Wednesday, July 10, 2019 Last Updated 38 Min 47 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Wednesday 04 Oct 2017 12.23 PM

സൗന്ദര്യം നീനയ്ക്ക് ശാപമായോ? ഇഷ്ടപ്പെട്ട് കല്യാണം കഴിച്ച എന്‍ജിനീയറുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തുവന്നപ്പോള്‍ അവള്‍ അനുഭവിച്ചു തീര്‍ത്തത് ഒരു ജീവിതകാലത്തെ ദുരിതം

''മദ്യ ലഹരിയില്‍ ചില ദിവസം സിഗരറ്റ് കൊണ്ട് കുത്തി പൊളളിക്കും.''
uploads/news/2017/10/152258/Weeklyfamilycourt270917a.jpg

കോടതിയില്‍ നിന്നിറങ്ങിയപ്പോള്‍ എന്നെക്കാണാനായി വരാന്തയില്‍ ഒരമ്മയും മകനും കാത്തുനില്പുണ്ടായിരുന്നു. അവരെ ഞാന്‍ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാര്യം എന്തെന്ന് അന്വേഷിച്ചു.

നിറമിഴികളോടെ മകളുടെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങള്‍ ഓരോന്നായി ആ അമ്മ പറഞ്ഞു തുടങ്ങി. കൂടെയുണ്ടായിരുന്ന യുവാവ് ആ പെണ്‍കുട്ടിയുടെ സഹോദരനായിരുന്നു. അയാളും കാര്യങ്ങള്‍ വിശദീകരിച്ചു. ആ അമ്മ തുടര്‍ന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ഇച്ചായനും സ്‌നേഹിച്ച് വിവാഹം കഴിച്ചതാണ്. വിവാഹശേഷം എല്ലാവരുടെയും സ്വപ്നമാണ് കുഞ്ഞ് എന്നത്. അതുപോലെ ഞങ്ങളും ഒരു കുഞ്ഞിനായി കാത്തിരിന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനുശേഷം ദൈവം ഞങ്ങള്‍ക്ക് ഒന്നിച്ച് രണ്ടു മക്കളെ തന്നു. നീനയും നിഖിലും. മക്കള്‍ക്ക് പന്ത്രണ്ട് വയസ്സായപ്പോള്‍ അദ്ദേഹം മരിച്ചു. അതുവരെ ജോലിക്ക് പോയിട്ടില്ലാത്ത ഞാന്‍ അടുത്തുളള വീടുകളില്‍ ജോലിചെയ്തും, പശുവിനെ വളര്‍ത്തിയും മക്കളെ പഠിപ്പിച്ചു.

രണ്ടുപേരും പഠിക്കാന്‍ മിടുക്കരായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകൊണ്ട് നിഖില്‍ പ്ലസ്ടുവിനു ശേഷം തുടര്‍ന്ന് പഠിക്കാതെ ജോലിക്കുപോയി. എന്നിട്ട് സഹോദരിയെ ഡിഗ്രിയ്ക്ക് ചേര്‍ത്തു.
ഡിഗ്രി മൂന്നാം വര്‍ഷമായപ്പോഴേക്കും നീനയ്ക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങി.

വീട്ടിലെ സാഹചര്യം മോശമായതുകൊണ്ട് ഉടനെ വിവാഹം നടത്തുന്നില്ലെന്ന് പറഞ്ഞ് വന്ന ആലോചനകള്‍ മടക്കിയയച്ചു. മോളെ കാണാന്‍ നല്ലതായതുകൊണ്ട് സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞ് വീണ്ടും ആലോചനകള്‍ വന്നു.

ആ സമയത്താണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ അനൂപിന്റെ ആലോചന വന്നത്. കയ്യില്‍ പണമില്ലാത്തതുകൊണ്ട് ഞങ്ങള്‍ മടിപറഞ്ഞെങ്കിലും അവര്‍ അതൊന്നും കാര്യമാക്കാതെ വന്ന് നീനയെ കണ്ടു.

അവളെ അവര്‍ക്ക് ഒരുപാട് ഇഷ്ടമായി. അതുകൊണ്ട് തന്നെ സ്വര്‍ണ്ണവും പണവും ഒന്നും വേണ്ട മകളെ വിവാഹം കഴിച്ച് കൊടുത്താല്‍ മതിയെന്ന് അനൂപിന്റെ മമ്മി പറഞ്ഞു.

ഞങ്ങള്‍ ആലോചിച്ചപ്പോള്‍ ഇതിലും നല്ലൊരു ബന്ധം അവള്‍ക്ക് കിട്ടാനില്ല. കാണാന്‍ നല്ല ചെറുപ്പക്കാരന്‍, നല്ല ജോലി, സാമ്പത്തികമായി ഒട്ടും പിറകിലല്ലാത്ത കുടുംബം. അതുകൊണ്ട് തന്നെ വിവാഹം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.

അനൂപിന്റെ വീട്ടുകാര്‍ ഒന്നും ആവശ്യപ്പെട്ടില്ലെങ്കിലും നീനയെ നല്ലരീതിയില്‍ തന്നെ വിവാഹം കഴിച്ചയക്കണമെന്ന് ആഗ്രഹിച്ച് വീടിന്റെ ആധാരം പണയപ്പെടുത്തി നിഖില്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു. കൂടാതെ സുഹൃത്തുക്കളോട് കടം വാങ്ങിയും 25 പവന്‍ സ്വര്‍ണ്ണം കൊടുത്ത് നീനയുടെ വിവാഹം നടത്തി.

വിവാഹം കഴിഞ്ഞ് രണ്ടു ദിവസം സന്തോഷത്തോടെ കടന്നുപോയി. പിന്നീട് രാത്രി ഏറെ വൈകി മദ്യപിച്ച് വീട്ടിലെത്തുന്ന അനൂപ് അവളെ ഒരുപാട് ഉപദ്രവിക്കുമായിരുന്നു. പക്ഷേ ഞങ്ങള്‍ വിഷമിക്കുമെന്ന് കരുതി നീന ഒന്നും അറിയിച്ചില്ല. മോളെ കാണാനായി ഞാനും നിഖിലും കൂടി അവളുടെ വീട്ടിലെത്തി.

ഞങ്ങള്‍ ചെല്ലുമെന്നറിയാതെ കരഞ്ഞുകലങ്ങിയ കണ്ണുകളും, വാടിത്തളര്‍ന്ന മുഖവുമായാണ് അവള്‍ നിന്നത്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അവളുടെ കൈയ്യിലും കഴുത്തിലുമെല്ലാം ചെറിയ കറുത്ത പാടുകള്‍. കാണാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഞാനതു കണ്ടു.

എന്ത് പറ്റിയതാണെന്ന് ചോദിച്ചപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. 'ഇത് സിഗരറ്റ് കൊണ്ട് കുത്തിയതിന്റെ പാടുകളാണ്. ദിവസവും രാത്രി മദ്യപിച്ചെത്തുന്ന അനൂപ് എന്നോട് വഴക്കുണ്ടാക്കുകയും തല്ലുകയും ഒക്കെ ചെയ്യും. മദ്യ ലഹരിയില്‍ ചില ദിവസം സിഗരറ്റ് കൊണ്ട് കുത്തി പൊളളിക്കും.

അങ്ങനെ പൊളളിയതിന്റെ പാടുകളാണ്'. എന്ന് പറഞ്ഞ് പാടുകള്‍ ഓരോന്നായി കാണിച്ചു. ഇനിയും അയാളോടൊപ്പം കഴിയാന്‍ വയ്യാ എന്നും, ഞങ്ങളോടൊപ്പം തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകണമെന്നും അവള്‍ ആവശ്യപ്പെട്ടു.

നീനയുടെ കരച്ചില്‍ കണ്ടപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി. നീനയെ എന്തിനാണ് ഉപദ്രവിച്ചതെന്ന് അനൂപിനോട് ചോദിച്ചു, 'എന്നെ സഹിച്ച് ഇവിടെ കഴിയാമെങ്കില്‍ നില്‍ക്കുക, അല്ലെങ്കില്‍ ഈ വീട്ടില്‍ നിന്ന് ഇറങ്ങി പോകാം' എന്നായിരുന്നു അവന്റെ മറുപടി.

പിന്നെ ഒരുനിമിഷം അവിടെ നില്‍ക്കാന്‍ ഞങ്ങള്‍ക്കായില്ല. ഇറങ്ങിയപ്പോള്‍ നീനയെയും കൂടെക്കൂട്ടി. എല്ലാം സഹിച്ച് എന്തിനാണ് അങ്ങനെ ജീവിക്കുന്നത്? ഇപ്പോള്‍ വീട്ടില്‍ വന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞു ഇതിനിടെ ഒരിക്കല്‍ പോലും വിളിക്കുകയോ, മാപ്പ് പറഞ്ഞ് കൂടെ കൊണ്ടുപോകാനോ അനൂപ് തയ്യാറായില്ല.

അതുകൊണ്ട് ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതെന്തിനാ? നിയമപരമായി തന്നെ ബന്ധം പിരിയുന്നതാണ് നല്ലത്. എന്റെ സഹോദരന്റെ പുത്രന്‍ അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണ്.

അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ബന്ധം വേര്‍പെടുത്തിത്തരണം സാര്‍ എന്ന് പറഞ്ഞ് ആ അമ്മ പൊട്ടിക്കരഞ്ഞു. നീണ്ടനാളത്തെ നിയമയുദ്ധത്തിനൊടുവില്‍ ഇരുവരും നിയപരമായി പിരിഞ്ഞു. നീന ഇപ്പോള്‍ അമ്മാവന്റെ മകനെ വിവാഹം കഴിച്ച് സുഖമായി കഴിയുന്നു.

അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Wednesday 04 Oct 2017 12.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW