Tuesday, June 18, 2019 Last Updated 15 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 06 Oct 2017 03.48 PM

അച്ഛന്‍ എല്‍പ്പിച്ച ദൗത്യം

uploads/news/2017/10/152958/Weeklyaanaasu100617a.jpg

ജീവിതത്തില്‍ കഠിനപ്രയത്‌നം ചെയ്താല്‍ നമ്മള്‍ നിശ്ചയിക്കുന്ന വഴികളിലൂടെ നമുക്ക് സഞ്ചരിക്കാന്‍ കഴിയും എന്നതില്‍ സംശയമില്ല. പക്ഷേ, അതിനൊപ്പം കാലം ചില നിയോഗങ്ങള്‍ കൂടി നമ്മുടെമേല്‍ ചാര്‍ത്തിനല്‍കും. സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത ആ വഴികള്‍ ആദ്യമൊന്നും പ്രകടമാവുകയില്ല.

എന്നാല്‍ ഏതെങ്കിലുമൊരു കവലയില്‍വച്ച് നമ്മുടെ ദിശ മെല്ലെ മാറിയൊഴുകും. കെമിസ്ട്രിയില്‍ എം.എസ്‌സിയുംപി.എച്ച്ഡിയും എടുത്ത് കോളജില്‍ അധ്യാപകനായിരിക്കുമ്പോള്‍ ഒരു സായന്തനത്തില്‍ അച്ഛന്‍ ചോദിച്ച ഒരൊറ്റചോദ്യമാണ് 22 വര്‍ഷമായി, 28 വിവിധ കഥകളുമായി നാലായിരത്തിലധികം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചുകൊണ്ട് ഇന്നും കലാരംഗത്ത് ശക്തമായി നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. 'നിനക്ക് കഥാപ്രസംഗം ഒന്നു ശ്രമിച്ചൂടേ' എന്ന ഒരൊറ്റ ചോദ്യം.

ആദ്യമൊക്കെ മക്കളെ കലാപ്രവര്‍ത്തനവഴിയിലൂടെ നടത്താതെ മറ്റേതെങ്കിലും ഉയര്‍ന്ന ഉദ്യോഗം നേടി ജീവിക്കാനായിരുന്നു അച്ഛന്‍ പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് അന്ന് അച്ഛന്‍ അങ്ങനെ ചോദിച്ചത്.

ആ ചോദ്യത്തിനു മുന്നില്‍ സത്യത്തില്‍ ഞാന്‍ പകച്ചുപോയി. അന്നുവരെ അച്ഛന്റെ ആസ്വാദകനായി മാത്രം ജീവിച്ച ഞാന്‍ പെട്ടെന്നൊരു ദിവസം വേദിയില്‍ കയറി കഥ അവതരിപ്പിക്കണമെന്നു പറഞ്ഞപ്പോള്‍ ചെറിയ ഭയം തോന്നിയെങ്കിലും, ശ്രമിക്കാം എന്ന് അച്ഛന് വാക്കുകൊടുത്തു. ആ സമയത്താണ് അച്ഛന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്.

ജീവിതാന്ത്യത്തോട് അടുക്കുമ്പോള്‍ ആണല്ലോ നമ്മള്‍ പ്രിയപ്പെട്ടവരെക്കുറിച്ചും പ്രിയപ്പെട്ടതിനെക്കുറിച്ചും ഒക്കെ വേവലാതിപ്പെടുന്നത്.

അച്ഛനു പക്ഷേ വേവലാതി ഞങ്ങളെക്കുറിച്ചായിരുന്നില്ല. അച്ഛന്‍ ഉണ്ടാക്കിയ കഥാപ്രസംഗകലയിലെ സിംഹാസനം അതുപോലെ ഭംഗിയായി സൂക്ഷിക്കാന്‍ ആര് എന്നുള്ള ആശങ്കയായിരുന്നു.
അതുകൊണ്ടാവണം ചികിത്സയുടെ ഒരിടവേളയില്‍ എന്നെ അടുത്ത് വിളിച്ച് അദ്ദേഹം പറഞ്ഞത് സമയമായി, നീ കഥ പറയാന്‍ ഒരുങ്ങിക്കോളൂ എന്ന്.

എന്നാല്‍ അച്ഛന്റെ ആ അവസ്ഥയിലും ബുക്കിങ്ങിനു വരുന്നവര്‍ക്ക് സാംബശിവനെ മാത്രമേ വേണ്ടിയിരുന്നുള്ളൂ. സാംബശിവന്റെ മകന്‍ എന്ന ലേബലല്ലാതെ ഞാനതുവരെ ഒരു സ്‌റ്റേജില്‍പ്പോലും കഥാപ്രസംഗം അവതരിപ്പിച്ചിരുന്നില്ല.

ഒടുവില്‍ അച്ഛന്‍തന്നെ അതിന് പരിഹാരം കണ്ടെത്തി. ക്ഷണിക്കപ്പെട്ട ഒരു സദസിന്റെ മുന്നില്‍ അരങ്ങേറുക. എന്നിട്ട് അവര്‍ തീരുമാനിക്കട്ടെ ഞാന്‍ കഥാപ്രസംഗവുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്ന്.

അങ്ങനെ 1996 ജനുവരി 13 ന്, കൊല്ലം എന്‍.ജി.ഒ ഹാളില്‍വച്ച് എന്റെ അരങ്ങേറ്റം നടത്താന്‍ തീരുമാനിച്ചു. പ്രഗത്ഭരായ ആളുകള്‍ ഉള്‍പ്പെട്ട വലിയൊരു ജനക്കൂട്ടമാണ് അവിടെ കാണാന്‍ വന്നിരുന്നത്. ഹാള്‍ തിങ്ങിനിറഞ്ഞു.

അച്ഛന്‍ എന്റെ കൈപിടിച്ചുകൊണ്ട് സ്‌റ്റേജില്‍ കയറി. എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: 'എന്റെ 48 വര്‍ഷത്തെ കഥാപ്രസംഗസപര്യ ഇവിടെ അവസാനിക്കുന്നു. ഞാനിതാ ഇറങ്ങുന്നു. ഇനി ഇവന്‍ കഥ പറയട്ടെ.'

സദസ് നിശബ്ദമായി. എന്റെ അരങ്ങേറ്റത്തിനേക്കാള്‍ അവരെ സ്പര്‍ശിച്ചത് അച്ഛന്‍ ഇറങ്ങുന്നു എന്ന് പറഞ്ഞ വാക്കുകള്‍ ആയിരുന്നു. അച്ഛന്‍ ആരാണെന്ന് ഞാന്‍ ശരിക്കും അറിഞ്ഞ നിമിഷമായിരുന്നു അത്.

അച്ഛന്‍ നടന്ന് സദസിന്റെ മുന്നിലെ കസേരയില്‍ ഇരുന്ന് എന്റെ കഥയ്ക്കായ് കാതോര്‍ത്തു. അച്ഛന്‍ തന്നെ അനശ്വരമാക്കിയ ഒഥല്ലോ ആണ് ഞാന്‍ അന്ന് പുനരാവിഷ്‌കരിച്ചത്. കഥ പറഞ്ഞുതീര്‍ന്നതും സദസില്‍ നീണ്ട കരഘോഷം മുഴങ്ങി.

കൈയടിക്കുന്നവരുടെ കൂട്ടത്തിലിരുന്ന് അച്ഛനും കൈയടിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു. എനിക്ക് ആ ഒരൊറ്റ അംഗീകാരം മതിയായിരുന്നു. അന്നുരാത്രി വീട്ടിലെത്തി അച്ഛന്‍ കിടന്നുകഴിഞ്ഞപ്പോള്‍ ഞാന്‍ അച്ഛന്റെ അടുത്തുചെന്നു ചോദിച്ചു: 'എങ്ങനെയുണ്ടായിരുന്നു അച്ഛാ?'

'തരക്കേടില്ല; നീ നന്നാകും. വേദിയില്‍ അവതരിപ്പിച്ച് തഴക്കം വരുമ്പോള്‍ നല്ല കാഥികനാകും. ഒന്ന് ഉറപ്പാണ്; ജനം നിന്റെകൂടെയുണ്ട്.' അതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതിനുശേഷം മൂന്നുമാസത്തോളമേ അച്ഛന്‍ കൂടെയുണ്ടായിരുന്നുള്ളൂ.

ആ ചുരുങ്ങിയ കാലയളവില്‍ത്തന്നെ ഞാന്‍ തിരക്കേറിയ കാഥികനായി മാറുന്നത് അച്ഛനു കാണാന്‍ സാധിച്ചു. ഇന്നും ഓരോ വേദിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചുകഴിയുമ്പോഴും കൈയടിക്കുന്ന സദസില്‍ ഞാന്‍ അച്ഛനെ തിരയാറുണ്ട്. അവരുടെയിടയില്‍ ഇല്ലെങ്കിലും, മുകളിലെവിടെയോ ഇരുന്ന് അച്ഛന്‍ കൈയടിക്കുന്നത് ഞാന്‍ കാണാതെ കാണാറുമുണ്ട്.

തയ്യാറാക്കിയത്: ഡോ. അബേഷ് രഘുവരന്‍

Ads by Google
Friday 06 Oct 2017 03.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW