Saturday, September 08, 2018 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 06 Oct 2017 03.52 PM

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍

സ്‌പോട്‌സ് താരമാകാന്‍ കൊതിച്ച അനുശ്രീയുടെ ജീവിതം സിനിമാക്കഥപോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്. ജീവിതത്തിലും സിനിമയിലും 'ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍' ആയ അനുശ്രീയുടെ ആരോഗ്യ സൗന്ദര്യ സംരക്ഷണത്തേക്കുറിച്ച്...
uploads/news/2017/10/152962/STARHELTHANUSREE1.jpg

ഒപ്പം എന്ന സിനിമയുടെ സെറ്റില്‍ അനുശ്രീയെ പൊലീസ് യൂണിഫോമില്‍ കണ്ട അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. കണ്ടു നിന്നവര്‍ എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍, ആര്‍മി യൂണിഫോമില്‍ കാണാനാഗ്രഹിച്ച മകളെ പൊലീസ് യൂണിഫോമിലെങ്കിലും കാണാനായല്ലോ എന്ന അമ്മയുടെ മറുപടിക്ക് ഒരു ഫ്‌ളാഷ് ബാക്ക് ഉണ്ട്.

എട്ടാം ക്ലാസില്‍ ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സ്‌പോര്‍ട്‌സ് അനുശ്രീയ്ക്ക് പ്രിയമായിരുന്നു. ഇഷ്ട ഐറ്റങ്ങള്‍ ബാസ്‌കറ്റ് ബോളും, ലോങ്ജംപും. വീട് വിട്ട് നില്‍ക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ ജി. വി രാജായിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചെങ്കിലും സ്‌പോര്‍ട്‌സിലുള്ള താല്‍പര്യം മനസില്‍ തന്നെ സൂക്ഷിച്ചു.

പിന്നീട് പ്ലസ്ടുവിന് പഠിക്കുമ്പോള്‍ എന്‍സിസിയുടെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തതോടെ അനുശ്രീ തന്റെ കരിയര്‍ തീരുമാനിച്ചുറപ്പിച്ചു. അങ്ങനെ സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരി റിയാലിറ്റി ഷോയെക്കുറിച്ച് വിളിച്ചു പറയുന്നത്. അവിടെ നിന്നും അനുശ്രീയുടെ കരിയര്‍ മാറുകയായിരുന്നു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണ്


സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ സ്‌പോര്‍ട്‌സ് എനിക്ക് വളരെ താല്‍പര്യമായിരുന്നു. ആര്‍ട്‌സിനേക്കാള്‍ എനിക്കിഷ്ടം കായികവിനോദങ്ങളോടായിരുന്നു. അത് ഏറെക്കുറെ എന്നെ സിനിമയില്‍ സഹായിച്ചിട്ടുണ്ട്. ഇതിഹാസ എന്ന ചിത്രത്തില്‍ പുരുഷന്റെ ശരീരചേഷ്ടകള്‍ ആവശ്യമായിരുന്നു. ആ ചിത്രത്തില്‍ സംഘട്ടന രംഗങ്ങളും ചെയ്തു.

സ്‌കൂള്‍ തലം മുതല്‍ കായികവിനോദങ്ങളില്‍ പങ്കെടുത്തതുകൊണ്ട്, അതൊക്കെ എനിക്ക് ടെന്‍ഷനില്ലാതെ ചെയ്യാന്‍ കഴിഞ്ഞു. ലോംങ് ജംപും ബാസ്‌കറ്റ് ബോളുമായിരുന്നു താല്‍പര്യം.

ഒന്‍പതാം ക്ലാസ് വരെ സ്‌പോര്‍ട്‌സ് സ്‌കൂളിലായിരുന്നു പഠിച്ചത്. അവിടെ ഹോസ്റ്റലില്‍ നില്‍ക്കേണ്ടതായി വന്നു. എനിക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ വീടിനടുത്തുള്ള സ്‌കൂളിലേക്ക് മാറുന്നത്.

പിന്നീട് പ്ലസ് ടു വരെ സ്‌പോര്‍ട്‌സില്‍ സജീവമായിരുന്നു. അന്ന് കായിക വിനോദങ്ങളില്‍ പങ്കെടുത്തതിന്റെ ഗുണം ശരീരഘടനയില്‍ കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു.

കാക്കി വേഷത്തോട് പണ്ടേ ഒരു ഇഷ്ടമുണ്ടായിരുന്നു. എന്‍സിസിയില്‍ പങ്കെടുത്തിട്ടുണ്ട്.അപ്പോള്‍ മുതല്‍ കാക്കി ഉപയോഗിക്കുകയല്ലേ. അന്നൊക്കെ റിപ്പബ്ലിക് ഡേ പരേഡിനായി ഡല്‍ഹിയില്‍ പോയിട്ടുണ്ട്.

ഒരു വര്‍ഷത്തെ പരിശീലനം ഉണ്ടാകും. കാക്കി വേഷം അന്നു മുതല്‍ ഒരു സ്വപ്നമായിരുന്നു. എന്നെങ്കിലും കാക്കി വേഷം ധരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 'ഒപ്പം' എന്ന ചിത്രത്തില്‍ പൊലിസ് ഓഫീസറുടെ വേഷത്തിലൂടെ അതേതായാലും സാധിച്ചു. അതുകൊണ്ട് കാക്കി വേഷത്തോട് ഒരിക്കലും അപരിചിതത്വം തോന്നിയിട്ടില്ല.

അന്നും ഇന്നും


ആദ്യ സിനിമയില്‍ കണ്ടതുപോലെ തന്നെയുണ്ടെന്ന് പലരും പറയാറുണ്ട്. പക്ഷേ വണ്ണം വയ്ക്കാതെ ശരീരം ഇങ്ങനെ സംരക്ഷിക്കാനായി ഞാന്‍ ഒന്നും തന്നെ ചെയ്യാറില്ല. കൃത്യമായിട്ടുള്ള ഡയറ്റ് പോലും പിന്തുടരുന്നില്ല. അതാണ് സത്യം. ഇപ്പോള്‍ കുറച്ച് നാളായി കസിന്‍സ് എല്ലാവരും നടക്കാന്‍ പോകുന്നുണ്ട്. അവര്‍ക്കൊപ്പം ഞാനും നടക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എല്ലാവരും കൂടി പോകുമ്പോള്‍ എനിക്കും നടക്കാന്‍ താല്‍പര്യമാണ്. പക്ഷേ മഴയായതുകൊണ്ട് കുറച്ച് ദിവസങ്ങളായി നടത്തം മുടങ്ങിയിട്ടുണ്ട്. മഴ മാറുമ്പോള്‍ വീണ്ടും നടന്നു തുടങ്ങണം.

എന്റെ വീടിനടുത്ത് തന്നെയാണ് ബന്ധുക്കള്‍ എല്ലാവരും താമസിക്കുന്നത്. കസിന്‍സ് എല്ലാവരും എപ്പോഴും വീട്ടില്‍ കാണും. അവര്‍ക്കൊപ്പമാണ് കൂടുതല്‍ സമയവും ചെലവിടുന്നത്. അതല്ലാതെ വണ്ണം കൂടരുത് എന്നു കരുതി വ്യായാമം ചെയ്യാറില്ല. നേരത്തെ യോഗ ചെയ്തിരുന്നു. ഇടയ്ക്ക് അത് നിര്‍ത്തി.

സമയക്കുറവ് കാരണം പലപ്പോഴും കൃത്യമായി യോഗ ചെയ്യാന്‍ സാധിക്കാറില്ല. ദിവസേന കുറച്ച് സമയം വ്യായാമത്തിനായി മാറ്റി വയ്ക്കുന്ന പതിവൊന്നുമില്ല. സമയം കിട്ടുമ്പോള്‍ വ്യായാമം ചെയ്യും അത്രേയുള്ളൂ. ആരോഗ്യകാര്യങ്ങളില്‍ അത്ര ശ്രദ്ധ നല്‍കുന്ന വ്യക്തിയല്ല ഞാന്‍. സിനിമയില്‍ വന്നതുകൊണ്ട് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ജീവിതത്തില്‍ വന്നിട്ടില്ല.

ഞാനൊരു നാട്ടിന്‍പുറത്തുകാരി


പത്തനാപുരത്തെ കമുകിന്‍ചേരി എന്ന നാട്ടിന്‍പുറമാണ് എന്റെ ഗ്രാമം. അതുകൊണ്ട് ഒരു നാട്ടിന്‍പുറംകാരിയുടെ രീതികളൊക്കെ ഏറെക്കുറെയുണ്ട്. സൗന്ദര്യ സംരക്ഷണ രീതികള്‍ ഒന്നുംതന്നെയില്ല. സിനിമയില്‍ പോലും അധികം മേക്കപ്പ് ഉപയോഗിക്കാറില്ല. ചില കഥാപാത്രങ്ങള്‍ക്ക് ആവശ്യമായി വന്നാലും വളരെ ലൈറ്റായിട്ടുള്ള മേക്കപ്പ് മാത്രമേ നല്‍കാറുള്ളൂ.

മേക്കപ്പില്ലാതെ കാണുന്നതായിരിക്കും നല്ലതെന്നാണ് എന്റെ തോന്നല്‍. ഫോട്ടോ ഷൂട്ടോ അവാര്‍ഡ് ദാന ചടങ്ങുകളോ വരുമ്പോള്‍ ചെറിയ രീതിയില്‍ മേക്കപ്പ് ചെയ്യാറുണ്ട്. നാട്ടിന്‍ പ്രദേശമായതുകൊണ്ട്, അതിന്റേതായ ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് മോശമാക്കണമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ടാണ് ഒരുക്കങ്ങള്‍ കഴിവതും കുറയ്ക്കുന്നത്. പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണം പോലും ചെയ്യാറില്ല. പപ്പായ കഴിക്കുമ്പോള്‍ അല്‍പം എടുത്ത് മുഖത്ത് പുരട്ടും. അതും വല്ലപ്പോഴും മാത്രം.

വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ പപ്പായ കിട്ടിയാല്‍ കഴിക്കും. അതിനൊപ്പം അല്‍പമെടുത്ത് മുഖത്തിടും. ചര്‍മ്മസംരക്ഷണത്തിനായി സമയം കണ്ടെത്തി ഒന്നും ചെയ്യാറില്ല. 15 മിനിറ്റ് ഫേഷ്യല്‍ ചെയ്യണം, അഞ്ച് മിനിറ്റ് മസാജ് ചെയ്യണം അങ്ങനെ പ്ലാന്‍ ചെയ്ത് സമയം ചെലവഴിക്കുന്ന ആളേയല്ല ഞാന്‍.

ചോറ് കിട്ടിയില്ലെങ്കില്‍ മൂഡ്ഔട്ടാകും


ഇഷ്ടപ്പെട്ട ഭക്ഷണമെന്താണോ, അത് കഴിക്കാറുണ്ട്. കൂടുതലും ചോറാണ് കഴിക്കുന്നത്. ഉച്ചയ്ക്കും രാത്രിയിലും ചോറ് കിട്ടിയാല്‍ സന്തോഷം. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്തിനാണ് ജീവിക്കുന്നത്. അതുകൊണ്ട് ഭക്ഷണം ഉപേക്ഷിച്ചുള്ള ഒരു ഡയറ്റും ചെയ്യാറില്ല. സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴല്ലേ, ജീവിതം ആസ്വദിക്കാന്‍ തോന്നുകയുള്ളൂ.

ഇഷ്ടഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒരു സന്തോഷം തന്നെയാണ്. അതുകൊണ്ട് ഭക്ഷണത്തോട് വിരോധം കാണിക്കാറില്ല. ഇഷ്ടഭക്ഷണവും ചോറ് തന്നെ. ഏത് നാട്ടില്‍ പോയാലും ചോറ് നിര്‍ബന്ധമാണ്.

വിദേശത്ത് പോയാലും എന്നോട് എന്താണ് കഴിക്കാന്‍ വേണ്ടതെന്ന് ചോദിച്ചാല്‍ ചോറ് വേണമെന്നേ പറയൂ. ഒരു ദിവസം ചോറ് കിട്ടിയില്ലെങ്കില്‍ ഞാന്‍ മൂഡ്ഔട്ടാകും. ചോറ്, ചമ്മന്തി, മീന്‍കറി, തൈര് ഇവയൊക്കെയാണ് കൂടുതല്‍ ഇഷ്ടം.

നന്നായി ഭക്ഷണം കഴിക്കാറുണ്ട്. ഒരു നേരം അല്‍പം ഭക്ഷണം കൂടുതല്‍ കഴിച്ചെന്നു കരുതി കലോറി കൂടിപ്പോയല്ലോ എന്നൊന്നും ആശങ്കപ്പെടാറില്ല. ഒരു നേരം ഭക്ഷണം കുറയ്ക്കാമെന്നും ചിന്തിക്കാറില്ല. വയറു നിറയെ ഭക്ഷണം കഴിക്കും. ഇഷ്ടഭക്ഷണമാണെങ്കില്‍ മതിയാകുന്നതു വരെ കഴിക്കും. നോണ്‍ വെജാണ് കൂടുതലും താല്‍പര്യം.

പിന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടയ്ക്ക് പോകാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ നോണ്‍വെജ് ഒഴിവാക്കും. വ്രതമെടുത്തായിരിക്കും പോകുക. ആ സമയം വെജ് മാത്രം കഴിക്കും. വീട്ടിലുള്ളപ്പോള്‍ വെജും നോണ്‍ വെജും കഴിക്കാറുണ്ട്. ഷൂട്ടിനായി മാറി നില്‍ക്കുന്നൂ എന്നേയുള്ളൂ. ബാക്കി സമയം ഞാന്‍ വീട്ടിലെ കുട്ടിയാണ്.

വീടും ചുറ്റുപാടും തന്നെയാണ് ഏറെ പ്രിയം. പിന്നെ വീട്ടിലെ ഭക്ഷണവും. എനിക്ക് പൊതുവേ നാടന്‍ കറികളോടും ഭക്ഷണങ്ങളോടുമാണ് താല്‍പര്യം. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാലും നാടന്‍ വിഭവങ്ങളാണ് തിരഞ്ഞെടുക്കുക. ഏത് സ്ഥലത്ത് പോയാലും അവിടുത്തെ നാടന്‍ ഭക്ഷണം കിട്ടുന്ന റസ്‌റ്റോറന്റ് അന്വേഷിക്കും. എന്നിട്ട് അവിടെ പോയി ഭക്ഷണം കഴിക്കും.

സാഹചര്യം വന്നാല്‍ ബോള്‍ഡാകും


ഞാന്‍ വളരെ ബോള്‍ഡാണെന്നു പറയാനാകില്ല. പക്ഷേ ബോള്‍ഡാകേണ്ട സാഹചര്യം വന്നാല്‍ അതിനനുസരിച്ച് പെരുമാറാറുണ്ട്. അങ്ങനെ വേണമെന്നു ചിന്തിക്കുന്നയാളാണ്. അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്തു കരുതുമെന്ന് വിചാരിച്ചിട്ട് കാര്യമില്ലല്ലോ.

പറയേണ്ട സാഹചര്യത്തില്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പറയും. ഒരു വിഷയത്തില്‍ അഭിപ്രായം പറയേണ്ടതില്ല എന്നു തോന്നിയാല്‍ ഒന്നും പറയാറില്ല.

മിണ്ടാതെ നില്‍ക്കേണ്ട സാഹചര്യങ്ങളില്‍ മിണ്ടാതെ നില്‍ക്കും. അഭിപ്രായം പറയേണ്ട സന്ദര്‍ഭങ്ങളില്‍ പറയും. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ പേടിക്കേണ്ടതില്ല. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് ജീവിതത്തില്‍ ധൈര്യം നല്‍കും. കൂടുതല്‍ ബോള്‍ഡാകാന്‍ സഹായിക്കും.

ന്യായമായ കാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാറുണ്ട്. ഇന്നത്തെ കാലത്ത് അല്‍പം ധൈര്യവും തന്റേടവും ഉള്ളത് നല്ലതല്ലേ. എങ്കില്‍ മാത്രമേ ഏത് സഹാചര്യവും മനക്കരുത്തോടെ നേരിടാന്‍ സാധിക്കുകയുള്ളൂ.

ഒഴിവു സമയം കസിന്‍സിന്റെ കൂടെ


ഒഴിവുസമയം തീര്‍ച്ചയായും കസിന്‍സിനൊപ്പമായിരിക്കും. വീടിനടുത്ത് എല്ലാവരുമുണ്ടല്ലോ. ഞങ്ങള്‍ 12 പേരുണ്ട്. എല്ലാവരുമായി നല്ല അടുപ്പമാണ്. വീട്ടിലെത്തിയാല്‍ എനിക്ക് ബോറടിക്കാറേയില്ല.

എല്ലാവരും കൂടി സിനിമയ്ക്ക് പോകാറുണ്ട്. പിന്നെ ഷോപ്പിങിന് പോകും. ചെറിയ ട്രിപ്പുകള്‍ ഒക്കെ പ്ലാന്‍ ചെയ്യാറുണ്ട്. എനിക്ക് വീട്ടില്‍ വെറുതേയിരിക്കുന്നത് തീരെ ഇഷ്ടമല്ല. അതുകൊണ്ട് എപ്പോഴും ഓരോ പരിപാടികള്‍ ഉണ്ടാകും.

ഒറ്റയ്ക്ക് ആരും എവിടെയും പോകാറില്ല. എപ്പോഴും ഒരുമിച്ചുണ്ടാകും. അവര്‍ നല്‍കുന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. പുതിയ പ്രോജക്ടുകളെക്കുറിച്ച് കസിന്‍സിനോട് ചര്‍ച്ച ചെയ്യാറുണ്ട്.

എല്ലാ കാര്യങ്ങളിലും കൃത്യമായ അഭിപ്രായം അവര്‍ പറഞ്ഞു തരും. സാധാരണ പ്രേക്ഷകരെപ്പോലെ പോസിറ്റീവും നെഗറ്റീവും പറയാറുണ്ട്. അവര്‍ക്ക് കൃത്യമായ ജഡ്ജ്‌മെന്റുണ്ട്. അവര്‍ നല്‍കുന്ന മാനസിക പിന്തുണ കരിയറില്‍ ഏറെ സഹായിക്കാറുണ്ട്. പിന്നെ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കള്‍ ഉണ്ട്. അവര്‍ക്കൊപ്പവും ഔട്ടിങ്ങിനു പോകും.

വ്യായാമം ജൂലിക്കൊപ്പം


ദിവസവും വ്യായാമം ചെയ്യുന്ന ശീലമില്ല. വല്ലപ്പോഴും നടക്കാന്‍ പോകും. അതുമാത്രമാണ് ചെയ്യുന്നത്. അല്ലാതെ ദിവസവും ഇത്ര മണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കുന്ന പതിവില്ല.

എനിക്കൊരു പഗ്ഗ് ഉണ്ട്, ജൂലി. അവള്‍ ഒരു നിമിഷം അടങ്ങിയിരിക്കില്ല. എപ്പോഴും ഓട്ടമാണ്. അവളുടെ പിറകെ ഓടുന്നതാണ് ഇപ്പോഴത്തെ വ്യായാമം. വീട്ടിലെത്തിയാല്‍ അവളുടെ പിറകെ ഓട്ടവും നടത്തവും തന്നെയാണ്. രാത്രി 12 മണിയായാലും അവള്‍ ഉറങ്ങില്ല.

ഉറങ്ങുന്നതു വരെ അവള്‍ക്കൊപ്പമുണ്ടാകും. അതു തന്നെ നല്ലൊരു വ്യായാമമല്ലേ. വേറെ വ്യായാമത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

വീട്ടില്‍ അച്ഛനും അമ്മയും തീരെ മെലിഞ്ഞതല്ല. ആവശ്യത്തിന് വണ്ണമുണ്ട്. ചില സമയം ഞാന്‍ വണ്ണം വയ്ക്കാറുണ്ട്. ചിലപ്പോള്‍ നന്നായി മെലിയാറുമുണ്ട്. എന്താണങ്ങനെയെന്നറിയില്ല. സ്‌ക്രീനില്‍ കാണുന്നതിലും മെലിഞ്ഞിട്ടാണല്ലോയെന്ന് പലരും നേരില്‍ കാണുമ്പോള്‍ പറയാറുണ്ട്.

സ്‌ക്രീനില്‍ കാണുമ്പോള്‍ കുറച്ചു കൂടി ഭേഭമാണെന്നു തോന്നുന്നു. ഞങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കും അധികം വണ്ണം വയ്ക്കാറില്ല. അതായിരിക്കും എനിക്കും കിട്ടിയിരിക്കുന്നത്.

കുടുംബത്തിന്റെ പിന്തുണ


വീട്ടില്‍ എല്ലാവരും പൂര്‍ണ പിന്തുണ നല്‍കാറുണ്ട്. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും എല്ലാകാര്യങ്ങള്‍ക്കും കൂടെയുണ്ടാകും. അമ്മയാണ് ലൊക്കേഷനില്‍ കൂടെ വരാറുള്ളത്.

എപ്പോഴും ഏത് കാര്യത്തിനും അമ്മ ഒപ്പമുള്ളത് ഒരു ധൈര്യമാണ്. ചേട്ടന്റെ വിവാഹമായിരുന്നു. അതുകൊണ്ട് കുറച്ച് നാളായി അമ്മ നല്ല തിരക്കിലായിരുന്നു. എന്നാലും എന്റെ കാര്യത്തില്‍ അമ്മയുടെ ശ്രദ്ധ ഉണ്ടാകും. ഷൂട്ടിനിടയ്ക്ക് രണ്ട് ദിവസം ബ്രേക്ക് കിട്ടിയാല്‍ ഞാന്‍ വീട്ടിലേക്ക് എത്തും.

എന്റെ നാടും വീടും തന്നെയാണ് കൂടുതല്‍ ഇഷ്ടം. വീട്ടില്‍ കിട്ടുന്ന അന്തരീക്ഷം വേറെ എവിടെയും കിട്ടില്ല. എത്ര തിരക്കാണെങ്കിലും വീട്ടിലെത്തിയാല്‍ റിലാക്‌സ് ആകാറുണ്ട്. ഷൂട്ടിന്റെ തിരിക്കുകളില്‍ നിന്നും മനസ് ശാന്തമാകുന്നത് വീട്ടിലെത്തുമ്പോഴാണ്.

കുടുംബാംഗങ്ങള്‍ അത്രയേറെ പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് വീട്ടില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ വേഗം വീട്ടിലേക്ക് തിരികെ വരണമെന്നു തോന്നുന്നത്. വര്‍ക്കുള്ളപ്പോള്‍ അതില്‍ മാത്രം ശ്രദ്ധിക്കാറുള്ളൂ. ഷൂട്ട് കഴിഞ്ഞാല്‍ പിന്നെ വീടാണ് എന്റെ ലോകം.

തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW