Monday, September 17, 2018 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Oct 2017 04.22 PM

മോക്ഷസിദ്ധിക്ക് നാമജപം

''കലിയുഗാധിപനും പാപകര്‍മ്മങ്ങളുടെ ദേവനുമായ കലി സര്‍വ്വവിധമായ അനര്‍ത്ഥങ്ങളും വരുത്തിവയ്ക്കുമെന്നാണ് പുരാണങ്ങള്‍ പറഞ്ഞിട്ടുള്ളത്. തന്റെ അധീനതയിലുള്ള കാമ ക്രോധാദികളുടെ അധിഷ്ഠാന ദേവതകളും അസംഖ്യം അനുചരരുമായി അചിന്ത്യങ്ങളായ നിരവധി ധര്‍മ്മഹത്യകളും പാപകര്‍മ്മങ്ങളും കൊണ്ട് കലി നരജീവിതം നരകതുല്യമാക്കുന്നു. ''
uploads/news/2017/10/152311/joythi041017a.jpg

ഇത് കലികാലമാണ്. കലിയുഗത്തില്‍ ധര്‍മ്മനാശവും അധര്‍മ്മാധിക്യവും സംഭവിക്കുമെന്ന് പുരാണങ്ങള്‍ സിദ്ധാന്തിക്കുന്നു. ധര്‍മ്മത്തിനു മാത്രമല്ല, ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളായ പുരുഷാര്‍ത്ഥങ്ങള്‍ക്കെല്ലാംതന്നെ അതിനാശമാണല്ലോ വന്നുഭവിച്ചത്. അങ്ങനെയാവാതെ തരമില്ലായെന്നുതന്നെയാണ് 'വിപരീതാഃ ഭവിഷ്യന്തികലൌയുഗേ' എന്നതിലൂടെ വേദവ്യാസന്‍ മഹാഭാരതത്തില്‍ സൂചിപ്പിക്കുന്നതും.

സര്‍വ്വതും വിപരീതമായേ ഭവിക്കയുള്ളൂവെന്നും ധര്‍മ്മം പാടേ അവഗണിക്കപ്പെടുമെന്നും പറയുമ്പോള്‍ എന്താണ് ഈ ധര്‍മ്മം എന്നതുകൂടി അറിയേണ്ടതുണ്ട്. ''ധരതിഃ ഇതി ധര്‍മ്മഃ'', ''ധാരണാത് അനുഷ്ഠാനാത് ധര്‍മ്മഃ'' എന്നീവിധം പറയുമ്പോള്‍, എല്ലാത്തിനെയും ധരിക്കുന്നത്, താങ്ങിനിര്‍ത്തുന്നത് ധര്‍മ്മം (ഭൂമിയെ നിലനിര്‍ത്തുന്നത് സദാചാരങ്ങളാണത്രേ).

യാതൊന്നാണോ അനുഷ്ഠിക്കപ്പെടുന്നത് അതു ധര്‍മ്മം എന്നിങ്ങനെ അര്‍ത്ഥം ലഭിക്കുന്നു. ഈവിധം അനവധിയായ അര്‍ത്ഥതലങ്ങള്‍ പലപ്പോഴായും പല കാലഘട്ടങ്ങളായും 'ധര്‍മ്മത്തിന് നല്‍കപ്പെട്ടിട്ടുണ്ട്.'

'യതോഭ്യുദയ നിഃ ശ്രേയസ സിദ്ധിഃ', എല്ലാ അഭ്യുദയങ്ങള്‍ക്കും നിഃ ശ്രേയസിനും (മോക്ഷത്തിനും) കാരണമാകുന്നത് ഏതാണോ അതാണ് ധര്‍മ്മമെന്ന് വൈശേഷിക ദര്‍ശനത്തില്‍ ക
ണാദനും വ്യക്തമാക്കുന്നു.

അപ്രകാരമുള്ള ധര്‍മ്മത്തില്‍നിന്ന് മോക്ഷകരമായ ധര്‍മ്മാനുഷ്ഠാന യജ്ഞത്തില്‍നിന്ന് അകലുകമൂലമുണ്ടാകുന്ന ധര്‍മ്മാപചയം സര്‍വ്വശ്രേഷ്ഠകരമായ മോക്ഷസിദ്ധിക്ക് വിഘാതമാകുമോയെന്ന ആകുലചിന്ത മനുഷ്യമാനസങ്ങളെ സദാ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഭീതിതമായ ഈ ചിന്തയാണ് ഒരര്‍ത്ഥത്തില്‍ ധര്‍മ്മാചരണത്തിനും ധര്‍മ്മസംരക്ഷണത്തിനും മനുഷ്യരെ പ്രേരിപ്പിക്കുന്നത് എന്നുതന്നെ പറയാം.

ജീവാത്മ പരമാത്മ സംയോഗത്തിലൂടെ ജീവാത്മാവിന് സുഖദുഃഖങ്ങളില്‍നിന്നുമുളള മോചനം ലഭിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അപ്രകാരം ജീവാത്മാവ്, പരമാത്മാവില്‍ ലയിക്കുന്ന അവസ്ഥയെയാണ് മോക്ഷം, മുക്തി, ജന്മസാഫല്യം, ബ്രഹ്മസായൂജ്യം, പരമപദമണയല്‍, മഹാനിര്‍വാണം, ആത്മസാക്ഷാത്ക്കാരം, പരമാനന്ദപ്രാപ്തി, പരമപുരുഷപ്രാപ്തി എന്നിങ്ങനെയുള്ള പല നാമങ്ങളിലും പറയപ്പെടുന്നത്. മോക്ഷസിദ്ധിക്ക് ധര്‍മ്മാചരണം അനുപേക്ഷണീയമാണ്. അഥവാ ധര്‍മ്മാചരണത്തിലൂടെ മാത്രമേ അതു സാധ്യമാകുകയുള്ളൂ.

എണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളിലൂടെ അനുഭവിക്കേണ്ടിവരുന്ന അന്തമറ്റുള്ള ജീവിത ദുഃഖങ്ങളില്‍നിന്നുള്ള മോചനമാണ് മോക്ഷപ്രാപ്തിയിലൂടെ സാധ്യമാകുന്നത്. അല്ലെങ്കില്‍, ഓരോ വ്യക്തിയിലും വര്‍ത്തിക്കുന്ന ജീവാത്മാവ് ആ വ്യക്തിയുടെ നാശത്തോടെ മറ്റൊന്നില്‍ പ്രവേശിക്കുകയും ചാക്രികമായി ഒന്നൊന്നായി നിരവധി ജന്മങ്ങളിലൂടെ അനവധിയായ ദുരിത-സങ്കടങ്ങളാല്‍ നരകിക്കേണ്ടിവരികയും ചെയ്യുന്നു.

ഭയദുഃഖങ്ങളേറ്റുന്ന ഈ ഓര്‍മ്മകളും ധാരണകളുമാണ് ധര്‍മ്മം അനുഷ്ഠിക്കുവാനും 'ജനിമരണങ്ങളെനിക്കിനി വേണ്ട' എന്നു പറയുവാനും ഒരുവന് പ്രേരണയേകുന്നത്. ഈവിധ ഭീതികളില്‍നിന്നും മനുഷ്യകുലത്തിന് രക്ഷനേടുവാനുള്ള മാര്‍ഗ്ഗങ്ങള്‍ മഹര്‍ഷിശ്രേഷ്ഠര്‍ ഏറെ മുന്നേതന്നെ ഉപദേശിച്ചു നല്‍കിയിട്ടുള്ളതാണെങ്കിലും അവ നാം ചെവിക്കൊള്ളുന്നതില്ല എന്നതാണ് സത്യം.

അതുകൊണ്ടാണ് സനാതന ധര്‍മ്മങ്ങളുടെ ഉദ്ഗാതാവായ വ്യാസമഹര്‍ഷി ഈ അപചയത്തില്‍ മഹാഭാരതം സ്വര്‍ഗ്ഗാരോഹണ പര്‍വ്വത്തില്‍ തന്റെ വ്യഥയും ഉല്‍ക്കണ്ഠയും പ്രകടമാക്കിയി
ട്ടുള്ളത്.

''ഊര്‍ദ്ധ്വബാഹുര്‍വിരൗമേഷ
ന കശ്ചിത് ശൃണോതി മാം
ധര്‍മ്മാദര്‍ത്ഥ ശ്ച കാമശ്ച
സകി മര്‍ത്ഥം ന സേവ്യതേ''?

ധര്‍മ്മപാലനംകൊണ്ട് അര്‍ത്ഥകാമമോക്ഷങ്ങള്‍ ലഭിക്കുമെന്ന് കൈകളുയര്‍ത്തി, ദൃഢമായും ഉച്ചത്തിലും ഞാന്‍ പറയുന്നുവെങ്കിലും ആരും അതു ശ്രദ്ധിക്കാതെയും ആചരിക്കാതെയും അവഗണിക്കുന്നത് എന്താണ്? വ്യാസന്റെ ഈ വ്യഥയും ഉല്‍ക്കണ്ഠയും യുഗങ്ങള്‍ക്ക് ശേഷവും ആ നിലയില്‍തന്നെ തുടരുന്നുവെന്നത് പരിതാപകരമാണ്.

കൃത, ത്രേതാ, ദ്വാപര യുഗങ്ങളില്‍നിന്ന് വ്യത്യസ്തമായി, കലിയുഗത്തില്‍ ഈശ്വരാരാധന മാത്രമാണ് സര്‍വ്വശ്രേഷ്ഠമായ ധര്‍മ്മമാര്‍ഗവും മുക്തിമാര്‍ഗവുമെന്ന് വ്യാസമുനി മഹാഭാരതം വനവര്‍വ്വത്തില്‍ വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ടല്ലോ.

കലിയുഗാധിപനും പാപകര്‍മ്മങ്ങളുടെ ദേവനുമായ 'കലി' സര്‍വ്വവിധമായ അനര്‍ത്ഥങ്ങളും വരുത്തിവയ്ക്കുമെന്നാണ് പുരാണങ്ങള്‍ പറഞ്ഞിട്ടുള്ളത്. തന്റെ അധീനതയിലുള്ള കാമ ക്രോധാദികളുടെ അധിഷ്ഠാന ദേവതകളും അസംഖ്യം അനുചരരുമായി അചിന്ത്യങ്ങളായ നിരവധി ധര്‍മ്മഹത്യകളും പാപകര്‍മ്മങ്ങളും കൊണ്ട് 'കലി' നരജീവിതം നരകതുല്യമാക്കുന്നു.

ക്രോധത്തിന് ഹിംസയില്‍ പിറന്ന പുത്രനായ 'കലി' തന്റെ സഹോദരിയായ 'ദുരുക്തി'യില്‍ തന്നെ 'മൃത്യു' എന്നും 'ഭയം' എന്നും രണ്ട് സന്തതികളെ ജനിപ്പിച്ചുകൊണ്ട് അധാര്‍മ്മികതയും അനാശാസ്യതകളും അതിക്രമങ്ങളും ഊട്ടിവളര്‍ത്തുന്നു. (കലിപുരാണം) ഈവിധമായ ദുര്യോഗങ്ങളാണ് കലിയുഗത്തില്‍ വന്നുഭവിക്കുകയെന്ന് തന്റെ ദീര്‍ഘദൃഷ്ട്യാ മനസ്സിലാക്കിയ നാരദമഹര്‍ഷി, ദ്വാപരയുഗാന്ത്യത്തില്‍ തന്നെ ബ്രഹ്മാവില്‍ നിന്നും കലിയുഗ ദുരിത പരിഹാരമാര്‍ഗ്ഗം തേടി അറിഞ്ഞ് മനുഷ്യസമൂഹത്തിന് നല്‍കിയിരുന്നു.

ഹരിനാമ സങ്കീര്‍ത്തനം മാത്രം മതി (കലൗതദ് ഹരിനാമകീര്‍ത്തനം) എന്നതായിരുന്നു ബ്രഹ്മദേവന്‍ നല്‍കിയ ഉപദേശം. കൂടാതെ പ്രസിദ്ധമായ ഷോഡശമന്ത്രവും നാരദനിലൂടെ നമുക്കായി ഉപദേശിച്ചു നല്‍കി (കലിസന്തരണ്ടോപനിഷത്ത്)-

''ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ.'' എന്നിപ്രകാരമുള്ള ഷോഡശ (പതിനാറ്) മന്ത്രങ്ങള്‍ ജപിച്ചാല്‍ ജീവന്‍മുക്തി ലഭിക്കുമെന്നാണ് ബ്രഹ്മാവ് ഉപദേശിച്ചിട്ടുള്ളത്. നാമജപം കൊണ്ട് മുക്തി
നേടാമെന്ന് ഭഗവത്ഗീതയും പറയുന്നു.

കൃതയുഗത്തില്‍ ധ്യാനവും ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയുമായിരുന്നു പ്രധാന ഈശ്വരോപാസനാ മാര്‍ഗങ്ങള്‍. ശ്രവണം, സ്മരണം, അര്‍ച്ചനം, വന്ദനം, കീര്‍ത്തനം, ദാസ്യം, സഖ്യം, പാദസേവനം, ആത്മനിവേദനം എന്നീ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളില്‍ കീര്‍ത്തനം (നാമജപം) ആണ് കലിയുഗത്തില്‍ മോക്ഷസിദ്ധിക്കുള്ള അയത്‌ന ലളിതമാര്‍ഗമായി ആചാര്യന്മാര്‍ കല്പിച്ചിട്ടുള്ളത്. ജ്ഞാനപ്പാനയും ഹരിനാമകീര്‍ത്തനവും ഇക്കാര്യം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതുമുണ്ട്.

''യുഗം നാലിലും നല്ലൂകലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാന്‍
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദ്ദന
കൃഷ്ണ ഗോവിന്ദ രാമ എന്നിങ്ങനെ
തിരുനാമ സങ്കീര്‍ത്തനമെന്നിയേ
മറ്റേതുമില്ലയത്‌ന മറിഞ്ഞാലും.''

തിരുനാമ സങ്കീര്‍ത്തനംകൊണ്ട് കലിയുഗത്തില്‍ അയത്‌നമായി മുക്തി നേടാവുന്നതാണ്. കൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ, ഗോവിന്ദാ രാമാ എന്നിങ്ങനെയുള്ള നാമജപം മാത്രമേ വേണ്ടൂ.
(യജ്ഞമോ, ദാനമോ, ധ്യാനമോ, തപസ്സോ, പൂജയോ ഒന്നുംതന്നെ ആവശ്യമില്ല) എന്നു മാത്രമല്ല ശുദ്ധമെന്നും അശുദ്ധമെന്നുമുള്ള ചിന്തകള്‍ കൂടാതെയും ജ്ഞാനിയെന്നോ, അജ്ഞാനി
യെന്നോ ഉള്ള വേര്‍തിരിവുകള്‍ ഇല്ലാതെയും ആര്‍ക്കും എപ്പോഴും എവിടെയും നാമസങ്കീര്‍ത്തനങ്ങള്‍ ജപിക്കാവുന്നതുമാണ്.

'ജപം' എന്ന പദത്തിലെ 'ജ'കാരത്തിന് 'ജന്മവിഛേദം' വരുത്തുന്നത് എന്നും 'പ' കാരത്തിന് 'പാപനാശകം' എന്നും അര്‍ത്ഥകല്പനകള്‍ നല്‍കിയിട്ടുണ്ട്. അപ്രകാരം 'ജപം' എന്ന വാക്കിന്
'ജന്മങ്ങളില്‍നിന്നും മുക്തിയേകുന്നതും പാപഹരവും' എന്ന അര്‍ത്ഥമേകിക്കൊണ്ട് നാമജപത്തിന്റെ മാഹാത്മ്യത്തെ ആചാര്യന്മാര്‍ വെളിവാക്കുന്നതായും കാണാം.

'ജ'കാരോ ജന്മവിഛേദഃ
'പ'കാരോ പാപനാശകഃ

ശ്രീരാമ-ശ്രീകൃഷ്ണനാമങ്ങള്‍ ആലപിക്കുകയെന്ന് പറയുന്നതില്‍നിന്ന് മറ്റു ദേവതാ ദേവന്മാരുടെ നാമങ്ങള്‍ അപ്രസക്തമാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. മറിച്ച് പ്രപഞ്ചകാരകനായ ശ്രീഹരിയുടെ അവതാരങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നതും ധര്‍മ്മസംസ്ഥാപനാര്‍ത്ഥം രൂപംപൂണ്ടതും രാമ-കൃഷ്ണാവതാരങ്ങള്‍ ആയതിനാല്‍ ആ നാമങ്ങള്‍ക്ക് പ്രാധാന്യമേറുന്നു എന്നുമാത്രം ധരിച്ചാല്‍ മതിയാകും.

ജീവിത ദുഃഖങ്ങളില്‍നിന്ന് ജനിമരണങ്ങളില്‍നിന്ന് മുക്തിനേടുവാന്‍ ഭക്തി, ജപം എന്നിവയല്ലാതെ മറ്റൊരു വഴിയുമില്ല. 'നസ പുനരാവര്‍ത്തതേ'-വീണ്ടും ജനന മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടാത്ത അനന്തസുഖം, പൂര്‍ണ്ണത്വം നേടുവാനായി ഐഹിക ജീവിതത്തിലെ നാമജപംകൊണ്ട് സാധിക്കുന്നതാണ്.

'കെട്ടുകണക്കേ കര്‍മ്മം, കെട്ടുകളറ്റേ മുക്തി വരൂ''- കെട്ടു കണക്കായിട്ടുള്ള കര്‍മ്മബന്ധങ്ങളെ വിച്‌ഛേദിച്ച് മുക്തി നേടുവാന്‍ ജപമാണ് വേണ്ടത്. ജപം മാത്രമാണ് ആശാസ്യമായുള്ളത്. യജ്ഞങ്ങളില്‍വച്ച് ജപയജ്ഞമാണ് മുഖ്യമായുള്ളത്. ''യജ്ഞാനാം ജപയജ്‌ഞോസ്മി'' എന്ന ഗീതാവചനവും ഓര്‍ക്കുക.

ദേവപ്രീതിക്കുവേണ്ടി ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളാണ് യജ്ഞം. അപ്രകാരം ദേവപ്രീതികരമായി ചെയ്യുന്ന പ്രവൃത്തികളില്‍ നാമജപം ഏറെ ശ്രേഷ്ഠകരമാണ്. സര്‍വ്വശാന്തിക്കും ഈശ്വര സാക്ഷാത്ക്കാരത്തിനും ഇഹലോക ദുരിതനിവാരണത്തിനും നാമജപം മാത്രം മതിയാകുന്നതാണ്.

ഡോ. അശോകന്‍ ഈര
ഫോണ്‍: 9446120595

Ads by Google
Wednesday 04 Oct 2017 04.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW