Tuesday, June 11, 2019 Last Updated 15 Min 33 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Wednesday 04 Oct 2017 08.06 PM

തരംഗമാകില്ല

ആഖ്യാനത്തിലും അവതരണത്തിലും പരീക്ഷണങ്ങളും പരിവര്‍ത്തനങ്ങളുമുണ്ട്. എന്നാല്‍ പലയിടത്തും പൂര്‍ത്തിയാക്കാനാവാത്ത ഒരു പരീക്ഷണം എന്നാണു മൊത്തം കാഴ്ചയില്‍ തരംഗത്തിന്റെ ക്യൂരിയസ് കേസിനെ അടയാളപ്പെടുത്താനാകുന്നത്. അങ്ങേയറ്റം മിസ്‌കാസ്റ്റ് എന്നു വിളിക്കാവുന്ന താരങ്ങളുടെ തെരഞ്ഞെടുപ്പ്, അനാവശ്യമായ വലിച്ചുനീട്ടല്‍ എന്നിവയാണു ചിലപ്പോഴൊക്കെ രസകരമായ സിനിമയെ പാതിവെന്ത പരുവമാക്കുന്നത്.
tharangam movie review

ദൈവം പാലാക്കാരനാണോ? ''ഓ എന്നാ പറയാനാടാ ഉവ്വേ, അതെന്നാ എടപാടാ'' എന്നൊക്കെ പറയുന്ന ദൈവം പാലായിലോ മീനച്ചിലാറൊഴുകുന്ന വഴിയില്‍ എവിടെയെങ്കിലുമോ ഉള്ളതായിരിക്കണം. അല്ലെങ്കില്‍ എങ്ങനാണ് 'തരംഗ'ത്തില്‍ റേഡിയോ വച്ച് ഭക്തരുടെ പരാതികളും പ്രാര്‍ഥനകളും കേള്‍ക്കുന്ന ദൈവം കോട്ടയം ഭാഷ പറഞ്ഞു കോട്ടുവായിടുന്നത്. ഇങ്ങനെയുള്ള ദൈവത്തിന്റെ ഒരു ക്യൂരിസസ് കേസ് ആണ് ടൊവിനോ തോമസ് നായകനാകുന്ന തരംഗം ദി ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍. ക്യൂരിയസ് കേസ് ഓഫ് മലയാളം സിനിമ എന്നുവേണമെങ്കിലും വിശേഷിപ്പിക്കാം. ഒരു ഫാന്റസി കോമഡി എന്ന നിലയിലോ ഒരു സ്പൂഫ് ത്രില്ലര്‍ എന്ന നിലയിലോ സിനിമയെ കാണാം. ഇത്തരത്തില്‍ പുതുമയുടെയും പരീക്ഷണത്തിന്റെയും പൂക്കാലമാണ് തരംഗം. പക്ഷേ ക്രാഫ്റ്റുണ്ടെങ്കിലും കഥ പറയാനുള്ള കാമ്പുണ്ടെങ്കിലും തരംഗത്തിന് തരംഗമാകാനുള്ള ശേഷി ഇല്ല.

നവാഗതനായ സംവിധായകന്‍ ഡൊമിനിക്ക് അരുണ്‍, തമിഴ് സൂപ്പര്‍താരം ധനുഷിന്റെ ദേശീയ ശ്രദ്ധആകര്‍ഷിച്ച സിനിമകളുടെ നിര്‍മാണക്കമ്പനിയായ വണ്ടര്‍ ബാര്‍ ഫിലിംസ്, എന്നിങ്ങനെ ചില ക്യൂരിയസ് കേസുകള്‍ ഈ സിനിമയ്ക്കു പിന്നിലുണ്ട്. ആഖ്യാനത്തിലും അവതരണത്തിലും പരീക്ഷണങ്ങളും പരിവര്‍ത്തനങ്ങളുമുണ്ട്. എന്നാല്‍ പലയിടത്തും പൂര്‍ത്തിയാക്കാനാവാത്ത ഒരു പരീക്ഷണം എന്നാണു മൊത്തം കാഴ്ചയില്‍ തരംഗത്തിന്റെ ക്യൂരിയസ് കേസിനെ അടയാളപ്പെടുത്താനാകുന്നത്. അങ്ങേയറ്റം മിസ്‌കാസ്റ്റ് എന്നു വിളിക്കാവുന്ന താരങ്ങളുടെ തെരഞ്ഞെടുപ്പ്, അനാവശ്യമായ വലിച്ചുനീട്ടല്‍ എന്നിവയാണു ചിലപ്പോഴൊക്കെ രസകരമായ സിനിമയെ പാതിവെന്ത പരുവമാക്കുന്നത്.

tharangam movie review

മലയാളത്തിലെ പുതുതലമുറസിനിമകളില്‍ നല്ലൊരു പങ്കിന്റെയും കേന്ദ്രബിന്ദു ഒരു ദിവസം അല്ലെങ്കില്‍ ഏതാനും ദിവസത്തേക്കുണ്ടാകുന്ന ആകസ്മിതകളുടെ കൂടിച്ചേരലാണ്. പൂര്‍ണമായും പരീക്ഷണസിനിമയാണ് തരംഗം, ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍. എന്നാല്‍ ഈ പരീക്ഷണം മേല്‍പ്പറഞ്ഞ പുതുതലമുറ സിനിമകളുടെ ആകസ്മികതക്കഥകളുടെ ആവര്‍ത്തനം മാറ്റാനുള്ള സൂത്രപ്പണിയായിരുന്നുവെന്നാണ് സിനിമ അവസാനിച്ചപ്പോള്‍ തോന്നിയത്.

മലയാളവും ലത്തീനും എന്നുവേണ്ട സകലഭാഷയും സംസാരിക്കുന്ന ഒരു ദൈവമാണ് ആദ്യകഥാപാത്രം. ദൈവം എന്നുവച്ചാല്‍ കാലന്‍ കൂടിയാണെന്നു തോന്നുന്നു. ചിത്രഗുപ്തനെപ്പറ്റിയൊക്കെ പരാമര്‍ശമുണ്ട്. ഹീബ്രുവൊക്കെ സംസാരിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ദൈവത്തിന്റെ കാറ്റഗറി ന്യൂനപക്ഷമാണോ, ഭൂരിപക്ഷമാണോ എന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതായാലും കള്ളന്‍ പവിത്രന്‍ എന്ന പരലോകത്തെ അന്തേവാസി ഈ ദൈവത്തെ സമീപിച്ച് പരാതി ഉന്നയിക്കുന്നിടത്താണു സിനിമയുടെ തുടക്കം. കള്ളന്റെ വരുംതലമുറ മുഴുവന്‍ കള്ളന്മാരായി പരിണമിക്കുമെന്ന ശാപം മാറ്റണമെന്നാണ് പവിത്രന്റെ ആഗ്രഹം. ദൈവമായി ദിലീഷ് പോത്തനും കള്ളന്‍ പവിത്രനായി മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയനായ അച്യുതാനന്ദനും എത്തുന്നു. എന്നാല്‍ ഈ ഇന്‍ഡ്രൊയ്ക്കു ശേഷം നേരെ ഭൂമിയിലേക്ക് എതാനും കള്ളന്മാരുടെയും പോലീസുകാരുടേയും അധോലോകക്കാരുടെയും ആകസ്മിക കൂടിച്ചേരലുകളിലേക്കു ജമ്പ് ചെയ്യുന്നത്. തുടക്കത്തിലെ ദൈവത്തിന്റെ ബില്‍ഡ് അപ്പും ആകസ്മികതകള്‍ സൃഷ്ടിക്കുന്ന കൗതുകവും കൂടിച്ചേരുന്നതോടെ ശരിക്കും സിനിമയുടെ ഗതിയെപ്പറ്റി ഒരു ഘട്ടത്തില്‍ ക്യൂരിയസ് ആയതുമാണ്. പക്ഷേ പരീക്ഷണം, വെറും പരീക്ഷണത്തിനായുള്ളതാണെന്നു തോന്നിപ്പിക്കുന്നരീതിയിലാണ് അവസാനം.

tharangam movie review

ടൊവിനോ തോമസ്, ബാലു വര്‍ഗീസ്, നേഹ അയ്യര്‍, ശാന്തി ബാലചന്ദ്രന്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, സിജോയി വര്‍ഗീസ്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണു മുഖ്യവേഷങ്ങളിലെത്തുന്നത്. പപ്പന്‍ എന്ന പത്മാനാഭന്‍പിള്ളയായി ടൊവിനോ തോമസും ജോയി എന്ന സുഹൃത്തായി ബാലുവര്‍ഗീസുമാണ് എത്തുന്നത്. ഒരു അണ്ടര്‍ കവര്‍ ഓപ്പറേഷനിടെ സസ്‌പെഷനിലായ കൈക്കൂലിക്കാരായ പോലീസുകാരണിവര്‍. എന്നാല്‍ ഗോദയിലെ ആഞ്ജനേയ ദാസില്‍നിന്ന് ടൊവിനോയ്‌ക്കോ ചങ്ക്‌സിലെ റൊമാരിയോയില്‍നിന്ന് ബാലുവര്‍ഗീസിനോ ഒരു മാറ്റമില്ല. ഇവ രണ്ടും അവസാനം ഇറങ്ങിയ ഇവരുടെ സിനിമകളാണ്. മുന്‍സിനിമകളിലെ അതേ വേഷങ്ങളുടെ ആവര്‍ത്തനവുമായി ആവശ്യത്തിലേറെയുള്ള വര്‍ത്തമാനങ്ങളും ആശയക്കുഴപ്പങ്ങളും കൊണ്ടു സിനിമയ്ക്കു സൃഷ്ടിക്കുന്ന ലാഗ് ഫാന്റസി ത്രില്ലറിന്റെ ഫാന്റസിയും ത്രില്ലും നഷ്ടപ്പെടുത്തുന്നുണ്ട്. ബാലു വര്‍ഗീസിന് സിനിമയില്‍ വന്നപ്പോഴുണ്ടായ ആ താടിപോലും ഒരു സിനിമയിലും മാറുന്നില്ല എന്നല്ലാതെ എന്തുപറയാന്‍. പ്രധാനകഥാപാത്രങ്ങളിലൊന്നായി വരുന്ന ഓമനയെ അവതരിപ്പിക്കുന്ന നേഹ അയ്യരുടെ പ്രകടനവും റോബോട്ടിക് എക്‌സ്പ്രഷനുകളാണ്. മാലിനിയായെത്തുന്ന ശാന്തി എന്ന പുതുമുഖം മാത്രമാണ് അപവാദം. സപ്പോര്‍ട്ടിങ് കാസ്റ്റിലെത്തുന്ന നടന്മാരുടെ തെരഞ്ഞെടുപ്പിലും ഈയൊരു യാന്ത്രികത അനുഭവപ്പെടുന്നുണ്ട്.

tharangam movie review

ഡൊമിനിക്ക് അരുണും അനില്‍ നാരായണനും ചേര്‍ന്നെഴുതിയ തിരക്കഥ ആകസ്മികതകളെ സമര്‍ഥമായി ഒരുമിപ്പിച്ചിട്ടുണ്ട്. വഴിമാറി, വഴിമാറിപ്പോകുന്ന കഥാഗതിയെ വിശ്വസനീയമാക്കാന്‍ ഈ നവാഗതരുടെ തിരക്കഥയ്ക്കു കഴിയുന്നുണ്ട്. ഒരു കോമഡി ത്രില്ലര്‍ എന്ന സ്വഭാവം ആദ്യാവസാനം കാത്തുസൂക്ഷിക്കാനും ഡൊമിനിക്ക് അരുണിനാവുന്നുണ്ട്.

ശ്രദ്ധയും കൗതുകവും പരീക്ഷണമെന്ന നിലയില്‍ ക്ഷമയോടെയുള്ള പ്രതികരണവും കാണികളില്‍നിന്ന് ആവശ്യത്തിലേറെ ആവശ്യപ്പെടുന്ന സിനിമകളുടെ കൂട്ടത്തിലാണു തരംഗത്തിന്റെ സ്ഥാനം. പരീക്ഷണാഖ്യാനം എന്ന നിലയില്‍ തരംഗത്തിന്റെ ഫാന്റസി യുക്തിയെ അഭിനന്ദിക്കാം. ഡൊമിനിക്ക് അരുണ്‍ എന്ന പുതിയ സംവിധായകന്‍ സിനിമയുടെ ക്രാഫ്റ്റ് കൈവശമുളള സംവിധായകനാണെന്ന് വലയിരുത്തുകയും ചെയ്യാം. അതിനപ്പുറം ഒന്നും തിയറ്ററില്‍നിന്നിറങ്ങുമ്പോള്‍ തരംഗത്തിന് ഓര്‍മപ്പെടുത്താനാവുന്നില്ല. ആസ്വാദനത്തിലെ ആശയക്കുഴപ്പങ്ങളാണു ബാക്കി.

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Wednesday 04 Oct 2017 08.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW