Friday, June 29, 2018 Last Updated 13 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 06 Oct 2017 01.22 AM

തോക്കും വെടിയുണ്ടയും തന്ന 'വലിയ കപ്പിത്താന്‍'

uploads/news/2017/10/152772/bft2.jpg

ഡച്ച്‌ ഈസ്‌റ്റിന്ത്യാ കമ്പനിയുടെ സിലോണ്‍ ഗവര്‍ണര്‍ ഗുസ്‌താവ്‌ വില്യം അറിയാന്‍, താങ്കളുടെ കത്തു കിട്ടി. കൊച്ചിയെയും കോഴിക്കോടിനെയും മറ്റും ചൊല്‍പ്പടിയിലാക്കുന്ന രീതി നമ്മോട്‌ ഏല്‍ക്കുകയില്ല. അതല്ല, ഇനിയും ഭയപ്പെടുത്താനാണുദ്ദേശ്യമെങ്കില്‍ കുറച്ചു വള്ളങ്ങളില്‍ മീന്‍പിടിത്തക്കാരുമായി വന്ന്‌ യൂറോപ്പ്‌ പിടിച്ചെടുക്കണമെന്ന്‌ നാം വിചാരിക്കുകയാണ്‌.
എന്ന്‌,
വഞ്ചിരാജ്യ കുലപതി വീരമാര്‍ത്താണ്ഡവര്‍മ്മ കുലശേഖരപ്പെരുമാള്‍
(ഒപ്പ്‌)

ലോകത്തിലെ ആദ്യ കോര്‍പ്പറേറ്റ്‌ ഭീമനും ഏറ്റവും വലിയ ആഗോള കുത്തകക്കാരുമായിരുന്ന ഒരു സാമ്രാജ്യത്വശക്‌തിയോട്‌ എതിര്‍ത്ത്‌ മലയാളക്കരയിലെ ഒരു നാട്ടുരാജാവ്‌ എഴുതിയ കത്താണിത്‌! വേണ്ടിവന്നാല്‍ മുക്കുവന്മാരുമായി ചെന്ന്‌ യൂറോപ്പ്‌ പിടിച്ചടക്കുമെന്നാണു മുന്നറിയിപ്പ്‌! ഇന്നായിരുന്നെങ്കില്‍ ഈ രാജാവിനെ നമുക്ക്‌ ഫാസിസ്‌റ്റ് -സാമ്രാജ്യത്വ വിരുദ്ധ- പുരോഗമനക്കുലശേഖരപ്പെരുമാളായി വാഴ്‌ത്താമായിരുന്നു!
നൂറ്റാണ്ടുകളോളം നമ്മെ അടിമകളാക്കിയ ഇംഗ്ലീഷുകാര്‍പോലും പ്രബലരാകുന്നതിനു മുമ്പാണ്‌ സാക്ഷാല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ ഡച്ചുകാര്‍ക്കെതിരേ ഈ കത്ത്‌ എയ്‌തുവിട്ടതെന്നോര്‍ക്കണം. 'ചെറുബാല്യക്കാര'നായിരുന്ന രാജാവിന്റെ ചോരത്തിളപ്പാണിതെന്നാണു പലരും കരുതിയത്‌. എന്നാല്‍, ഈ എഴുത്തു വായിച്ച്‌ രോഷംപൂണ്ട്‌ തോക്കും പീരങ്കിയുമായി യുദ്ധത്തിനെത്തിയ ഡച്ചുകാരെ വെടിമരുന്നുപോലും കണ്ടിട്ടില്ലാത്ത അദ്ദേഹം തോല്‍പ്പിച്ചോടിക്കുകതന്നെ ചെയ്‌തു! അതും, കുറെ മീന്‍പിടിത്തക്കാരെ കൂട്ടുപിടിച്ച്‌! തീതുപ്പിയ തോക്കുകള്‍ക്കും പീരങ്കികള്‍ക്കും മുന്നില്‍ മുക്കുവരുടെ കുന്തവും കവണിയും കല്ലും ജയിച്ചു! വീരന്‍മാരായ ഡച്ച്‌ കപ്പിത്താന്‍മാരെയും ഭടന്‍മാരെയും രാജാവ്‌ തടവിലാക്കുകയും ചെയ്‌തു!
അതത്രേ, വിഖ്യാതമായ കുളച്ചല്‍ യുദ്ധം!
എന്തായാലും ഏഷ്യയിലാദ്യമായാണ്‌ ഒരു രാജാവ്‌ യൂറോപ്പിനെതിരേ ഭീഷണി മുഴക്കിയതും യുദ്ധത്തില്‍ വിജയിച്ചതും. വയനാട്ടില്‍ പഴശ്ശിരാജാവുപോലും കുറിച്യരെ കൂട്ടുപിടിച്ച്‌ ബ്രിട്ടീഷുകാര്‍ക്കെതിരേ പട നയിച്ചത്‌ കുളച്ചല്‍യുദ്ധം കഴിഞ്ഞ്‌ അരനൂറ്റാണ്ടിനു ശേഷമായിരുന്നു.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത്‌ ഡച്ചുകാര്‍ നിസാരക്കാരായിരുന്നില്ല. ഡച്ച്‌ ഈസ്‌റ്റിന്ത്യാ കമ്പനി അക്കാലത്തെ പണം വാരുന്ന ആഗോള മള്‍ട്ടിനാഷണല്‍ കറക്കുകമ്പനിയായിരുന്നു -മാര്‍ക്കറ്റ്‌ ലീഡര്‍! മറ്റു കള്ളന്‍മാര്‍ക്ക്‌ മഹനീയമാതൃക!
കുരുമുളകും ഏലവും മറ്റും ചുളുവിലയ്‌ക്ക് നാട്ടില്‍നിന്നു കടത്തി യൂറോപ്പില്‍ വിറ്റു കോടീശ്വരന്മാരായ ഡച്ചുകാരുടെ ഐശ്വര്യം കണ്ട്‌ മതിമറന്നാണ്‌ ബ്രിട്ടനിലെ എലിസബത്ത്‌ രാജ്‌ഞി, ഈസ്‌റ്റ് ഇന്ത്യാ കമ്പനി തട്ടിക്കൂട്ടിയത്‌!
മാര്‍ത്താണ്ഡവര്‍മ്മയുടെ കത്തുകിട്ടിയതോടെ സിലോണില്‍ പള്ളികൊണ്ടിരുന്ന ഡച്ച്‌ ഗവര്‍ണര്‍ക്കു ഹാലിളകി. ഉടന്‍തന്നെ പീരങ്കികളും വെടിക്കോപ്പുകളുമായി നാലു പടക്കപ്പലുകള്‍ ലങ്കാദ്വീപില്‍നിന്ന്‌ കന്യാകുമാരിയിലേക്കു തിരിച്ചു.
ബുദ്ധികേസരിയായിരുന്ന രാമയ്യനായിരുന്നു തിരുവിതാംകൂറിലെ ദളവ.
രാമയ്യനും സേനാനായകനും യുദ്ധതന്ത്രങ്ങള്‍ ആലോചിച്ചു. കന്യാകുമാരിയിലെ പരാക്രമികളായ മുക്കുവന്മാര്‍ രാജാവിനുവേണ്ടി ജീവന്‍കളയാന്‍ തയാറുള്ളവരാണെന്ന്‌ രാമയ്യന്‌ ഓര്‍മവന്നു. നേരംകളയാതെ അദ്ദേഹവും പടത്തലവന്‍ അയ്യപ്പന്‍പിള്ളയും തുറകളിലെ അരയപ്രമാണിമാരെ വിളിച്ചുകൂട്ടി.
പീരങ്കികളുമായി കടല്‍വഴി വരുന്ന ലന്തക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന മനഃശാസ്‌ത്ര തന്ത്രമാണ്‌ രാമയ്യന്‍ പ്രധാനമായും പ്ലാന്‍ ചെയ്‌തത്‌.
ചാളത്തടികളും കമിഴ്‌ത്തിവച്ച വള്ളങ്ങളുംകൊണ്ട്‌ കടല്‍ത്തീരത്ത്‌ മുക്കുവര്‍ പീരങ്കികളുടെ രൂപങ്ങളുണ്ടാക്കി. തലപ്പാവു ചാര്‍ത്തിയ തുഴകള്‍ മണലില്‍ കുത്തിനിര്‍ത്തി ഭടന്മാരുടെ കോലങ്ങളും തീര്‍ത്തു. കടല്‍ത്തീരത്ത്‌ കല്ലുകളടുക്കി. കടലില്‍ ആഴം കുറഞ്ഞ ഭാഗത്ത്‌ വലകള്‍ കെട്ടി. വള്ളങ്ങളില്‍ കുന്തവും ആയുധങ്ങളുമായി യോദ്ധാക്കളായ മുക്കുവര്‍ പലയിടങ്ങളില്‍ നിലയുറപ്പിക്കുകയും ചെയ്‌തു.
കല്‍ക്കുളത്തും ശുചീന്ദ്രത്തുമുള്ള നാട്ടുകാരെ കല്ലും തെറ്റാലിയുമായി കാവലിരുത്തി. പീരങ്കിവെടികള്‍ ഉതിര്‍ത്തുകൊണ്ട്‌ ഡച്ച്‌ കപ്പലുകള്‍ വൈകാതെ കന്യാകുമാരിയുടെ കടല്‍പ്പരപ്പില്‍ പ്രത്യക്ഷപ്പെട്ടു! നാളുകളോളം അവര്‍ കരയിലെ മുക്കുവരുടെ പീരങ്കികളെയും 'തുഴ'കളെയും 'ആക്രമിച്ച്‌' സമയവും പ്രയത്നവും വൃഥാവിലാക്കി!
ഒടുവില്‍, മുക്കുവരുടെയും നാട്ടുകാരുടെയും ചെറുത്തുനില്‍പ്പു ഭേദിച്ചുകൊണ്ട്‌ നൂറുകണക്കിന്‌ ഡച്ചുസൈനികര്‍ കരയിലിറങ്ങി കൊള്ളയും കൊള്ളിവയ്‌പും നടത്തി. കുളച്ചലില്‍ മഹാരാജാവും രാമയ്യന്‍ ദളവയും സൈന്യങ്ങളും അവരെത്തടഞ്ഞു.
വാളും കുന്തവും മാത്രം ആയുധങ്ങളാക്കിയ നാട്ടുകാരും പീരങ്കികളും തോക്കുകളുമായിവന്ന വെള്ളക്കാരും തമ്മില്‍ നടന്ന പോരാട്ടം!
കല്ലും കവണിയും തെള്ളിപ്പൊടികളുമെല്ലാം നാട്ടുപട്ടാളം ആയുധങ്ങളാക്കി.
എട്ടുവീട്ടില്‍പ്പിള്ളമാരെയും മാടമ്പിമാരെയും ചെറുപ്രായത്തില്‍ അമര്‍ച്ചചെയ്‌തു വീര്യം തെളിയിച്ച രാജാവുതന്നെ വാളുയര്‍ത്തി സാരഥ്യം ഏറ്റെടുത്തു.
ഡച്ചു ഭടന്മാര്‍ കപ്പലുകളില്‍നിന്നിറക്കിയ നൂറുകണക്കിനു വെടിമരുന്നുപെട്ടികള്‍ക്ക്‌ മുക്കുവര്‍ തീയിട്ടതോടെ കളിമാറി. 1741 ഓഗസ്‌റ്റ് 10-ന്‌ ലന്തക്കാര്‍ കീഴടങ്ങി.
കേരളം കൊള്ളചെയ്യാനുള്ള ഡച്ച്‌ മോഹം തകര്‍ന്നു. വേണ്ടിവന്നാല്‍ യൂറോപ്പ്‌ പിടിച്ചടക്കുമെന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ ഭീഷണി ഒരര്‍ത്ഥത്തില്‍ സത്യമായി! മലയാളനാട്ടിലെ കൊച്ചുരാജ്യമായിരുന്ന വേണാടിന്റെ പേര്‌ ബ്രിട്ടനിലെയും പോര്‍ട്ടുഗലിലെയും കൊട്ടാരക്കൊത്തളങ്ങളിലും ഭീതിപരത്തി!
ഇരുപത്തിയൊന്ന്‌ ഡച്ച്‌ സൈന്യാധിപന്മാരെയാണ്‌ കുളച്ചല്‍ യുദ്ധത്തിനിടയില്‍ വേണാട്ടുസൈന്യം തടവില്‍ പിടിച്ചത്‌! അതില്‍ ഏറ്റവും പ്രശസ്‌തനായിരുന്നു യുദ്ധവീരനും സര്‍വസൈന്യാധിപനുമായിരുന്നു ഡിലനോയ്‌! സാക്ഷാല്‍ യൂസേഷ്യസ്‌ ബെനഡിക്‌ടസ്‌ ഡിലനോയ്‌! മലയാളികളുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്ന പ്രിയപ്പെട്ട വലിയകപ്പിത്താന്‍!
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ മുന്നില്‍ ആയുധംവച്ച്‌ മുട്ടില്‍വീണു നമസ്‌കരിച്ച ഡിലനോയിയെ രാജാവ്‌ ഉറ്റ സുഹൃത്തും തിരുവിതാംകൂറിന്റെ സൈന്യാധിപനുമാക്കി!
നാട്ടുഭടന്മാരെ അദ്ദേഹം കവാത്തും അച്ചടക്കവും പഠിപ്പിച്ചു. തോക്കും പീരങ്കിയും കൈകാര്യം ചെയ്യാന്‍ പ്രാപ്‌തരാക്കി. വേണാടിനെ തിരുവിതാംകൂര്‍ എന്ന വലിയ രാജ്യമാക്കാന്‍ യത്നിച്ച പടത്തലവനായി അദ്ദേഹം പരിണമിച്ചു. കായംകുളം, അമ്പലപ്പുഴ, പുറക്കാട്‌, കൊച്ചി രാജ്യങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മയ്‌ക്കുവേണ്ടി പിടിച്ചടക്കിയത്‌ രാമയ്യന്‍ദളവയും ഡിലനോയിയും ചേര്‍ന്നായിരുന്നു.
ഡിലനായി കെട്ടിയ നെടുങ്കോട്ടയാണ്‌ ഹൈദരാലിയുടെയും ടിപ്പുവിന്റെയും ആക്രമണത്തില്‍നിന്ന്‌ തിരുവിതാംകൂറിനെ രക്ഷിച്ചതും ചരിത്രം മാറ്റിയെഴുതുന്നതിന്‌ കാരണമായതും. കൊടുങ്ങല്ലൂര്‍ അഴിക്കു തെക്കുള്ള കുരിയാപ്പള്ളി മുതല്‍ 40 കിലോമീറ്റര്‍ ദൂരം വെട്ടിയെടുത്ത നെടുങ്കോട്ട പൊളിക്കാന്‍ ടിപ്പുവിന്‌ സാധിച്ചില്ലെന്നു മാത്രമല്ല, ഒറ്റരാത്രി കൊണ്ട്‌ രണ്ടായിരം ഭടന്മാരെ നഷ്‌ടമാകുകയും ചെയ്‌തു! 'പഹയന്‍കോട്ട' എന്നാണ്‌ ടിപ്പു ഈ കോട്ടയെ വിളിച്ചത്‌!
നെടുങ്കോട്ട തകര്‍ന്നിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. തിരുവിതാംകൂര്‍ കീഴടക്കി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ സ്വര്‍ണക്കൊടിമരത്തില്‍ തന്റെ കുതിരയെ കെട്ടുമെന്നായിരുന്നു ടിപ്പു പറഞ്ഞിരുന്നത്‌.
ഡിലനോയ്‌ പരിശീലിപ്പിച്ച തിരുവിതാംകൂര്‍ സൈനികവിഭാഗം വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇന്ത്യ സ്വതന്ത്രയായപ്പോള്‍ 1947-ല്‍ മദ്രാസ്‌ റെജിമെന്റിന്റെ ഒമ്പതാം ബറ്റാലിയന്റെ ഭാഗമായിത്തീര്‍ന്നു. ഈ വിഭാഗത്തിന്റെ 310-ാം വാര്‍ഷികം 2004-ല്‍ മദ്രാസ്‌ റജിമെന്റ്‌ ആഘോഷിക്കുകയുണ്ടായി.
തീണ്ടലും തൊടീലും ശക്‌തമായിരുന്ന കാലത്ത്‌ മുക്കുവന്മാരെയും മറ്റു സാധാരണക്കാരെയും ഉറ്റതോഴരാക്കി അക്കാലത്ത്‌ ഒരു രാജാവ്‌ യുദ്ധം ചെയ്‌തു എന്നതായിരുന്നു കുളച്ചല്‍ യുദ്ധത്തിന്റെ മറ്റൊരു വശം. കുളച്ചല്‍ യുദ്ധത്തിന്റെ വീരഗാഥ മുക്കുവന്മാര്‍ക്കിടയില്‍ പാട്ടുകഥകളായി ഇന്നും നിലനില്‍ക്കുന്നു.
യുദ്ധത്തിന്റെ വിജയസ്‌മരണയ്‌ക്കായി കുളച്ചലില്‍ ഒരു സ്‌മാരക സ്‌തംഭം നിലകൊള്ളുന്നുണ്ട്‌. യൂറോപ്യന്മാര്‍ക്കെതിരേ ഏഷ്യയിലെ ഏറ്റവും ആദ്യം നടന്ന നാവികയുദ്ധ വിജയത്തിന്റെ ഓര്‍മപുതുക്കുന്ന സ്‌തംഭം!
ചന്ദ്രഗിരിക്കോട്ടയിലാണു യുദ്ധം കഴിഞ്ഞപ്പോള്‍ ഡിലനോയിയെ തടവില്‍പ്പാര്‍പ്പിച്ചത്‌. പിന്നീട്‌, ആ കോട്ടതന്നെ മഹാരാജാവ്‌ ഡിലനായിക്കും കുടുംബത്തിനും നല്‍കി. പള്ളി പണിയാനും മതപ്രചരണത്തിനും അനുമതി കൊടുത്തു. അങ്ങിനെ, ചന്ദ്രഗിരിക്കോട്ട 'ഡിലനോയിക്കോട്ട'യായി. അദ്ദേഹം അവിടെ ഒരു ചാപ്പലും പണിതുയര്‍ത്തി.
തിരുവിതാംകൂര്‍ സൈന്യത്തിലെ ഉദ്യോഗസ്‌ഥനായിരുന്ന നീലകണ്‌ഠപിള്ള എന്ന പണ്ഡിതനെ ക്രൈസ്‌തവനാക്കി ദേവസഹായം പിള്ളയാക്കിയത്‌ ഡിലനോയിയായിരുന്നു. 2012-ല്‍ ഇദ്ദേഹത്തെ വാഴ്‌ത്തപ്പെട്ടവനായി മാര്‍പാപ്പ പ്രഖ്യാപിക്കുകയുണ്ടായി.
ഓര്‍മ്മകളുടെ ചന്ദ്രഗിരി:
നാഗര്‍കോവില്‍-തിരുവനന്തപുരം ദേശീയപാതയോരത്ത്‌ തക്കലയിലെ ചന്ദ്രഗിരിക്കോട്ടയില്‍ ഡിലനോയിയും കുടുംബവും അന്ത്യവിശ്രമം കൊള്ളുന്നു. ലത്തീനിലും തമിഴിലും എഴുതിയ ഒരു കുറിപ്പ്‌ ഡിലനോയിയുടെ ശവകുടീരത്തില്‍ കാണാം. അതിങ്ങനെ:
''യാത്രക്കാരാ! നില്‍ക്കുക!
മുപ്പത്തേഴു വര്‍ഷത്തോളം വഞ്ചിമഹാരാജാവിനെ വിശ്വാസപൂര്‍വം സേവിച്ച്‌, സ്വന്തം ശക്‌തികൊണ്ട്‌ കായംകുളം മുതല്‍ കൊച്ചിവരെയുള്ള രാജാക്കന്മാരെ സ്വന്തം മഹാരാജാവിനുവേണ്ടി കീഴടക്കിക്കൊടുത്ത വേണാട്ടു സൈനാധിപനായ യൂസേഷ്യസ്‌ ബനഡിക്‌ടസ്‌ ഡിലനോയ്‌ ഇവിടെ ശയിക്കുന്നു. 1777 ജൂണ്‍ ഒന്നിന്‌ ഇഹലോകവാസം വെടിഞ്ഞു. ആ മഹാന്‍ ശാശ്വത ശാന്തിയില്‍ വിശ്രമിക്കട്ടെ!''

Ads by Google
Friday 06 Oct 2017 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW