Monday, July 23, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 01.31 AM

ഗോവധത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചുതന്നെ

uploads/news/2017/10/153712/bft1.jpg

സത്യത്തില്‍ ബീഫ്‌ എന്നത്‌ ഒരു വ്യാജ പരികല്‍പ്പനയാണ്‌. നമ്മള്‍ അതില്‍ വഞ്ചിതരായി സമരങ്ങളും ചര്‍ച്ചകളും നടത്തുന്നു. സംഘപരിവാര്‍ എടുത്തുപയോഗിക്കുന്ന വ്യത്യസ്‌ത രാഷ്ര്‌ടീയ ഉപകരണങ്ങള്‍ ഏതെങ്കിലും ഭക്ഷണപദാര്‍ത്ഥവുമായി ബന്ധപ്പെട്ടായിരുന്നോ...? താഴെപ്പറയുന്ന ഒരു സംഭവമെങ്കിലും ബീഫുമായി ബന്ധപ്പെട്ടുണ്ടായതാണോ? അല്ലല്ലോ, അപ്പോള്‍ ബീഫല്ല ഉന്നം, ന്യൂനപക്ഷങ്ങളാണ്‌. ഹൈന്ദവ വേദങ്ങളില്‍ ഒരിടത്തും ഇല്ലാത്ത ഗോമാതാവാണ്‌ ഇപ്പോള്‍ ദൈവമാകുന്നത്‌.
ഭക്‌തിയും വിശ്വാസവുമെല്ലാം വ്യക്‌തിപരമാണ്‌. പക്ഷേ, അതിന്റ പേരില്‍ രാജ്യത്തെ പൗരന്മാര്‍ ക്രൂരമായി കൊല്ലപ്പെടുന്നത്‌ എങ്ങനെയാണെന്നതാണ്‌ മനസിലാക്കാനോ അംഗീകരിക്കാനോ സാധിക്കാതെ വരുന്നത്‌. ഹിന്ദുത്വ അജന്‍ഡയുടെ തുറുപ്പുചീട്ടുകളിലൊന്നാണ്‌ ഗോവധനിരോധനം എന്നതല്ലേ വാസ്‌തവം. ഗോമാതാവ്‌ എന്ന സങ്കല്‍പ്പത്തിലൂന്നിയാണ്‌ സംഘപരിവാര്‍ ഹൈന്ദവ ഫാസിസത്തിന്റെ പ്രചാരണം സംഘടിപ്പിക്കുന്നത്‌. യഥാര്‍ഥത്തില്‍ പശു എന്നത്‌ ഇന്ന്‌ ഹിന്ദുത്വഭീകരര്‍ക്ക്‌ വംശീയ ഉന്മൂലനത്തിനുള്ള ഉപകരണം മാത്രമാണ്‌, അതിന്‌ വിശ്വാസവുമായി പുലബന്ധമില്ലെന്നതാണു വാസ്‌തവം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഗോമാതാവ്‌ എന്നത്‌ അന്യമതസ്‌ഥരെ, പ്രത്യേകിച്ച്‌ മുസ്ലിംകളെ ഉന്നംവയ്‌ക്കാനുള്ള കാരണങ്ങളില്‍ ഒന്നു മാത്രമാണ്‌. ബി.ജെ.പി. സര്‍ക്കാര്‍ ഭരണം തുടങ്ങിയ നാള്‍ മുതല്‍ സംഘപരിവാര്‍ ശക്‌തികള്‍ മുസ്ലിം വെറുപ്പിന്റെ ഏറ്റവും വലിയ രൂപങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങി. അവര്‍ വിഭാവനം ചെയ്യുന്ന ആര്‍ഷഭാരത സംസ്‌കാരം അനുസരിക്കാത്തവരെ പാകിസ്‌താനിലേക്കും ഇറ്റലിയിലേക്കുമൊക്കെ നാടുകടത്താന്‍ ആഹ്വാനം ചെയ്യുന്നിടത്തൊന്നും ബീഫിനു റോളില്ലല്ലോ, മറിച്ച്‌ അന്യമതവിദ്വേഷവും അസഹിഷ്‌ണുതയുമാണു പ്രകടമായത്‌ എന്നതും വ്യക്‌തമാകുന്നു.
ബീഫിന്റെ രാഷ്‌്രടീയം കേവലം ഒരു വിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച്‌ മറ്റൊരു വിഭാഗത്തിന്റെ ഉന്മൂലത്തിനുള്ള കാരണമാണെന്നുമറിയാന്‍ സമീപകാലത്ത്‌ ബീഫുമായി ബന്ധപ്പെട്ട്‌ കൊല്ലപ്പെട്ടവരുടെ മതം പരിശോധിക്കുന്നതിലൂടെ മനസിലാകും. താരതമ്യേന കുറഞ്ഞ വിലയ്‌ക്കു ലഭിക്കുന്ന ബീഫ്‌ കൂടുതലായി കഴിക്കുന്നത്‌ മുസ്ലിംകളും ദളിതരുമാണ്‌. അതാണ്‌ വംശഹത്യക്കു തുനിഞ്ഞിറങ്ങിയവര്‍ക്ക്‌ ബീഫ്‌ ഒന്നാന്തരം ആയുധമാകുന്നത്‌. ബീഫ്‌ നിരോധിക്കപ്പെട്ട സ്‌ഥലങ്ങളില്‍ നിയമപാലകരായി ഇറങ്ങി ചിലര്‍ ആള്‍ക്കൂട്ടനീതി നടത്തുന്നത്‌ വിശ്വാസം സംരക്ഷിക്കാനാണെന്ന്‌ ഹിന്ദുമതത്തിലെ സാധാരണക്കാരെ വിശ്വസിപ്പിക്കാനാവുന്നതാണ്‌ സംഘപരിവാരങ്ങളുടെ മിടുക്ക്‌.
ചുരുക്കത്തില്‍ അന്യമതവിശ്വാസികളുടെ ഉന്മൂലനമെന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങളില്‍ ഒന്നു മാത്രമാണ്‌ ബീഫ്‌. അതു നാളെ മറ്റൊന്നാകാം. ഭീഷണമായ ഒരു കാലത്തിന്റെ തുടക്കം മാത്രമായേ ബീഫുമായി ബന്ധപ്പെട്ട കൊലപാതകങ്ങളേ കാണാനാകൂ. അതിനാല്‍ കാലിയുടെയും ഗോമാതാവിന്റെയും ബീഫിന്റെയും പേരില്‍ നടക്കുന്ന ക്രൂരതകളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടത്‌ കലാപങ്ങള്‍ ഇല്ലാത്ത സംഘര്‍ഷരഹിതമായ ഭാരതത്തിന്‌ ആവശ്യമാണെന്നു തിരിച്ചറിയാന്‍ വൈകരുത്‌.20 വര്‍ഷം മുമ്പ്‌ മഹാരാഷ്‌്രടയിലെ ബി.ജെ.പി, ശിവസേന സഖ്യസര്‍ക്കാര്‍ രാഷ്‌ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിച്ച മാട്ടിറച്ചി (പശു, കാള) നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്‌ രാജ്യത്തെ മതേതര സമൂഹം ഏറെ പ്രതിഷേധത്തോടെയാണു വരവേറ്റത്‌. നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 10,000 രൂപ പിഴയുമാണു ശിക്ഷ. ഉസ്‌മാനിയ സര്‍വകലാശാലയിലെ ദളിത്‌ വിദ്യാര്‍ഥികള്‍ ബീഫ്‌ ഈറ്റിങ്‌ ഫെസ്‌റ്റിവല്‍ സംഘടിപ്പിച്ചാണ്‌ അതിനോടു പ്രതികരിച്ചത്‌. കോയമ്പത്തൂരില്‍ ആദി തമിലാര്‍ വിദുലൈ ഈയം എന്ന വിദ്യാര്‍ഥി സംഘടനയാകട്ടെ ബീഫ്‌ ബിരിയാണി വിതരണം ചെയ്‌താണ്‌ പ്രതിഷേധം രേഖപ്പെടുത്തിയത്‌. കേരളത്തിലും ഇടത്‌ വലത്‌ വേര്‍തിരിവ്‌ കാണിക്കാതെ ബീഫ്‌ ബിരിയാണിയും മറ്റും വിതരണം ചെയ്‌ത്‌ പ്രതിഷേധം രേഖപ്പെടുത്തി.
ഹിന്ദുമതത്തില്‍ പശു ദൈവപ്രതീകമാണെന്നും അതിനാല്‍ അവയെ പരിപാവനമായി കണക്കാക്കുന്നുവെന്നും പറഞ്ഞാണ്‌ അവയെ അറുക്കുന്നതും മാംസാവശ്യത്തിന്‌ ഉപയോഗിക്കുന്നതും നിരോധിക്കാനുള്ള ശ്രമങ്ങള്‍ ഹിന്ദുത്വ ശക്‌തികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. എന്നാല്‍ നാനാമത ജാതി സമൂഹങ്ങള്‍ അധിവസിക്കുകയും ഭരണഘടന ഓരോ വിഭാഗത്തിനും തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത്‌ ഗോവധ നിരോധനം തീര്‍ത്തും അപ്രായോഗികവും അവകാശ നിഷേധവുമായാ കാണാനാകൂ. കാരണം, ഒരു മതത്തിന്റെ വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണിത്‌.
ഇന്ത്യന്‍ സംസ്‌കാരം പശു, മാട്‌ സംരക്ഷണമാണെന്നും ഇന്ത്യയില്‍ സാംസ്‌കാരിക അധിനിവേശം നടത്തിയ മുസ്ലിംകളും ക്രിസ്‌ത്യാനികളുമാണ്‌ ഈ സംസ്‌കാരത്തെ തകര്‍ത്തതെന്നുമാണ്‌ ഹിന്ദുത്വരുടെ വാദഗതികള്‍. എന്നാല്‍ ഗോവധ നിരോധനം ഹിന്ദു മതത്തിന്റെ ഭാഗമേയല്ലെന്നാണ്‌ ഹിന്ദു വേദങ്ങളും ആദ്ധ്യാത്മികാചാര്യന്മാരും പഠിപ്പിക്കുന്നതെന്നറിയുമ്പോഴാണ്‌ വര്‍ഗീയ കലാപങ്ങള്‍ക്ക്‌ വരെ തിരികൊളുത്തിയ ഗോവധ നിരോധന വാദത്തിന്റെ പൊള്ളത്തരങ്ങള്‍ മനസിലാക്കാനാകൂ.
ക്രിസ്‌തുമതത്തിന്റെ 500 വര്‍ഷങ്ങള്‍ക്കും ഇസ്ലാമിന്റെ 1000 വര്‍ഷങ്ങള്‍ക്കും മുമ്പ്‌ ഗോമാംസം കഴിച്ചുതുടങ്ങിയ ഹിന്ദുക്കളുടെ മുന്‍ഗാമികളാണ്‌ ഇതിന്‌ തുടക്കമിട്ട ആദ്യ നഗരവല്‍കൃത സമൂഹമെന്നത്‌ ഈ വസ്‌തുതയ്‌ക്ക്‌ ചരിത്ര പിന്‍ബലം നല്‍കുന്നുണ്ട്‌. മനുസ്‌മൃതി 5-ാം അധ്യായം 30-ാം ശ്ലോകം ഇങ്ങനെ പ്രഖ്യാപിക്കുന്നു- ബ്രഹ്‌മാവ്‌ മനുഷ്യര്‍ക്കു വേണ്ടിയാണ്‌ മൃഗങ്ങളെ സൃഷ്‌ടിച്ചത്‌. അതിനാല്‍ അവയില്‍ ഭക്ഷ്യയോഗ്യമായവയെല്ലാം അവന്‌ ഭക്ഷിക്കാവുന്നതാണ്‌.ഋഗ്വേദം ഉദ്‌ഘോഷിക്കുന്നു - ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന്‌ പശുക്കളും കാളകളും അറുക്കപ്പെടണം (ഋഗ്വേദം 10/85/3). സ്വര്‍ഗദേവനായ ഇന്ദ്രനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നിടത്ത്‌ ഋഗ്വേദം വ്യക്‌തമാക്കുന്നു - ഇന്ദ്രന്‍ പശു, കുതിര, പോത്ത്‌ എന്നീ മൃഗങ്ങളുടെ മാംസം ഭക്ഷിച്ചിരുന്നു(ഋഗ്വേദം 6/17/1)
മഹര്‍ഷി യാജ്‌ഞവല്‍ക്യ്വ പറയുന്നു - ഞാന്‍ മാട്ടിറച്ചി ഭക്ഷിക്കുന്നു കാരണം അത്‌ മൃദുലവും രുചികരവുമാണ്‌ (ഷട്‌പത്‌ ബ്രഹ്‌മിണ്‍ 3/1/2/21). അപസ്‌താന്‍ ഗ്രിസൂത്ര എന്ന ഗ്രന്ഥത്തില്‍ കാണാം - അതിഥികള്‍ക്കു വേണ്ടി പശുക്കളെ അറുക്കണം. ശ്രദ്ധ ആചാര സമയത്തും വിവാഹ സമയത്തും ഇത്‌ അത്യാവശ്യമാണ്‌(അപസ്‌താന്‍ ഗ്രിസൂയ 1/13/10)
വസിസ്‌ത ദര്‍മസൂയയില്‍ അല്‍പം കൂടി കടന്നാണു പറയുന്നത്‌ - ശ്രദ്ധ എന്ന ചടങ്ങിനിടയ്‌ക്ക്‌ തനിക്കു ലഭിച്ച ഇറച്ചി ഭക്ഷിക്കാന്‍ വിസമ്മതിക്കുന്ന ബ്രാഹ്‌മണര്‍ക്ക്‌ നരകമാണ്‌ ശിക്ഷ (വസിസ്‌ത ദര്‍മസൂയ 11/34). ഹിന്ദു ആദ്ധ്യാത്മികാചാര്യനായിരുന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇവിടെ പരാമര്‍ശനീയമാണ്‌. മാംസം ഭക്ഷിക്കുന്നതിനെക്കുറിച്ച്‌ അദ്ദേഹം പറയുന്നത്‌ ഇങ്ങനെയാണ്‌ - ഹിന്ദു ആചാരപ്രകാരം ബീഫ്‌ കഴിക്കാത്തവന്‍ നല്ലൊരു ഹിന്ദുവല്ല.
ആദി ശങ്കരാചാര്യര്‍ മന്‍സോദാന്‍ എന്ന ഭക്ഷണത്തെക്കുറിച്ച്‌ ബ്രഹദാരണ്യകോപനിഷത്തില്‍ പ്രതിപാദിക്കുന്നുണ്ട്‌. ഇറച്ചിയുമായി കൂട്ടിക്കലര്‍ത്തിയ ഭക്ഷണമാണ്‌ മന്‍സോദാനെന്നും ഏതിനം ഇറച്ചിയാണെന്നന്വേഷിച്ചപ്പോള്‍ തുക്ഷ അഥവാ കാളയുടേതാണെന്നും അദ്ദേഹം പ്രതികരിക്കുന്നുണ്ട്‌. ഹിന്ദു രാജാവായിരുന്ന രന്തിദേവ്‌ 2000 പശുക്കളെ ദിനേന അറുത്ത്‌ പാവങ്ങള്‍ക്ക്‌ ദാനം ചെയ്യാറുണ്ടായിരുന്നുവെന്നും ആര്‍.സി. മംജുദര്‍ തന്റെ പുസ്‌തകത്തില്‍ 20-ാം വാല്യം 57-ാം പേജില്‍ വിശദീകരിക്കുന്നുണ്ട്‌.
രാജ്യത്തെ എത്രയോ ക്ഷേത്രങ്ങളില്‍ ഇപ്പോഴും ഗോബലി നിലനില്‍ക്കുന്നുണ്ട്‌. ഹിമാചല്‍ പ്രദേശിലെ ഒരു ക്ഷേത്രത്തില്‍ ഈയടുത്തുവരെ അസംഖ്യം മാടുകളെ ബലി അറുക്കുന്ന ആചാരമുണ്ടായിരുന്നു. അതിക്രൂരമായ രീതിയിലായതിനാലും മറ്റും ഹൈക്കോടതി ഇടപെട്ട്‌ അതു നിര്‍ത്തിക്കുകയാണു ചെയ്‌തത്‌. ലോകത്തെ ഏക ഹിന്ദു രാഷ്‌്രടമായ നേപ്പാളില്‍ ആവേശപൂര്‍വ്വം നടത്തപ്പെടുന്ന ഗാദിമൈ ഹിന്ദു ഉത്സവത്തില്‍ 2.5 ലക്ഷം മാടുകള്‍ അറുക്കപ്പെട്ടിരുന്നതും ഇതിനോടു കൂട്ടിവായിക്കാം.
ഗോവധ നിരോധനം ഹിന്ദു മതത്തിന്റെ ഭാഗമാണെന്നു വാദിക്കുമ്പോഴും ഹിന്ദുത്വ ശക്‌തികള്‍ വിസ്‌മരിക്കുന്ന ഒരു വലിയ സത്യമുണ്ട്‌; രാജ്യത്തെ ഏറ്റവും കൂടുതല്‍ മാട്ടിറച്ചി വിതരണം ചെയ്യുന്ന കമ്പനികളില്‍ ആദ്യ ആറില്‍ നാലും ഹിന്ദു മതവിശ്വാസികളുടെ ഉടമസ്‌ഥതയിലുള്ളതാണെന്നതാണിത്‌. 1) അല്‍ കബീര്‍ എക്‌സ്‌പോര്‍ട്ട്‌, സതീഷ്‌, അതുല്‍ സബര്‍വാള്‍, മുംബൈ, 400021. 2) അറേബ്യന്‍ എക്‌സ്‌പോര്‍ട്ട്‌ ലിമിറ്റഡ്‌, സുനില്‍ കപൂര്‍, ഓവര്‍സീസ്‌, മുംബൈ, 400001. 3) എം.കെ.ആര്‍. ഫ്രോസന്‍ ഫുഡ്‌ എക്‌സ്‌പോര്‍ട്‌സ്‌, മാദന്‍ അബോട്ട്‌, ജന്‍പഥ്‌, ന്യൂ ഡല്‍ഹി, 110001. 4) പി.എം. എല്‍ ഇന്റസ്‌ട്രീസ്‌, എ.എസ്‌. ബിന്ദ്ര, എന്നിവയാണ്‌ കമ്പനികളും അവയുടെ ഉടമകളും.
യഥാര്‍ത്ഥത്തില്‍ മതവിശ്വാസികളുടെ വൈകാരികമായി ഇളക്കിവിട്ട്‌ രാഷ്‌്രടീയ ലാഭം കൊയ്യാനുള്ള ബി.ജെ.പി, ശിവസേന തുടങ്ങിയ പാര്‍ട്ടികളുടെ വര്‍ഗീയ നീക്കമാണ്‌ ഗോവധ നിരോധന വിവാദവും അതിന്റെ പേരിലെ നിയമനിര്‍മ്മാണവുമെല്ലാം. 2014-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഉയര്‍ത്തിപ്പിടിച്ച സന്ദേശങ്ങളിലൊന്ന്‌ ഗോവധ നിരോധനത്തെക്കുറിച്ചുള്ളതായിരുന്നു; ബി.ജെ.പി. കാ മെസേജ്‌, ബചേഗാ ഗായ്‌, ബചേഗാ ദേശ്‌ (ബി.ജെ.പിയുടെ സന്ദേശം, ഗോക്കള്‍ രക്ഷപ്പെടും, രാജ്യവും). ഈ വിഷയം ഉയര്‍ത്തിവിടാന്‍ കൗ ഡവലപ്‌മെന്റ്‌ സെല്‍ എന്ന പേരില്‍ ഒരു വിഭാഗം തന്നെ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന്‌ അറിയുമ്പോഴേ ഗോമാതാ സംരക്ഷണത്തിന്റെ പിന്നാമ്പുറം അനാവരണം ചെയ്യപ്പെടൂ.
ഈ വസ്‌തുതകളെല്ലാം പരിശോധിക്കുമ്പോള്‍ ഗോവധം നിരോധിക്കുന്നതുകൊണ്ട്‌ ഹിന്ദു മതത്തിന്റെ ഒരു വിശ്വാസവും സംരക്ഷിക്കപ്പെടുന്നില്ലെന്ന യാഥാര്‍ത്ഥ്യം വ്യക്‌തമാകുകയാണ്‌. അതിനാല്‍ സര്‍വമതങ്ങള്‍ക്കും അംഗീകാരവും അധികാരവും നല്‍കി തങ്ങളുയര്‍ത്തിപ്പിടിക്കുന്ന സ്വത്വബോധം നിലനിര്‍ത്തി സ്വസ്‌ഥമായി ജീവിതം നയിക്കാന്‍ അവസരമൊരുക്കുകയാണ്‌ ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്‌.

ജഹാംഗീര്‍ റസാഖ്‌ പാലേരി

ലേഖകന്റെ ഫോണ്‍ നമ്പര്‍: 8136 888 889

Ads by Google
Monday 09 Oct 2017 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW