Saturday, October 07, 2017 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 07 Oct 2017 12.35 AM

യുദ്ധക്കൊതിക്കെതിരേ ഈ അവാര്‍ഡ്‌

uploads/news/2017/10/153085/1.jpg

ലോകം ഒരു ആണവ പോര്‍വിളിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ്‌ രണ്ട്‌ നൊബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നത്‌. സാഹിത്യ നൊബേലും സമാധാന നൊബേലും. രണ്ടിനും ആണവ പോരാട്ടത്തിന്റെ ബന്ധമുണ്ട്‌. ലോകത്ത്‌ ആദ്യമായി പ്രയോഗിച്ച അണു ബോംബുകളില്‍ ഒന്ന്‌ വീണ നാഗസാക്കിയില്‍ ജനിച്ച കസുവോ ഇഷിഗുരോ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയപ്പോള്‍ ആണവായുധങ്ങള്‍ക്കെതിരേ പോരാടുന്ന സംഘടനയായ ഇന്റര്‍നാഷണല്‍ കാമ്പയ്‌ന്‍ ടു അബോളിഷ്‌ ന്യൂക്ലിയര്‍ വെപ്പണ്‍സ്‌ (ഐ.സി.എ.എന്‍-ഐകാന്‍) ആണ്‌ സമാധാന നൊബേലിന്‌ അര്‍ഹമായത്‌.
രണ്ടാം ലോക യുദ്ധത്തില്‍ തകര്‍ന്ന്‌ തരിപ്പണമായ ജപ്പാനിലാണ്‌ കാസുവോ ഇഷിഗുരോയുടെ ജനനം. അദ്ദേഹത്തിന്‌ അഞ്ചു വയസ്സുള്ളപ്പോള്‍ കുടുംബം ഇംഗ്ലണ്ടിലേക്ക്‌ കുടിയേറി. ലോകയുദ്ധകാലത്തെ ജപ്പാനിലെ ദുരന്തത്തേക്കുറിച്ച്‌ എഴുതിയ സാഹിത്യകാരനായിരുന്നു ഇഷിഗുരോ. അദ്ദേഹത്തിന്റെ "ആന്‍ ആര്‍ട്ടിസ്‌റ്റ്‌ ഓഫ്‌ ദ്‌ ഫേ്ലാട്ടിങ്ങ്‌ വേള്‍ഡ്‌" എന്ന നോവല്‍ രണ്ടാം ലോകയുദ്ധത്തിലെ പരാജയത്തിനു ശേഷമുള്ള ജപ്പാന്റെ പുനര്‍നിര്‍മിതിയുടെ പശ്‌ചാത്തലത്തിലുള്ളതാണ്‌. യുദ്ധത്തിനു മുന്‍പും ശേഷവുമുള്ള ജപ്പാന്റെ ചിത്രം വിവരിക്കുന്നു നോവല്‍. യുദ്ധശേഷമുള്ള കെടുതികള്‍ അനുഭവിച്ച തലമുറയുടെ പ്രതിനിധി എന്ന നിലയില്‍ രചയിതാവ്‌ തന്നെ പലപ്പോഴും നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ആണവായുധങ്ങളുടെ പ്രയോഗം എങ്ങനെ മാനവരാശിക്ക്‌ വിനാശകരമാകുമെന്ന്‌ അദ്ദേഹം തന്റെ നോവലിലൂടെ പറഞ്ഞുവച്ചു.
ഇന്നലെ പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേലും ആണവ ആയുധങ്ങള്‍ക്ക്‌ എതിരേ പ്രവര്‍ത്തിക്കുന്ന സംഘടനയ്‌ക്കാണെന്നത്‌ ശ്രദ്ധേയമായി. 2007-ല്‍ രൂപീകൃതമായ സംഘടനയാണ്‌, വെറും പത്തു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട്‌ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ബഹുമതികളില്‍ ഒന്ന്‌ കരസ്‌ഥമാക്കിയത്‌. 101 രാജ്യങ്ങളിലായി 468 സംഘടനകളും ഇവരുടെ പങ്കാളികളായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഒരു ആണവായുധപ്രയോഗമുണ്ടായാല്‍ ഉണ്ടാകാവുന്ന നാശനഷ്‌ടങ്ങളുടെയും ദുരിതങ്ങളുടെയും ദീര്‍ഘകാലത്തെ പ്രത്യാഘാതങ്ങളുടെയും രൂക്ഷത ലോകത്തെ അറിയിക്കുക എന്നതാണ്‌ ഈ സംഘടനയുടെ ലക്ഷ്യം. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ചില യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കുഴിബോംബ്‌ സ്‌ഫോടനങ്ങള്‍ അനേകരെ കൊന്നൊടുക്കിയപ്പോള്‍ അതിനെതിരേ വ്യാപകമായി ശബ്‌ദമുയര്‍ന്നിരുന്നു. കുഴിബോംബുകള്‍ നിരോധിക്കുക എന്ന ആവശ്യമുയര്‍ത്തി ആഗോള പ്രചാരണം തന്നെ നടന്നു. ഇതിനേത്തുടര്‍ന്നാണ്‌ 1997-ല്‍ കുഴിബോംബ്‌ നിരോധന കരാര്‍ യാഥാര്‍ഥ്യമായത്‌. ഇതിന്റെ ചുവടുപിടിച്ച്‌ ആണവായുധങ്ങള്‍ക്കെതിരേ ആഗോള പ്രചാരണം നടത്തുക എന്നതാണ്‌ ഐകാന്‍ ലക്ഷ്യമിട്ടത്‌.
ലോകത്തിന്‌ മൊത്തത്തില്‍ ഭീഷണിയായി ഉത്തരകൊറിയ ആണവായുധങ്ങള്‍ പരീക്ഷിക്കുന്ന സമയമാണിത്‌. അമേരിക്കയെ പ്രകോപിപ്പിക്കാനാണ്‌ അവര്‍ ശ്രമിക്കുന്നതത്രയും. അതിനു ബദലായി അമേരിക്കയും യുദ്ധസന്നാഹമൊരുക്കുന്നു. ചെറിയപ്രകോപനം മതി ലോകം ഒരു സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ ചെന്നുപെടാന്‍. ഇങ്ങനെ കടുപ്പമേറിയ അന്തരീക്ഷത്തില്‍ നില്‍ക്കവേ നൊബേല്‍ സമ്മാനക്കമ്മിറ്റി നല്‍കുന്ന സന്ദേശമാണ്‌ ഈ രണ്ട്‌ അവാര്‍ഡുകളും എന്നു കരുതേണ്ടി വരും. ഇതില്‍ നിന്നു നല്ലതു പഠിക്കാന്‍ യുദ്ധക്കൊതിയന്മാര്‍ക്കാകട്ടെ.

Ads by Google
Advertisement
Saturday 07 Oct 2017 12.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW