Wednesday, December 13, 2017 Last Updated 13 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.30 AM

ഇക്വ 'ഡോര്‍' ചവിട്ടിത്തുറന്ന്‌ അര്‍ജന്റീന

uploads/news/2017/10/154771/s5.jpg

ക്വിറ്റോ: ഇതിഹാസങ്ങള്‍ എല്ലായ്‌പ്പോഴും ഇങ്ങനെയാണ്‌. എല്ലാം അവസാനിച്ചുവെന്ന്‌ ലോകം വിധിയെഴുതുമ്പോഴായിരിക്കും അവര്‍ തുടങ്ങുക. ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുള്ള ക്വിറ്റോയിലെ മലമുകളില്‍ ഇന്നലെ പുലര്‍ച്ചെ അത്രയേ സംഭവിച്ചുള്ളു.
ഫുട്‌ബോള്‍ ജീവശ്വാസമായ രാജ്യം ലോകകപ്പിന്‌ യോഗ്യത നേടാതെ പുറത്തേക്കുള്ള വാതില്‍പ്പടിയില്‍ നില്‍ക്കുമ്പോള്‍ അവതാരപ്പിറവിയെടുക്കാതിരിക്കാന്‍ അര്‍ജന്റീനയുടെ മിശിഹയ്‌ക്ക് ആകുമായിരുന്നില്ല.
ആരാധകരുടെ ആശങ്കകള്‍ക്കും എതിരാളികളുടെ ആശകള്‍ക്കും മുകളില്‍ ഗോള്‍ മഴപെയ്യിച്ച്‌ ഹാട്രിക്കുമായി ലയണല്‍ മെസി അവതരിച്ചപ്പോള്‍ അടുത്തവര്‍ഷം ജൂണില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളില്‍ പന്തുതട്ടാന്‍ അര്‍ജന്റീനയും ടിക്കറ്റ്‌ ഉറപ്പിച്ചു.
മേഖലയിലെ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരേ നേടിയ സ്വപ്‌നതുല്യ വിജയത്തോടെ ആധികാരികമായാണ്‌ അര്‍ജന്റീന യോഗ്യത നേടിയത്‌. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ ജയം.
സമുദ്രനിരപ്പില്‍ നിന്ന്‌ 9,127 അടി ഉയരത്തിലുള്ള ശ്വാസം കിട്ടാന്‍ പോലും വിഷമമുള്ള ക്വിറ്റോയിലെ എസ്‌റ്റാഡിയോ ഒളിമ്പിക്കോ അതാഹ്വാല്‍പ സ്‌റ്റേഡിയത്തില്‍ ഒരു സമനില പോലും ആത്മഹത്യപരമാണെന്ന സാഹചര്യത്തില്‍ നിന്നാണ്‌ അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റത്‌.
ലോകമെങ്ങുമുള്ള ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി മത്സരത്തിന്റെ 40-ാം സെക്കന്‍ഡില്‍ ഇക്വഡോറിനോടു ഗോള്‍ വഴങ്ങിയ ശേഷം ടീമിനെ മെസി ഒറ്റയ്‌ക്കു ചുമലിലേറ്റുകയായിരുന്നു. മത്സരത്തിന്റെ 11, 18, 62 മിനിറ്റുകളിലായിരുന്നു പ്രതിഭയുടെ തൂവല്‍സ്‌പര്‍ശമുള്ള മൂന്നു ഗോളുകള്‍ പിറന്നത്‌. രാജ്യത്തെക്കാള്‍ ക്ലബിനെ സ്‌നേഹിക്കുന്നവനെന്നു വിമര്‍ശിച്ചവര്‍ക്ക്‌ എണ്ണിയെണ്ണിയുള്ള മറുപടി കൂടിയായിരുന്നു ആ മൂന്നു ഗോളുകള്‍.
ജീവന്മരണപ്പോരിനിറങ്ങിയ അര്‍ജന്റീനയെ ഞെട്ടിച്ചാണ്‌ ഇക്വഡോര്‍ തുടങ്ങിയത്‌. കിക്കോഫില്‍ നിന്ന്‌ തുടങ്ങിയ കുതിപ്പിനൊടുവില്‍ വണ്‍ ടു വണ്‍ ഹെഡറുകളിലൂടെ അര്‍ജന്റീന പ്രതിരോധം ഛിന്നഭിന്നമാക്കി ഇബാര്‍ റൊമാരിയോയാണ്‌ ആതിഥേയര്‍ക്ക്‌ ലീഡ്‌ സമ്മാനിച്ചത്‌.
അര്‍ജന്റീന ആരാധകരെല്ലാം പ്രതീക്ഷ കൈവിട്ട നിമിഷം. പക്ഷേ അരങ്ങൊരുങ്ങുന്നതേയുള്ളു. പത്തു മിനിറ്റിനകം തന്നെ മെസി മറുപടി നല്‍കി. എയ്‌ഞ്ചല്‍ ഡി മരിയയുമായി ചേര്‍ന്നു നടത്തിയ നീക്കത്തിനൊടുവില്‍ ക്ലോസ്‌ റെയ്‌ഞ്ചില്‍ നിന്നൊരു ഫിനിഷ്‌. അര്‍ജന്റീന ഒപ്പമെത്തി (1-1).
ഏഴു മിനിറ്റിനു ശേഷം ടീമിന്‌ ലീഡും സമ്മാനിച്ചു. ഇക്കുറി ബോക്‌സിനു പുറത്ത്‌ തന്റെ വേഗതകൊണ്ട്‌ ഇക്വഡോര്‍ പ്രതിരോധ താരത്തെ നിഷ്‌പ്രഭനാക്കിയാണ്‌ മെസി സ്‌കോര്‍ ചെയ്‌തത്‌. ആദ്യ പകുതിയില്‍ ഈ ലീഡ്‌ നിലനിര്‍ത്തിയ ടീമിനായി രണ്ടാം പകുതിയില്‍ അതിമനോഹരമായ ഒരു ഗോളിലൂടെയാണ്‌ മൂന്നാം ഗോളും ഹാട്രിക്കും മെസി സ്വന്തമാക്കിയത്‌. ചാട്ടുളിപോലെ കുതിച്ചുകയറിയ മെസി പ്രതിരോധിക്കാന്‍ എത്തിയ മൂന്നു എതിര്‍താരങ്ങളെ സമര്‍ത്ഥമായി വെട്ടിയൊഴിഞ്ഞു അഡ്വാന്‍സ്‌ ചെയ്‌ത ഗോള്‍കീപ്പറുടെ തലയ്‌ക്കു മുകളിലൂടെ വലയുടെ മോന്തായത്തില്‍ പന്തെത്തിച്ചാണ്‌ ടീമിന്റെ ജയം ഉറപ്പിച്ചത്‌.
ഇതോടെ 1970 നു ശേഷം ആദ്യമായി അര്‍ജന്റീനയില്ലാത്ത ലോകകപ്പ്‌ നടക്കുമെന്ന ഭീതിയാണ്‌ മെസിയെന്ന 'മാലാഖ'യുടെ മികവില്‍ ഇല്ലാതായത്‌.
നാലു ടീമുകളാണ്‌ ലാറ്റിന്‍ അമേരിക്കയില്‍നിന്നു റഷ്യയിലേക്കു നേരിട്ടു ടിക്കറ്റെടുത്തത്‌. 17 കളികളില്‍നിന്നു 41 പോയിന്റ്‌ നേടിയ ബ്രസീലാണ്‌ ഒന്നാമത്‌. യുറുഗ്വേ (31), അര്‍ജന്റീന (28), കൊളംബിയ (27) എന്നിവരാണ്‌ മറ്റു മൂന്നു സ്‌ഥാനക്കാര്‍.
ഇന്നലെ മേഖലയില്‍ നടന്ന മറ്റു മത്സരങ്ങളില്‍ യുറുഗ്വായ്‌ ബൊളീവിയയെയും (4-2) വെനസ്വേല പരാഗ്വേയും (1-0) തോല്‍പ്പിച്ചു. അതേസമയം ബ്രസീലിനോടു 3-0ന്‌ തോറ്റു കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി യോഗ്യത നേടാതെ പുറത്തായി. ഇന്നലത്തെ മറ്റൊരു നിര്‍ണായക മത്സരത്തില്‍ കൊളംബിയയും പെറുവും സമനിലയില്‍ പിരിഞ്ഞു.
ഇതോടെയാണ്‌ ആദ്യ നാലില്‍ നിന്നു പെറു പുറത്തായത്‌. അടുത്ത മാസം നടക്കുന്ന പ്ലേഓഫില്‍ ന്യൂസിലന്‍ഡിനെ അവര്‍ നേരിടും. ന്യൂസിലന്‍ഡിനെ മറികടക്കാനായാല്‍ 1982 നു ശേഷം ആദ്യമായി പെറു ലോകകപ്പില്‍ കളിക്കും.

Ads by Google
Thursday 12 Oct 2017 01.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW