Friday, July 06, 2018 Last Updated 50 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 06 Oct 2017 01.24 AM

കാല്‍പ്പന്ത്‌ വിളയാട്ടം കമനീയമാകട്ടെ

uploads/news/2017/10/152774/editorial.jpg

ഇന്ത്യയുടെ കായികചരിത്രത്തിലെ ഏറ്റവും അവിസ്‌മരണീയമായ ദിവസമായിരിക്കും ഇന്ന്‌. ഫിഫയുടെ 17 വയസ്സില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ലോകകപ്പിന്‌ ഇന്ന്‌ ഇന്ത്യന്‍ മണ്ണില്‍ പന്തുരുളുകയാണ്‌. ഏതെങ്കിലും തലത്തിലുള്ള ഒരു ലോകകപ്പ്‌ ടൂര്‍ണമെന്റിന്‌ ഇന്ത്യ ആതിഥ്യമരുളുന്നത്‌ ഇതാദ്യമായാണ്‌. കൊച്ചി കൂടാതെ, ന്യൂഡല്‍ഹി, കൊല്‍ക്കൊത്ത, നവി മുംബൈ, മഡ്‌ഗാവ്‌, ഗുവാഹട്ടി എന്നിവിടങ്ങളാണ്‌ മത്സരങ്ങള്‍ക്ക്‌ വേദിയാവുന്നത്‌. തികച്ചും ഇന്ത്യക്ക്‌ അഭിമാനിക്കാവുന്ന ദിനങ്ങളാണിനി.

2013ലാണ്‌ ഇന്ത്യ ഈ ലോകകപ്പ്‌ ടൂര്‍ണമെന്റിന്‌ ആതിഥേയനാകാന്‍ ശ്രമം തുടങ്ങിയത്‌. അസര്‍ബൈജാന്‍, അയര്‍ലന്‍ഡ്‌, ഉസ്‌ബെക്കിസ്‌ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇതേ ടൂര്‍ണമെന്റിനു വേണ്ടി മത്സരരംഗത്തുണ്ടായിരുന്നു. സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങളാണ്‌ അയര്‍ലന്‍ഡും അസര്‍ബൈജാനും. ഫുട്‌ബോളിന്‌ ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളുമാണവ. ഈ രണ്ടു രാജ്യങ്ങളും മത്സരരംഗത്തുണ്ടായിട്ടും ഇന്ത്യക്ക്‌ നറുക്കുവീണത്‌ ഇവിടെ ഫുട്‌ബോളിന്‌ നല്ലൊരു ഭാവി ഉണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു. വിപുലമായ സൗകര്യങ്ങളോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ മത്സരങ്ങള്‍ ആരംഭിക്കാന്‍ അപ്പോഴേക്കും ആലോചന ശക്‌തമായിരുന്നു. മാത്രമല്ല, ലോക ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന ഫിഫ ബാല്യത്തില്‍ തന്നെ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന ഗ്രാസ്‌റൂട്ട്‌ പദ്ധതി ഇവിടെ ആരംഭിച്ചിരുന്നു.

ഗ്രാസ്‌റൂട്ട്‌ പദ്ധതിയും ഐ.എസ്‌.എലിന്റെ വിജയവും അണ്ടര്‍17 ടൂര്‍ണമെന്റിന്റെ വരവും ഇന്ത്യന്‍ ഫുട്‌ബോളിന്‌ നല്‍കിയ കുതിപ്പ്‌ ചെറുതൊന്നുമല്ല. ഐ.എസ്‌.എലിലൂടെ പ്രശസ്‌തരായ ധാരാളം വിദേശ കളിക്കാര്‍ ഇന്ത്യയിലെത്തി. അവരുമൊത്ത്‌ കളിക്കാനും അവരുടെ കളി അടുത്തു നിന്നു കണ്ട്‌ മനസ്സിലാക്കാനും ഇന്ത്യന്‍ താരങ്ങള്‍ക്കും വളര്‍ന്നുവരുന്ന കളിക്കാര്‍ക്കും അവസരം കിട്ടി. 21 വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ലോക റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ എത്തുന്നത്‌ പിന്നീട്‌ കണ്ടു. കഴിഞ്ഞ മേയിലാണ്‌ ഈ നേട്ടം കൈവരിച്ചത്‌.

ഇതാദ്യമായി ഒരു ഇന്ത്യന്‍ ടീം ഏതെങ്കിലും തലത്തിലുള്ള ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുന്നതും ഇന്നാണ്‌. ആതിഥേയ ടീം എന്ന പദവിയുള്ളതിനാലാണ്‌ ഇന്ത്യക്ക്‌ അതു സാധിച്ചത്‌. മുപ്പതുകളില്‍ മോശമല്ലാത്ത ടീമുണ്ടായിരുന്ന രാജ്യമായിരുന്നു ഇന്ത്യ. 1950ലെ ലോകകപ്പിന്‌ കളിക്കാന്‍ അവസരവുമൊരുങ്ങിയതാണ്‌. എന്നാല്‍, ഇനിയും വ്യക്‌തമല്ലാത്ത കാരണത്തെത്തുടര്‍ന്ന്‌ ഇന്ത്യ അന്നു പിന്മാറി. പിന്നീട്‌ ഇന്നേവരെ ഇന്ത്യക്ക്‌ ഒരു ലോകകപ്പിലും പ്രാഥമിക യോഗ്യതാമത്സരങ്ങള്‍ക്ക്‌ അപ്പുറത്തേക്ക്‌ കടക്കാന്‍ സാധിച്ചിട്ടില്ല. ഫുട്‌ബോള്‍ ഭരണാധികാരികളുടെ കെടുകാര്യസ്‌ഥതയും ദീര്‍ഘവീക്ഷണമില്ലായ്‌മയും അഴിമതിയും പരിശീലനസൗകര്യമില്ലാത്തതും സാമ്പത്തികശേഷി ഇല്ലാത്തതും ഒക്കെ ഇതിനു കാരണമായി.

ഫുട്‌ബോള്‍ രംഗത്ത്‌ ഇന്ത്യ നിലമെച്ചപ്പെടുത്തുന്ന ലക്ഷണമാണ്‌ ഇപ്പോള്‍ കാണുന്നത്‌. ഫുട്‌ബോള്‍ ഭരാണാധികാരികളുടെ മാനസികാവസ്‌ഥ അധികം മാറിയിട്ടില്ലെങ്കിലും, പ്രതീക്ഷയ്‌ക്ക്‌ വകയുണ്ട്‌. ഐ.എസ്‌.എല്‍. ടീമുകളുടെ ഗ്രാസ്‌റൂട്ട്‌ പരിശീലനവും വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍, പ്രത്യേകിച്ച്‌ മണിപ്പൂരില്‍, ഫുട്‌ബോളിന്‌ നല്‍കുന്ന പ്രാധാന്യവും കാര്യങ്ങളെ മാറ്റിമറിക്കുന്നു. അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ എട്ടു പേരും മണിപ്പൂരില്‍ നിന്നാണ്‌.

ലോക ഫുട്‌ബോളില്‍ ഇന്ത്യ ഒരു ശക്‌തിയേയല്ല. എന്നാല്‍, ഇപ്പോഴത്തേതില്‍ നിന്ന്‌ ഏറെ മുന്നേറാനുള്ള സാഹചര്യങ്ങള്‍ ഉണ്ടുതാനും. 2021ല്‍ നടക്കുന്ന 20 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പിന്‌ ആതിഥ്യമേകാന്‍ ഇന്ത്യ ശ്രമിക്കുമെന്ന്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌ പ്രഫുല്‍ പട്ടേല്‍ പറഞ്ഞിട്ടുണ്ട്‌. അണ്ടര്‍17 ലോകകപ്പ്‌ നല്ലരീതിയില്‍ നടത്തിയാല്‍ ആ ടൂര്‍ണമെന്റും ഇന്ത്യക്ക്‌ കിട്ടിയേക്കാം. ഭാവിയിലേക്കുള്ള ചവിട്ടുപടിയാകണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അണ്ടര്‍17 ടൂര്‍ണമെന്റ്‌. 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ്‌ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ലക്ഷ്യം മുന്നില്‍ കണ്ടുവേണം അണ്ടര്‍ 17 ടീമിനെ ഇനി വളര്‍ത്തിയെടുക്കാന്‍. 2030-ലേയൊ 2034-ലേയോ ലോകകപ്പിന്റെ നടത്തിപ്പ്‌ കിട്ടാനും ഇന്ത്യക്ക്‌ ശ്രമിക്കേണ്ടതുണ്ട്‌. അതിനെല്ലാമുള്ള തുടക്കമാവട്ടെ ഈ ലോകകപ്പ്‌ മത്സരങ്ങള്‍.

Ads by Google
Friday 06 Oct 2017 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW