Monday, October 09, 2017 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 01.32 AM

വെറുതേ ചുമക്കുന്ന ഹര്‍ത്താലുകള്‍

uploads/news/2017/10/153713/editorial.jpg

ഹര്‍ത്താലും പണിമുടക്കും ഇല്ലാതെ പ്രതിഷേധിക്കാന്‍ അറിയില്ലെന്ന്‌ നമ്മുടെ രാഷ്‌ട്രീയ കക്ഷികള്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഇന്നും നാളെയും അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക്‌. ഗതാഗത മേഖലയില്‍ ജി.എസ്‌.ടിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. 13 പെട്രോള്‍ പമ്പ്‌ ഉടമകളുടെ സമരം. 16നു യു.ഡി.എഫ്‌. ആഹ്വാനം ചെയ്‌ത സംസ്‌ഥാന ഹര്‍ത്താല്‍. ജി.എസ്‌.ടി. നടപ്പാക്കിയതിലെ അപകത, ഇന്ധന വില വര്‍ധന, കേന്ദ്ര - സംസ്‌ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരായ പ്രതിഷേധം എന്നിങ്ങനെ നിരവധി കാരണങ്ങള്‍. അതിനിടെ രണ്ടു രാഷ്‌ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന്‌ നാളെ പാനൂരില്‍ ഹര്‍ത്താല്‍.

എന്തിനും ഏതിനും ഹര്‍ത്താലുകള്‍ മുന്‍പിന്‍ നോട്ടമില്ലാതെ പ്രഖ്യാപിക്കുകയെന്നത്‌ കക്ഷിഭേദമെന്യേ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന പരിപാടിയായി മാറി. തിരിക്കിട്ട്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ച മുന്നണി ഫുട്‌ബോള്‍കളി മൂലം ഹര്‍ത്താല്‍ മാറ്റിവച്ചത്‌ കഴിഞ്ഞദിവസമാണ്‌. ഹര്‍ത്താല്‍ എന്ന സമരായുധത്തെ എത്ര വികലമായി രാഷ്‌ട്രീയകക്ഷികള്‍ കൈകാര്യം ചെയ്യുന്നുവെന്നതിന്‌ ഉത്തമ ഉദാഹരണമായി ഈ നടപടിയെ കാണാം. ജനങ്ങള്‍ക്ക്‌ ദുസഹമായ ഏതെങ്കിലും നടപടിയോടുള്ള പ്രതിഷേധം മറ്റു സമരരീതികള്‍ കൊണ്ട്‌ പരിഹരിക്കപ്പെടാതെ വരുമ്പോള്‍ മാത്രം കൈക്കൊള്ളേണ്ട സമരമുറയാണ്‌ ഹര്‍ത്താലും പണിമുടക്കുമൊക്കെ. അത്‌ ജനപങ്കാളിത്തം കൊണ്ട്‌ നടപ്പാക്കേണ്ടതുമാണ്‌. ജനങ്ങള്‍ തന്നെ നടപ്പാക്കേണ്ടതാണ്‌. അല്ലാതെ പൊതുജനങ്ങളില്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല.
കാരണം ഇത്തരം സമരപരമ്പരകളുടെ ആദ്യഇരയും അവസാന ഇരയും പൊതുജനങ്ങള്‍ തന്നെയാണെന്നുള്ളതാണ്‌. ഈ സമരപരമ്പരകളുടെ കഷ്‌ടനഷ്‌ടങ്ങളും ക്ലേശങ്ങളും അനുഭവിക്കുന്നത്‌ പൊതുജനങ്ങളാണ്‌.

രാഷ്‌ട്രീയ കക്ഷികളും സംഘടനകളും തങ്ങളുടെ സാന്നിധ്യമറിയിക്കാനുള്ള കുറുക്കുവഴിയായി ജനജീവിതം സ്‌തംഭിപ്പിച്ചുള്ള ഇത്തരം സമരമുറകളെ അധപ്പതിപ്പിച്ചതാണ്‌ ജനങ്ങള്‍ ഈ പ്രതിഷേധ സമരമുറകളെ തള്ളിക്കളയാന്‍ കാരണം. ഇത്തരം ഹര്‍ത്താലുകള്‍ കൊണ്ടോ സമരങ്ങള്‍കൊണ്ടോ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന യാഥാര്‍ഥ്യം സമരം പ്രഖ്യാപിക്കുന്നവര്‍ക്കുമറിയാം.
ഒരുദിവസത്തെ ആചാരമെന്ന നിലയില്‍ ഹര്‍ത്താലാചരിച്ചാല്‍ തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ക്കു മേലുള്ള കടപ്പാട്‌ തീര്‍ന്നുവെന്ന ബോധമാണ്‌ ഇന്ന്‌ രാഷ്‌ട്രീയ കക്ഷികള്‍ പുലര്‍ത്തുന്നത്‌. ആ ഒരു ദിനം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സമരമുറയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കപ്പുറമുള്ള ഒരു നേട്ടം സമീപകാല ഹര്‍ത്താലുകള്‍ നമുക്ക്‌ സംഭാവന ചെയ്‌തിട്ടില്ല. ഇതിനു മുന്‍പ്‌ രാജ്യം നേരിട്ട ഹര്‍ത്താലുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്‌തമാകും. ലക്ഷ്യത്തോട്‌ ഒരു ശതമാനമെങ്കിലും അടുക്കാതിരിക്കുന്നിടത്തോളം കാലം ഹര്‍ത്താലുകളുള്‍പ്പെടെയുള്ള ആ സമരങ്ങള്‍ പരാജയമെന്ന്‌ അതു പ്രഖ്യാപിക്കുന്ന കക്ഷികള്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

അതിനപ്പുറം ഒരു ദിവസം കൊണ്ട്‌ സമൂഹത്തിനും രാഷ്‌ട്രത്തിനും ഉണ്ടാക്കിയ നഷ്‌ടങ്ങള്‍ക്കുള്ള ബാധ്യതകൂടി അവര്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അത്‌ തിരിച്ചറിയാതിരിക്കുന്നിടത്തോളം കാലം അനാവശ്യ ഹര്‍ത്താലുകളും സമരമുറകളും പേറേണ്ട ഭാരം പൊതുജനത്തിനായിരിക്കും.

Ads by Google
Advertisement
Monday 09 Oct 2017 01.32 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW