Friday, July 20, 2018 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 12.57 AM

ഒഴിക്കികളഞ്ഞ ഓരോ തുള്ളിക്കും വരുന്ന വേനല്‍ പകരം ചോദിക്കും

uploads/news/2017/10/155099/2.jpg

കുമാരനാശാന്‍ "ചണ്ഡാലഭിക്ഷുകി" എഴുതിയത്‌ ഇന്നായിരുന്നെങ്കില്‍ അന്നത്തേതില്‍നിന്ന്‌ ഏറെ മാറ്റങ്ങളുണ്ടാകുമായിരുന്നെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം, കേരളത്തിന്റെ സാമൂഹികാന്തരീക്ഷം ഏറെ മാറിക്കഴിഞ്ഞു. എങ്കിലും ചണ്ഡാലഭിക്ഷുകിയിലെ രണ്ടാമത്തെ വരി ഇന്നും പ്രസക്‌തമാണ്‌-"ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ!"
വെള്ളം, വെളിച്ചം, വഴി എന്നിവയാണു വികസനത്തിന്റെ ആദ്യപാഠം. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട കുടിവെള്ളത്തെപ്പറ്റി പറയുമ്പോള്‍, വഴിതെറ്റി വന്ന മഴയുടെ ഇരമ്പലാണു കാതുകളില്‍. പക്ഷേ, വരാനിരിക്കുന്ന തുലാവര്‍ഷത്തിന്റെ പച്ചപ്പിനുമപ്പുറം വറുതിയുടെ വേനല്‍കിനാവുകള്‍ നമ്മുടെ ഉറക്കം നഷ്‌ടപ്പെടുത്തുന്നില്ലേ? വേനലില്‍ കുടിനീരിനായി അലമുറയിടുകയും മഴയുടെ സമൃദ്ധിയില്‍ അതു മറക്കുകയും ചെയ്യുന്നവരാണു മലയാളികള്‍. മഴയുടെയും പുഴകളുടെയും സാക്ഷരതയുടെയും നാടായ കേരളം എന്തുകൊണ്ടാണു ജലസാക്ഷരതയില്‍ ഇത്ര പിന്നോട്ടടിക്കപ്പെട്ടത്‌? 85,000 ഹെക്‌ടര്‍ വിസ്‌തൃതിയില്‍ 44 നദികള്‍, 46,219 ഹെക്‌ടറില്‍ 53 കായലുകള്‍, 1620 ഹെക്‌ടറില്‍ ഒന്‍പതു ശുദ്ധജലതടാകങ്ങള്‍, 21,986 ഹെക്‌ടറില്‍ 35,763 സ്വകാര്യകുളങ്ങള്‍, 1487 ഹെക്‌ടറില്‍ 6848 പഞ്ചായത്ത്‌ കുളങ്ങള്‍, 480 ഹെക്‌ടറില്‍ ദേവാലയങ്ങളുടെ 2689 കുളങ്ങള്‍, 496 ഹെക്‌ടറില്‍ 185 ഗ്രാമീണകുളങ്ങള്‍. പുറമേക്കെങ്കിലും വെള്ളത്തിനു പഞ്ഞമില്ലാത്ത സംസ്‌ഥാനമാണു നമ്മുടേത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കിണര്‍ സാന്ദ്രതയുള്ളതും കേരളത്തിലാണ്‌. കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും കണക്കുകള്‍ വേറേ. എന്നിട്ടും ആളോഹരി ജലലഭ്യതയുടെ കാര്യത്തില്‍ പിന്നാക്കസംസ്‌ഥാനമാണു കേരളം.
ഭൂമിശാസ്‌ത്രപരമായ പ്രത്യേകതമൂലം കുത്തിയൊലിച്ചുപോകുന്ന മഴവെള്ളം നമുക്കു വിനിയോഗിക്കാന്‍ കഴിയാതെപോകുന്നു. സമഗ്ര ജലവിഭവ ഡാറ്റാ ബാങ്കില്ലാതെ കാലങ്ങളായി നാം കുടിവെള്ളപദ്ധതികള്‍ വൃഥാ തയാറാക്കുന്നു. കുടിവെള്ളമെത്തിക്കാന്‍ നമുക്കു രണ്ടു പ്രധാന ഏജന്‍സികളുണ്ട്‌-കേരള വാട്ടര്‍ അതോറിട്ടിയും ജലനിധിയും. 1984 ഏപ്രില്‍ ഒന്നിനാണു പൊതുജനാരോഗ്യവകുപ്പിനെ കേരള ജല അതോറിട്ടിയാക്കി മാറ്റിയത്‌. വിഡ്‌ഢിദിനത്തില്‍ പിറവിയെടുത്ത ഈ സ്‌ഥാപനത്തിന്‌ ഇന്നും ജനങ്ങളുടെ വിശ്വാസ്യതയാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 31-ലെ കണക്കുപ്രകാരം 3367.13 എം.എല്‍.ഡി. ശേഷിയുള്ള 1078 ജലവിതരണപദ്ധതികളാണു ജല അതോറിട്ടിക്കു കീഴിലുള്ളത്‌. ഇതില്‍ 1029 എണ്ണവും ഗ്രാമീണമേഖലയിലാണ്‌. ശരാശരി 1.75 കോടി ജനങ്ങളില്‍ അതോറിട്ടിയുടെ പദ്ധതികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നു കണക്കുകള്‍ അവകാശപ്പെടുന്നു. കഴിഞ്ഞവര്‍ഷം സംസ്‌ഥാനത്തു കാലവര്‍ഷത്തില്‍ 34% കുറവാണു രേഖപ്പെടുത്തിയത്‌. ജലലഭ്യതക്കുറവും പദ്ധതികളുടെ ആസൂത്രണമില്ലായ്‌മയും അനന്തമായി നീളുന്ന നിര്‍മാണപ്രവൃത്തികളും കേരളത്തെ അനതിവിദൂരഭാവിയില്‍ മരുഭൂമിയാക്കിയാല്‍ അതിശയിക്കേണ്ടതില്ല.
കേന്ദ്രധനസഹായത്തോടെ നടപ്പാക്കുന്ന എ.ആര്‍. ഡബ്ല്യു.എസ്‌.സി, യു.ഐ.ഡി.എസ്‌.എസ്‌.എം.ടി, ജന്റം എന്നിങ്ങനെ യഥാക്രമം ഗ്രാമീണമേഖലയ്‌ക്കും ചെറുതും ഇടത്തരവുമായ പട്ടണങ്ങള്‍ക്കും മറ്റു നഗരങ്ങള്‍ക്കുമായി വിഭാവനം ചെയ്‌ത പദ്ധതികള്‍ എന്‍.ഡി.എ. സര്‍ക്കാര്‍ വന്നതോടെ ദേശീയ ഗ്രാമീണ കുടിവെള്ളപദ്ധതി എന്നു പേരു മാറ്റി. ആദ്യഘട്ടത്തില്‍ കുടിവെള്ളപദ്ധതികള്‍ക്കു 100% കേന്ദ്രസഹായമായിരുന്നെങ്കില്‍ പിന്നീടത്‌ 75:25 എന്ന അനുപാതത്തിലായി. നിലവില്‍ 50:50 അനുപാതത്തിലാണു കേന്ദ്ര-സംസ്‌ഥാന പദ്ധതിവിഹിതം. നടപ്പിലുള്ള പദ്ധതികള്‍ക്കു രണ്ടുവര്‍ഷം മുമ്പുവരെ 250 കോടി രൂപ എല്ലാവര്‍ഷവും എന്‍.ആര്‍.ഡി.ഡബ്ല്യു.പി. പ്രകാരം ലഭിച്ചിരുന്നു. 2015-16-ല്‍ അത്‌ 50 കോടിയായി. നടപ്പുസാമ്പത്തികവര്‍ഷം 48 കോടി രൂപ മാത്രമാണു കേന്ദ്രസഹായം. സംസ്‌ഥാനത്തെ 184 കുടിവെള്ളപദ്ധതികളെ സാരമായി ബാധിക്കുന്ന നിലപാടാണു കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്‌. കഴിഞ്ഞ സംസ്‌ഥാനബജറ്റില്‍ പുതിയ പദ്ധതികള്‍ക്കായി മാച്ചിങ്‌ ഫണ്ടായി മാറ്റിവച്ചതു 100 കോടി രൂപ മാത്രം. ജല അതോറിട്ടി ഏറ്റെടുത്ത 84 പ്രവൃത്തികള്‍ ഫണ്ട്‌ അപര്യാപ്‌തത മൂലം മാറ്റിവച്ചു.
നിലവില്‍ പ്രവൃത്തി നടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ 1400 കോടി രൂപ വേണമെന്നിരിക്കേ വരുന്ന വേനലിലും ഭൂമിക്കടിയില്‍ വിശ്രമിക്കുന്ന പൈപ്പുകളിലൂടെ വെള്ളമൊഴുകില്ലെന്ന്‌ ഉറപ്പിക്കാം. സംസ്‌ഥാന പ്ലാന്‍ ഫണ്ടിലെ 100 കോടിയും നബാര്‍ഡില്‍നിന്നുള്ള 70 കോടിയും ലഭിച്ചെങ്കിലും 1400 കോടിയില്‍ ബാക്കി എവിടെനിന്നു കണ്ടെത്തുമെന്ന ചോദ്യം ബാക്കിയാവുന്നു. കിഫ്‌ബി മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച്‌, 184 പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ അടുത്ത വേനലില്‍ ജില്ലതോറും മന്ത്രിമാര്‍ വിളിച്ചുചേര്‍ക്കുന്ന വരള്‍ച്ചാ അവലോകനയോഗങ്ങള്‍ തനിയാവര്‍ത്തനങ്ങളാകും.
എന്റെ നിയോജകമണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ 2002-ല്‍ ആരംഭിച്ച മണിമല കുടിവെള്ളപദ്ധതി പ്രകാരം ആദ്യഘട്ടം 18.33 കോടി രൂപ മുടക്കി ആറു പഞ്ചായത്തുകളിലെ 60,000-ല്‍ അധികം കുടുംബങ്ങള്‍ക്കു ജലമെത്തിക്കാനാണു ലക്ഷ്യമിട്ടത്‌. എന്നാല്‍, 15 വര്‍ഷം കഴിഞ്ഞിട്ടും ഒരുതുള്ളി വെള്ളം പോലും നാട്ടുകാര്‍ക്കു കൊടുക്കാന്‍ കഴിയാതെ മണിമലയുടെ മണ്ണില്‍ പൈപ്പുകള്‍ ഉറങ്ങുന്നു. സര്‍ക്കാരിന്റെ കോടിക്കണക്കിനു രൂപ ചെലവഴിച്ച്‌ കുഴിച്ചിട്ട പൈപ്പിലൂടെ ജലമെത്തിക്കാന്‍ എം.എല്‍.എമാര്‍ ഭഗീരഥതപസ്‌ ചെയ്‌താലും രക്ഷയില്ലെന്നതാണു 140 മണ്ഡലങ്ങളിലെയും അവസ്‌ഥ.
കേന്ദ്ര ഫണ്ട്‌ കൂടാതെ ആശ്രയിക്കാവുന്നതു സംസ്‌ഥാന ആസൂത്രണ ഫണ്ടും നബാര്‍ഡ്‌ സഹായവും കിഫ്‌ബിയുമാണ്‌. നോണ്‍ പ്ലാന്‍ ഫണ്ടിലെ ബജറ്റ്‌ വിഹിതം പൂര്‍ണമായി ചെലവഴിച്ചാലും നിലവിലുള്ള പദ്ധതികളുടെ നടത്തിപ്പും അറ്റകുറ്റപ്പണികളും ബുദ്ധിമുട്ടാണ്‌. പൈപ്പുകളുടെ അറ്റകുറ്റപ്പണി, പഴയ മോട്ടോറുകള്‍ മാറ്റി പുതിയവ സ്‌ഥാപിക്കല്‍ തുടങ്ങിയവയ്‌ക്കു ഫണ്ട്‌ കണ്ടെത്തുന്നതാണു ജല അതോറിട്ടി നേരിടുന്ന മറ്റൊരു വെല്ലുവിളി. പല പദ്ധതികള്‍ക്കും ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകളില്ലാത്തതിനാല്‍ ലഭിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവും മോശം. ഏകദേശം 270 കോടി രൂപ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടു കരാറുകാര്‍ക്കു കൊടുക്കാനുണ്ട്‌. അവര്‍ അതിനായി നിയമപോരാട്ടത്തിലാണ്‌. പുതിയ പ്രവൃത്തികളോടു കരാറുകാര്‍ മുഖം തിരിക്കാന്‍ കാരണവും മറ്റൊന്നല്ല. കിഫ്‌ബി മാനദണ്ഡപ്രകാരം പുതിയ പദ്ധതികള്‍ക്കേ പണം അനുവദിക്കാന്‍ കഴിയൂ. സംസ്‌ഥാനത്തെ മഴലഭ്യതയുടെ അസ്‌ഥിരത നമ്മെ അലോസരപ്പെടുത്തുമ്പോള്‍, നിലവിലുള്ള പദ്ധതികള്‍ക്കു പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍, വര്‍ഷങ്ങളായി ലഭിച്ചുവന്ന കേന്ദ്രവിഹിതം പൂര്‍ണമായി നഷ്‌ടപ്പെട്ടിരിക്കേ, കടുത്ത വറുതിതന്നെയാണു നമ്മെ കാത്തിരിക്കുന്നത്‌. ജനം വെള്ളം ചോദിക്കുമ്പോള്‍ ഇപ്പ ശര്യാക്കിത്തരാം എന്ന കുതിരവട്ടം പപ്പുവിന്റെ ഉത്തരം കൊണ്ടു കാര്യമില്ലല്ലോ?
ജനകീയ ഇടപെടലുകളില്‍ മാത്രമാണ്‌ ഇനി പ്രതീക്ഷ. തമിഴ്‌നാട്‌ മാതൃകയില്‍ കുളങ്ങള്‍ നവീകരിക്കണം. കുഴല്‍ക്കിണറുകളുടെ അതിപ്രസരം നിരുത്സാഹപ്പെടുത്തി, മഴക്കൊയ്‌ത്ത്‌ പ്രോത്സാഹിപ്പിക്കപ്പെടണം. കോഴിക്കോട്ടെ പെരുമണ്ണ, പത്തനംതിട്ടയിലെ കുന്നന്താനം മാതൃകകള്‍ നമുക്കു മുന്നിലുണ്ട്‌. 2009 മുതല്‍ തൃശൂര്‍ ജില്ലയില്‍ ഭരണകൂടവും ജനങ്ങളും കൈകോര്‍ത്ത്‌ 53 പഞ്ചായത്തുകളില്‍ മൂന്നരവര്‍ഷം കൊണ്ട്‌ 8500 കിണറുകള്‍ റീച്ചാര്‍ജ്‌ ചെയ്‌തു. 40,000 പേരുടെ കുടിവെള്ളക്ഷാമം പരിഹരിച്ചു. ജോസ്‌ റാഫേല്‍ എന്ന വ്യക്‌തിയുടെ ഇച്‌ഛാശക്‌തിയായിരുന്നു ഇതിനു പിന്നില്‍. നമുക്ക്‌ ഓരോരുത്തര്‍ക്കും ജോസ്‌ റാഫേല്‍മാരാകാന്‍ കഴിയും. വരട്ടാറിന്റെ പുനര്‍ജനിയും പള്ളിക്കലാറിനെ തിരികെപ്പിടിക്കാനുള്ള ശ്രമങ്ങളും കാട്ടാക്കടയിലെ ജലസമൃദ്ധിയും തൃശൂരിലെ മഴപ്പൊലിമയുമൊക്കെ ഇങ്ങനെ സാക്ഷാത്‌കരിക്കപ്പെട്ട സ്വപ്‌നങ്ങളുടെ നേര്‍ക്കാഴ്‌ചകളാണ്‌.

Ads by Google
Friday 13 Oct 2017 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW