലിയില്‍നിന്നു മോചിപ്പിച്ച് ഇയാള്‍ തന്റെ കൂടെ കൂട്ടുന്നിടത്താണ് സിനിമ തുടങ്ങുന്നത്. അവര്‍ക്കൊപ്പം മൂപ്പന്‍ എന്നു വിളിക്കുന്ന കമ്പക്കെട്ടുകാരന്‍, പോളി എന്നു വിളിക്കുന്ന സുഹൃത്ത് ഇവര്‍ കൂടിച്ചേരുമ്പോള്‍ പടക്കനിര്‍മാണവും നാട്ടിന്‍പുറ ജീവിതത്തിലെ രഹസ്യരതിസംഗമങ്ങളും പ്രണയവും സദാചാരപ്രശ്‌നങ്ങളുമായി സിനിമ മുന്നേറും. അതിനിടയില്‍ ചെല്ലപ്പന്റെ ഭൂതകാലത്തെ ഓര്‍മിച്ചുകൊണ്ട് ഒരു പ്രതിയോഗിയുടെ പ്രവേശം, സുഹൃത്തുക്കളുടെ കലഹങ്ങള്‍, തെറ്റിദ്ധാരണകള്‍, പകരം വീട്ടല്‍ ഇങ്ങനെയുള്ള സ്ഥിരം കലാപരിപാടികളിലേക്ക് നീട്ടിവലിച്ചു ബോറടിപ്പിക്കുന്നു.

'വണ്‍ ബൈ ടു' എന്ന പരീക്ഷണസിനിമ ബോക്‌സോഫീസില്‍ ഏറ്റുവാങ്ങിയ വന്‍ദുരന്തത്തിനുശേഷമാണ് അരുണ്‍കുമാര്‍ അരവിന്ദ് കാറ്റുമായി എത്തുന്നത്. പുതുസിനിമയുടെ തുടക്കക്കാരിലൊരാള്‍ എന്നരീതിയില്‍ അരുണ്‍കുമാര്‍ അരവിന്ദിന് മലയാളസിനിമയില്‍ സവിശേഷസ്ഥാനമുണ്ട്. കോക്‌ടെയില്‍, ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്ട് എന്നീ സിനിമകള്‍ അവ സ്വീകരിച്ച രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍കൊണ്ടും ആധുനിക മലയാളിയെ ചിത്രീകരിച്ച രീതി കൊണ്ടും പുതിയ കാലത്തിന്റെ സംവിധായകനായി തന്നെ അരുണ്‍കുമാര്‍ അരവിന്ദിനെ അടയാളപ്പെടുത്തിയതാണ്. അനൂപ് മേനോന്റെയും, മുരളീ ഗോപിയുടെ രചനകളിലാണ് അരുണ്‍കുമാര്‍ മുന്‍സിനിമകളൊരുക്കിയത്. ഈ സിനിമകള്‍ നഗരജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. ആധുനിക മലയാള നഗരജീവിതത്തെയും നഗരവല്‍ക്കരണത്തില്‍ കുടുംബ, തൊഴില്‍, സാമൂഹിക, ലൈംഗിക ബന്ധങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെയും കാലത്തിനൊപ്പിച്ച് തന്നെ അവതരിപ്പിക്കാന്‍, ക്ലീഷേകളുടെയോ സദാചാരബോധ്യങ്ങളുടെയോ വാണിജ്യഫോര്‍മുലകള്‍ക്കൊത്തു നില്‍ക്കാതെ സിനിമയാക്കാനും അരുണ്‍കുമാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആ നഗരവല്‍കൃത 'ന്യുജന്‍' സിനിമയില്‍നിന്ന് എഴുപതുകളിലെ ഗ്രാമീണ അന്തരീക്ഷത്തിലേയ്ക്കുളള തിരിച്ചുപോക്കാണ് കാറ്റ്. പുതിയ കാലത്തിന്റെ ഗ്രാമീണ ജീവിതം പറയാതെ പദ്മരാജന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പു കണ്ട ഗ്രാമജീവിതത്തെപ്പറ്റി വീണ്ടും പറയുന്നതെന്തിനെന്ന ചോദ്യം ബാക്കിയാണ്. കലാസംവിധായകനൊപ്പം ചേര്‍ന്ന് പോയകാലത്തെ പുന:സൃഷ്ടിക്കാനുള്ള മികവുകാട്ടി എന്നൊഴിച്ചാല്‍ എന്താണു ഈ സിനിമ പറയാന്‍ ലക്ഷ്യമിട്ടതെന്ന് അവ്യക്തം. നാട്ടുകൂട്ടങ്ങളും അനാചാരങ്ങളും അടക്കി വച്ച ലൈംഗികതയും നാട്ടിന്‍പുറരതികളും അശ്‌ളീലം ചുവപ്പിക്കാതെ പകര്‍ത്താന്‍ അരുണ്‍കുമാറിനും അനന്തപദ്മനാഭനും ആയിട്ടുണ്ട് എന്നതു സമ്മതിക്കാം. കാലത്തെ പുറകോട്ടുകൊണ്ടുപോകുന്നതില്‍ സൂക്ഷ്മത കാട്ടിയെന്നു വിലയിരുത്താം. അതിനപ്പുറം നാടകവും നാടകീയതവും മുഷിപ്പും മാത്രമാണ് ഈ കാലഹരണപ്പെട്ട കാറ്റ് കാഴ്ചവയ്ക്കുന്നത്.

Malayalam movie kattu

ചെല്ലപ്പന്‍ എന്ന അതികായനായ പുരുഷനായുളള മുരളീഗോപിയുടെ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. സൂക്ഷ്മവും പ്രകടനപരവുമായ അഭിനയവും വേണ്ടയിടങ്ങളില്‍ മുരളി അതു സമര്‍ഥമായി അവതരിപ്പിച്ചിട്ടുണ്ട്. ടിയാനിലെ സ്‌റ്റേജ് നാടകവേഷത്തില്‍നിന്നിറങ്ങിവന്ന് സിനിമയുടെ സ്വഭാവികഅഭിനയത്തിലേക്കു മുരളീഗോപി മാറുന്നതിന്റെ 'റിലാക്‌സേഷന്‍' ഉണ്ട്. പക്ഷേ ആസിഫ് അലി അസഹനീയയാണ്. മറ്റൊരു 'തകര'യാകാനുള്ള ആസിഫിന്റെ തകര്‍ന്ന ശ്രമമാണ് നൂഹുകണ്ണ്. ഏറെക്കുറെ ബുദ്ധിമാന്ദ്യം ബാധിച്ചവനെപ്പോലെ, (ആ കഥാപാത്രം അത്തരത്തിലൊരാളാണ് എന്ന് സിനിമ എവിടെയും സ്ഥാപിക്കുന്നില്ല, ധൈര്യം കുറവാണ് എന്നതൊഴിച്ചാല്‍) വളരെ വിചിത്രമായ പ്രകടനമാണ് ആസിഫ് അലിയുടേത്. എലി ചുണ്ടുകൂര്‍പ്പിക്കുന്നതുപോലെ ചുണ്ടുകൂര്‍പ്പിച്ച് 'വെറൈറ്റി' ആയിട്ടുണ്ട് കക്ഷി. ഇതാണ് അഭിനയമികവെന്ന് ആര്‍ക്കെങ്കിലും തോന്നുണ്ടെങ്കില്‍ ഞാന്‍ സുല്ലിട്ടു.

വരലക്ഷ്മി ശരത്കുമാറാണ് ചെല്ലപ്പന്റെ നായികയായി വരുന്ന തമിഴ്‌പെണ്‍കൊടി ലക്ഷ്മി. തകര്‍ന്ന പ്രണയത്തിന്റെ ശിഷ്ടഭാരത്തില്‍ ജീവിക്കുന്ന ലക്ഷ്മിയായി വരലക്ഷ്മിയുടെ പ്രകടനം കൃത്രിമമെങ്കിലും 'കസബ'യെ അപേക്ഷിച്ചു മെച്ചം. അതേസമയം നൂഹുകണ്ണിന്റെ അയല്‍ക്കാരിയായെത്തുന്ന മാനസ രാധാകൃഷ്ണന്റെ പ്രകടനം ശ്രദ്ധേയം. ചെറിയവേഷങ്ങളിലെത്തുന്നവരുടെ പ്രകടനവും കഥാപാത്രമികവും ശ്രദ്ധേയമാണ്. പോളിയായെത്തുന്ന ഉണ്ണിയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

അരുണ്‍കുമാര്‍ മികച്ച ക്രാഫ്ടുളള സംവിധായകനാണ്. സംശയമില്ല, കാറ്റിലും ക്രാഫ്ടിന്റെ മികവുണ്ട്. അരുണ്‍കുമാര്‍ മികച്ച എഡിറ്ററാണ്. പക്ഷേ സ്വന്തം സിനിമ എഡിറ്റ് ചെയ്യേണ്ടിവരുമ്പോള്‍ കാട്ടേണ്ട കൈയടക്കം കാറ്റിലില്ല. അസഹ്യമായ ഈ ദൈര്‍ഘ്യമില്ലായിരുന്നുവെങ്കില്‍ പഴയകാലത്തെ തിരിഞ്ഞുനോക്കുന്ന ഈ പുതിയ കാഴ്ച അത്രയ്ക്കു മുഷിയില്ലായിരുന്നു.

സാങ്കേതികനിലവാരത്തിലെ മികവിനാണ് ഈ മുഷിപ്പിനെ മറികടക്കാനാവുന്നത്. അതില്‍ ഏറ്റവും മികവുറ്റത് പ്രശാന്ത് രവീന്ദ്രന്റെ ദൃശ്യങ്ങളാണ്. ദീപക് ദേവിന്റെ സംഗീതവും പശ്ചാത്തലസംഗീതവും മികച്ചതാണെങ്കിലും പാട്ടുകള്‍ പലതും മുഴച്ചുനില്‍ക്കുന്നതായാണ് അനുഭവപ്പെട്ടത്.

അവസാനവാക്ക്: ബോറടിയുടെ കാറ്റടിയാണ്. പുറത്തിറങ്ങിയാല്‍ അഞ്ചുപൈസ മുടക്കാതെ ഇതിലും നല്ല കാറ്റുകൊള്ളം.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW