Thursday, March 22, 2018 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 12.19 PM

അടിമാലി കൊലപാതക പ്രതി ഇരയുമായി പരിചയപ്പെട്ടത് പീഡനകേസില്‍; പകയായത് ഭാര്യയുടെ പ്രസവാവശ്യത്തിന് പണം കിട്ടാതെ വന്നപ്പോള്‍

uploads/news/2017/10/154927/adimali-case.jpg

തൊടുപുഴ: അടിമാലിയില്‍ സാമൂഹ്യപ്രവര്‍ത്തകയായ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതിയുടെ രണ്ടു സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴയിലെ സ്വകാര്യ ബസ് ഉടമ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അടിമാലി പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട്ടില്‍ സിയാദിന്റെ ഭാര്യ സെലിനാ(41)ണ് ചൊവ്വാഴ്ച രാത്രി കുത്തേറ്റ് മരിച്ചത്.

കേസില്‍ പ്രതിയായ തൊടുപുഴ വണ്ടമറ്റം സ്വദേശി ഗിറോഷ് (30) കൊല നടത്തിയ ശേഷം ഗിറോഷ് വിളിച്ച സുഹൃത്തുക്കളെ വിളിച്ചതായി പോലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുന്നത്. മത്സ്യ വ്യാപാരിയായ അബ്ദുള്‍ സിയാദ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണു ഭാര്യയുടെ മൃതദേഹം കണ്ടത്. സിയാദ് ആദ്യം സംശയത്തിന്റെ നിഴലിലായിരുന്നെങ്കിലും െവെകാതെ നിരപരാധിയാണെന്നു പോലീസ് തിരിച്ചറിഞ്ഞു.

രാത്രി സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ഥ പ്രതിയിലേക്ക് അടുത്തത്. സിയാദ് ഇയാളെ തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ എളുപ്പമായി. തുടര്‍ന്ന് അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം രാത്രി തന്നെ സിയാദിനെയും കൂട്ടി തൊടുപുഴയിലേക്കു പോയി. പുലര്‍ച്ചെ മൂന്നിനു വീടു വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. സെലീനയെ തലങ്ങുംവിലങ്ങും വെട്ടി വകവരുത്തിയ പ്രതി മാറിടം മുറിച്ചുകൊണ്ടുപോയിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.16നായിരുന്നു പ്രതി സെലീനയുടെ വീട്ടിലെത്തി കൃത്യം നടത്തിയത്. വെട്ടേറ്റ് സെലീന വീണതോടെ കഴുത്തില്‍ കിടന്ന മാല പറിച്ചെടുത്ത് റോഡില്‍ കയറിയ പ്രതി അല്‍പസമയം പരിസരം വീക്ഷിച്ചശേഷം 3.02ന് വീണ്ടും ഇറങ്ങിവന്ന് കലിതീരുവരെ ശരീരത്തില്‍ വെട്ടുകയും കുത്തുകയും ചെയ്തു. ഇടതു മാറിടം അറുത്തെടുത്ത് തുണിയില്‍ പൊതിഞ്ഞ് റോഡില്‍ കയറി ബൈക്കില്‍ വീട്ടിലേക്കു പോയി. പിന്നീടാണ് പറിച്ചെടുത്ത മാല മുക്കുപണ്ടമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.

സെലീനയോടു വര്‍ഷങ്ങളായുള്ള പകയും പണത്തിന്റെ അത്യാവശ്യവുമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു പ്രതി മൊഴിനല്‍കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗിരോഷ് അടിമാലി ബസ്റ്റാന്‍ഡിനു സമീപം ഫോട്ടോസ്റ്റാറ്റ് കട നടത്തിയിരുന്നു. ഇവിടെ ജോലിക്കെത്തിയ മാങ്കുളം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ െലെംഗിക പീഡനത്തിനിരയാക്കിയതായി പരാതി ഉയര്‍ന്നു. ഈ വിഷയം, ചൈല്‍ഡ് ലൈന്‍, പബ്ലിക് സോഷ്യല്‍ ജസ്റ്റിസ്, സൈക്കോളജിസ്റ്റ് തുടങ്ങി വിവിധ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവന്ന സെലീനയുടെ അടുത്തെത്തി. ഗിരോഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച ധാരണയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതോടെ 2015ല്‍ ഇയാള്‍ തന്നെ വിവാഹം കഴിക്കുകയും ചെയ്തു.

അന്നുമുതല്‍ സെലീനയുടെ കുടുംബവുമായി പ്രതിക്കു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചു. സെലീനയും കുടുംബവും വാങ്ങിയ കാറിനു സ്വകാര്യ ബാങ്കില്‍നിന്നു ഗിരോഷിന്റെ പേരിലാണു രണ്ടു ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നതായും മറ്റു പലഘട്ടങ്ങളിലായി സെലീന തനിക്കു പണം നല്‍കാനുണ്ടെന്നും പ്രതി പറഞ്ഞു.

കഴിഞ്ഞ ദിവസം ഗിരോഷിന്റെ ഭാര്യയെ പ്രസവത്തിനായി കാരിക്കോടുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി ചെലവിനായി മറ്റൊരു സുഹൃത്തില്‍ നിന്നു വായ്പയായി അയ്യായിരം രൂപ ഗിരോഷിന്റെ അക്കൗണ്ടിലേക്കു വന്നെങ്കിലും ഇതും വായ്പാ തിരിച്ചടവ് ഇനത്തില്‍ സ്വകാര്യ ബാങ്ക് പിടിച്ചു. ഇതറിഞ്ഞതോടെ കുപിതനായി ഗിരോഷ് ഒന്നര വര്‍ഷം മുന്‍പ് തൊടുപുഴയില്‍നിന്നു വാങ്ങി സൂക്ഷിച്ചിരുന്ന കഠാര കൈയില്‍ കരുതി ചൊവ്വാഴ്ച സെലീനയുടെ വീട്ടിലെത്തി. വീടിന്റെ പിന്‍ഭാഗത്ത് തുണി അലക്കുകയായിരുന്ന സെലീനയുമായി പണം ചോദിച്ചു വാക്കേറ്റമായി. ഇതിനിടെ കത്തിയെടുത്ത് രണ്ടുവട്ടം സെലീനയുടെ തൊണ്ടക്കുഴിയില്‍ കുത്തി.

Ads by Google
Thursday 12 Oct 2017 12.19 PM
Ads by Google
LATEST NEWS
TRENDING NOW