Friday, December 15, 2017 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 12.56 AM

കുറിഞ്ഞിക്കാലം മികവുറ്റതാക്കണം

uploads/news/2017/10/155098/1.jpg

വളരെ പ്രതീക്ഷ നല്‍കുന്ന ഒരു തീരുമാനം സര്‍ക്കാര്‍ ബുധനാഴ്‌ച കൈക്കൊണ്ടു. മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത്‌ വേണ്ടത്ര മുന്‍കരുതല്‍ എടുത്ത്‌ ടൂറിസ്‌റ്റ്‌ സീസണ്‍ ഫലവത്താക്കാനാണ്‌ തീരുമാനം. 12 വര്‍ഷത്തിലൊരിക്കലാണ്‌ നീലക്കുറിഞ്ഞി പൂക്കുന്നത്‌. എല്ലാവര്‍ഷവും പലയിടങ്ങളിലായി നീലക്കുറിഞ്ഞി പൂക്കാറുണ്ടെങ്കിലും മൂന്നാറില്‍ വലിയ പ്രദേശത്ത്‌ ഒന്നാകെ നീലക്കുറിഞ്ഞി ഇനി പൂക്കുന്നത്‌ അടുത്ത വര്‍ഷത്തെ സീസണിലാണ്‌. അടുത്ത ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള സമയത്താണ്‌ സീസണ്‍. ഇതിനായി മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പാണ്‌ നടത്തുക.
സീസണിലെ നാലുമാസത്തില്‍ എട്ടു ലക്ഷം പേരെങ്കിലും മൂന്നാറില്‍ വരുമെന്നാണ്‌ കരുതുന്നത്‌. മൂന്നാറില്‍ പല സ്‌ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ഇടുക്കി ജില്ലയുടെ വേറെ ചില സ്‌ഥലങ്ങളിലും കുറിഞ്ഞി പൂക്കുമെങ്കിലും ടൗണില്‍ നിന്ന്‌ എട്ടു കിലോമീറ്റര്‍ അകലെയുള്ള ഇരവികുളം ദേശീയോദ്യാനമാണ്‌ പ്രധാന ആകര്‍ഷണ കേന്ദ്രം. പരിസ്‌ഥിതിലോല പ്രദേശമാണ്‌ ഇവിടം. പ്രധാന റോഡില്‍ നിന്ന്‌ ഉള്ളിലേക്ക്‌ സഞ്ചരിച്ചാണ്‌ ദേശീയോദ്യാനത്തില്‍ എത്തേണ്ടത്‌. സാധാരണ ദിവസങ്ങളില്‍ തന്നെ വലിയ തിരക്ക്‌ അനുഭവപ്പെടുന്ന സ്‌ഥലമാണിത്‌. സീസണിലെ തിരക്കുള്ള ദിവസങ്ങളില്‍ ടിക്കറ്റ്‌ എടുത്ത ശേഷം കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും ക്യൂ നിന്നാലെ ഉദ്യാനത്തിലേക്കുള്ള ബസ്സില്‍ കയറിപ്പറ്റാനാകൂ. കുറിഞ്ഞിക്കാലത്ത്‌ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും അല്ലാതെയും സാധാരണയില്‍ കൂടുതല്‍ പേര്‍ ഇവിടേക്ക്‌ എത്തും അതു മുന്‍കൂട്ടിക്കണ്ട്‌ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്‌ വേണ്ടത്‌.
മൂന്നാറില്‍ ഒരേ സമയത്ത്‌ എത്രപേരെയും എത്ര വാഹനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയും എന്നതു സംബന്ധിച്ച്‌ പഠിക്കാനും തീരുമാനിച്ചിരിക്കുകയാണ്‌. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ ഈ പഠനം നടത്തേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്‌. മിക്ക അവധി ദിവസങ്ങളിലും മൂന്നാറില്‍ വലിയ ഗതാഗതക്കുരുക്ക്‌ പതിവാണ്‌. ദൂരസ്‌ഥലങ്ങളില്‍ നിന്ന്‌ വരുന്നവര്‍ വളരെയധികം സമയം ഗതാഗതക്കുരുക്കില്‍ കിടക്കേണ്ടി വരുന്നത്‌ സ്‌ഥിരം കാഴ്‌ചയും. വാഹന പാര്‍ക്കിങ്ങിന്‌ സൗകര്യമേതുമില്ല, വീതി കുറഞ്ഞ റോഡുകള്‍ എന്നിങ്ങനെ വിനോദസഞ്ചാരികളെ അകറ്റാന്‍ വേണ്ട എല്ലാം ഇപ്പോള്‍ മൂന്നാറിലുണ്ട്‌. ടോയ്‌ലെറ്റ്‌ സൗകര്യത്തിന്റെ അപര്യാപ്‌തതയാണ്‌ ഏറെ ഭയങ്കരം. തീരെ വൃത്തിഹീനമായ രീതിയില്‍ നടത്തിക്കൊണ്ടു പോകുന്ന ഒരു പൊതു ശൗചാലയമാണ്‌ പതിനായിരങ്ങള്‍ ഒരേ സമയം വന്നു പോകുന്ന ഈ വിശ്വപ്രസിദ്ധ ടൂറിസ്‌റ്റ്‌ കേന്ദ്രത്തിലുള്ളത്‌. മറുനാട്ടുകാരുടെ മുന്നില്‍ മലയാളിയെ ഒന്നടങ്കം നാണംകെടുത്തുന്ന സ്‌ഥിതിയാണിത്‌. മറ്റു സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നതിനൊപ്പം ടോയ്‌ലറ്റ്‌ സൗകര്യത്തിന്‌ ഏറെ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്‌.
റോഡുകള്‍ മെച്ചപ്പെട്ടതാക്കുക, ദുരന്ത സാഹചര്യങ്ങളുണ്ടായാല്‍ വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും വളരെ വേഗം ദൂരേക്ക്‌ എത്താനുള്ള സൗകര്യമൊരുക്കുക, വിനോദ സഞ്ചാരികളുടെ ഒഴുക്കു പ്രമാണിച്ച്‌ ഹോട്ടലുകളിലെ നിരക്കുകള്‍ മാനം മുട്ടുന്ന തരത്തിലാകാതെ ശ്രദ്ധിക്കുക, മുതിരപ്പുഴയാറും മൂന്നാര്‍ പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌. കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്ക്‌ എത്തുന്ന ജനങ്ങളെ ബോധവത്‌കരിക്കാന്‍ വലിയ പരിശ്രമം നടത്തേണ്ടതുണ്ട്‌. പൂത്തു നില്‍ക്കുന്ന കുറിഞ്ഞിച്ചെടികള്‍ ബോധപൂര്‍വം നശിപ്പിക്കുന്നവരുണ്ട്‌. ചെടി പറിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ ധാരാളമാണ്‌. ഇതിനൊക്കെ എതിരേ കാര്യമായ ബോധവത്‌കരണം നടത്തേണ്ടിയിരിക്കുന്നു.

Ads by Google
Friday 13 Oct 2017 12.56 AM
YOU MAY BE INTERESTED
TRENDING NOW