Wednesday, March 14, 2018 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Oct 2017 04.10 PM

എന്റെ ദാമ്പത്യം തകരുമെന്ന് ചിലര്‍ പറഞ്ഞു - ഗിന്നസ് പക്രു

uploads/news/2017/10/152308/CiniINWPakru.jpg

മുപ്പതുവര്‍ഷങ്ങളായി തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് അഭിനയം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഗിന്നസ് പക്രു ഇന്ത്യയില്‍ ഉയരക്കുറവുള്ള അനേകം നടന്മാര്‍ ഉണ്ട്. പക്ഷേ അവര്‍ക്കാര്‍ക്കും നിലനില്പുണ്ടായിരുന്നില്ല.

ചില നടന്മാരെ കൂട്ടത്തില്‍ ഒരാളായി മാത്രമേ സിനിമയില്‍ കാണാറുള്ളൂ. അതുപോലെ ഗിന്നസ് ബുക്കില്‍ കടന്നുകൂടിയിട്ടുള്ള കുള്ളന്മാരായ മറ്റേതു നടന്മാരുണ്ട്?

പക്രു വിവാഹിതനും ദീപ്ത കീര്‍ത്തി എന്നു പേരായ ഒരു മകളുടെ പിതാവുമാണ്. അച്ഛനേക്കാള്‍ ഉയരമുള്ള മകള്‍! പുറത്ത് കലാപരിപാടികള്‍ക്കായി പോകുമ്പോള്‍ പക്രു മകളെ കൂട്ടി പോകാറുണ്ട്. പിതാവിനോടൊപ്പം കളിക്കാനും മറ്റും അവള്‍ക്ക് ഏറെ ഇഷ്ടമാണ്.

''എന്റെ മകള്‍ പഠിക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷ വേളയില്‍ അതിഥിയായി ഞാന്‍ പങ്കെടുത്തത് വ്യത്യസ്തമായ അനുഭവമാണ്. ആ പരിപാടിയില്‍ എന്റെ മകള്‍ നൃത്തം ചെയ്തു.

ഇത്രയും മനോഹരമായി അവള്‍ നൃത്തം ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോള്‍ അവള്‍ ചിത്രകലയിലും കൈ വച്ചിരിക്കുന്നു. എന്റെ മകള്‍ക്ക് ഞാനൊരു കളിത്തോഴന്‍ എന്നു പറയുന്നതാകും ശരി.

എന്റെ ബാല്യത്തില്‍ അച്ഛനോടൊപ്പം സൈക്കിള്‍ സവാരി ചെയ്തത് രസകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ സൈക്കിളില്‍ എനിക്കുവേണ്ടി ഒരു അഡീഷണല്‍ സീറ്റ് ഘടിപ്പിച്ചിരുന്നു. ഞാന്‍ കഥാപ്രസംഗ പരിപാടിക്ക് പോകുമ്പോള്‍ അച്ഛന്‍ എന്നോടൊപ്പം വരുമായിരുന്നു.

പരിപാടി കഴിഞ്ഞ് വണ്ടിയില്‍ കയറിക്കഴിഞ്ഞാല്‍ ഉടന്‍ ഞാന്‍ ഉറക്കം തുടങ്ങും. ഉണര്‍ന്നു നോക്കുമ്പോള്‍ ഞാന്‍ കിടക്കയില്‍ ഉറങ്ങുകയാവും. എന്റെ ഉറക്കത്തിന് ഭംഗം വരാത്ത വിധം അച്ഛന്‍ എന്നെ വീട്ടിലെത്തിച്ച് കിടക്കയില്‍ കിടത്തി ഉറക്കും.''

പക്രുവിന്റെ യഥാര്‍ത്ഥ പേര് അജയകുമാര്‍. മാതാപിതാക്കള്‍: രാധാകൃഷ്ണന്‍-അംബുജാക്ഷി.

uploads/news/2017/10/152308/CiniINWPakru1.jpg

? നിങ്ങളുടെ ആദ്യത്തെ സിനിമയിലെ അനുഭവം...


ഠ 1986-ല്‍ ഞാന്‍ 'അമ്പിളി അമ്മാവന്‍' എന്ന സിനിമയില്‍ ആദ്യമായി അഭിനയിച്ചു. അപ്പോഴെനിക്ക് പത്തുവയസ്. സ്‌കൂള്‍ ഒഴിവു ദിനങ്ങളിലായിരുന്നു അഭിനയം. ആനക്കാരന്റെ മകന്റെ വേഷമായിരുന്നു. ആദ്യരംഗത്ത് ആനപ്പുറത്താണ് ഞാന്‍ വരിക.

ആന എന്നെ തുമ്പിക്കൈകൊണ്ട് പൊക്കിയെടുത്ത് ബഞ്ചിലിരുത്തും. ഈ സീന്‍ ആവര്‍ത്തിച്ചെടുത്തപ്പോള്‍ ഞാന്‍ കരഞ്ഞു. അപ്പോള്‍ പാപ്പാനായി അഭിനയിച്ച ജഗതി ശ്രീകുമാര്‍ സാര്‍ ആണ് എന്നെ സഹായിച്ചത്.

ആ പടത്തില്‍ എന്റെ പേര് ഉണ്ടപ്പക്രു എന്നായിരുന്നു. ആ പേര് എന്റെ ഭാര്യക്കോ, അമ്മയ്‌ക്കോ ഇഷ്ടമായില്ല. പിന്നീട് ഗിന്നസ് ജേതാവായ ശേഷമാണ് ഗിന്നസ് പക്രുവായി മാറിയത്. വിനയന്‍ സാറിന്റെ അത്ഭുതദ്വീപ് പടം എനിക്ക് ഒത്തിരി പ്രശസ്തി നേടിത്തരുകയുണ്ടായി.

? കുറച്ചുകാലം നിങ്ങള്‍ സിനിമാരംഗത്തുനിന്നും വിട്ടുനിന്നു.


ഠ ഒരു പടത്തിന്റെ ഷൂട്ടിംഗ് വേളയില്‍ കയറില്‍ തൂങ്ങി അഭിനയിച്ചപ്പോള്‍ താഴേയ്ക്കു പോന്നു. കഴുത്തിന്റെ ഭാഗത്ത് പരുക്കേറ്റ് ആശുപത്രിയിലായി. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പക്ഷേ ഈ ഭാഗത്ത് ശസ്ത്രക്രിയ ചെയ്യുക എന്നതില്‍ ആശങ്കയുണ്ടായിരുന്നു.

ഒടുവില്‍ വേദന സഹിച്ച് നാളുകള്‍ കഴിച്ചുകൂട്ടി. വീണ്ടും അഭിനയം തുടങ്ങിയപ്പോള്‍ വേദന വര്‍ദ്ധിച്ചു. ഒടുവില്‍ ശസ്ത്രക്രിയ ചെയ്യേണ്ടതായി വന്നു. ഇപ്പോള്‍ വിശ്രമത്തിനു ശേഷം അഭിനയരംഗത്ത് സജീവമാണ്.

? യാത്രകള്‍ ഇഷ്ടമാണോ...


ഠ അതെ. സ്‌റ്റേജ് ഷോയുമായി ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ കലാപരിപാടി കഴിഞ്ഞ് അവിടെ ഒരു റൂമില്‍ ഉറങ്ങിക്കിടന്നപ്പോള്‍ എന്റെ സമീപം കിടന്നിരുന്ന ഒരാളുടെ രണ്ടരപ്പവന്റെ ചെയിന്‍, ഒരു കള്ളന്‍ ജനലിലൂടെ കൈകടത്തി പൊട്ടിച്ചു സ്ഥലംവിട്ടു.

എന്റെ കഴുത്തില്‍ അഞ്ചുപവന്റെ ചെയിന്‍ ഉണ്ടായിരുന്നു. ഒരു കുട്ടിയാണ് ഞാനെന്നു വിചാരിച്ച് കള്ളന്‍ എന്റെ കഴുത്തില്‍ കൈവച്ചില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

uploads/news/2017/10/152308/CiniINWPakru2.jpg

? നിങ്ങളുടെ ദാമ്പത്യവിജയത്തിന്റെ രഹസ്യം എന്താണ്.


ഠ രണ്ടുവര്‍ഷം പോലും എന്റെ ദാമ്പത്യജീവിതം നിലനില്‍ക്കില്ലെന്ന് ചിലര്‍ പ്രവചിക്കുകയുണ്ടായി. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്.

പല പ്രശ്‌നങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നിട്ടും എന്റെ ഭാര്യ എന്നോടൊപ്പം തുണയായി ഉണ്ടായിരുന്നു. അവര്‍ എനിക്ക് ധൈര്യം പകര്‍ന്നുതരുകയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ എനിക്ക് ചില നിര്‍ബന്ധബുദ്ധികളൊക്കെ ഉണ്ട്.

കുറച്ചേ ഉള്ളെങ്കിലും അത് സ്വാദോടെയായിരിക്കണം. സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഒക്കെ ഇപ്പോള്‍ ചില സൈഡ് ബിസിനസ്സ് നടത്താറുണ്ട്.

അതുപോലെ എന്റെ ഭാര്യ വസ്ത്രാലങ്കാര കട തുടങ്ങിയിരിക്കുകയാണ്. അങ്ങനെയും അവര്‍ കുടുംബത്തെ സംരക്ഷിച്ചുവരുന്നു. ഞങ്ങള്‍ക്കിടയില്‍ സന്തോഷം മാത്രമേ ഉള്ളൂ. ഗിന്നസ് പക്രു പറഞ്ഞുനിര്‍ത്തി.

- സുധീന ആലങ്കോട്

Ads by Google
TRENDING NOW