Tuesday, October 16, 2018 Last Updated 22 Min 44 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 09 Oct 2017 02.05 PM

സ്വന്തം നാടിനെ തെരുവുകളില്‍ താറടിക്കുന്ന ഗീബല്‍സുമാര്‍ ഓര്‍ക്കുക കേരളമെന്ന് കേള്‍ക്കുമ്പോള്‍ ചോരതിളയ്ക്കണം

കൊലപാതങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ്. അതിനെ എന്നും നാട് ഒന്നിച്ചുനിന്ന് എതിര്‍ത്തിട്ടുമുണ്ട്. പക്ഷേ ഒരു കുറ്റക്കാരെ ചൂണ്ടിക്കാട്ടുന്നവര്‍ കുറ്റരഹിതരായിരിക്കണം. രണ്ടുകാലിലും വലിയമന്തുള്ളവര്‍ മന്ത് മൂടിവച്ച് ഉണ്ണിമന്തുകാരനെ മന്താ! മന്താ! എന്ന് വിളിക്കുന്നതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. വര്‍ഗ്ഗീയവിഷം കുത്തിവച്ച് മനുഷ്യനെ തെരുവ്‌നായകളെക്കാളും ക്രൂരമായി വെട്ടിയും അടിച്ചും കുത്തിയും കത്തിച്ചും കൊന്നുതള്ളിയ കൊലയാളികളാണ് കേരളത്തിനെ കൊലക്കളമായി ചിത്രീകരിക്കുന്നത്.
uploads/news/2017/10/153876/moonamkannu0ct917.jpg

'പോള്‍ ജോസഫ് ഗീബല്‍സ്' ഈ പേര് ഒരുപക്ഷേ എല്ലാവര്‍ക്കും പരിചിതമായിരിക്കില്ല, എന്നാല്‍ വെറും ഗീബല്‍സ് എന്ന് പറഞ്ഞാല്‍ ഒരു ചെറിയകുട്ടിയ്ക്കുപോലും അറിയാമായിരിക്കുകയും ചെയ്യും. നുണപ്രചരണത്തിന്റെ മറ്റൊരു രൂപമാണ് ഗീബല്‍സ് എന്നാണ് നാം മനസിലാക്കിയിട്ടുള്ളത്. ഹിറ്റ്‌ലറുടെ പ്രചരണമന്ത്രി. നാസി ജര്‍മ്മനിയുടെ നയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഹിറ്റ്‌ലറുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍. അങ്ങനെ ഗീബല്‍സിന് നമുക്ക് നിരവധി വിശേഷണങ്ങള്‍ നല്‍കാം.

ഈ തലമുറയില്‍പ്പെട്ടവര്‍ ഗീബല്‍സിനെക്കുറിച്ച് വായിച്ചും കേട്ടും മനസിലാക്കിയിരിക്കുകയേ ഉള്ളു. ഇല്ലാതെ അദ്ദേഹത്തെ കണ്ടിരിക്കാന്‍ വഴിയില്ല. കള്ളം മാത്രം വായില്‍ നിന്നും പുറത്തുവരുന്ന അത്തരമൊരു അവതാരത്തെ കാണണമെന്ന ആഗ്രഹം ഒരുപക്ഷേ പലര്‍ക്കുമുണ്ടായിരിക്കാം. അങ്ങനെയുള്ളവര്‍ ഇപ്പോള്‍ വിഷമിക്കേണ്ടതില്ല, നമ്മുടെ ചുറ്റിനും ദിനംപ്രതി ഗീബല്‍സുമാര്‍ പൊട്ടിമുളയ്ക്കുകയാണ്. ഗീബല്‍സ് താന്‍ ജനിച്ചുവളര്‍ന്ന് അധികാരത്തിലെത്തിയ നാടിനെ ശക്തിപ്പെടുത്തുന്നതിനാണ് നുണപ്രചരണം നടത്തിയിരുന്നതെങ്കില്‍ ഇവിടെ ചിലര്‍ ജനിച്ചുവീണ മണ്ണിനെയാണ് അപമാനിക്കുന്നത്. വിശാലമായി ചിന്തിക്കുന്ന കേരളത്തിന്റെ സമൂഹത്തില്‍ സങ്കുചിതചിന്തക്കാര്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ട് പെറ്റമ്മയ്ക്ക് തുല്യമായ നാടിനെ തള്ളിക്കളയുകയാണ്.

രാഷ്ട്രപതിയാണെങ്കിലും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഭാഗമായിരുന്ന വ്യക്തിയാണ് രാംനാഥ് കോവിന്ദ്. അദ്ദേഹം രാഷ്ട്രപതി സ്ഥാനത്ത് എത്തിയതുതന്നെ ഈ സംഘടനകളുടെ പ്രതിനിധിയായിട്ടാണ്. എന്നാല്‍ ഇന്നലെ കേരളത്തിലെത്തിയ രാഷ്ട്രപതി കേരളത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഗീബല്‍സിയന്‍ ബിരുദംനേടി നടക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ ഒന്നു കേട്ടുനോക്കണം. കേരളത്തിന്റെ മേന്മയെ അദ്ദേഹം അക്കമിട്ടാണ് നിരത്തുന്നത്. അത് അതിശോക്തിപരവുമല്ല. മതസഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സര്‍വതും ഉള്‍ക്കൊള്ളുന്നതിന്റേയും അംഗീകരിക്കുന്നതിന്റേയും മാതൃകയാണ് കേരളം എന്നാണ് അദ്ദേഹം പറഞ്ഞത്. അതുമാത്രമല്ല, രാജ്യത്തുതന്നെ സാമൂഹികതിന്മ മാച്ചുകളയാന്‍ മുന്‍കൈയെടുത്ത നാടുമാണ് കേരളം. വിപ്ലവകരമായ പലതും ആദ്യം നടപ്പാക്കിയതും ഇന്ന് പലതിലും മുന്നില്‍ നില്‍ക്കുന്നതുമായ നാടാണ് കേരളം.

അതിനെ വിമര്‍ശിക്കുന്നത് ഇന്നും ശിലായുഗത്തില്‍ നിന്നും പുറത്തുവന്നിട്ടില്ലാത്ത ഒരുകൂട്ടം ആള്‍ക്കാരാണ്. പശു കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്നുവെന്ന് പ്രചരണം നടത്തുന്ന ഒരുവിഭാഗമാണ് ഇത് നടത്തുന്നത് എന്നാണ് രസം. അവരുടെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ഇന്നലെ പറഞ്ഞത് ഇവിടെ കൊലപാതകം മാത്രമാണെന്നാണ്. 120ലധികം സംഘപരിവാര്‍ അംഗങ്ങളെകൊന്നുവെന്നാണ്. കേരളം ഉണ്ടായതിന് മുമ്പുതൊട്ടുള്ള കണക്കാണോ അദ്ദേഹം ഉദ്ധരിച്ചതെന്ന് അറിയില്ല. എന്തായാലും ഇത് ഗീബല്‍സിനെക്കാളും ഭയങ്കരമായിപ്പോയി. ഒരു മനുഷ്യജീവന്‍ എടുക്കുകയെന്നത് ആരായാലും അംഗീകരിക്കാന്‍ കഴിയില്ല. അതിനെ ശക്തമായി എതിര്‍ക്കണം. അത്തരത്തില്‍ ഹിംസയെ ആയുധമാക്കുന്നവരെയാണ് നാം എതിര്‍ക്കേണ്ടത്. ഇല്ലാതെ ഒരു നാടിനെ ഒന്നാകെയല്ല.

ജനിച്ചുവീണ കുട്ടികള്‍ക്ക് അല്‍പ്പം പ്രാണവായു നല്‍കാന്‍ കഴിയാതെ കുട്ടമരണത്തിന് സാക്ഷ്യംവഹിച്ച നാട്ടിലെ പൂജാരിയായ ഒരു മുഖ്യമന്ത്രിപോലും ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള കേരളത്തെ അപമാനിക്കുകയാണ്. അതിനെ ന്യായീകരിക്കാന്‍ ഈ മണ്ണില്‍ പിറന്നുവീണ ചിലരും. അതിനെ പിന്തുണച്ചുകൊണ്ട് രംഗത്തുവരുന്ന ദുഃഖകരമായ ചിത്രമാണ് നമുക്ക് മുന്നിലുള്ളത്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാന്‍ കഴിയാതെവരുമ്പോള്‍ കേരളീയര്‍ മുഴുവന്‍ താലിബാനികളാണെന്ന തരത്തിലാണ് പ്രചരണം.

മറ്റു മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്നതില്‍ എന്നും കേരളം മുന്നിലാണ്. അതുകൊണ്ടാണ് ലോകത്തിലെ തന്നെ ഏറ്റവും പഴയ മുസ്ലീം ക്രിസ്ത്യന്‍ സമൂഹം പോലൂം കേരളത്തിലാണെന്ന് ഇന്നലെ രാഷ്ട്രപതിതന്നെ ചൂണ്ടിക്കാട്ടിയത്. പക്ഷേ അതിപ്പോള്‍ ജിഹാദികളാണ് അദ്ദേഹത്തിന്റെ തന്നെ സഹപ്രവര്‍ത്തകര്‍ക്ക്. അതുപോലെ കേരളത്തിന്റെ ഇന്നുകാണുന്ന പുരോഗതിയുണ്ടായത് പുരോഗമപ്രസ്ഥാനങ്ങളുടെയും അത്തരം ചിന്തകളുളളവരുടെയും സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെയും നിരന്തര ഇടപെടലുകള്‍ കൊണ്ടാണ്. അതാണ് ഇന്നും ആ സംഘടനകള്‍ക്ക് കേരളത്തില്‍ പ്രസക്തികൂടുതലും. എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും തെറ്റുചെയ്താല്‍ അത് തെറ്റാണെന്ന് വിളിച്ചുപറയാനുള്ള ആര്‍ജ്ജവവും കേരളീയര്‍ക്കുണ്ട്. പക്ഷേ ഇപ്പോള്‍ ഇതെല്ലാം തെറ്റെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്.

കൊലപാതങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ്. അതിനെ എന്നും നാട് ഒന്നിച്ചുനിന്ന് എതിര്‍ത്തിട്ടുമുണ്ട്. പക്ഷേ ഒരു കുറ്റക്കാരെ ചൂണ്ടിക്കാട്ടുന്നവര്‍ കുറ്റരഹിതരായിരിക്കണം. രണ്ടുകാലിലും വലിയമന്തുള്ളവര്‍ മന്ത് മൂടിവച്ച് ഉണ്ണിമന്തുകാരനെ മന്താ! മന്താ! എന്ന് വിളിക്കുന്നതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. വര്‍ഗ്ഗീയവിഷം കുത്തിവച്ച് മനുഷ്യനെ തെരുവ്‌നായകളെക്കാളും ക്രൂരമായി വെട്ടിയും അടിച്ചും കുത്തിയും കത്തിച്ചും കൊന്നുതള്ളിയ കൊലയാളികളാണ് കേരളത്തിനെ കൊലക്കളമായി ചിത്രീകരിക്കുന്നത്.

എങ്ങനെ ചിത്രീകരിച്ചാലും കേരളം ഇത്തരം വേര്‍തിരിവുകള്‍ക്ക് വഴങ്ങില്ല. കേരളത്തിനുള്ളിലും വര്‍ഗ്ഗീയതയുടെ വിഷം കുത്തിവയ്ക്കുകയാണ് ലക്ഷ്യം. അതിനാണ് വര്‍ഗ്ഗീയതയെ മാത്രം ഊന്നിക്കൊണ്ട് കഴിഞ്ഞകുറേനാളുകളായി ഇവിടെ പ്രചരണം നടക്കുന്നത്. രാഷ്ട്രീയത്തെ ബോധപൂര്‍വ്വം സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. രാഷ്ട്രീയം സംസാരിക്കാനില്ലാത്തവര്‍ വര്‍ഗ്ഗീയതയെ ആയുധമാക്കും. എന്നും വര്‍ഗ്ഗീയതയാണ് അത്തരക്കാര്‍ക്ക് ആയുധമായിരുന്നത്. ബാബ്‌റി മസിജിദും ഉത്തര്‍പ്രദേശിലേയും ഗുജറാത്തിലേയും വര്‍ഗ്ഗീയകലാപങ്ങളുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

വര്‍ഗ്ഗീയതയെന്ന ലോലവികാരത്തെ ആളിക്കത്തിച്ച് ജനങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റിമാറ്റി. രാഷ്ട്രീയം സംസാരിച്ചാല്‍ പല മുടുപടങ്ങളും അഴിഞ്ഞുവീഴുമെന്നതുകൊണ്ട് വര്‍ഗ്ഗീയതമാത്രമാണ് പലരും ഇന്ന് സംസാരിക്കുന്നത്. അത് ബി.ജെ.പി മാത്രമല്ല, യു.ഡി.എഫും സി.പി.എമ്മുമൊന്നും ഇതില്‍ നിന്നും വ്യത്യസ്തവുമല്ല. എന്നാല്‍ ബി.ജെ.പിയുടേത് വര്‍ഗ്ഗീയ അജണ്ടയെ അടിസ്ഥാനമാക്കി മാത്രമുള്ളതാണെന്നതാണ് സത്യം. അതിന് വേണ്ടി അവര്‍ പെറ്റമ്മയെയാണ് പൊതുനിരത്തില്‍ നാണം കെടുത്തുന്നത്. അഞ്ചുപേരുടെ ഭാര്യയായിരുന്നവര്‍ പതിവ്രതയും പതിനാലുവര്‍ഷം മറ്റൊരാളിന്റെ തടവറയില്‍ കഴിഞ്ഞിട്ടും തന്റെ മനസില്‍ ഭര്‍ത്താവിനെയല്ലാതെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കാത് സീതയുടെ ചാരിത്രം ചോദ്യം ചെയ്യുകയും ചെയ്യുന്നതാണ് ഇന്നത്തെ രീതി.

ംേദശീയതയെയാണ് ഇത്തരക്കാര്‍ പ്രധാനമായും ആയുധമാക്കുന്നതും. അത്തരക്കാര്‍ തന്നെ സ്വന്തം ദേശീയതയെ എങ്ങനെ തള്ളിക്കളയുന്നുവെന്നതാണ് അതിശകരവും. ഇന്ത്യ എന്ന രാജ്യത്ത് ജീവിക്കുന്നവര്‍ക്ക് ഏകദേശീയത എന്ന ചിന്ത തെറ്റാണ്. അവര്‍ ആദ്യം തമിഴനൂം, തെലുങ്കനും, കന്നടനും, മഹാരാഷ്ട്രീയനും ഗുജറാത്തിയും ബംഗാളിയുമൊക്കെ ആയശേഷമാണ് ഇന്ത്യാക്കാര്‍ ആകുന്നത്. ഇന്ത്യ എന്നത് വിവിധ സംസ്‌ക്കാരങ്ങളുടെ സമ്മേളനമാണ്. അതുകൊണ്ടുതന്നെ ആ ദേശീയതകളെ സംരക്ഷിക്കുകയും വേണം. ഇവിടെ പുരോഗമനമായി ചിന്തിക്കുന്നതുകൊണ്ട് മാത്രം കേരളീയര്‍ രാജ്യദ്രോഹികളാകുന്നുവെന്നത് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. ഇതിനെതിരെ കേരളത്തിന്റെ മനഃസാക്ഷിയാണ് ഉണരേണ്ടത്.

കുറേ ഉത്തരേന്ത്യന്‍ മാധ്യമങ്ങളുടെയും ഇവിടുത്തെ കൂലിയെഴുത്തുകാരുടെയും സഹായത്തോടെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അങ്ങ് അലിഞ്ഞുപോകുന്നതല്ല കേരളം. രാജ്യത്തിന്റെ വിമോചനങ്ങളില്‍ ശക്തമായി മാധ്യമങ്ങള്‍ നിലകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. സാമൂഹികപ്രതിബദ്ധത അവര്‍ നിറവേറ്റിയിരുന്ന ഒരു കാലം. എന്നാല്‍ ഇന്ന് കോര്‍പ്പറേറ്റുകളുടെ കൈയിലെ ആയുധമാണ് മാധ്യമങ്ങള്‍. അവരുടെ ലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഏറ്റവും വലിയ പ്രചരണ ഉപാധിയാണത്. അതുകൊണ്ടുതന്നെ അധികാരത്തിന്റെ അകത്തളങ്ങളില്‍ കുഴലൂത്ത് നടത്തി, അവര്‍ ചര്‍ദ്ദിക്കുന്നത് വാരിവിഴുന്ന തരത്തിലേക്ക് ദേശീയമാധ്യമങ്ങള്‍ എന്ന് പറയുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്.

നിര്‍ഭാഗ്യമെന്ന് പറയട്ടെ അതേ നിലപാട് തന്നെ ഇവിടുത്തെ ചില മാധ്യമങ്ങളും സ്വീകരിക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. കൂലിക്ക് വില്‍ക്കാവുന്നതല്ല, വാര്‍ത്തയെന്നതാണ് ഇത്തരക്കാരോട് പറയാനുള്ളത്. അവരുടെ പ്രതിബദ്ധത സമൂഹത്തോടായിരിക്കണം. സ്വന്തം നാടിനോടായിരിക്കണം. അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി സ്വന്തം നാടിനെ അപമാനിച്ചുനടക്കുന്ന അഭിനവ രാജ്യസ്‌നേഹികളോട് പറയാനുള്ളത്

'' ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം;
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍''
എന്ന് മാത്രമാണ്. ഇത് ഓര്‍ക്കാത്തവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല, അറിഞ്ഞുവരുമ്പോള്‍ ഒരുപക്ഷേ കാലവും കഴിഞ്ഞിരിക്കും.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 09 Oct 2017 02.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW