Tuesday, July 03, 2018 Last Updated 20 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 02.07 PM

ധ്യാന്‍ ശ്രീനിവാസന്റെ ഗൂഢാലോചന

uploads/news/2017/10/155260/CiniLOcTGoodalochana.jpg

പുതിയ തലമുറയ്ക്ക് എല്ലാം എളുപ്പത്തില്‍ നേടണം. കൈ നനയാതെ മീന്‍ പിടിക്കണം എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കും പോലെയാണ ഇക്കൂട്ടരുടെ മോഹങ്ങള്‍.

ഈ ചിന്തകളുമായി ഒത്തുകൂടിയ ഏതാനും ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് ഗൂഢാലോചന. തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോടും പരിസരങ്ങളിലുമായി പൂര്‍ത്തിയായിരിക്കുന്നു.

ഇസ്സാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ചിത്രം നിര്‍മ്മിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

ധ്യാന്‍ ശ്രീനിവാസന്‍കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍ എന്നിവരാണ്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൂടെ കോഴിക്കോടിന്റെ സംസ്‌കാരത്തെ പ്രധാനമായും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ ഈ ചിത്രം പുതിയ തലമുറയുടെ വികാരവായ്പുകള്‍ക്കനുസരണമായി തന്നെയാണ് നീങ്ങുന്നത്.

മായാബസാര്‍, ജെമ്‌നാ പ്യാരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം. കോഴിക്കോട് ബീച്ചില്‍ ബറോഡാ ബജീസ് എന്ന ഒരു കഫറ്റീരിയ. അതിനു ചുറ്റും വലിയ ആള്‍ക്കൂട്ടം.

uploads/news/2017/10/155260/CiniLOcTGoodalochana2.jpg

ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്ന ഇവിടം പ്രധാന ലൊക്കേഷനാണ്. കലാസംവിധായകന്‍ പ്രശാന്ത് മാധവ് ഈ ചിത്രത്തിനുവേണ്ടി ഒരുക്കിയ ഒരു സെറ്റ്. മലയാളത്തിലെ പുതിയ തലമുറക്കാരായ അഭിനേതാക്കളെ കാണാനായിട്ടാണ് ആരാധകര്‍ തടിച്ചുകൂടിയിരിക്കുന്നത്.

സെറ്റില്‍ മേല്പറഞ്ഞ അഭിനേതാക്കള്‍ക്കു പുറമെ അലന്‍സിയറുമുണ്ട്. ധ്യാന്‍ അവതരിപ്പിക്കുന്ന വരുണിന്റെ അച്ഛനാണ് അലന്‍സിയറിന്റെ ദാസന്‍.

വരുണും കൂട്ടുകാരായ പ്രകാശ്, അജാസ്, ജംഷീര്‍ എന്നിവരുടെയും പ്രധാന ഇരിപ്പുകേന്ദ്രം കൂടിയാണിവിടം. ദാസന്‍ ഏറെക്കാലം ഗുജറാത്തില്‍. നാട്ടില്‍ തിരികെയെത്തിയപ്പോഴും ആ നാടിന്റെ ഓര്‍മ്മ നിലനിര്‍ത്താനുള്ള തന്റെ ആഗ്രഹമാണ് ബറോഡാ ബജീസ് എന്ന പേരുനല്‍കാന്‍ കാരണം.

ദാസന് വരുണില്‍ വലിയ പ്രതീക്ഷയുണ്ട്. പക്ഷേ പ്രതീക്ഷയല്ലാതെ മകന്‍ ഗുണംപിടിക്കുന്ന ലക്ഷണമൊന്നും ഇതുവരെ ഉണ്ടായില്ല.

വരുണും സുഹൃത്തുക്കളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.വരുണിന് പേരിനൊരു ജോലിയുണ്ട്. മെഡിക്കല്‍ റെപ്രസെന്റേറ്റീവ്. അതുണ്ടെന്നും ഇല്ലെന്നും പറയാവുന്ന അവസ്ഥയാണ്. ആ ജോലിയില്‍ കൃത്യമായി പണിയെടുക്കുകയോ, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയോ ചെയ്യാറില്ല. പലപ്പോഴും മേലധികാരികളുടെ ശകാരത്തിനും കാരണമാക്കുന്നു.

പ്രകാശിനാണ് ഇക്കൂട്ടത്തില്‍ പറയത്തക്ക ഒരു പണിയുള്ളത്. ചിത്രകാരനാണ്.
അജാസിന്റെ വാപ്പ ഗള്‍ഫിലാണ്. ജംഷീറിന്റെ വാപ്പയാകട്ടെ കോടീശ്വരനും. പക്ഷേ മകനു വിട്ടുകളിക്കാന്‍ ഒരു ചില്ലിക്കാശു പോലും നല്‍കാറില്ല.

പെട്ടെന്നു പണമുണ്ടാക്കാനായി ഇവര്‍ ചെയ്യാത്തതായ പണികളില്ല. റിയല്‍ എസ്‌റ്റേറ്റ്, ട്രാവല്‍ ഏജന്‍സി... അങ്ങനെ നീളുന്നു. പക്ഷേ എല്ലാം പൊളിയുന്നു. അതോടെ പ്രശ്‌നങ്ങളും ആരംഭിക്കുകയായി.

ഓരോരുത്തരുടെയും ബുദ്ധിയിലുദിക്കുന്ന കാര്യങ്ങള്‍ ചെയ്താണ് ഇവരുടെ സംരംഭങ്ങള്‍ പൊളിയുന്നതും. ഇതിലൂടെ ഓരോരുത്തരും ചെന്നുപെടുന്നത് ഓരോ കുരുക്കിലാണ്. ഈ കുരുക്കഴിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും ഗുരുതരമാകുന്നു. ഇത് ഇവര്‍ക്കിടയില്‍ തന്നെ നിരവധി സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നു.

ഈ സംഭവങ്ങളെല്ലാം പുതിയ തലമുറക്കാരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇവിടെ പ്രകാശ്, അജാസ്, ജംഷീര്‍ എന്നിവരെ യഥാക്രമം അജുവര്‍ഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു.

uploads/news/2017/10/155260/CiniLOcTGoodalochana1.jpg

നിരഞ്ജനയാണ് ഫിദയെ അവതരിപ്പിക്കുന്നത്. അലന്‍സിയര്‍, ജോയ് മാത്യു, ജിഷ്ണ എന്നിവര്‍ക്കൊപ്പം മംമ്താ മോഹന്‍ദാസും പ്രധാന വേഷത്തിലെത്തുന്നു. കഥ അനൂപ് ജേക്കബ്, മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും സന്ദീപ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കലാസംവിധാനം- പ്രശാന്ത് മാധവ്, മേക്കപ്പ്-ഹസന്‍ വണ്ടൂര്‍, കോസ്റ്റിയൂം ഡിസൈന്‍- സ്‌റ്റെഫി സേവ്യര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍- ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്- വിനയ്, ഷെബിന്‍ മട്ടന്നൂര്‍, സഹസംവിധാനം- ഷാന്‍ലിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- നസീര്‍ കാരന്തൂര്‍, മാനേജേഴ്‌സ്- ഗിരീഷ് അത്തോളി, നികേഷ് കൊയിലാണ്ടി,ലിബിന്‍ വര്‍ഗീസ്, അനൂപ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അന്‍വര്‍ എസ്. കൈതാടി, ആദംസ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

-വാഴൂര്‍ ജോസ്

Ads by Google
Ads by Google
Loading...
TRENDING NOW