Sunday, January 14, 2018 Last Updated 17 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 04.17 PM

ബാഹുബലിയിലെ വില്ലന് പിന്നില്‍...

അന്യഭാഷയിലുള്‍പ്പടെ അറിയപ്പെടുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഷോബി തിലകന്‍ തന്റെ പുതിയ ചിത്രമായ ബാഹുബലിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു....
uploads/news/2017/10/154270/sobithilakan.jpg

മലയാളത്തിന്റെ ഇതിഹാസ നടന്‍ തിലകന്റെ മകന്‍. അച്ഛന്റെ ശബ്ദവും രൂപവും ഒരുപോലെ കിട്ടിയ മകന്‍ കൂടിയാണ് ഷോബി തിലകന്‍.

നടന്‍, സഹസംവിധായകന്‍ എന്നതിലുപരി മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് കൂടി നേടിയ ഷോബി തിലകന്റെ സിനിമാജീവിതത്തിലെ അവിസ്മരണീയ അനുഭവമാണ് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്.

ചിത്രത്തില്‍ റാണയുടെ കഥാപാത്രമായ പല്‍വാല്‍ദേവന്റെ ശബ്ദത്തിനുടമ ഷോബി തിലകനാണ്.

ബാഹുബലിയുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്ന് ഷോബി പറയുന്നു.

എല്ലാത്തിനുമുപരി തിലകനെന്ന അച്ഛന്റെ ശബ്ദം ലഭിച്ച ഈ മകന് ആ വലിയ കലാകാരന്റെ അഭിനയമികവിനൊപ്പം അദ്ദേഹത്തിന്റെ ശബ്ദമാകാനുളള ഭാഗ്യവും സിദ്ധിച്ചിട്ടുണ്ട്. ഷോബി തിലകന്റെ സിനിമാ ജീവിതത്തിലൂടെ....

മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണല്ലോ അറിയപ്പെട്ടുതുടങ്ങുന്നത്?


മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്ന ധാരാളം അന്യഭാഷാചിത്രങ്ങളില്‍ ഡബ്ബ് ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അരുന്ധതി, ഈച്ച, തുടങ്ങിയ തെലുങ്ക് സിനിമകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ അതില്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്ത സുദീപിനും സോനു സുഗതിനുമൊക്കെ ശബ്ദം കൊടുത്തിരുന്നു.

ഈ രണ്ട് ചിത്രത്തിന്റെയും സ്‌ക്രിപ്റ്റ് എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. അദ്ദേഹമാണ് ഇത്തരം മൊഴിമാറ്റ ചിത്രങ്ങളില്‍ എനിക്കവസരം നല്‍കുന്നത്. അദ്ദേഹത്തിന്റെ ധാരാളം ചിത്രങ്ങളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുമുണ്ട്.

അങ്ങനിരിക്കെയാണ് ഹരിഹരന്‍സാറിന്റെ പഴശ്ശിരാജ എന്ന ചിത്രം ചെയ്യാന്‍ ഇടയായത്. ഹരിഹരന്‍ സാര്‍ കഥ പ്ലാന്‍ ചെയ്തപ്പോഴേ മങ്കൊമ്പ് സാറിനോട് ചോദിച്ചിരുന്നു, ശരത്കുമാറിന് ഡബ്ബ് ചെയ്യാന്‍ പറ്റുന്ന ആരെങ്കിലും ഉണ്ടോ എന്ന്.

മങ്കൊമ്പ് സാര്‍ ഒട്ടും സംശയംകൂടാതെ എന്റെ പേര് പറയുകയായിരുന്നു. പക്ഷേ ഹരിഹരന്‍ സാറിന് എന്നെ അറിയില്ല. ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളെക്കുറിച്ചും മങ്കൊമ്പ് സാര്‍ അദ്ദേഹത്തോട് പറഞ്ഞു.

ആയിടയ്ക്ക് അച്ഛന്‍ മദ്രാസില്‍ ഏ േതാ സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോള്‍ ഹരിഹരന്‍ സാറിനെ കാണാനിടയായി. അദ്ദേഹം അച്ഛനോട് പറഞ്ഞു ശരത്കുമാറിന് ഡബ്ബ് ചെയ്യാന്‍ ഷോബിയുടെ പേരാണ് വന്നിരിക്കുന്നത്.. അപ്പോള്‍ അച്ഛന്‍ പറഞ്ഞു::അവന്‍ ചെയ്യും. അവന്റെ ശബ്ദം കറക്ടായിരിക്കും.. അപ്പോളെനിക്ക് കുറച്ചുകൂടി ധൈര്യമായി.

ഹരിഹരന്‍സാര്‍ ചൂടനാണ്, മമ്മൂട്ടിയെ വരെ വരച്ച വരയില്‍ നിര്‍ത്തിയ ആളാണ് എന്നൊക്കെയാണ് കേട്ടിരുന്നത്. അതുകൊണ്ടുതന്നെ അല്‍പ്പം പേടിയോടെയാണ് ഡബ്ബിംഗിനായി മദ്രാസിലേക്ക് പോയത്. ദൈവാനുഗ്രഹം കൊണ്ട് പഴശിരാജയുടെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന അവാര്‍ഡും കിട്ടി.

ബാഹുബലിയില്‍ റാണയ്ക്ക് ശബ്ദം നല്‍കിയ അനുഭവം?


ബാഹുബലി മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോഴേ മങ്കൊമ്പ് സാര്‍ പറഞ്ഞു. റാണയ്ക്ക് പറ്റിയ ശബ്ദം ഷോബിയുടേതാണെന്ന്. അങ്ങനെയാണ് പല്‍വാല്‍ദേവന്‍ എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ അവസരം ലഭിക്കുന്നത്.

ബാഹുബലി രണ്ടാം ഭാഗം റിലീസാകുന്നത് ഏപ്രില്‍ 28 ാം തീയതിയാണ്. തലേദിവസം ഒരു സുഹൃത്തിന്റെ മക്കളുടെ അരങ്ങേറ്റ ചടങ്ങിന്റെ ഭാഗമായി ഞാന്‍ ദുബയില്‍ പോയിരുന്നു. 27 ന് രാത്രിയില്‍ ബഹറൈനില്‍ ബാഹുബലി റിലീസ് ചെയ്തു.

അന്നുതന്നെ ധാരാളം മലയാളികള്‍ ചിത്രം കണ്ടു. ഞാന്‍ ചടങ്ങിനു ചെന്നിരുന്നു. സ്വാഗത പ്രസംഗത്തില്‍ ബാഹുബലിയില്‍ റാണയ്ക്കു ശബ്ദം കൊടുത്ത ഷോബി തിലകന്‍ എന്നുപറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്. അവിടിരുന്നവരെല്ലാം ഗംഭീര കൈയ്യടി നല്‍കിയാണ് അഭിനന്ദിച്ചത്.

അതേ സ്‌റ്റേജില്‍ അന്ന് മറ്റൊരു ഫംങ്ഷനും കൂടിയുണ്ടായിരുന്നു. അതിനുകൂടി പങ്കെടുക്കണമെന്നു സംഘാടകര്‍ പറഞ്ഞു. സ്റ്റേറ്റ് അവാര്‍ഡ് ജേതാക്കളായ വിനായകനും രജിഷയുമാണ് അവിടുത്തെ ചീഫ് ഗസ്റ്റ്. അവരോടൊപ്പം എന്നെയും കൂടി ചേര്‍ത്തു. ഹാള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു.

വിനായകനും രജിഷയും സംസാരിച്ചു. മൂന്നാമത് എന്നെ വിളിച്ചു. ഞാന്‍ മൈക്കിനു മുന്നില്‍ വന്നപ്പോള്‍ എല്ലാവരും നിശബ്ദരായി. ബഹുമാനപ്പെട്ട..എന്ന് പറഞ്ഞുതുടങ്ങിയെങ്കിലും കയ്യടി കാരണം എനിക്കൊന്നും തുടരാനായില്ല. മറ്റേതോ ലോകത്തായിപ്പോയി ഞാന്‍. മറക്കാന്‍ പറ്റാത്ത അനുഭവമാണ്.

പല്‍വാല്‍ദേവന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ ആളുകളെല്ലാം എന്നെ സ്നേഹംകൊണ്ട് മൂടുകയായിരുന്നു.

TRENDING NOW