Monday, July 23, 2018 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 01.36 AM

കാറ്റലോണിയയും വളരുന്ന ദേശീയതയും

uploads/news/2017/10/154067/bft1.jpg

ജനങ്ങളുടെ ദേശീയ വികാരവും, ദേശസ്‌നേഹവുമാണ്‌ ഒരു രാഷ്‌ട്രത്തെ നിലനിര്‍ത്തുന്നത്‌. രാഷ്‌ട്രത്തിന്റെ അടിത്തറ ദേശീയ വികാരത്തില്‍ ഊന്നിനിന്നുകൊണ്ടുള്ളതുമാണ്‌. ദേശീയത തന്നെയാണ്‌ രാജ്യങ്ങളുടെ സൃഷ്‌ടിക്ക്‌ ആധാരവും. ഈ വികാരത്തെ തൃണവല്‍ഗണിച്ചുകൊണ്ട്‌ ഒരു പ്രദേശത്തേയും ചൊല്‍പ്പടിക്ക്‌ നിര്‍ത്താന്‍ ഒരു ഭരണാധികാരിക്കും സാധിക്കില്ല.
ദേശീയതയുടെ അടിസ്‌ഥാനത്തില്‍ മാത്രമേ ഏതു രാജ്യവും രൂപീകൃതമാവുകയും നിലനില്‍ക്കുകയും ചെയ്യുകയുള്ളൂ. ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്‌മരിക്കുന്ന സ്‌പാനിഷ്‌ ഭരണകൂടത്തിന്‌ എതിരായാണ്‌ സ്വതന്ത്ര്യരാഷ്‌ട്ര രൂപീകരണ ലക്ഷ്യവുമായി കാറ്റലോണിയ മുന്നോട്ടു പോകുന്നത്‌.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള സംസ്‌കാരവും ചരിത്രവും ചേരുന്ന കടുത്ത ദേശീയതയാണ്‌ കാറ്റലോണില്‍ നിലവിലുള്ളത്‌. സ്‌പെയിനിലെ ഏറ്റവും സമ്പന്നമായ പ്രദേശമാണിത്‌. അതുകൊണ്ടു തന്നെയാണ്‌ യാതൊരു ബാഹ്യ ഇടപെടലുകളോ, പ്രത്യേക രാഷ്‌ട്രീയ പ്രശ്‌നങ്ങളോ ഇല്ലാതെ സമ്പന്നമായ ഈ പ്രദേശം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നത്‌.
കാറ്റലോണിയ സ്‌പെയിനിന്റെ ഭാഗമായിട്ടുള്ള ഫ്രാന്‍സിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്വയംഭരണ പ്രവിശ്യയാണ്‌. കഴിഞ്ഞ അഞ്ചാം നൂറ്റാണ്ടില്‍ കാറ്റലോണിയ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന്‌ പലരും ഈ പ്രദേശം കയ്യടക്കുകയും ചെയ്‌തിട്ടുണ്ട്‌. 1714 -ല്‍ ഫിലിപ്പ്‌ 5 -ാമന്‍ രാജാവ്‌ കാറ്റലോണിയ പിടിച്ചടക്കുകയും സ്വേച്‌ഛാധിപത്യ ഭരണം അടിച്ചേല്‍പ്പിക്കുകയും ചെയ്‌തു.
കാറ്റലോണിയന്‍ ജനതയുടെ ദേശീയ വികാരവും സ്വയംഭരണ അവകാശത്തിനായുള്ള പോരാട്ടവും എല്ലാം അംഗീകരിച്ചുകൊണ്ട്‌ 1932 -ല്‍ സ്വയംഭരണാവകാശം നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ സേ്വച്‌ഛാധിപതിയായിരുന്ന സ്‌പെയിനിലെ ജനറല്‍ ഫ്രാങ്കോയുടെ ഗവണ്‍മെന്റ്‌ കാറ്റലോണിയയുടെ സ്വയംഭരണ അവകാശം എടുത്തുകളയുകയും ചെയ്‌തു.
ഇന്ന്‌ കാറ്റലോണിയ സ്‌പാനിഷ്‌ സമ്പദ്‌ഘടനയുടെ നെടുംതൂണാണ്‌. സ്‌പെയിനിന്റെ കയറ്റുമതി 26 % വും കാറ്റലോണിയയില്‍ നിന്നാണ്‌. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ 19% വും ഇവിടെ നിന്നുമാണ്‌. സ്‌പെയിനിലെത്തുന്ന വിദേശ നിക്ഷേപത്തിന്റെ 21% വും കാറ്റലോണിയെയാണ്‌ ലക്ഷ്യമിടുന്നത്‌. ഈ നിലയില്‍ സ്‌പാനിഷ്‌ സമ്പദ്‌ ഘടനയിലെ വളരെ പ്രധാനപ്പെട്ടതാണ്‌ ഈ പ്രദേശം.
സ്വാതന്ത്ര്യ പദവിക്കായുള്ള കാറ്റലോണിയയുടെ ത്യാഗപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നീണ്ട പാരമ്പര്യമാണുള്ളത്‌. 2006 -ല്‍ സ്‌പെയിന്‍ പാര്‍ലമെന്റ്‌ കാറ്റലോണിയയ്‌ക്ക്‌ ഭാഗികമായ സ്വയംഭരണ അവകാശം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ 2010 -ല്‍ സ്‌പെയിനിലെ ഭരണഘടനാ കോടതി 2006 -ല്‍ കാറ്റലോണിയയ്‌ക്ക്‌ നല്‍കിയ സ്വയംഭരണാവകാശങ്ങള്‍ റദ്ദ്‌ ചെയ്യുകയാണ്‌ ഉണ്ടായത്‌.
2012 -ല്‍ സ്വയംഭരണാവകാശത്തിനായി ബാര്‍സിലോണിയയില്‍ 10 ലക്ഷം പേരുടെ റാലി സംഘടിപ്പിച്ചുകൊണ്ട്‌ കാറ്റലോണിയന്‍ സ്വാതന്ത്ര്യ വാദികള്‍ ചരിത്രം സൃഷ്‌ടിച്ചു. കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തിനുള്ള മൂവ്‌മെന്റിന്‌ ശക്‌തമായി നേതൃത്വം നല്‍കുന്ന കാര്‍ലസ്‌ കുയിഡ്‌ജ്‌മോണ്ട്‌ 2016 ലാണ്‌ കാറ്റലോണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. 2017 ജൂണില്‍ ഇദ്ദേഹം കാറ്റലോണിയയ്‌ക്ക്‌ സ്വാതന്ത്ര്യ പദവിക്കായുള്ള റഫണ്ടത്തിന്‌ തീരുമാനിക്കുകയും ചെയ്‌തു.
കഴിഞ്ഞ ഒക്‌ടോബര്‍ 1 -ന്‌ നടന്ന കാറ്റലോണിയന്‍ ഹിതപരിശോധനയ്‌ക്കിടെ വ്യാപക സംഘര്‍ഷം ഉണ്ടായി. ഹിതപരിശോധന നടപടികള്‍ പോലീസ്‌ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ്‌ സ്‌ഥിതിഗതികള്‍ മോശമായത്‌. പോലീസ്‌ ഇടപെടലിനെ തുടര്‍ന്ന്‌ ആയിരത്തോളം പേര്‍ക്ക്‌ പരുക്കേറ്റതായി ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടി പ്രത്യേക കാറ്റലോണിയന്‍ രാഷ്‌ട്രം രൂപീകരിക്കുന്നതില്‍ അഭിപ്രായം തേടിയാണ്‌ ഹിതപരിശോധന. എന്നാല്‍ ഹിതപരിശോധന നിയമ വിരുദ്ധമാണെന്ന്‌ സ്‌പാനിഷ്‌ ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു.
ഭരണഘടനാ കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച വോട്ടെടുപ്പ്‌ തടയുമെന്ന്‌ സ്‌പാനിഷ്‌ സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയ്‌ക്കുള്ള പോളിംഗ്‌ ബൂത്തുകളില്‍ പകുതിയിലധികം പോലീസ്‌ കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. വോട്ടിംഗ്‌ തടഞ്ഞ പോലീസ്‌ ബാലറ്റ്‌ പേപ്പറുകളും പെട്ടികളും ജപ്‌തി ചെയ്‌തു.
കാറ്റലോണിയന്‍ തലസ്‌ഥാനമായ ബാഴ്‌സലോണിയയില്‍ ഹിതപരിശോധനാ അനുകൂലികള്‍ക്ക്‌ നേരെ പോലീസ്‌ ലാത്തിച്ചാര്‍ജും, റബര്‍ ബുള്ളറ്റ്‌ ഉപയോഗിച്ച്‌ വെടിവെയ്‌പും നടത്തി. പോലീസ്‌ അവരുടെ ജോലി കൃത്യതയോടെ നിറവേറ്റിയെന്നായിരുന്നു സംഭവത്തെക്കുറിച്ച്‌ സ്‌പാനിഷ്‌ ഉപപ്രധാനമന്ത്രി റോസായ സേല്‍സ്‌ അഭിപ്രായപ്പെട്ടത്‌. പോലീസ്‌ നടപടിയെ കാറ്റലോണിയന്‍ നേതാക്കള്‍ അപലപിച്ചു. ആക്രമണം അഴിച്ചുവിട്ട പോലീസ്‌ നടപടി നീതികരിക്കാനാവില്ലെന്ന്‌ കാറ്റലോണിയന്‍ നേതാവ്‌ കാള്‍പിഗ്‌ദേമോന്‍ അഭിപ്രായപ്പെട്ടു. അര്‍ത്ഥ സൈന്യ വിഭാഗമായ ഗാര്‍ഡിയ സിവില്‍ കുട്ടികളും, വൃദ്ധരും അടക്കമുള്ളവരെ മര്‍ദ്ദിച്ചതായി വോട്ടര്‍മാര്‍ അറിയിച്ചു.
ജനാധിപത്യ റിപ്പബ്ലിക്കിന്റെ രൂപത്തില്‍ കാറ്റലോണിയ സ്വതന്ത്ര്യ രാഷ്‌ട്രമായി മാറണമെന്ന്‌ നിങ്ങള്‍ ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ്‌ ഹിതപരിശോധനയില്‍ ചോദിച്ചത്‌. ഇതിന്‌ അതെ അല്ലെങ്കില്‍ അല്ല എന്ന്‌ വോട്ടു രേഖപ്പെടുത്താം.
വോട്ടര്‍മാര്‍ക്ക്‌ സ്വന്തമായി ബാലറ്റ്‌ പേപ്പര്‍ പ്രിന്റ്‌ ചെയ്യുന്നതിനും ഏത്‌ പോളിംഗ്‌ കേന്ദ്രത്തിലും വോട്ടു ചെയ്യാനും കാറ്റലന്‍ പ്രാദേശിക സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വോട്ടെടുപ്പ്‌ സാമഗ്രികള്‍ പോലീസ്‌ ജപ്‌തി ചെയ്‌ത സാഹചര്യത്തിലായിരുന്നു ഇത്‌. ഹിതപരിശോധനയില്‍ അനുകൂല ജനവിധി ഉണ്ടായാല്‍ മണിക്കൂറിനകം സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുമായിരുന്നു പ്രാദേശിക സര്‍ക്കാരിന്റെ തീരുമാനം.
ഹിതപരിശോധനയില്‍ 90% വും അനുകൂലമായിട്ടാണ്‌ വോട്ടുചെയ്‌തത്‌. സ്‌പാനിഷ്‌ സര്‍ക്കാരും ഭരണഘടനാ കോടതിയും നിയമവിരുദ്ധമാക്കിയതിനെ തുടര്‍ന്ന്‌ സംഘര്‍ഷം തെരുവിലെത്തിയ ഈ ഹിതപരിശോധനയിലാണ്‌ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്ന ജനവിധിയുണ്ടായിരിക്കുന്നത്‌.
ഫലം കാറ്റലോണിയന്‍ പാര്‍ലമെന്റിന്‌ സമര്‍പ്പിക്കുമെന്നും അന്തിമ തീരുമാനം സഭയെടുക്കുമെന്നും പ്രാദേശിക സര്‍ക്കാര്‍ മേധാവി കാര്‍ലസ്‌ പുഷേമാണ്‍ പറഞ്ഞു. എന്നാല്‍ ഹിതപരിശോധന എന്ന പേരില്‍ കാറ്റലോണിയന്‍ ജനതയെ വിഡ്‌ഢികളാക്കുകയായിരുന്നുവെന്ന്‌ സ്‌പാനിഷ്‌ പ്രധാനമന്ത്രി മരിയാനോ രജോയ്‌ പറഞ്ഞു.
മേഖലയില്‍ 53 ലക്ഷം അംഗീകൃത വോട്ടര്‍മാരില്‍ 22 ലക്ഷം പേരാണ്‌ കഴിഞ്ഞ ദിവസം വോട്ട്‌ ചെയ്‌തത്‌. ഭരണഘടനാ കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന്‌ പല പ്രദേശത്തും വോട്ടെടുപ്പ്‌ പോലീസ്‌ തടസപ്പെടുത്തുയും ചെയ്‌തിരുന്നു.
ഹിതപരിശോധനയുടെ അടിസ്‌ഥാനത്തില്‍ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി കാറ്റലോണിയ മുന്നോട്ടു പോയാല്‍ ഈ മേഖല കലാപ കലുഷിതമാകുമെന്ന്‌ ഉറപ്പാണ്‌. ഭരണഘടനാ കോടതി വിലക്കിയ ഹിതപരിശോധനയ്‌ക്ക്‌ ആഹ്വാനം ചെയ്‌ത പ്രാദേശിക സര്‍ക്കാര്‍ മേധാവി കാര്‍ലസ്‌ പുഷോമോണെ പുറത്താക്കുന്നത്‌ കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലാണ്‌.
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‌ കോപ്പുകൂട്ടിയാല്‍ സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുമെന്ന്‌ സ്‌പാനിഷ്‌ നീതിന്യായ മന്ത്രി റാഫേല്‍ കറ്റാല അറിയിച്ചു. രാജ്യത്തിന്റെ നിയമപ്രകാരം അടിയന്തിര ഘട്ടങ്ങളില്‍ മേഖലയുടെ സമ്പൂര്‍ണ അധികാരം ദേശീയ ഭരണകൂടത്തിന്‌ ഏറ്റെടുക്കാനാകും. സ്‌പെയിനില്‍ ഐക്യതയും സുസ്‌ഥിരതയും ഉറപ്പാക്കണമെന്നും വിട്ടുപോയാല്‍ സ്വാതന്ത്ര്യ കാറ്റലോണിയ തങ്ങളുടെ ഭാഗമാകില്ലെന്നും യൂറോപ്യന്‍ യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്‌. അതേസമയം ഈ ഹിതപരിശോധനയ്‌ക്ക്‌ മേഖലയിലും അന്തര്‍ദ്ദേശീയമായും പിന്തുണ വര്‍ദ്ധിച്ചിരിക്കുകയാണ്‌. പോലീസിനെ ഉപയോഗിച്ച്‌ ഹിത പരിശോധന അടിച്ചമര്‍ത്തിയത്‌ അംഗീകരിക്കാനാകില്ലെന്ന്‌ നിരവധി രാജ്യങ്ങളിലെ വിദേശകാര്യ വക്‌താക്കള്‍ പറയുകയും ചെയ്‌തിട്ടുണ്ട്‌.
സ്‌പെയിന്‍ രാജാവ്‌ ഫിലിപ്പ്‌ 6 -ാമന്‍ റഫറണ്ടത്തിന്‌ എതിരായി ശക്‌തമായി രംഗത്ത്‌ വന്നിട്ടുണ്ട്‌. റഫറണ്ടത്തിന്‌ നേതൃത്വം നല്‍കിയവര്‍ രാജ്യത്തെ നിയമത്തിനെതിരായി നില്‍ക്കുന്നവരാണെന്ന്‌ അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ഈ സംഭവവികാസങ്ങള്‍ ഏറ്റവും ഗുരുതരമായിട്ടുള്ളതാണെന്ന്‌ അദ്ദേഹം പറയുകയും ചെയ്‌തു. റഫറണ്ടത്തെ അപലപിച്ച രാജാവ്‌ കാറ്റലന്‍ സമൂഹത്തെ ക്ഷീണിപ്പിക്കാന്‍ മാത്രമേ ഇത്‌ സഹായിക്കുകയുള്ളൂ എന്ന്‌ വ്യക്‌തമാക്കുകയും ചെയ്‌തു.
കാറ്റലോണിയ സ്‌പെയിനില്‍ നിന്നും വിട്ടുപോകുന്നതിനെതിരായി സ്‌പെയിന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്‌ നീങ്ങുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
കാറ്റലോണിയയുടെ നിലവിലുള്ള സ്വാതന്ത്ര്യ പദവികളാകെ റദ്ദ്‌ ചെയ്യുകയും ഭരണം കേന്ദ്രം നേരിട്ട്‌ നിര്‍വ്വഹിക്കുകയും ചെയ്യുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്‌.
സ്‌പാനിഷ്‌ പ്രധാനമന്ത്രി മരിയാനോ രജോ പ്രതിപക്ഷ പാര്‍ട്ടികളുമായി പുതിയ സംഭവ വികാസങ്ങളെപ്പറ്റി ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷം കാറ്റലന്‍ പ്രസിഡന്റുമായി അനുരഞ്‌ജന സംഭാഷണം നടത്തണമെന്നാണ്‌ പ്രധാന മന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. ധൃതി പിടിച്ച്‌ ഒന്നും ചെയ്യരുതെന്ന്‌ പ്രതിപക്ഷം അഭിപ്രായപ്പെട്ടു.
എന്തായാലും ഉടന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള മുന്‍ നിലപാടില്‍ നിന്നും കാറ്റലോണിയന്‍ പ്രസിഡന്റ്‌ കാള്‍സ്‌ ഫ്യൂഡേ മോണ്ടും പിറകോട്ട്‌ പോയതായിട്ടാണ്‌ ഒടുവില്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. സ്‌പെയിന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താനും അതിനനുസൃതമായി ഭാവിനടപടികള്‍ കൈക്കൊള്ളാനുമാണ്‌ അദ്ദേഹത്തിന്റെ നീക്കം. ദേശീയതയെ അംഗീകരിപ്പിക്കുന്നതിനും, സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ ദേശീയ ജനവിഭാഗങ്ങള്‍ ഇന്ന്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ജനങ്ങളുടെ ദേശീയ വികാരങ്ങളെ പല രാജ്യങ്ങളിലും ശക്‌തമായി അടിച്ചമര്‍ത്തുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.
വിവിധ രാജ്യങ്ങളിലെ ദേശീയ ജനവിഭാഗങ്ങളുടെ വികാരത്തെ ചവിട്ടിമെതിക്കുന്ന, ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും ഭരണകൂടങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്‌ കാറ്റലോണിയയിലെ സംഭവങ്ങള്‍. യാന്ത്രികമായി ഒരു രാജ്യത്തെ സൃഷ്‌ടിക്കാനോ, നിലനിര്‍ത്താനോ സാധ്യമല്ല. ദേശീയ ജനവികാരങ്ങളാണ്‌ പരമപ്രധാനം. ഈ വികാരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോകാന്‍ ഒരു ഭരണാധികാരികള്‍ക്കും സാധിക്കുകയില്ലെന്നും ലോകത്തോട്‌ വിളിച്ച്‌ പറയുകയാണ്‌ കാറ്റലോണിയയിലെ സ്വാതന്ത്ര്യ ദാഹികളായ ഈ ജനസമൂഹം. ലോകത്തെ വിവിധ രാജ്യങ്ങളിലെ ദേശീയതും, ദേശീയ ജനവിഭാഗങ്ങളും അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും പ്രതികരിക്കാനും ഇന്ന്‌ തയാറായിട്ടുണ്ട്‌. ഇവര്‍ക്കാകെ ആവേശം പകരുന്ന ഒന്നുമാണ്‌ കാറ്റലോണിയയിലെ ഈ സംഭവ വികാസങ്ങള്‍.

അഡ്വ: ജി.സുഗുണന്‍

Ads by Google
Tuesday 10 Oct 2017 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW