Sunday, March 25, 2018 Last Updated 31 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 05 Oct 2017 02.04 AM

കുന്നോളമുണ്ട്‌ കുന്നന്താനം പെരുമ

uploads/news/2017/10/152433/bft1.jpg

പടയണിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനാണ്‌ ഒരിക്കല്‍ പത്തനംതിട്ട ജില്ലയിലെ കുന്നന്താനമെന്ന ഗ്രാമത്തില്‍ പോയത്‌. അന്നുകണ്ട ഒരു ദൃശ്യം ഗ്രാമീണകേരളത്തിന്റെ മനോഹാരിതയായി മനസിലിന്നും തങ്ങിനില്‍ക്കുന്നു. വയല്‍വരമ്പിലൂടെ കാക്കപ്പൂവും കൈനാറിപ്പൂവും ചവിട്ടിമെതിക്കാതെ നടന്നുനീങ്ങുന്നവരുടെ നീണ്ട നിര. ഒരു എം.ടി. കഥയുടെ ദൃശ്യാവിഷ്‌കാരം പോലെയായിരുന്നു ആ ഉത്സവഘോഷയാത്ര.
എന്റെ നിയോജമണ്‌ഡലത്തിന്റെ അയല്‍പക്കമായ കുന്നന്താനം പേരു സൂചിപ്പിക്കുന്നതുപോലെ കുന്നുകളുടെ നാടാണ്‌. പ്രകൃതിയെ വണങ്ങിനില്‍ക്കുന്ന ഈ ഗ്രാമം, മറുനാട്ടുകാര്‍ മാതൃകയാക്കേണ്ട പല പ്രവര്‍ത്തനങ്ങളുടെയും മികച്ച ദൃഷ്‌ടാന്തമാണ്‌. ഈ ഗ്രാമത്തിലെ മിക്ക ഇടങ്ങളും അറിയപ്പെടുന്നതു പ്രകൃതിയുമായി ബന്ധപ്പെട്ടാണ്‌. മാവിനും പുളിക്കും ആഞ്ഞിലിക്കും കാഞ്ഞിരത്തിനും പ്ലാവിനും ഇവിടെ താനവട്ടങ്ങള്‍ കാണാം. മാന്താനം, പുളിന്താനം, ആഞ്ഞിലിത്താനം, കാഞ്ഞിരത്താനം, പ്ലാത്താനം എന്നിങ്ങനെ. നെല്ലിമൂട്‌, പാലയ്‌ക്കല്‍ തകിടി, കായാപ്പൂവം, പ്ലാച്ചിറ, വട്ടക്കാല തുടങ്ങിയ പ്രദേശങ്ങളും ഇവിടെത്തന്നെ.
പതിറ്റാണ്ടു മുമ്പ്‌ ഇവിടെ നടന്ന ഒരു ജനമുന്നേറ്റം ഏറെ ശ്രദ്ധേയമായിരുന്നു. ഇവിടുത്തെ കുന്നുകളില്‍ പ്രധാനമായ ഉമിക്കുന്ന്‌ മണ്ണ്‌ മാഫിയ കാര്‍ന്നുതിന്നുമെന്നായപ്പോള്‍ കുന്നിനു ചുറ്റും നാലു കിലോമീറ്ററോളം ചുറ്റളവില്‍ മനുഷ്യമതില്‍ തീര്‍ത്ത്‌ നാട്ടുകാര്‍ പ്രതിരോധിച്ചു. കടമ്മനിട്ട വാസുദേവന്‍പിള്ള ചൊല്ലിക്കൊടുത്ത പ്രതിജ്‌ഞ ദേശവാസികള്‍ കടലിരമ്പം പോലെ ഏറ്റുചൊല്ലിയപ്പോള്‍ മണ്ണ്‌ മാഫിയ പത്തിമടക്കി. ജെ.സി.ബികള്‍ നാടുവിട്ടു. പാണ്‌ഡവര്‍ വനവാസക്കാലത്തു നെല്ലുകുത്തി ഉമികൂട്ടിയെന്നതാണ്‌ ഉമിക്കുന്നിന്റെ ഐതിഹ്യം. കഥ എന്തായാലും ആ ജനമുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ ഉമിക്കുന്നിന്റെയും മറ്റു കുന്നുകളുടെയും കഥ എന്നേ കഴിഞ്ഞേനേ.
അരനൂറ്റാണ്ടിനപ്പുറം നിലച്ചുപോയ കരപ്പടയണിയുടെ തിരിച്ചുവരവിനു കുന്നന്താനം വഴിയൊരുക്കിയതാണു മറ്റൊന്ന്‌. പടയണി പുനരുജ്‌ജീവിപ്പിക്കാന്‍ 2004-ല്‍ പിറവികൊണ്ട ഗോത്രകലാപീഠമെന്ന കലാസമിതിയുടെ ഇച്‌ഛാശക്‌തിയാണു കരപ്പടയണിയുടെ പൊയ്‌പ്പോയ പൊലിമ തിരിച്ചുകൊണ്ടുവന്നത്‌. ഇടപ്പുരയ്‌ക്കല്‍ കളരിയില്‍ വ്യാഴവട്ടക്കാലമായി നടന്നുവരുന്ന നിരന്തരപരിശീലനം ഈ നാടിനെ പടയണിക്കര എന്ന നിലയിലേക്കുയര്‍ത്തി. കടമ്മനിട്ട പടയണിപോലെയും ഓതറപ്പടയണിപോലെയും കുന്നന്താനം പടയണി സാംസ്‌കാരികചരിത്രത്തില്‍ ഇടംനേടിയിരിക്കുന്നു.
ഞാന്‍ ഫോക്‌ലോര്‍ അക്കാദമി നിര്‍വാഹകസമിതി അംഗമായിരിക്കേ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള പല സാംസ്‌കാരികസ്‌ഥാപനങ്ങളിലും കുന്നന്താനം പടയണി അവതരിപ്പിക്കുകയുണ്ടായി. ഇന്ന്‌ പടയണി തുള്ളുന്നവരും തപ്പുകൊട്ടുന്നവരും കോലം എഴുതുന്നവരും പാട്ടു പാടുന്നവരുമായി നൂറുകണക്കിനു യുവാക്കള്‍ ഈ ഗ്രാമത്തിലുണ്ട്‌. കഴിഞ്ഞ യുവജനോത്സവത്തില്‍ കുന്നന്താനം മഠത്തില്‍ക്കാവ്‌ ക്ഷേത്രത്തെ പരാമര്‍ശിക്കുന്ന പടയണിപ്പാട്ടിനായിരുന്നു നാടന്‍പാട്ട്‌ മത്സരത്തില്‍ സമ്മാനം. ഇത്‌ അവതരിപ്പിച്ചതാകട്ടെ തിരുവനന്തപുരത്തുള്ള സ്‌കൂളും.
കുന്നുകള്‍ ഏറെയുണ്ടെങ്കിലും ഇവിടെ ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. വരള്‍ച്ച നേരിടാന്‍ കിണറുകള്‍ റീചാര്‍ജ്‌ ചെയ്യുന്ന ജനകീയപദ്ധതിയിലൂടെ ഈ ഗ്രാമം സംസ്‌ഥാനത്തിനുതന്നെ മാതൃകയായി. നിയമസഭയില്‍വരെ കുന്നന്താനം മാതൃക പരാമര്‍ശവിധേയമായി. അക്കാര്യം സാമാജികരുടെ ശ്രദ്ധയില്‍പെടുത്താന്‍ കഴിഞ്ഞതില്‍ എനിക്കു ചാരിതാര്‍ഥ്യമുണ്ട്‌. അതിന്റെ ഫലമായി ഭരണ-പ്രതിപക്ഷാംഗങ്ങളുടെ പൂര്‍ണപിന്തുണ ആ ജനകീയപദ്ധതിക്കു ലഭിച്ചു. തൊഴിലുറപ്പ്‌ പദ്ധതിയില്‍പെടുത്തിയാണ്‌ ഓരോ വീട്ടിലും കിണറിനു സമീപം മഴക്കുഴികള്‍ നിര്‍മിച്ചത്‌. ഇന്ന്‌ ഈ ഗ്രാമം കുടിവെള്ളത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ സ്വയംപര്യാപ്‌തതയോടടുക്കുന്നു.
മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായിരുന്നു ചങ്ങനാശേരി ചന്ത. ഇവിടേക്കു നാട്ടുവിഭവങ്ങള്‍ വന്നിരുന്ന പ്രധാനകേന്ദ്രം കുന്നന്താനത്തെ മാന്താനം ചന്തയായിരുന്നു. നാട്ടിലെ കൃഷിയിടങ്ങള്‍ തരിശായതോടെ മാന്താനം ചന്തയുടെ ചന്തവും അസ്‌തമിച്ചെങ്കിലും നീണ്ട ഇടവേളയ്‌ക്കുശേഷം പൂര്‍വാധികം ആര്‍ജവത്തോടെ ഇക്കൊല്ലം ചന്ത പുനര്‍ജനിച്ചു. ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ മുതല്‍ ഉച്ചവരെ ഇന്നു ചന്ത സജീവം. കുന്നന്താനത്തെ പാടങ്ങളില്‍ ജനകീയകൂട്ടായ്‌മ പച്ചക്കറിക്കൃഷി നടത്തുന്നു.
നൂറ്റാണ്ടു പ്രായമുള്ള സ്‌ഥാപനമാണു കുന്നന്താനം പാലയ്‌ക്കല്‍തകിടിയിലുള്ള സെന്റ്‌ മേരീസ്‌ സര്‍ക്കാര്‍ സ്‌കൂള്‍. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു ദേവീവിലാസം, ലക്ഷ്‌മീവിലാസം, സെന്റ്‌ മേരീസ്‌ എന്നിങ്ങനെ പേരുവന്നതു കുന്നന്താനത്തിന്റെ മതസൗഹാര്‍ദം വിളിച്ചോതുന്നു. ഒരിക്കല്‍ അഞ്ഞൂറിലേറെ കുട്ടികളുണ്ടായിരുന്ന സെന്റ്‌ മേരീസ്‌ സ്‌കൂള്‍ മൂന്നുകൊല്ലം മുമ്പ്‌ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോള്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങി. വിദ്യാഭ്യാസവിദഗ്‌ധര്‍, നാട്ടുകാര്‍, തൊഴിലാളികള്‍, അധ്യാപകര്‍ എന്നിവരെല്ലാം സ്‌കൂളിനായി ഒരുമിച്ചു.
പഞ്ചായത്തിലെ ജനപ്രതിനിധികള്‍ രാഷ്‌ട്രീയഭേദമില്ലാതെ സ്വന്തം മക്കളെ ഇവിടേക്കു വിട്ടു. സ്‌കൂള്‍ സംരക്ഷണസമിതിയും പൂര്‍വവിദ്യാര്‍ഥി സംഘടനയും പി.ടി.എയും കൈകോര്‍ത്തു. ഇക്കാര്യത്തില്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയായ കൂടിന്റെ പ്രവര്‍ത്തനം നിസ്‌തുലമായിരുന്നു.ക്ല ിമ്മീസ്‌ മാര്‍ ബസേലിയോസ്‌ തിരുമേനിയെപ്പോലെ പല പ്രമുഖരും മാതൃവിദ്യാലയത്തിന്റെ വികസനത്തിനു മുന്നിട്ടിറങ്ങി. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ ചുമതല സ്‌കൂള്‍ സംരക്ഷണസമിതി ഏറ്റെടുത്തു. താലോലം എന്ന പദ്ധതിപ്രകാരം ഒന്‍പതു പെണ്‍കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവും സംരക്ഷണവും സ്‌കൂളാണു വഹിക്കുന്നത്‌. വോക്ക്‌ വിത്ത്‌ ഇംഗ്ലീഷ്‌ എന്ന പഠനപദ്ധതി ആവിഷ്‌കരിച്ചു. "മലയാളം മീഡിയത്തിലേക്കു വരൂ, ഇംഗ്ലീഷ്‌ പഠിക്കൂ" എന്നതായിരുന്നു സന്ദേശം. പച്ചക്കറി കൃഷിയും കരനെല്‍കൃഷിയും കുട്ടികള്‍ക്കു പരിചയപ്പെടുത്തി. പ്രധാന ദിനാചരണങ്ങള്‍ വേറിട്ട രീതിയില്‍ സംഘടിപ്പിച്ചു. രാജ്യാന്തര ഗജദിനത്തില്‍ ആനയെ സ്‌കൂളിലെത്തിച്ച്‌ നടത്തിയ ആനയെ അറിയാന്‍ എന്ന പരിപാടി ഉദാഹരണം. മുളദിനത്തില്‍ മുളകൊണ്ടു നിര്‍മിച്ച സംഗീതോപകരണങ്ങള്‍ കൊണ്ട്‌ പാട്ടുത്സവം സംഘടിപ്പിച്ചു. വേനലവധിക്കാലത്ത്‌ 25 ദിവസത്തെ കായികപരിശീലന ക്യാമ്പ്‌ നടത്തി. സ്‌കൂളിലെ വോളിബോള്‍ കോര്‍ട്ട്‌ വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ക്കും ഉപയോഗിക്കാം. പി.ടി.എയുടെ നേതൃത്വത്തില്‍ പ്രീപ്രൈമറിക്ല ാസുകള്‍ ആരംഭിച്ചു. ഉച്ചഭക്ഷണം തയാറാക്കുന്നത്‌ അമ്മമാരുടെ സഹായത്തോടെയാണ്‌. കേരളത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഈ നേട്ടങ്ങള്‍ എത്തിക്കാനായി ഇവര്‍ ഒരു സംഗീത ആല്‍ബവും പുറത്തിറക്കി. മൂന്നുവര്‍ഷംകൊണ്ട്‌, മുപ്പതിനോടടുത്ത സംഖ്യയില്‍നിന്നു കുട്ടികളുടെ എണ്ണം മുന്നൂറോളമെത്തിച്ച ഈ ഗ്രാമീണ സര്‍ക്കാര്‍ വിദ്യാലയത്തെ കേരളം അറിയുകതന്നെ വേണം. പത്തനംതിട്ട ജില്ലയില്‍ ഈവര്‍ഷം ഒരു ഡിവിഷന്‍ കൂടൂതലുണ്ടായ ഒരേയൊരു സ്‌കൂളും ഇതാണ്‌.
തെക്കേടത്തുകാവ്‌ വിസ്‌തൃതമായ, ഇടതൂര്‍ന്ന കാവായിരുന്നു. കാലക്രമത്തില്‍ അതു നഷ്‌ടപ്പെട്ടുപോയി. ഗ്രാമവാസികളുടെ മൂന്നുവര്‍ഷത്തെ പരിശ്രമം കൊണ്ട്‌ അപൂര്‍വ സസ്യജാലങ്ങള്‍ ഇവിടെ പൂത്തുനില്‍ക്കുന്ന കാഴ്‌ചകണ്ടു. കുന്നന്താനം രാജ്യത്തെതന്നെ ആദ്യ സമ്പൂര്‍ണ യോഗാഗ്രാമവുമാണ്‌. എല്ലാ സാംസ്‌കാരിക-മതസ്‌ഥാപനങ്ങളിലും വിദ്യാലയങ്ങളിലും യോഗാ ക്ലാസുകള്‍ ആരംഭിച്ചു. ഇവിടെ ഒരു വീട്ടില്‍ ഒരാളെങ്കിലും യോഗ പരിശീലിച്ചവരാണ്‌. സി.എന്‍.എന്‍. ചാനല്‍ ഉള്‍പ്പെടെ ഈ പദ്ധതികള്‍ ലോകത്തെയറിയിക്കാനുള്ള നീക്കത്തിലാണ്‌.
പരിസ്‌ഥിതി പ്രവര്‍ത്തനത്തിന്റെ ചൊല്ലിയാട്ടങ്ങള്‍ക്കപ്പുറത്തു സ്വയം പ്രതിരോധത്തിന്റെയും ക്രിയാത്മകപ്രവര്‍ത്തനങ്ങളുടെയും പാഠങ്ങളാണ്‌ ഈ ഗ്രാമം നമുക്കു പകര്‍ന്നുനല്‍കുന്നത്‌. ഒരു പുഴപോലുമില്ലാത്ത ഗ്രാമം സമ്പൂര്‍ണ ജലസാക്ഷരതയിലേക്കു നീങ്ങുന്ന കാഴ്‌ച. സമ്പൂര്‍ണ ആരോഗ്യഗ്രാമമാക്കാനുള്ള ഇച്‌ഛാശക്‌തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍. സര്‍ക്കാര്‍ ചിന്തിക്കുന്നതിനു മുമ്പേ, അക്ഷരമുത്തശ്ശിയായ പഴയ പള്ളിക്കൂടത്തെ പുനര്‍ജീവിപ്പിച്ച കഥ.
ഈ ഗ്രാമത്തില്‍ പ്രശസ്‌ത സാംസ്‌കാരികനായകരോ രാഷ്‌ട്രീയനേതാക്കളോ ഇല്ല. ഇവിടുത്തുകാര്‍ ആരവങ്ങളോ അവകാശവാദങ്ങളോ മുഴക്കുന്നില്ല. ഉള്ളത്‌ നിസ്വാര്‍ഥപ്രവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്‌ച മാത്രം. പ്രസംഗത്തിലല്ല പ്രവൃത്തിയിലാണു കാര്യമെന്നു നമ്മെ പഠിപ്പിച്ചതാണു കുന്നന്താനത്തിന്റെ മഹിമ. കുട്ടനാട്ടുകാരനായ കവി അയ്യപ്പപ്പണിക്കര്‍ നാട്ടുനന്മകളുടെ നഷ്‌ടങ്ങള്‍ വേദനയോടെ കണ്ടത്‌ "കുന്നില്ലാത്തൊരു ദുഃഖം തീര്‍ന്നു, കുന്നായ്‌മകളുടെ കുന്നുകള്‍ കാണ്‍കെ" എന്നായിരുന്നു. കുന്നന്താനത്തു കുന്നായ്‌മകളുടെ കുന്നുകളല്ല, കൂട്ടായ്‌മയുടെ കുന്നുകളാണു തലയുയര്‍ത്തി നില്‍ക്കുന്നത്‌.

Ads by Google
Thursday 05 Oct 2017 02.04 AM
YOU MAY BE INTERESTED
TRENDING NOW