Monday, September 10, 2018 Last Updated 43 Min 0 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
Saturday 07 Oct 2017 03.23 PM

"സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല" സ്വന്തമായി വരുമാനമില്ലാത്ത ഞാന്‍ കുഞ്ഞിനെ എങ്ങനെ വളര്‍ത്തും? എന്നു പറഞ്ഞ് ഗായത്രി പൊട്ടിക്കരഞ്ഞു

uploads/news/2017/10/153264/Weeklyfamilycourt071017a.jpg

മൂന്നുവയസ്സുളള കൈക്കുഞ്ഞുമായി ഗായത്രിയെന്ന യുവതി എന്നെക്കാണാന്‍ വന്നു. കാര്യം എന്താണ് ഞാന്‍ അന്വേഷിച്ചു. കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചുകൊണ്ട് ആ യുവതി പറഞ്ഞു തുടങ്ങി.

''അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന കുടുംബമായിരുന്നു എന്റേത്. അച്ഛന്‍ മദ്യപിക്കുമായിരുന്നു. അതുകൊണ്ട് കുടുംബം നോക്കിയിരുന്നത് അമ്മയായിരുന്നു. എനിക്ക് അഞ്ച് വയസ്സുളളപ്പോള്‍ അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയി.

പിന്നീട് അമ്മ ഒരുപാട് കഷ്ടപെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. എട്ട് വര്‍ഷത്തിനുശേഷം ഞങ്ങളെ ഉപേക്ഷിച്ച് പോയ അച്ഛന്‍ തിരിച്ചെത്തി. ഞങ്ങളെ ഓര്‍ത്ത് അമ്മ അച്ഛനെ സ്വീകരിക്കാന്‍ തയ്യാറായിരുന്നു. അച്ഛന്‍ ഇല്ലാത്ത മക്കളെന്ന് പലരും വിളിക്കുന്നത് അമ്മ കേട്ടിട്ടുണ്ട്.

അച്ഛന്‍ തിരിച്ചെത്തിയെങ്കിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മ തന്നെയായിരുന്നു. ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങി. അച്ഛന്റെ ഉത്തരവാദിത്വമില്ലായ്മ അമ്മയെ വല്ലാതെ തളര്‍ത്തിയിരുന്നു.

എങ്ങനെയും എന്നെ വിവാഹം കഴിപ്പിച്ച് അയയ്ക്കണമെന്നായിരുന്നു അമ്മയുടെയും ചേട്ടന്റെയും ആഗ്രഹം. അതുകൊണ്ട് തന്നെ കിട്ടുന്നതെല്ലാം എനിക്കുവേണ്ടി കരുതി വച്ചു. ആ സമയത്തായിരുന്നു ഗള്‍ഫില്‍ ജോലിയുളള ഉണ്ണിയേട്ടന്റെ ആലോചന വന്നത്.

കാണാന്‍ നല്ല ചെറുപ്പക്കാരന്‍, നല്ലജോലി, അതുകൊണ്ട് വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. സ്ത്രീധനമായി 20 പവനും രണ്ട് ലക്ഷം രൂപയും നല്‍കാമെന്ന് അച്ഛന്‍ വാക്കുകൊടുത്തു.

അതുകേട്ടപ്പോള്‍ എല്ലാവരും ഞെട്ടി. അച്ഛന്‍ എനിക്കുവേണ്ടി സമ്പാദിച്ചു വച്ചിട്ടുണ്ടെന്ന് കരുതി അമ്മ ആശ്വസിച്ചു. വിവാഹമെല്ലാം തീരുമാനിച്ച് തീയതിവരെ നിശ്ചയിച്ച് കഴിഞ്ഞപ്പോഴാണ് അച്ഛന്റെ കൈയില്‍ സ്വര്‍ണ്ണവും പണവും ഒന്നുമില്ലെന്നറിഞ്ഞത്.

എന്ത് ചെയ്യണമെന്നറിയാതെ അമ്മയും ചേട്ടനും വിഷമിച്ചു. ഒരുപാട് കഷ്ടപ്പെട്ട് ഇരുപത് പവന്‍ സ്വര്‍ണ്ണം ഉണ്ടാക്കി. രണ്ടുലക്ഷം രൂപ തരാനില്ലെന്ന് അമ്മ ഉണ്ണിയേട്ടന്റെ വീട്ടുകാരെ അറിയിച്ചു. അത് സാരമില്ല, വിവാഹം നിശ്ചയിച്ച തീയതിക്ക് തന്നെ നടക്കട്ടെയെന്ന് അവര്‍ പറഞ്ഞു.

അങ്ങനെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഉണ്ണിയേട്ടന്റെ വീട്ടിലെത്തി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ രണ്ട് ലക്ഷം രൂപ കൊടുത്തില്ലെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് എന്റെ വീട്ടുകാരെ കുറ്റപ്പെടുത്തി. എല്ലാം കേട്ട് നിന്നതല്ലാതെ അദ്ദേഹം അമ്മയെ എതിര്‍ത്തൊന്നും പറഞ്ഞില്ല. ഒരക്ഷരം പോലും തിരിച്ച് പറയാനാവാതെ എല്ലാം കേട്ട് നില്‍ക്കാനേ എനിക്ക് സാധിച്ചുളളൂ.

ഉണ്ണിയേട്ടന് എന്നെക്കാള്‍ നല്ല പെണ്ണിനെ കിട്ടുമായിരുന്നെന്നും, ഇരുപത് പവനും രണ്ടുലക്ഷം രൂപയും പ്രതീക്ഷിച്ചാണ് എന്നെ വിവാഹം കഴിച്ചതെന്നും അമ്മായിയമ്മ പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ സത്യം ആണെന്ന് എനിക്കും തോന്നി. കാഴ്ചയില്‍ എന്നെക്കാള്‍ ഒരുപാട് ഭംഗിയുണ്ട് അദ്ദേഹത്തിന്. അങ്ങനെയുളള ഒരാള്‍ക്ക് കറുത്ത് സൗന്ദര്യമില്ലാത്ത എന്നെ എങ്ങനെ ഇഷ്ടമായി?

തുടര്‍ന്ന് പഠിപ്പിക്കാം എന്ന വാക്കിലാണ് രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ വിവാഹം കഴിച്ചത്. വിവാഹശേഷം കോളേജില്‍ പോകാന്‍ അനുവദിച്ചില്ല. മൂന്നുമാസത്തെ അവധിക്ക് ശേഷം ഉണ്ണിയേട്ടന്‍ തിരിച്ച് ഗള്‍ഫിലേക്ക് പോയി. എന്റെ വീട്ടിലേക്ക് പോകാന്‍ ഭര്‍തൃമാതാവ് അനുവദിച്ചില്ല.

എല്ലാ ജോലികളും എന്നെക്കൊണ്ട് തന്നെ ചെയ്യിച്ചു. അദ്ദേഹം പോയിക്കഴിഞ്ഞാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞത്. അമ്മായിയമ്മ പറയുന്നത് ഇത് അദ്ദേഹത്തിന്റെ കുഞ്ഞ് അല്ലെന്നാണ്. മറ്റുളളവര്‍ പറഞ്ഞതൊന്നും ഞാന്‍ കാര്യമാക്കിയില്ല. പക്ഷേ അമ്മ പറഞ്ഞുകൊടുത്തതെല്ലാം കേട്ട് ഉണ്ണിയേട്ടന്‍ എന്നെ അവിശ്വസിച്ചു.

സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അങ്ങനെയുളളപ്പോള്‍ ഇനി അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി, ഞാനവിടെ നിന്നിറങ്ങി. അമ്മയും സഹോദരനും എന്നെയും ഉണ്ണിയേട്ടനെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു മോന്‍ ജനിച്ചു.

പിന്നീട് ചേട്ടന്റെ സംരക്ഷണയിലാണ് ഞാനും മോനും ജീവിച്ചത്. രണ്ടുവര്‍ഷത്തിനുശേഷം ചേട്ടന്‍ വിവാഹം കഴിച്ചു. ഞാനും മോനും ഏട്ടനൊരു ബാധ്യതയാകുമെന്ന് ഏട്ടത്തിക്ക് പേടിയായി.

എന്നെയും മോനെയും ഒഴിവാക്കാന്‍ ഓരോന്നു പറഞ്ഞു തുടങ്ങി. വിവാഹശേഷം ചേട്ടനും പഴയതുപോലെയുളള സ്‌നേഹം എന്നോട് ഇല്ലാതായി. ആ വീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കേണ്ട അവസ്ഥയിലാണ്.

സ്വന്തമായി വരുമാനമില്ലാത്ത ഞാന്‍ കുഞ്ഞിനെ എങ്ങനെ വളര്‍ത്തും? അതുകൊണ്ട് സാര്‍ ഇടപെട്ട് ഉണ്ണിയേട്ടനില്‍ നിന്ന് എനിക്കും മോനും ജീവിക്കാനുളള തുക വാങ്ങിത്തരണം'' എന്ന് പറഞ്ഞ് ഗായത്രി പൊട്ടിക്കരഞ്ഞു.

കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കുട്ടി ഉണ്ണിയുടെതാണെന്ന് തെളിഞ്ഞു. ഗായത്രിക്കും കുഞ്ഞിനും ജീവനാംശമായി മാസം അയ്യായിരം രൂപകൊടുക്കണമെന്നും കോടതി വിധിച്ചു.

അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
Saturday 07 Oct 2017 03.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW