Monday, July 23, 2018 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 11 Oct 2017 01.28 AM

കുരുന്നേ, ഈ ലോകം നിനക്കും അവകാശപ്പെട്ടത്‌

uploads/news/2017/10/154405/bft1.jpg

യത്ര നാര്യസ്‌തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്‌തു ന പൂജ്യന്തേ
സര്‍വ്വാസ്‌തത്രാഫലാഃ ക്രിയാഃ

എവിടെ സ്‌ത്രീ ആദരിക്കപ്പെടുന്നുവോ അവിടെ ദൈവങ്ങള്‍ വിഹരിക്കുന്നു. എവിടെ സ്‌ത്രീ ആദരിക്കപ്പെടുന്നില്ലയോ അവിടെ സര്‍വ്വ നാശമാണ്‌ ഫലം.
ഇന്ന്‌ ഒകേ്‌ടാബര്‍ 11, രാജ്യാന്തര ബാലികാദിനം. ശൈശവ വിവാഹത്തിനെതിരേ ആഹ്വാനം ഉയര്‍ത്തിക്കൊണ്ട്‌ 2012 ഒക്‌ടോബര്‍ 11 ന്‌ ആദ്യ ബാലികാദിനം ലോകം മുഴുവന്‍ ആചരിച്ചു. ഇന്നും ആചരിക്കുന്നു. പല പൊതുപരിപാടികളും ബോധവത്‌കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു. എന്നിരുന്നാല്‍ പോലും ഇന്നും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ നമ്മുടെ സമൂഹത്തില്‍ എത്രത്തോളം സുരക്ഷിതരാണ്‌?. പെണ്‍കുഞ്ഞുങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളോരോന്നും മനസാക്ഷിയുള്ള ഏതൊരാളിന്റേയും ഇടനെഞ്ച്‌ പൊള്ളിക്കുന്നതാണ്‌. സ്വന്തം കൂരയ്‌ക്ക്‌ കീഴില്‍പോലും പെണ്ണായി പിറന്നുപോയി എന്ന കുറ്റത്താല്‍ സുരക്ഷാബോധത്തോടുകൂടി ഒന്നു കണ്ണടയ്‌ക്കാന്‍ കഴിയാത്ത എത്ര എത്ര വളയിട്ട കൈകള്‍ നമുക്കിടയിലുണ്ട്‌?.
അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതമായ ഇടം മറ്റൊന്നില്ല എന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്‌. എന്നാല്‍ അമ്മയുടെ ഉദരത്തില്‍ പോലും പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല. പെണ്‍ഭ്രൂണഹത്യ ഉള്‍പ്പെടെ സ്‌ത്രീകള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന രാജ്യങ്ങളില്‍ ഭാരതത്തിന്‌ നാലാം സ്‌ഥാനമാണ്‌ എന്നാണ്‌ റോയിറ്റേഴ്‌സ്‌ നടത്തിയ പഠനങ്ങളില്‍ പുറത്തുവന്നത്‌. ഇന്ത്യയില്‍ ഒരു മിനുട്ടില്‍ ഒരു പെണ്‍ഭ്രൂണഹത്യനടക്കുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ രംഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക്‌ അനര്‍ഹമായ പരിഗണനകള്‍ ലഭിക്കുന്നതും അതേപോലെ ഒരു പെണ്‍കുഞ്ഞു ജനിച്ചാല്‍ അവളുടെ വിവാഹമുള്‍പ്പെടെ പല തരത്തിലുള്ള ചിലവുകള്‍ ഉണ്ടാകുമെന്നുള്ള ഭയവും പെണ്‍ഭ്രൂണഹത്യയിലേക്ക്‌ നയിക്കുന്ന പ്രധാന ഘടകങ്ങളാണ്‌.ലിംഗവിവേചനമാണ്‌ പെണ്‍കുട്ടികള്‍ നേരിടുന്ന ഏറ്റവും ഭീകരമായ മറ്റൊരവസ്‌ഥ. വിദ്യാഭ്യാസമടക്കമുള്ള അവളുടെ മൗലിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹമെന്ന കെടുതികൊണ്ട്‌ അവളുടെ സ്വപ്‌നങ്ങള്‍ക്ക്‌ അതിര്‍വരമ്പുകള്‍ സൃഷ്‌ടിക്കുന്നു. മാത്രമല്ല ബാലവേലയും അതുപോലെ തന്നെ ശാരീരിക പീഡനങ്ങളും അവരില്‍ നിന്നും ബാല്യത്തിന്റെ നൈര്‍മല്യതയെ തുടച്ചുനീക്കുന്നു. കുലപതികള്‍ എന്ന്‌ ഊറ്റംകൊള്ളുന്നവര്‍ എന്തുകൊണ്ട്‌ പെണ്‍കുട്ടികളുടെ അടിസ്‌ഥാനപ്രശ്‌നങ്ങള്‍ക്കുമേല്‍ ബോധപൂര്‍വ്വം കണ്ണടയ്‌ക്കുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയും അവര്‍ക്കെതിരേ നടക്കുന്ന ലിംഗവിവേചനങ്ങള്‍ക്കെതിരേ ശബ്‌ദമുയര്‍ത്തുന്നതിനു വേണ്ടിയും ഒരു ദിനം ആവശ്യമാണെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്‌ പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനയാണ്‌. ഈ ആവശ്യം അംഗീകരിച്ചുകൊണ്ട്‌ 2011 ഡിസംബര്‍ 19 ന്‌ യു. എന്‍. പെണ്‍കുട്ടികള്‍ക്കായുള്ള അന്താരാഷ്‌ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിക്കുകയും ചെയ്‌തു. എല്ലാ വര്‍ഷവും ഇന്നേദിനം എല്ലാ രാജ്യങ്ങളും പെണ്‍കുട്ടികളുടെ സമത്വത്തിനും സുരക്ഷയ്‌ക്കും പല പരിപാടികളും ബോധവത്‌കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു. ഇത്‌ ഒരു അനുഷ്‌ഠാനം എന്ന മുറയ്‌ക്ക്‌ എല്ലാ വര്‍ഷവും മുടങ്ങാതെ നടപ്പാക്കുന്നു. പക്ഷേ പെണ്‍കുട്ടിള്‍ക്ക്‌ അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികള്‍ക്ക്‌ ആത്യന്തികമായ ഒരു പരിഹാരം കാണുവാന്‍ ഇന്നുവരെയും സാധിച്ചിട്ടില്ല എന്നുള്ളത്‌ ദുഃഖകരമായ ഒരു വസ്‌തുതയാണ്‌.
സ്‌റ്റേറ്റ്‌ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്കനുസരിച്ച്‌ എട്ടു വര്‍ഷത്തിനിടയില്‍ പെണ്‍കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങളില്‍ 143 ശതമാനം വര്‍ധനവാണുണ്ടായത്‌. അത്‌ മറ്റെവിടെയുമല്ല, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ്‌ എന്നതാണ്‌ ഏറ്റവും ഭീതിജനകമായ വസ്‌തുത. സ്വഗൃഹങ്ങളില്‍ പോലും പെണ്‍കുഞ്ഞുങ്ങള്‍ ബന്ധുജനങ്ങളാല്‍ പോലും ആക്രമിക്കപ്പെടുന്നത്‌ ദിനംപ്രതി വര്‍ധിച്ചുവരികയാണ്‌. പ്ര?ട്ടക്ഷന്‍ ഓഫ്‌ ചില്‍ഡ്രന്‍സ്‌ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ്‌ ആക്‌ട്‌ (പോക്‌സോ) പ്രകാരം 2016 ഒക്‌ടോബര്‍ വരെ 1718 ലൈംഗിക അതിക്രമ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. നാഷണല്‍ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്‌ കേരളത്തില്‍ 884 കുട്ടികള്‍ എച്ച്‌.ഐ.വി അണുബാധിതരാണ്‌. കുഞ്ഞുങ്ങളുടെ ഭാവിയും കുടുംബത്തിന്റെ മാനവും മുന്നില്‍കണ്ട്‌ മറച്ചുവയ്‌ക്കപ്പെടുന്ന അതിക്രമങ്ങള്‍ ഇതിലും എത്രയോ അധികമായിരിക്കും എന്ന്‌ ഊഹിക്കാവുന്നതേ ഉള്ളൂ.
പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നതയില്‍ ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്‌. എങ്കില്‍പോലും ചില പ്രദേശങ്ങളില്‍ ഇന്നും പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം കിട്ടാക്കനിയാണ്‌. നീ ഒരു പെണ്ണാണ്‌ നിന്റെ കര്‍മ്മം കുഞ്ഞുങ്ങളെ നോക്കുകയും ഭര്‍ത്താവിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ നോക്കി ഉത്തമയായ ഭാര്യയായി നിലകൊള്ളുകയുമാണ്‌. എന്നുള്ള മിഥ്യാധാരണയാണ്‌ ഭൂരിഭാഗം ആളുകള്‍ക്കും. എന്നാല്‍ സ്‌ത്രീകളെ മുഖ്യധാരയിലേക്ക്‌ നയിക്കുന്ന പുരുഷന്മാരും കുറവല്ല. പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടു വരാനായി ഗവണ്‍മെന്റ്‌ പല പദ്ധതികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. അതിലൊന്നാണ്‌ സുകന്യാ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന പദ്ധതിയുടെ തുടര്‍ച്ചയായാണ്‌ ഈ ചെറുകിട സമ്പാദ്യപദ്ധതി ആവിഷ്‌കരിച്ചത്‌. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങള്‍ക്ക്‌ മാതാപിതാക്കളെ സര്‍വ്വതാ സജ്‌ജമാക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്‌ സുകന്യ സമൃദ്ധി യോജന പദ്ധതി. ഇവിടെ വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നം എന്തെന്നാല്‍ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി വിഭാവനം ചെയ്‌ത ഈ കേന്ദ്ര പദ്ധതിയില്‍ 90 ശതമാനം ഫണ്ടും വിനിയോഗിച്ചില്ല എന്നുള്ളതാണ്‌. ഇതിനുള്ള പരിഹാരം എന്തെന്നാല്‍ ഗവണ്‍മെന്റ്‌ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ ഗുണഭോക്‌താക്കളിലേക്ക്‌ ഫലപ്രദമായ രീതിയില്‍ എത്തുന്നുണ്ടോ എന്ന്‌ അന്വേഷിക്കേണ്ടതും ഇത്തരത്തിലുള്ള പദ്ധതികളെപ്പറ്റി സാധാരണക്കാരില്‍ വേണ്ടത്ര ബോധവത്‌കരണം നടത്തേണ്ടതും ഉദ്യോഗസ്‌ഥവൃന്ദങ്ങളുടെ പ്രധാന ചുമതലയാണ്‌. എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭൂരിഭാഗം പേരും ഒഴിഞ്ഞുമാറുകയാണ്‌.എല്ലാവര്‍ഷവും ബാലികാദിനം ആചരിക്കുമ്പോഴും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരില്‍ കൊടിയ യാതനകള്‍ അനുഭവിക്കേണ്ടിവരുന്ന ആഫ്രിക്കന്‍ പെണ്‍ കുട്ടികളുടെ രോദനങ്ങള്‍ നാം ഒരിക്കലും കേള്‍ക്കാതെ പോകരുത്‌. പല ആഫ്രിക്കന്‍ ഗോത്രങ്ങളിലും പെണ്‍കുട്ടികളെ അനാചാരങ്ങളുടെ പേരില്‍ മുറിപ്പെടുത്തുന്ന തരത്തിലുള്ള കാടന്‍ ആചാരങ്ങള്‍ ഇന്നും മുറതെറ്റാതെ നടക്കുന്നു.
മറ്റൊരുതരത്തില്‍ വേദന അനുഭവിക്കുന്നവരാണ്‌ ചുവന്നതെരുവുകളില്‍ വസിക്കുന്ന സ്‌തീകളുടെ പെണ്‍കുഞ്ഞുങ്ങള്‍. അവര്‍ ഇന്നും ഒരു ചോദ്യചിഹ്നമായി മാത്രം അവശേഷിക്കുന്നു. ഇവര്‍ക്ക്‌ ആര്‌ വിദ്യാഭ്യാസം നല്‍കും? ആരിവരെ പുരോഗതിയിലേക്ക്‌ നയിക്കും?. ഇങ്ങനെ ഒരു സാഹചര്യത്തില്‍ പിറന്നുവീഴേണ്ടി വന്നത്‌ ഈ കുരുന്നുകളുടെ തെറ്റാണോ?. ഒരിക്കലുമല്ല. മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കോ, പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കോ ഇത്തരം പ്രശ്‌നങ്ങളില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്‌ ദുഃഖകരമായ വസ്‌തുത.പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടതും അവര്‍ മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തപ്പെടേണ്ടതും സമൂഹത്തിന്റെ തന്നെ ആവശ്യമാണ്‌ എന്ന്‌ ഏവരും തിരിച്ചറിയണം. ഇന്ന്‌ ലോകം മുഴുവനും ബാലികാ ദിനം ആചരിക്കുന്ന വേളയില്‍ പെണ്‍കുട്ടികള്‍ക്ക്‌ പഠിക്കുവാനുള്ള അവകാശത്തിനു വേണ്ടി നിലകൊണ്ട്‌ താലിബാന്റെ ആക്രമണത്തിനിരയായ മലാല യൂസഫ്‌ സായിയെപ്പോലുള്ളവരെ വിസ്‌മരിക്കുവാന്‍ ആവുകയില്ല.
പെണ്‍കുട്ടികളുടെ മൗലിക അവകാശങ്ങളെക്കുറിച്ച്‌ അവള്‍ക്കു തന്നെ ബോധ്യമുണ്ടാകണം. എവിടെ അവളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നുവോ അവിടെ പ്രതികരിക്കുവാനുള്ള മനഃസാന്നിധ്യം എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടാകണം. അടുക്കളയില്‍ മാത്രം എരിഞ്ഞു തീരേണ്ടതല്ല ഓരോ പെണ്‍കുട്ടിയുടെയും ജീവിതമെന്നുള്ള ബോധം സമൂഹം ആര്‍ജിച്ചെടുക്കുകയും അതുവഴി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിപ്പെടുവാന്‍ അവള്‍ക്ക്‌ വഴിയൊരുക്കുകയും ചെയ്യണം.
കരയുവാന്‍ മാത്രം ശീലിക്കാതെ തങ്ങളുടെ ആഗ്രഹത്തിനൊത്ത്‌ ഉയരുവാന്‍ എല്ലാ പെണ്‍കുഞ്ഞും പ്രാപ്‌തി നേടണം. അതിനു വിലങ്ങുതടിയായി അവളുടെ സുരക്ഷയ്‌ക്കു മേല്‍ കരിനിഴല്‍ വീഴ്‌ത്തുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ നിയമത്താല്‍ ശക്‌തിപ്പെടുത്തണം. ഒരു കുഞ്ഞ്‌ ആക്രമിക്കപ്പെട്ടാല്‍ ആ കുരുന്നല്ല കെടുതി അനുഭവിക്കേണ്ടത്‌. ഓരോ പൊന്നോമനയുടെയും ജീവനും ജീവിതവും കാര്‍ന്ന്‌ തിന്നുന്നവന്‍ മാനുഷ്യ പരമ്പരയ്‌ക്കു തന്നെ തീരാകളങ്കമാണ്‌. നിയമം പലപ്പോഴും അവന്‌ ഇളവുകള്‍ കല്‍പ്പിച്ചു നല്‍കുമ്പോള്‍ അവിടെ നിഷ്‌ക്കാസനം ചെയ്യപ്പെടുന്നത്‌ അവളുടെ നീതിയാണ്‌ എന്ന്‌ ഏവരും തിരിച്ചറിയണം. വരൂ.....നമുക്കണിചേരാം അവളുടെ സുരക്ഷയ്‌ക്കായി, ഭാവിക്കായി, ഉന്നമനത്തിനായി, സന്തോഷത്തിനായി സര്‍വ്വോപരി അവളുടെ ആഗ്രഹങ്ങള്‍ക്കായി.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 11 Oct 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW