Saturday, July 21, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 08 Oct 2017 01.42 AM

മദ്യശാലകളുടെ ദൂരപരിധിയും ദുഷ്‌പ്രചാരണവും

uploads/news/2017/10/153408/bft1.jpg

മദ്യശാലകള്‍ സ്‌ഥാപിക്കുന്നതിനുള്ള ദൂരപരിധിയുമായി ബന്ധപ്പെട്ട്‌ എല്‍.ഡി.എഫ്‌. സര്‍ക്കാരിനെതിരെ ഒരു വിഭാഗമാളുകള്‍ അടിസ്‌ഥാനരഹിതമായ പ്രചാരണം നടത്തുകയാണ്‌. മദ്യശാലകള്‍ക്ക്‌ വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ കോളനികള്‍, പൊതുശ്‌മശാനം എന്നിവയില്‍ നിന്ന്‌ പാലിക്കേണ്ട ദൂരം 200 മീറ്ററില്‍ നിന്ന്‌ 50 മീറ്ററായി കുറച്ചത്‌ ഫോര്‍ സ്‌റ്റാര്‍, ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ മാത്രമാണ്‌ ബാധകം. ത്രീ സ്‌റ്റാര്‍ വരെയുള്ള ബാര്‍ ഹോട്ടലുകള്‍, ബിവറേജസ്‌ കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും വിദേശ മദ്യ വില്‍പ്പന ശാലകള്‍ എന്നിവയ്‌ക്കെല്ലാം ദൂരപരിധി നിലവിലുള്ള 200 മീറ്റര്‍ തന്നെയാണ്‌. കള്ള്‌ഷാപ്പുകളുടെ ദൂരപരിധി 400 മീറ്റര്‍ എന്നതിലും മാറ്റമില്ല.
ഫോര്‍ സ്‌റ്റാറും അതിന്‌ മുകളിലുമുള്ള ഹോട്ടലുകളില്‍ നിന്ന്‌ മദ്യം കഴിക്കുന്നവരില്‍ കൂടുതലും കേരളത്തിനു പുറത്തുനിന്നുള്ള വിനോദസഞ്ചാരികളാണ്‌. ദൂരപരിധിയില്‍ മാറ്റം വന്നതിനാല്‍ വളരെ കുറച്ച്‌ ഹോട്ടലുകള്‍ക്ക്‌ മാത്രമാണ്‌ ബാര്‍ ലൈസന്‍സ്‌ കിട്ടാന്‍ പോകുന്നത്‌. ഇത്തരം ഹോട്ടലുകള്‍ക്ക്‌ ദൂരപരിധി 2012 വരെ 50 മീറ്റര്‍ തന്നെയായിരുന്നു. മുന്‍ സര്‍ക്കാര്‍ ഈ ദൂരപരിധി കൂട്ടിയത്‌ പൊതുജന താല്‍പ്പര്യം കണക്കിലെടുത്തായിരുന്നില്ല. അബ്‌കാരി നയം രൂപീകരിക്കുന്നതിന്‌ ശിപാര്‍ശ സമര്‍പ്പിക്കാന്‍ റിട്ടയര്‍ഡ്‌ ജസ്‌റ്റിസ്‌ രാമചന്ദ്രനെ മുന്‍ സര്‍ക്കാര്‍ കമ്മീഷനായി നിയോഗിച്ചിരുന്നു. ത്രീ സ്‌റ്റാര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ബാര്‍ ഹോട്ടലുകളുടെയും ദൂരപരിധി 50 മീറ്ററായി കുറയ്‌ക്കണം എന്നായിരുന്നു കമ്മീഷന്റെ ശിപാര്‍ശകളില്‍ ഒന്ന്‌. കേരളത്തിലെ യാത്രാസൗകര്യവും മറ്റും പരിഗണിക്കുമ്പോള്‍ 200 മീറ്റര്‍ എന്ന ദൂരപരിധി കാലഹരണപ്പെട്ടതാണെന്നാണ്‌ കമ്മീഷന്‍ അഭിപ്രായപ്പെട്ടത്‌. കമ്മീഷന്‍ ശിപാര്‍ശ പോലും ഈ സര്‍ക്കാര്‍ പൂര്‍ണമായി സ്വീകരിച്ചിട്ടില്ല.
സംസ്‌ഥാനത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്‌ യു.ഡി.എഫിന്റെ മദ്യനയം തിരുത്തിയത്‌. മുഴുവന്‍ മദ്യക്കടയും തുറന്നുകൊടുക്കുക എന്നതിലേക്ക്‌ സര്‍ക്കാര്‍ പോയിട്ടില്ല. യു.ഡി.എഫ്‌. കാലത്ത്‌ പൂട്ടിയ ബിവറേജസ്‌ വില്‍പ്പനശാലകളില്‍ ഒന്നും തുറന്നില്ല. ദേശീയപാതയുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്ന വ്യവസ്‌ഥയില്‍ നിന്ന്‌ കോര്‍പറേഷനുകളെയും മുനിസിപ്പാലിറ്റികളെയും സുപ്രീം കോടതി തന്നെ ഒഴിവാക്കിയിട്ടുണ്ട്‌. എന്നാല്‍, പഞ്ചായത്തുകളില്‍ ഈ നിയന്ത്രണം തുടരുകയാണ്‌. അതുകാരണം 533 കള്ള്‌ ഷാപ്പുകളും 217 ബിയര്‍ പാര്‍ലറുകളും നാല്‌ ബാറുകളും അടഞ്ഞുകിടക്കുന്നു.
നമ്മെ സംബന്ധിച്ച്‌ കൂടുതല്‍ തൊഴിലവസരം സൃഷ്‌ടിക്കാന്‍ കഴിയുന്ന പ്രധാന മേഖലയാണ്‌ ടൂറിസം. മദ്യം കഴിക്കാനാണോ വിനോദസഞ്ചാരികള്‍ കേരളത്തില്‍ വരുന്നതെന്ന ചോദ്യം ചിലര്‍ ഉന്നയിക്കുന്നത്‌ കേട്ടിട്ടുണ്ട്‌. സ്‌റ്റാര്‍ ഹോട്ടലുകളില്‍ പോലും മദ്യം കിട്ടാത്ത സാഹചര്യം വന്നപ്പോള്‍ സഞ്ചാരികളുടെ വരവ്‌ കാര്യമായി കുറഞ്ഞു എന്ന വസ്‌തുത കാണേണ്ടതുണ്ട്‌.
കേരളത്തില്‍ നിന്ന്‌ ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങള്‍ മാറിപ്പോയത്‌ വന്‍കിട ഹോട്ടലുകളെയും കണ്‍വന്‍ഷന്‍ സെന്ററുകളെയും ബാധിച്ചു. ഈ രംഗം കടുത്ത തളര്‍ച്ചയിലായി. ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ്‌ മദ്യനയം തിരുത്താന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. മാധ്യമങ്ങളും ബിസിനസ്‌ ലോകവും തൊഴില്‍ മേഖലയുമെല്ലാം പുതിയ നയത്തെ പിന്തുണച്ചിട്ടുണ്ട്‌.
ഇന്ത്യയില്‍ മദ്യനിരോധനം നടപ്പാക്കിയ സംസ്‌ഥാനങ്ങളിലെ സ്‌ഥിതി നമുക്കറിയാം. നിരോധനമുള്ള സംസ്‌ഥാനങ്ങളില്‍ വ്യാജമദ്യം ഒഴുകുന്നു, വ്യാജ മദ്യലോബി തഴച്ചുവളരുന്നു. കേരളത്തില്‍ മദ്യലഭ്യതയില്‍ കുറവുണ്ടായപ്പോള്‍ ഈ ആപത്ത്‌ നാം കണ്ടതാണ്‌. വ്യാജമദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ആളുകള്‍ പോകാന്‍ തുടങ്ങി. വ്യാജമദ്യ കേസുകളും മയക്കുമരുന്ന്‌ കേസുകളും ക്രമാതീതമായി വര്‍ധിച്ചു. ഈ സാഹചര്യം ഒഴിവാക്കാനാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.

ടി.പി. രാമകൃഷ്‌ണന്‍ (തൊഴില്‍-നൈപുണ്യം-എക്‌സൈസ്‌ വകുപ്പു മന്ത്രി )

Ads by Google
Sunday 08 Oct 2017 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW