Friday, December 08, 2017 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 04.18 PM

പ്രഥമശുശ്രൂഷ പ്രധാനം

''അടിയന്തര ഘട്ടങ്ങളില്‍ എല്ലായിപ്പോഴും ഡോക്ടര്‍ അടുത്തുണ്ടാകണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ഓരോരുത്തരും പ്രഥമ ശുശ്രൂഷ അഥവാ പ്രാഥമിക ചികിത്സയെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്. അപകടങ്ങളിലോ, അത്യാഹിതങ്ങളിലോ അകപ്പെടുന്ന വ്യക്തിക്ക് വിദഗ്ധ വൈദ്യസഹായം ലഭിക്കുന്നതിന് മുന്‍പ് നല്‍കുന്ന പ്രാഥമികമായ സഹായമോ ചികിത്സയോ ആണ് പ്രഥമ ശുശ്രൂഷ എന്നതുകൊണ്ട് ഉദേശിക്കുന്നത്''
uploads/news/2017/10/155290/firstaidcare.jpg

അത്യാഹിതങ്ങളും അപകടങ്ങളും മനുഷ്യജീവിതത്തില്‍ തികച്ചുംഅപ്രതീക്ഷിതമായാണ് കടന്നു വരുന്നത്. നിത്യജീവിതത്തില്‍ ഇത്തരത്തിലുള്ള ഒട്ടേറെ അപകടങ്ങള്‍ നാം കേള്‍ക്കാറുണ്ട്. ഇത്തരം അടിയന്തരഘട്ടങ്ങളിലാണ് പ്രഥമശുശ്രൂഷ ആവശ്യമായി വരുന്നത്.

പ്രത്യേകിച്ചും കായിക താരങ്ങളുടെ പ്രഥമശുശ്രൂഷ. അതിനായി പ്രഥമ ശുശ്രൂഷ എന്താണെന്നും പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഏതൊരു അപകടങ്ങള്‍ക്കും പ്രഥമ ശുശ്രൂഷയുടെ പങ്ക് വിലപ്പെട്ടതാണ്.

അടിയന്തര ഘട്ടങ്ങളില്‍ എല്ലായിപ്പോഴും ഡോക്ടര്‍ അടുത്തുണ്ടാകണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ഓരോരുത്തരും പ്രഥമ ശുശ്രൂഷ അഥവാ പ്രാഥമിക ചികിത്സയെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്.

അപകടങ്ങളിലോ, അത്യാഹിതങ്ങളിലോ അകപ്പെടുന്ന വ്യക്തിക്ക് വിദഗ്ധ വൈദ്യസഹായം ലഭിക്കുന്നതിന് മുന്‍പ് നല്‍കുന്ന പ്രാഥമികമായ സഹായമോ ചികിത്സയോ ആണ് പ്രഥമ ശുശ്രൂഷ എന്നതുകൊണ്ട് ഉദേശിക്കുന്നത്.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സമയോചിതമായി പ്രഥമ ശുശ്രൂഷ നല്‍കിയാല്‍ രോഗിയുടെ വേദനയോ, രക്തസ്രാവമോ കുറയ്ക്കാനും വിദഗ്ധ ചികിത്സ ലഭിക്കുന്നത് വരെയുള്ള അപകടങ്ങള്‍ ഒഴിവാക്കാനും സഹായകമാകും.

പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യങ്ങള്‍


1. വിദഗ്ധ ചികിത്സ കിട്ടുന്നതു വരെ അപകടത്തില്‍പ്പെട്ട വ്യക്തിക്ക് ജീവന് അപായം സംഭവിക്കാതെ നോക്കുക.
2. അപകടത്തിന്റെ അനന്തര ഫലങ്ങള്‍ കുറയ്ക്കുക.
3. കൂടുതല്‍ അപകടം വരാതെ ശ്രദ്ധിക്കുക.
4. ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുക.

പ്രഥമ ശുശ്രൂഷകന് വേണ്ട ഗുണങ്ങള്‍


അടിയന്തര ഘട്ടങ്ങളില്‍ മനസ് പതറാതെ കഴിയുന്നതും വേഗം പ്രാഥമിക ചികിത്സ നല്‍കാനുള്ള മനസാന്നിധ്യവും ധൈര്യവും ഉണ്ടായിരിക്കണം.

വളരെ വേഗം ദേഷ്യം വരികയോ, അസ്വസ്ഥനാകുകയോ പരിഭ്രമിക്കുകയോ ചെയ്യുന്ന സ്വഭാവം നല്ലതല്ല. ആപല്‍ഘട്ടങ്ങളില്‍ തികഞ്ഞ പക്വതയും, ശാന്തതയും നിലനിര്‍ത്തണം. അപകടം സംഭവിച്ച വ്യക്തിയോട് സൗമ്യമായി പെരുമാറുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്.

സമയമൊട്ടും കളയാതെ ബുദ്ധിപൂര്‍വ്വം ശ്രദ്ധയോടെ പ്രഥമ ശുശ്രൂഷ തുടങ്ങണം.
ഉത്തരവാദിത്വബോധവും അര്‍പണബോധവും ഉണ്ടായിരിക്കണം.

മുറിവുകളോ, ക്ഷതങ്ങളോ സംഭവിച്ച് ഗുരുതരാവസ്ഥയിലോ, ബോധമില്ലാതെയോ കിടക്കുന്ന വ്യക്തിയെ അവിടെ നിന്നും മാറ്റുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗിയെ പെട്ടെന്ന് എഴുന്നേല്‍പ്പിക്കാനോ, ഇരുത്താനോ, കുലുക്കി വിളിച്ചുണര്‍ത്താനോ ശ്രമിക്കരുത്.

ഇത് തലയ്‌ക്കോ, കഴുത്തിനോ, നട്ടെല്ലിനോ ക്ഷതം സംഭവിക്കാന്‍ കാരണമാകും. കഴിവതും സ്ട്രക്ചറില്‍ നിവര്‍ത്തിക്കിടത്തി കൊണ്ട് പോകാന്‍ ശ്രമിക്കണം.

കൈകാലുകളിലെ എല്ലുകള്‍ പൊട്ടിയിട്ടുണ്ടെങ്കില്‍ അവ അനങ്ങാതിരിക്കാന്‍ മരക്കഷ്ണമോ, പലകകഷ്ണമോ വെച്ചുകൊടുക്കണം. തലയ്ക്കും താടിയെല്ലിനും മുറിവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തല ഒട്ടും അനങ്ങാതിരിക്കാന്‍ ബാന്‍ഡേജ് കൊണ്ട് കെട്ടണം.

ചതവുകള്‍ സംഭവിച്ചാല്‍


അപകടങ്ങളും വീഴ്ചകളും ഉണ്ടാകുമ്പോള്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ മുറിവുണ്ടാകാം. ശരീരത്തില്‍ ഭാരമേറിയ വസ്തുക്കള്‍ വന്നു വീഴുകയോ തട്ടുകയോ ചെയ്യുക, ശക്തിയായി കല്ലിലോ മറ്റോ തട്ടി വീഴുക, സ്‌പോര്‍ട്‌സ്, ബോക്‌സിംങ് എന്നിവയ്ക്ക് ഇടയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ എന്നിവയെല്ലാം ചതവുകള്‍ സംഭവിക്കാന്‍ കാരണമാകാം.

ചര്‍മ്മത്തിന് താഴെ രക്തസ്രാവവും ചര്‍മ്മത്തിന് പുറത്ത് ചിലപ്പോള്‍ കരിനീലനിറത്തിലുള്ള പാടും കാണപ്പെടാം. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം പുറത്ത് ചതവുണ്ടെങ്കില്‍ മുറിവ് നിസാരമായി കരുതി അവഗണിക്കരുത്. ശരീരത്തിനകത്ത് ചിലപ്പോള്‍ എല്ല് പൊട്ടിയിട്ടുണ്ടാകും.

അതുപോലെ തലയ്ക്ക് ചതവുള്ള ഒരു രോഗിക്ക് തലയോട്ടി പൊട്ടി തലച്ചോറില്‍ ക്ഷതം സംഭവിക്കാം. അതായത് തലയ്ക്ക് ചതവ് മാത്രമേയുള്ളൂ എന്നുകരുതി അവഗണിച്ചാല്‍ രോഗി ചിലപ്പോള്‍ ഗുരുതരാവസ്ഥയില്‍ എത്തിയെന്നു വരാം.

സാധാരണ മുറിവുകളാണെങ്കില്‍ കഴുകി വൃത്തിയാക്കിയ ശേഷം രക്തസ്രാവമുണ്ടോയെന്ന് ശ്രദ്ധിക്കുക. ചതവും അടഞ്ഞ മുറിവുകളുമാണെങ്കില്‍ ബാന്‍ഡേജ് കെട്ടണമെന്നില്ല. ചതഞ്ഞ ഭാഗം ഉയര്‍ത്തി വയ്ക്കണം.

തണുത്ത വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ വൃത്തിയുള്ള തുണി ചതവിനു മുകളില്‍ അല്‍പനേരം വയ്ക്കുക. വേദന സംഹാരി മരുന്നുകള്‍ നല്‍കാം. ചതഞ്ഞ ഭാഗത്ത് രക്തം കല്ലിച്ച് കിടക്കുന്നത് സൂചികൊണ്ട് കുത്തിക്കളയാന്‍ ശ്രമിക്കരുത്.

നട്ടെല്ലിന്റെ മുറിവുകള്‍ക്ക്


വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് നട്ടെല്ലിന്റെ മുറിവുകള്‍. രോഗിയെ കഴിയുന്നത്ര അനക്കാതിരിക്കണം. നട്ടെല്ലിന്റെ മുറിവുകള്‍ ചിലപ്പോള്‍ നട്ടെല്ലിലെ കശേരുക്കള്‍ക്കും സുഷുമ്‌ന നാഡിക്കും നാഡി വ്യവസ്ഥയ്ക്കും ഞരമ്പുകള്‍ക്കുമെല്ലാം തകരാറു പറ്റാനിടയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയെ മലര്‍ത്തിക്കിടത്തുക.

ശരീരം ഒട്ടും അനങ്ങാതെ ശ്രദ്ധിക്കണം. രോഗി അബോധാവസ്ഥയിലാണെങ്കില്‍ ശ്വാസോച്ഛ്വാസവും നാഡിമിടിപ്പും ബോധനിലയും നിരീക്ഷിച്ചുകൊണ്ടിരിക്കുക. ശ്വാസോച്ഛ്വാസം നിലച്ചിട്ടുണ്ടെങ്കില്‍ കൃത്രിമ ശാസോച്ഛ്വാസം നല്‍കാം.

പക്ഷേ സാധാരണ ചെയ്യുന്നതുപോലെ ശ്വാസനാളം തുറക്കാനായി താടി ഉയര്‍ത്തുകയും തല പുറകോട്ടാക്കുകയും ചെയ്യുന്നത് നട്ടെല്ലിന് മുറിവുള്ള രോഗികളില്‍ ചെയ്യാന്‍ പാടില്ല. ഇത് നട്ടെല്ലിന് കൂടുതല്‍ തകരാര്‍ ഉണ്ടാകാന്‍ ഇടയാക്കും.

മുറിവുകള്‍ സംഭവിച്ചാല്‍ അപകടനില തരണം ചെയ്യുന്നതിനും, വിദഗ്ധ ചികിത്സ ലഭിക്കുന്നതു വരെ രോഗിയുടെ ജീവന്‍ നിലനിര്‍ത്തുകയുമാണ് പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ പ്രഥമ ശുശ്രൂഷ ഉചിതമായ സമയത്ത് ലഭ്യമാക്കേണ്ടതുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മേജര്‍. നളിനി ജനാര്‍ദ്ധനന്‍

Ads by Google
Friday 13 Oct 2017 04.18 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW