Wednesday, December 06, 2017 Last Updated 18 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.19 AM

സോളാര്‍ കേസ്‌: അന്വേഷണവും നടപടികളും വൈകരുത്‌

uploads/news/2017/10/154717/editorial.jpg

കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ രണ്ടുവര്‍ഷത്തോളം കേരളത്തില്‍ നിറഞ്ഞുനിന്ന വിവാദമായിരുന്നു സോളാര്‍ അഴിമതിക്കേസ്‌. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും വരെ കഥാപാത്രങ്ങളായ കേസ്‌. അതിന്‌ ഒരു രാഷ്‌ട്രീയ ത്രില്ലറിന്റെ എല്ലാ സ്വഭാവങ്ങളുമുണ്ടായിരുന്നു. അധികാരത്തിലിരിക്കുന്നവരുടെ അഴിമതിയും കോഴയും ലൈംഗികാരോപണങ്ങളും ഒക്കെയായി കേസ്‌ കൊഴുത്തു. അനുബന്ധ കേസുകള്‍ അനേകമുണ്ടായി.

പിന്നീട്‌ ഏറെക്കാലം കോള്‍ഡ്‌ സ്‌റ്റോറെജിലായിരുന്ന കേസിന്‌ ഇപ്പോള്‍ വീണ്ടും ജീവന്‍വച്ചിരിക്കുകയാണ്‌. സോളാര്‍ കേസുമായി ബന്ധപ്പെട്ട തട്ടിപ്പുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച ജസ്‌റ്റിസ്‌ ശിവരാജന്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ട്‌ പരിഗണിച്ച ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയാണു വീണ്ടും സോളാര്‍ കേസിനെ വെള്ളിവെളിച്ചത്തിലേക്കെത്തിക്കുന്നത്‌. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശയും തുടര്‍ന്നുള്ള നിയമോപദേശവും കണക്കിലെടുത്ത്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഉമ്മന്‍ചാണ്ടിക്കെതിരേ വിജിലന്‍സ്‌ അന്വേഷണവും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരേ ക്രിമിനല്‍ കേസുമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്‌. ലൈംഗിക സംതൃപ്‌തി കൈക്കൂലിയായി പരിഗണിച്ച്‌, സോളാര്‍ കേസിലെ മുഖ്യ ഇടപാടുകാരി സരിത എസ്‌. നായര്‍ കത്തിലൂടെ ആരോപണമുന്നയിച്ച എല്ലാവര്‍ക്കുമെതിരേ കേസെടുക്കും.

അടുത്തകാലത്ത്‌ കേരളത്തില്‍ സോളാര്‍ കേസോളം ശ്രദ്ധ നേടിയ മറ്റൊരു രാഷ്‌ട്രീയ വിവാദമില്ല. കേരളത്തിന്റെ ഭരണത്തെ പിടിച്ചു കുലുക്കിയ സംഭവവുമാണിത്‌. ഇതില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഈ നാട്ടിലെ രാഷ്‌ട്രീയ നേതൃത്വത്തെ ജനങ്ങള്‍ സംശയത്തോടെ കാണുന്ന സ്‌ഥിതിയുണ്ടാക്കി. കേരളത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും സംശയത്തിന്റെ നിഴലിലാക്കുന്ന തരം ആരോപണങ്ങളാണ്‌ ഉയര്‍ന്നുവന്നത്‌. ഇത്തരം സ്വാധീനങ്ങളും കൊടുക്കല്‍ വാങ്ങലുകളും ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ ബിസിനസ്‌ നടത്താനാവൂ എന്ന തോന്നലാണു സോളാര്‍ കേസിനൊപ്പം ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ സൃഷ്‌ടിച്ചത്‌. ഉന്നത രാഷ്‌ടീയ ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ വന്‍കിട ബിസിനസുകള്‍ സാധ്യമാകൂ എന്ന തോന്നലും ജനങ്ങള്‍ക്കിടയില്‍ സൃഷ്‌ടിക്കാന്‍ ഇതിടയാക്കി. പല പ്രമുഖരുടെയും കുടുംബബന്ധങ്ങള്‍ പോലും തകര്‍ന്നടിയാന്‍ ഇടയാക്കി ഈ കേസ്‌. ഇതേക്കുറിച്ച്‌ പഠിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തന്നെ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ചാണ്‌ ഇപ്പോഴത്തെ നടപടി എന്നതു ശ്രദ്ധേയമാണ്‌. മൂന്നര വര്‍ഷത്തെ അന്വേഷണത്തിനുശേഷമാണു കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. അതിലെ കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം കണക്കിലെടുത്തു എന്നതാണു തുടര്‍നടപടിയില്‍നിന്നു വ്യക്‌തമാകുന്നത്‌.

ഗുരുതരമായ കേസുകളാണ്‌ ഉന്നത നേതാക്കള്‍, അവരുടെ സഹായികള്‍, പ്രമുഖ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കെതിരേ ചേര്‍ത്തിരിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ നടത്തുന്ന അന്വേഷണങ്ങള്‍ വളരെ സമഗ്രമായും വേഗത്തിലും നടത്തേണ്ടതുണ്ട്‌. കാരണം, കേരളത്തിന്റെ സാമൂഹിക -രാഷ്‌ട്രീയരംഗത്ത്‌ നിറഞ്ഞു നില്‍ക്കുന്ന വ്യക്‌തികളാണു പ്രതിസ്‌ഥാനത്ത്‌. അവര്‍ തെറ്റു ചെയ്‌തവരെങ്കില്‍ ശിക്ഷിക്കപ്പെടണം. അതല്ലെങ്കില്‍ അവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പാടില്ല താനും. ഒരിക്കലും ഒരു ഭരണ ആസ്‌ഥാനത്ത്‌ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്‌ ആരോപിക്കപ്പെട്ടിരിക്കുന്നത്‌. അത്‌ സത്യമോ അല്ലയോ എന്ന്‌ തെളിയിക്കപ്പെടേണ്ടതുണ്ട്‌. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ അന്വേഷണം പൂര്‍ത്തിയാക്കുകയാണ്‌ വേണ്ടത്‌.

Ads by Google
Thursday 12 Oct 2017 01.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW