Monday, July 23, 2018 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 05 Oct 2017 02.06 AM

അശ്രദ്ധ നിറഞ്ഞ നിര്‍മാണങ്ങള്‍ ഇനി വേണ്ട

uploads/news/2017/10/152434/editorial.jpg

ഇടയ്‌ക്കിടയ്‌ക്ക്‌ വാര്‍ത്തകളില്‍ നിറയുന്ന സ്‌ഥലമാണു മൂന്നാര്‍. കേരളത്തിന്റെ കീര്‍ത്തി ലോകമെമ്പാടും പരത്തുന്ന ഒരു സ്‌ഥലമെന്ന പേരില്‍ മാത്രമല്ല, ഇടയ്‌ക്ക്‌ ഉയര്‍ന്നു വരുന്ന ഭൂമികൈയേറ്റങ്ങളും മൂന്നാറിനെ വാര്‍ത്താ കേന്ദ്രമാക്കുന്നു. ടൂറിസം മേഖലയില്‍ കേരളത്തിന്‌ ഏറ്റവും വരുമാനമുണ്ടാക്കിത്തരുന്ന പ്രദേശമാണിത്‌. ഇന്ത്യ മൊത്തത്തില്‍ നോക്കിയാല്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തുന്ന സ്‌ഥലമാണു കേരളം. കേരളത്തില്‍ എത്തുന്ന വിദേശ ആഭ്യന്തര ടൂറിസ്‌റ്റുകളില്‍ വലിയൊരു പങ്കും സന്ദര്‍ശിക്കുന്ന സ്‌ഥലം എന്ന നിലയില്‍ മൂന്നാറിന്റെ പ്രാധാന്യം വളരെ വലുതാണ്‌. മൂന്നാറിന്റെ ഭൂപ്രദേശങ്ങളില്‍ ഏറ്റവുമധികം കൈവശംവച്ചിരിക്കുന്ന ടാറ്റാ കമ്പനിയുടെ പക്കല്‍നിന്ന്‌ ആ സ്‌ഥലം മുഴുവന്‍ തിരിച്ചുപിടിച്ചു ടൂറിസം ഹബ്ബ്‌ ആയി വികസിപ്പിക്കണമെന്ന കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം രണ്ടു ദിവസം മുമ്പ്‌ പറഞ്ഞത്‌ ശ്രദ്ധേയമാണ്‌. ഇതോടൊപ്പം മൂന്നാര്‍ മേഖലയിലെ ചില റിസോര്‍ട്ടുകളുടെ സുരക്ഷയെ സംബന്ധിച്ചുണ്ടായ വിവാദങ്ങളും ശ്രദ്ധിക്കണം.

ടാറ്റാ കമ്പനിക്ക്‌ പാട്ടത്തിനു നല്‍കിയിരിക്കുന്ന സ്‌ഥലം തിരിച്ചെടുത്ത്‌ ടൂറിസം വികസനം നടത്തണമെന്നാണ്‌ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ അഭിപ്രായം. പക്ഷേ, അത്‌ എത്രത്തോളം നടപ്പുള്ള കാര്യമാണെന്നു ചിന്തിക്കേണ്ടതുണ്ട്‌. ടാറ്റായുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ അത്ര പെട്ടെന്ന്‌ റദ്ദാക്കാനാവുന്ന ഒന്നായിരിക്കില്ല. മറ്റിടങ്ങളില്‍ സര്‍ക്കാരിന്റെ പക്കലുള്ള ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമി തന്നെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്‌ഥയാണുള്ളത്‌. വാഗമണ്‍ പോലെയുള്ള പല ടൂറിസം കേന്ദ്രങ്ങളും ശ്രദ്ധിക്കുക. കണ്ണുതെറ്റിയാല്‍ സര്‍ക്കാര്‍ സ്‌ഥലം കൈയേറി സ്വന്തമാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ക്രിമിനലുകളാണു പലരും. അവര്‍ക്കു രാഷ്‌ട്രീയ നേതൃത്വങ്ങളുടെയും ഉദ്യോഗസ്‌ഥ മേധാവികളുടെയും പിന്‍ബലമുണ്ട്‌. ഇതിന്‌ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാവും. മൂന്നാറില്‍ തന്നെ ചെറിയ തുണ്ടുഭൂമിക്കു ലക്ഷങ്ങളാണു വില. അവിടെ സൗകര്യമുള്ളിടത്തൊക്കെ കൈയേറ്റക്കാര്‍ അപഹരിച്ചിട്ടുണ്ട്‌. അവരെയെല്ലാം സംരക്ഷിച്ചുകൊണ്ട്‌ രാഷ്‌ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികള്‍ അടക്കമുള്ള നേതാക്കളും സജീവമായി രംഗത്തു വന്നിട്ടുള്ളതും നാം കണ്ടിട്ടുണ്ട്‌.

ഈ സ്‌ഥിതിക്ക്‌, ടാറ്റായുടെ സ്‌ഥലം സര്‍ക്കാര്‍ തിരിച്ചെടുക്കുക എന്ന കാര്യം എന്നെങ്കിലും സംഭവിച്ചാല്‍ അതിനു മുന്‍പ്‌ സര്‍ക്കാര്‍ വളരെയധികം മുന്‍കരുതല്‍ എടുക്കേണ്ടിവരും. ഇല്ലെങ്കില്‍ ഈ പ്രമുഖന്മാരുടെ പിന്തുണയുള്ള കൈയേറ്റ ലോബിയും ഭൂമാഫിയയും സൗകര്യപൂര്‍വം ആ സ്‌ഥലം കൈവശപ്പെടുത്തുകയും സര്‍ക്കാര്‍ പിന്നെ കേസും നടപടികളുമായി മുന്നോട്ടുപോകേണ്ടിയുംവരും. കേന്ദ്രമന്ത്രിയുടെ അഭിപ്രായം നല്ലതാണ്‌. നടപ്പാക്കാന്‍ ഏറെ ജാഗ്രത വേണമെന്നു മാത്രം.

മൂന്നാറില്‍ പള്ളിവാസലിലെ ഒരു റിസോര്‍ട്ട്‌ സുരക്ഷാപ്രശ്‌നത്തിന്റെ പേരില്‍ പൂട്ടിയത്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌. പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ട്‌ ജില്ലാ കലക്‌ടര്‍ നോട്ടീസ്‌ നല്‍കിയിട്ടും പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്‌ ഈ റിസോര്‍ട്ട്‌ പൂട്ടിയത്‌. സുരക്ഷാ കാരണത്താല്‍ മുന്‍പ്‌ മൂന്നുതവണ പ്രവര്‍ത്തനം നിര്‍ത്തിയ റിസോര്‍ട്ടാണിത്‌. പാരിസ്‌ഥിതികമായി വളരെ പ്രാധാന്യമുള്ള സ്‌ഥലമാണു മൂന്നാര്‍. പരിസ്‌ഥിതി ദുര്‍ബല പ്രദേശവുമാണിത്‌. ഇവിടെ കാഴ്‌ചയ്‌ക്ക്‌ പ്രാധാന്യമുള്ള പലസ്‌ഥലങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പല റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മ്മിച്ചിട്ടുണ്ട്‌. അവ കൈയേറ്റഭൂമി ആയിരിക്കില്ല. പക്ഷേ, അവയില്‍ പലതും അംഗീകരിക്കപ്പെടാന്‍ പാടില്ലാത്തവയാണ്‌.

പള്ളിവാസലില്‍ പൂട്ടിയ റിസോര്‍ട്ടും ഗസ്‌റ്റ്‌ ഹൗസും പണിയാന്‍ അനുമതി തേടിയപ്പോള്‍തന്നെ ഈ തരത്തിലുള്ള അന്വേഷണം നടന്നിരുന്നെങ്കില്‍ ഈ കെട്ടിടങ്ങള്‍ പണിയില്ലായിരുന്നു. ഈ റിസോര്‍ട്ടും ഗസ്‌റ്റ്‌ ഹൗസും പൂട്ടിയത്‌ ഇനിയെങ്കിലും അധികൃതരുടെ കണ്ണുതുറപ്പിക്കണം. മൂന്നാര്‍ പോലെയുള്ള അതീവ പരിസ്‌ഥിതി പ്രാധാന്യമുള്ള സ്‌ഥലങ്ങളില്‍ പുതിയ റിസോര്‍ട്ടുകളും മറ്റും പണിയാന്‍ അനുമതി തേടുമ്പോള്‍ തന്നെ സുരക്ഷാ ഭീഷണിയുണ്ടോ എന്ന കാര്യവും പരിശോധിക്കണം. പണിതുയര്‍ത്തിയശേഷം നോട്ടീസ്‌ നല്‍കുകയും പ്രവര്‍ത്തനം നിര്‍ത്തിക്കുകയും ചെയ്ുന്നതിലും നല്ലത്‌യ അതാണ്‌.

Ads by Google
Thursday 05 Oct 2017 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW