Monday, July 16, 2018 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 07 Oct 2017 12.36 AM

ഞങ്ങള്‍ക്കും പറയാനുണ്ട്‌

uploads/news/2017/10/153086/2.jpg

സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ടുകള്‍ പിന്നിടുന്ന ഇന്ത്യയുടെ ജനാധിപത്യ അടിത്തറ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഒരുവശത്ത്‌, വിയോജിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടമില്ലാത്തവിധം, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന പൗരന്റെ സ്വാതന്ത്ര്യങ്ങള്‍ ഹിന്ദുത്വ ഭരണകൂടം ഇല്ലായ്‌മ ചെയ്യുന്നു. മറുവശത്ത്‌, തെരുവില്‍ അഴിഞ്ഞാടുന്ന ഹിന്ദുത്വ ഭീകരര്‍, ആള്‍ക്കൂട്ടത്തിന്റെ മറവിലും ആയുധത്തിന്റെ പിന്‍ബലത്തിലും പൗരന്റെ ജീവന്‍ കവര്‍ന്നെടുക്കുന്നു. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇതിന്റെ ഭാഗമാണ്‌.
എതിര്‍ശബ്‌ദങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്ന ഫാഷിസ്‌റ്റ്‌ തന്ത്രത്തിലൂടെ ആര്‍.എസ്‌.എസ്‌. തങ്ങളുടെ ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കാനൊരുങ്ങുമ്പോള്‍, രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ചവിട്ടിയരക്കപ്പെടുകയും മുസ്‌ലിം, ന്യൂനപക്ഷ, ദലിത്‌ വിഭാഗങ്ങളില്‍ അരക്ഷിതാവസ്‌ഥ പിടിമുറുക്കുകയുമാണ്‌.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ വികസനത്തെക്കുറിച്ചുള്ള വലിയ പ്രചാരണങ്ങളുടെ മറവില്‍ ഒളിച്ചു സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നത്‌ കോര്‍പ്പറേറ്റ്‌ ഫാഷിസത്തിന്റെ രാഷ്‌ട്രീയ അജന്‍ഡകളാണ്‌. ദേശീയതയുടെയും കള്ളപ്പണവേട്ടയുടെയും പേരില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗമാകെ സ്വദേശ-വിദേശ കുത്തകകള്‍ക്ക്‌ തുറന്നു കൊടുത്തു. നികുതി ഏകീകരണത്തിന്റെ പേരില്‍ നികുതിയുടെ ഭാരം മുഴുവന്‍ സാധാരണ ജനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കുകകയും അതേസമയം ഇന്ധനമേഖലയിലുള്‍പ്പടെ കോര്‍പ്പറേറ്റുകള്‍ക്ക്‌ ഇളവ്‌ നല്‍കുകയും ചെയ്‌തു. അസഹിഷ്‌ണുതയുടെ നിറതോക്കുമായി അഭിനവ ഗോഡ്‌സെമാര്‍ ഇപ്പോഴും ഇന്ത്യന്‍ തെരുവുകളിലുണ്ട്‌. എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തര്‍, പൗരാവകാശ പ്രവര്‍ത്തകര്‍, രാഷ്‌ട്രീയക്കാര്‍, പ്രസ്‌ഥാനങ്ങള്‍ തുടങ്ങി ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരേ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടെടുക്കുന്നവരെല്ലാം ഈ പട്ടികയില്‍ ഇടംപിടിച്ചവരാണ്‌.
പശുദേശീയതയുടെ മറവില്‍ നിസ്സഹായരായ മുസ്‌ലിംകള്‍ ജീവനുവേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ്‌. മൂകസാക്ഷികളായ ആള്‍ക്കൂട്ടങ്ങള്‍ക്കു മുമ്പിലിട്ട്‌ അവര്‍ മുഹമ്മദ്‌ അഖ്‌ലാഖിനെയും ഹാഫിസ്‌ ജുനൈദിനെയും പെഹ്‌ലൂഖാനെയും അലീമുദ്ദീന്‍ അന്‍സാരിയെയും പോലെ അനേകം ജീവനുകളെ തല്ലിക്കൊന്നു. ഹരിയാനയില്‍ കാലിക്കടത്ത്‌ ആരോപിച്ച്‌ യുവാക്കളെ കൊന്ന്‌ കെട്ടിത്തൂക്കി. ഉനയില്‍ ചത്തപശുവിന്റെ തോലുരിച്ച ദളിത്‌ യുവാക്കളെ നിഷ്‌ഠൂരമായി മര്‍ദ്ദിച്ച്‌ അവശരാക്കി. ഓരോ തല്ലിക്കൊലയിലും ആള്‍ക്കൂട്ട ആക്രമണത്തിലും മുസ്‌ലിംകളും ദളിതുകളും മാത്രം ഇരകളായി.
ഇഷ്‌ടമുള്ള വിശ്വാസം സ്വീകരിക്കാനും അത്‌ പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശത്തിന്‍മേലുള്ള സംഘടിതമായ കടന്നുകയറ്റമാണ്‌ രാജ്യത്ത്‌ ഇന്ന്‌ ഏറ്റവും ചൂടേറിയ ചര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കിയിരിക്കുന്നത്‌. ഇസ്‌ലാമിന്റെ അതിസമ്പന്നമായ ആശയതലത്തോട്‌ സംവദിക്കാനാവാതെ, ലൗ ജിഹാദ്‌ പോലുള്ള നുണപ്രചാരണത്തിലൂടെ രാജ്യത്ത്‌ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങളാണ്‌ ഇപ്പോള്‍ തകൃതിയായി നടക്കുന്നത്‌. അധികാരത്തിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി പ്രബോധന പ്രവര്‍ത്തനങ്ങളെയും അതിനു നേതൃത്വം നല്‍കുന്നവരെയും ഭീകരരാക്കി ചിത്രീകരിക്കുന്നു.
ഇസ്‌ലാമിക്‌ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ പോലെ, സമാധാനപരവും നിയമവിധേയവുമായി പ്രവര്‍ത്തിച്ചുക്കൊണ്ടിരുന്ന മുസ്‌ലിം സ്‌ഥാപനങ്ങളെ നിരോധിക്കുകയും സാക്കിര്‍ നായിക്കിനെ പോലുള്ള ഇസ്‌ലാമിക പണ്ഡിതരെ കുറ്റവാളിയാക്കുകയും ചെയ്‌ത ഭരണകൂടം ഇപ്പോള്‍ പോപ്പുലര്‍ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങള്‍ക്ക്‌ ആക്കം കൂട്ടിയിരിക്കുകയാണ്‌.
മതനിരപേക്ഷത പറയുന്ന ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ പോലും ഹിന്ദുത്വ ശക്‌തികളുടെ മുസ്‌ലിം വിരുദ്ധ അജന്‍ഡകള്‍ ഭംഗിയായി നടപ്പിലാക്കുന്നുവെന്നത്‌ മതേതര ചേരിയെ ഗൗരവത്തില്‍ ചിന്തിപ്പിക്കേണ്ടതാണ്‌. സ്വമേധയാ താന്‍ ഇസ്‌ലാംമതം സ്വീകരിച്ചുവെന്ന്‌ ഹാദിയ ഉള്‍പ്പടെയുള്ളവര്‍ പറയുമ്പോള്‍ അത്‌ മുഖവിലയ്‌ക്കെടുക്കാതെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച്‌ മുസ്‌ലിം സ്‌ഥാപനങ്ങളെ ലക്ഷ്യമിടുകയാണ്‌. അതേ സമയം ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും ഘര്‍വാപ്പസി നടത്തുന്ന സംഘപരിവാര്‍ കേന്ദ്രങ്ങളെ സംബന്ധിച്ച്‌ ഭീതിജനകമായ വെളിപ്പെടുത്തലുകള്‍ ഇരകള്‍ നേരിട്ട്‌ നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല. ലക്ഷണമൊത്ത ഹിന്ദുത്വഫാഷിസ്‌റ്റ്‌ പ്രവണതകളെ, ഇസ്‌ലാമിക തീവ്രവാദമെന്ന സന്തുലനത്തിന്റെ അകടമ്പടിയോടെയല്ലാതെ എതിക്കാന്‍ കഴിയുന്നില്ലെന്നതാണ്‌ കേരളത്തിലെ മതേതരചേരി നേരിടുന്ന ഏറ്റവും വലിയ ദൗര്‍ബല്യം. ഇത്‌ മനസ്സിലാക്കി ഇടതുപക്ഷത്തെ മൃദുഹിന്ദുത്വസമീപനത്തില്‍ തളച്ചിടാനുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമാണ്‌ ചുവപ്പിനോട്‌, ജിഹാദ്‌ ചേര്‍ത്തുകൊണ്ടുള്ള പുതിയ പ്രചാരണം.
കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി ഇന്ത്യന്‍ ജനതയ്‌ക്ക്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പും ഇതുതന്നെയാണ്‌. സംഘടനയുടെ ഈ നിലപാട്‌ സുതാര്യവും വ്യക്‌തവുമാണ്‌. അതുകൊണ്ടുതന്നെയാണ്‌ ആര്‍.എസ്‌.എസ്‌. നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ഫ്രണ്ടിനെ ലക്ഷ്യംവയ്‌ക്കുന്നത്‌. എന്‍.ഐ.എ. പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ സംഘടനയ്‌ക്കെതിരേ ദുഷ്‌പ്രചാരണം നടത്തി സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്‌ടിക്കാനാണ്‌ ശ്രമം. നിരോധനത്തിലൂടെയും കരിനിയമങ്ങളിലൂടെയും എതിര്‍ശബ്‌ദങ്ങളെ ഇല്ലാതാക്കി ഇന്ത്യയുടെ മതേതര, ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെയും കുഴിച്ചുമൂടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം തേടുകയാണ്‌ പോപ്പുലര്‍ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ. ഇതിന്റെ ഭാഗമായി ഞങ്ങള്‍ക്കും പറയാനുണ്ട്‌ എന്ന പ്രമേയം മുന്‍നിര്‍ത്തി ഇന്ന്‌ തിരുവനന്തപുരം പുത്തരിക്കണ്ടം െമെതാനത്ത്‌ മഹാസമ്മേളനം സംഘടിപ്പിക്കുകയാണ്‌.

നാസറുദ്ദീന്‍ എളമരം
(പോപ്പുലര്‍ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സംസ്‌ഥാന പ്രസിഡന്റാണ്‌ ലേഖകന്‍)

Ads by Google
Saturday 07 Oct 2017 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW