Tuesday, July 10, 2018 Last Updated 22 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 01.29 AM

കയര്‍ മേഖല ഏറെ മുന്നേറണം

uploads/news/2017/10/154406/editorial.jpg

കയര്‍മേഖലയില്‍ യന്ത്രവത്‌കരണം വ്യാപകമാക്കുന്നതിന്റെ കേളികൊട്ടോടെയാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ കയര്‍ കേരള രാജ്യാന്തര വിപണന മേളയുടെ ഏഴാം പതിപ്പിന്‌ ആലപ്പുഴയില്‍ തിരശീല വീണത്‌. ഇത്തവണ മേളയുടെ കേന്ദ്രപ്രമേയംതന്നെ കയര്‍പൈതൃകവും നവീകരണവും എന്നതായിരുന്നു. ഒരുകാലത്ത്‌ കേരളത്തിലെ തീരപ്രദേശത്തെ ഒന്നരലക്ഷത്തോളംപേര്‍ പൂര്‍ണമായും ഒരു ലക്ഷത്തോളം ആളുകള്‍ ഭാഗികമായും ഉപജീവനം തേടുന്ന പരമ്പരാഗത വ്യവസായമായിരുന്നു കയര്‍ മേഖല. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കയര്‍ ഉത്‌പാദിപ്പിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. ഇവിടുത്തെ ചകിരി ഉത്‌പാദനം ലോക ഉത്‌പാദനത്തിന്റെ 80 ശതമാനത്തിലേറെ വരും. ചൈന, അമേരിക്ക, ഹോളണ്ട്‌, ദക്ഷിണ കൊറിയ, സ്‌പെയിന്‍ തുടങ്ങി 115 രാജ്യങ്ങളിലേക്കാണ്‌ കയറും കയറുത്‌പന്നങ്ങളും കയറ്റുമതി ചെയ്യുന്നത്‌.

രാജ്യത്തെ ആകെ കയര്‍ ഉത്‌പാദനത്തിന്റെ 85 ശതമാനവും കേരളത്തില്‍ നിന്നായിരുന്നു. തൊണ്ട്‌ കുതിര്‍ത്ത്‌ ചകിരി നാര്‌ വേര്‍തിരിച്ചെടുക്കുന്ന മേഖല, പിരി മേഖല, ഉത്‌പാദന മേഖല, കയറ്റുമതി ഉള്‍പ്പടെയുള്ള വ്യാപാര മേഖല എന്നിവയാണ്‌ കയര്‍ രംഗത്തെ പ്രധാനപ്പെട്ടവ. എണ്‍പതുകളിലാണ്‌ തമിഴനാട്‌ ഉള്‍പ്പടെയുള്ള ഇതരസംസ്‌ഥാനങ്ങള്‍ കയറിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ്‌ ഈ മേഖലയില്‍ ചുവടുറപ്പിക്കുന്നത്‌. തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രാപ്രദേശ്‌, ഒഡീഷ, പശ്‌ചിമ ബംഗാള്‍, അസം, ത്രിപുര തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നാളികേരോത്‌പാദനം വര്‍ധിച്ചതിന്റെ അടിസ്‌ഥാനത്തില്‍ കയര്‍ വ്യവസായവും വളര്‍ന്നു. കേരളത്തിലാകട്ടെ നാളികോത്‌പാദനം തകര്‍ച്ചയിലേക്ക്‌ പോയി. ആധുനികവത്‌കരണ രംഗത്ത്‌ ഏറെ മുന്നോട്ടു പോയ തമിഴ്‌നാടിന്‌ ഏറ്റവും വേഗം ആഭ്യന്തര വിപണിയില്‍ ആധിപത്യം സാധ്യമായി.വിദേശ ഓര്‍ഡറുകളെ ആശ്രയിച്ചാണ്‌ കേരളത്തിലെ കയര്‍വ്യവസായം പിന്നീട്‌ പിടിച്ചുനിന്നത്‌. എന്നാല്‍, വിദേശ ഓര്‍ഡറുകളും തമിഴ്‌നാട്‌ കൈപ്പിടിയിലൊതുക്കിയതോടെ കേരളം പിന്നോട്ടുപോയി.

കേരളത്തില്‍ 2.25 ടണ്‍ ചകിരിനാര്‌ ആവശ്യമുള്ളപ്പോള്‍ 30,000 ടണ്‍ മാത്രമാണ്‌ ഇവിടെ ഉത്‌പാദിപ്പിക്കാന്‍ കഴിയുന്നത്‌. അതിനാല്‍ ചകിരിനാരിനും തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരുന്നു. തമിഴ്‌നാട്ടില്‍ വ്യാപകമായി ആരംഭിച്ച യന്ത്രവല്‍കൃത കയര്‍പിരിയൂണിറ്റുകളില്‍നിന്നുള്ള ചകിരിക്ക്‌ ചൈന ആവശ്യക്കാരായതോടെ അതിനും വിലയേറി. അവിടെ ചകിരിമില്ലിനോട്‌ ചേര്‍ന്നുതന്നെ യന്ത്രവല്‍കൃത കയര്‍പിരി യൂണിറ്റുകളും സ്‌ഥാപിച്ചാണ്‌ പ്രവര്‍ത്തനം. ചരക്ക്‌ കൂലിയടക്കമുള്ള അനുബന്ധ ചെലവുകള്‍ ഒഴിവാകുന്നതിനാല്‍ ഉത്‌പാദനച്ചെലവ്‌ കേരളത്തെ അപേക്ഷിച്ച്‌ വലിയതോതില്‍ കുറവും. ഇടത്തട്ടുകാരുടെ ചൂഷണത്തിനൊപ്പം ചകിരിയുടെ വില വര്‍ധനയും കേരളത്തിലെ കയര്‍ മേഖലയെ പ്രതിസന്ധിയിലാക്കി. തൊണ്ട്‌ സംഭരണ പദ്ധതികള്‍ പാളിയതാണ്‌ ചകിരി ക്ഷാമത്തിനും വില വര്‍ധനയ്‌ക്കും ഇടയാക്കിയത്‌.ആഭ്യന്തര ചകിരിയുത്‌പാദനം നിലച്ചതോടെ ഒട്ടുമിക്ക കയര്‍ ഫാക്‌ടറികളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്‌. കയര്‍മേഖലയില്‍ ഉണര്‍വ്വുണ്ടാക്കാന്‍ രണ്ടാം കയര്‍ വ്യവസായ പുനഃസംഘടനാ സ്‌കീമിനാണ്‌ കയര്‍മേളയില്‍ ധനകാര്യ-കയര്‍ മന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്ക്‌ പ്രഖ്യാപനം നടത്തിയത്‌. പരമ്പരാഗത റാട്ടുകളില്‍ നിന്ന്‌ ഇലക്‌ട്രോണിക്‌ റാട്ടുകളിലേക്ക്‌ തൊഴിലാളികളെ മാറ്റുന്നതാണ്‌ നവീകരണത്തില്‍ പ്രധാനം.

രണ്ടാം കയര്‍ വ്യവസായ പുനഃസംഘടനക്ക്‌ 1400 കോടിയില്‍പ്പരം രൂപയുടെ ചെലവാണ്‌ സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്‌. പദ്ധതിക്കായി 1200 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ബാക്കി തുക ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എന്‍.സി.ഡി.സി) നല്‍കും. ചകിരി ഉത്‌പാദനം, കയര്‍പിരി, ഉത്‌പന്ന നിര്‍മാണം എന്നീ മൂന്നു മേഖലകളിലെ യന്ത്രവല്‍ക്കരണത്തിനും വൈവിധ്യവല്‍ക്കരണത്തിനും വേണ്ടിയാണ്‌ ഈ തുക ചെലവഴിക്കുക. കയര്‍മേള ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലും അഞ്ച്‌ കോടി ചെലവില്‍ 200 കോടിയോളം രൂപയുടെ വില്‍പനയ്‌ക്ക്‌ ഇത്തവണ ധാരണാപത്രമായെന്ന്‌ സര്‍ക്കാര്‍ അവകാശപ്പെടുന്നു. ആധുനീകരണത്തിനായി സര്‍ക്കാര്‍ വന്‍ബാധ്യത ഏറ്റെടുക്കുമ്പോള്‍ കയര്‍രംഗത്തു പ്രവര്‍ത്തിച്ചിട്ടുള്ള, ആലപ്പുഴക്കാരനായ മുന്‍മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ മേളയുടെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു പറഞ്ഞ വാക്കുകള്‍ മറന്നുകൂട. കാലങ്ങളായി കയര്‍ മേഖലയിലെ തൊഴിലാളികളുടെ സ്‌ഥിതി മോശമാണെന്നും പലപ്പോഴും മുതലാളിമാരും വന്‍കിടക്കാരുമാണ്‌ നേട്ടം കൊയ്‌തതെന്നുമുള്ള വി.എസിന്റെ മുന്നറിയിപ്പ്‌ അവഗണിച്ച്‌ മുന്നോട്ടുപോകുകയുമരുത്‌.

Ads by Google
Wednesday 11 Oct 2017 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW