Wednesday, December 06, 2017 Last Updated 7 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 01.37 AM

രാഷ്‌ട്രപതിയുടെ വാക്കുകള്‍ ഉണര്‍വേകട്ടെ

uploads/news/2017/10/154068/editorial.jpg

രാഷ്‌ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ രാംനാഥ്‌ കോവിന്ദ്‌ അമൃതാനന്ദമയി മഠത്തില്‍ നടത്തിയ പ്രസംഗം കേരളത്തിന്റെ പേര്‌ മറ്റുസംസ്‌ഥാനങ്ങളില്‍ ചീത്തയായി ചിത്രീകരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവരെല്ലാം ശ്രദ്ധിക്കേണ്ടതാണ്‌. കേരളത്തിലെ മതസൗഹാര്‍ദ്ദം ഉജ്വലമാണെന്നാണ്‌ രാഷ്‌ട്രപതി പറഞ്ഞത്‌. കേരളത്തിന്റെ സാംസ്‌കാരികവും മതപരവുമായ ഐക്യവും ഔന്നത്യവും ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.ശങ്കരാചാര്യരും ശ്രീനാരായണഗുരുവും അയ്യങ്കാളിയും ആധ്യാത്മികതയ്‌ക്കൊപ്പം സാമൂഹ്യപരിഷ്‌കരണത്തിലും പരിവര്‍ത്തനം സൃഷ്‌ടിച്ചു. ൈക്രസ്‌തവര്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയത്‌ കേരളത്തിലാണ്‌. രാജ്യത്ത്‌ ആദ്യ മുസ്ലിം പള്ളി കേരളത്തിലാണ്‌ പടുത്തുയര്‍ത്തിയത്‌. എല്ലാ വിഭാഗക്കാരും സൗഹാര്‍ദ്ദത്തോടെ കഴിയുന്നു. എല്ലാവരും പരസ്‌പരധാരണയോടെ, സഹവര്‍ത്തിത്വത്തോടെ ഓരോരുത്തരുടെയും വിശ്വാസത്തെ ആദരിച്ചു ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭിനന്ദനാര്‍ഹമാണ്‌-ഇതാണ്‌ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്റെ കാതല്‍.

കേരളത്തില്‍ ക്രമസമാധാനനില തകരാറിലാണെന്നു പറഞ്ഞ്‌ രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തില്‍ വലിയ പ്രചാരണം നടക്കുമ്പോഴാണ്‌ രാഷ്‌ട്രപതി കേരളത്തിന്റെ സൗഹാര്‍ദ്ദത്തെ പുകഴ്‌ത്തുന്നത്‌. കേരളത്തിനെക്കുറിച്ച്‌ സംസ്‌ഥാനത്തിനു പുറത്ത്‌ പലതരം അപവാദങ്ങളും പ്രചരിപ്പിക്കപ്പെടുമ്പോഴാണ്‌ പ്രഥമപൗരന്റെ ഈ പ്രസ്‌താവന എന്നത്‌ സംസ്‌ഥാനത്തെ സംബന്ധിച്ചിടത്തോളം ഒരേസമയം ആശ്വാസവും അഭിമാനവും പകരുന്നതാണ്‌. പറഞ്ഞത്‌ രാഷ്‌ട്രപതി ആയതുകൊണ്ടും പറഞ്ഞവേദി അനേകായിരം അനുയായികളുള്ള മാതാമൃതാനന്ദമയിയുടെ ആശ്രമമാണെന്നതുകൊണ്ടും അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയൊരു ജനസമൂഹത്തിലേക്കായിരിക്കും എത്തുക. ആധികാരികമായ വാക്കുകള്‍ എന്ന നിലയില്‍ കേരളത്തെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കാന്‍ രാഷ്‌ട്രപതിയുടെ വാക്കുകള്‍ക്ക്‌ കഴിയും.

രാജ്യത്തിന്റെ മറ്റ്‌ ഏതൊരു സംസ്‌ഥാനത്തേക്കാളും മതസൗഹാര്‍ദ്ദം അതിശക്‌തമായ നാടാണ്‌ കേരളം എന്നത്‌ തര്‍ക്കമില്ലാത്ത വസ്‌തുതയാണ്‌. പല സംസ്‌ഥാനങ്ങളിലും വിവിധ മതവിഭാഗങ്ങള്‍ ഇടകലരാതെ വേറിട്ടു താമസിക്കുന്ന കാഴ്‌ചയാണ്‌ കാണുക. താഴ്‌ന്ന ജാതിക്കാര്‍ ഉയര്‍ന്ന വിഭാഗക്കാരുടെ കണ്‍വെട്ടത്തു പോലും വരാതെ ഒഴിഞ്ഞു ജീവിക്കേണ്ട സ്‌ഥലങ്ങളുണ്ട്‌. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ കൂട്ടംചേര്‍ന്ന്‌ വധിക്കുന്ന സ്‌ഥിതി വരെയുണ്ട്‌. ഇതൊന്നും കേരളത്തിന്റെ കാര്യത്തില്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്‌. ഇത്തരം ദുഷ്‌ചിന്തകള്‍ കേരളത്തില്‍ ഇനിയും എത്തിയിട്ടില്ല എന്നത്‌ ആശ്വാസമാണ്‌. എന്നിട്ടും കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു എന്നത്‌ ഖേദകരമാണ്‌.

കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിനു തുരങ്കം വയ്‌ക്കാന്‍ ആരെയും അനുവദിച്ചു കൂടാ. തൊട്ടുകൂടായ്‌മയും തീണ്ടലുമൊക്കെ നിലനിന്ന ഒരു സമൂഹത്തില്‍ നിന്ന്‌ ഇന്നത്തെ സൗഹാര്‍ദ്ദ അന്തരീക്ഷത്തിലേക്ക്‌ കേരളം വളര്‍ന്നത്‌ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും സാമൂഹ്യ-രാഷ്‌ട്രീയ പ്രവര്‍ത്തകരുടെയും കലാ-സാംസ്‌കാരിക പ്രമുഖരുടെയും മൊത്തത്തില്‍ ജനങ്ങളുടെയും ശ്രമഫലമാണ്‌. പതിറ്റാണ്ടുകള്‍ നീണ്ട സാമൂഹ്യപരിവര്‍ത്തനമാണ്‌ അത്‌. അതിനു തുരങ്കം വയ്‌ക്കാനുള്ള ശ്രമങ്ങള്‍ ചിലകോണുകളിലെങ്കിലും ഉണ്ടാകുന്നുവെന്നതും കാണാതിരിക്കാനാവില്ല. കേരളത്തിന്റെ മൊത്തം പാരമ്പര്യം വച്ച്‌ നോക്കിയാല്‍ ഇതിനു ശ്രമിക്കുന്നവര്‍ക്ക്‌ വിജയം വരിക്കാനാവില്ലെന്നതു വ്യക്‌തമാണ്‌. എങ്കിലും അതിന്‌ ആരെങ്കിലും ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നിന്ന്‌ അതിനെ തോല്‍പ്പിക്കുക എന്നതാണ്‌ കേരളീയര്‍ ചെയ്യേണ്ടത്‌.

Ads by Google
Tuesday 10 Oct 2017 01.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW