ലണ്ടന്‍ : അനേകര്‍ക്ക് പുതുജീവന്‍ സമ്മാനിക്കുന്ന അവയവദാന രംഗത്ത് വിപ്ളവകരമായ മാറ്റത്തിലേക്ക് കാലൂന്നി ബ്രിട്ടന്. മരണശേഷം വ്യക്തിയുടെ കൊള്ളാവുന്ന അവയവങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിന് ബ്രിട്ടന് തയ്യാറെടുക്കുന്നു. ഇതിനായി ഒരു വ്യക്തിയുടെ സമ്മതത്തോടെ മരണാനന്തരം അവയവങ്ങള്‍ നല്കുന്ന 'ഓപ്റ്റ് ഔട്ട് സിസ്റ്റം' അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതനുസരിച്ച് മരിക്കുന്നയാളുടെ പ്രവര്‍ത്തനക്ഷമതയുള്ള എല്ലാ അവയവങ്ങളും സര്‍ക്കാര്‍ എടുക്കും. ഒരാള്‍ മരിക്കുമ്പോള്‍ സ്വമേധയാ അയാള്‍ അവയവ ദാതാവായി മാറുന്നു. ഇക്കാര്യം സമ്മതമല്ലാത്തവര്‍ അക്കാര്യം കാരണസഹിതം രേഖാമൂലം നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ ബോദ്ധ്യപ്പെടുത്തേണ്ടി വരും. വ്യക്തിയുടെ സമ്മതമുണ്ടെങ്കില്‍ മാത്രം മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുന്ന നിയമം ഇംഗ്ളണ്ടിലും സ്കോട്ലന്റിലും നിലവിലുണ്ട്. ഈ നിയമമാണ് പരിഷ്ക്കരിക്കുന്നത്. ആവശ്യത്തിനുള്ള അവയവം ലഭിക്കാത്തതിനാല്‍ അസുഖവുമായി മുമ്പോട്ടു പോകുന്ന അനേകര്‍ ബ്രിട്ടനില്‍ ഉടനീളമുണ്ട്്.
18 വയസ്സ് കഴിഞ്ഞാല്‍ മരിക്കുന്നവരുടെ പ്രവര്‍ത്തനക്ഷമമായ അവയവങ്ങള്‍ ആരുടേയും സമ്മതം നോക്കാതെ തന്നെ നീക്കം ചെയ്ത് ആവശ്യക്കാര്‍ക്ക് വെച്ചു പിടുപ്പിക്കുന്ന നിയമം രണ്ടു വര്‍ഷം മുമ്പ് വെയ്ല്‍സില്‍ നടപ്പിലാക്കിയിരുന്നു. ഭരണകക്ഷിയായ ടോറി പാര്‍ട്ടിയുടെ കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ സമാപിച്ച വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി തെരേസാ മേയാണ് പുതിയ നിയമനിര്‍മ്മാണത്തെക്കുറിച്ച് വ്യക്തമാക്കിയത്. അവയവം കിട്ടാത്ത സാഹചര്യത്തില്‍ ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിന്ന് 500 പേരാണ് മരണമടഞ്ഞത്.
അതേസമയം പുതിയ നീക്കം ഗൗരവതരമായ ധാര്‍മ്മിക പ്രശ്നവും ഉയര്‍ത്തിയിട്ടുണ്ട്. 2012 ല്‍ ഈ നിയമം വെയ്ല്‍സില്‍ നടപ്പിലാക്കിയപ്പോള്‍ അനേകരാണ് രംഗത്ത് വന്നത്. ഒരാളുടെ സമ്മതം കൂടാതെ തന്നെ അയാളുടെ അവയവം എടുക്കുന്നതിനെ സംഭാവന എന്ന് പറയാനാകുമോയെന്ന് ചോദിക്കുന്ന അവര്‍ മനുഷ്യന്റെ സ്വതന്ത്രാധികാരശത്ത ചോദ്യം ചെയ്യുന്നത് പോലെയുള്ള മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണെന്നും പറഞ്ഞു.