Monday, July 23, 2018 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Oct 2017 01.23 AM

കേരളത്തിനു നാണക്കേടായി വീണ്ടും ചികിത്സാനിഷേധം

uploads/news/2017/10/152109/editorial.jpg

ആരോഗ്യ സംരക്ഷണത്തിനു പേരുകേട്ട കേരളത്തിന്‌ നാണക്കേട്‌ സൃഷ്‌ടിച്ചുകൊണ്ട്‌ കേരളത്തിലെ ആശുപത്രികളില്‍ ഒരാള്‍ക്കു കൂടി ചികിത്സ നിഷേധിച്ച സംഭവമുണ്ടായിരിക്കുന്നു. ഇത്തവണയും ഒരു തമിഴ്‌നാട്‌ സ്വദേശിയാണ്‌ ഈ അവഗണനയ്‌ക്ക്‌ ഇരയായത്‌. കുറ്റിപ്പുറത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന തമിഴ്‌നാട്‌ തിരുച്ചിറപ്പള്ളി സ്വദേശി രാജേന്ദ്രനാണ്‌ ദുരനുഭവം.ഇയാളെ ഒപ്പമുണ്ടായിരുന്ന നാട്ടുകാരന്‍ കോടീശ്വരന്‍ വെട്ടി എന്നാണ്‌ പൊലീസ്‌ കേസ്‌. വെട്ടേറ്റ്‌ കാല്‍ അറ്റു തൂങ്ങിയ അവസ്‌ഥയില്‍ ഇയാളെ തൃശൂര്‍, കോഴിക്കോട്‌ മെഡിക്കല്‍ കോളജുകളില്‍ എത്തിച്ചിട്ട്‌ ചികിത്സ നല്‍കിയില്ല എന്നതാണ്‌ ആരോപണം.
അതീവ ഗുരുതരാവസ്‌ഥയില്‍ ഇയാളെ എത്തിച്ചിട്ടും തൃശൂര്‍, കോഴിക്കോട്‌ മെഡിക്കല്‍കോളജുകള്‍ ഇയാളെ െകെവിട്ടു. തൃശൂരില്‍ വാസ്‌കുലര്‍ സര്‍ജറി സൗകര്യം ഇല്ലാത്തതും കോഴിക്കോട്ട്‌ രാത്രി ശസ്‌ത്രക്രിയ നടക്കില്ല എന്നതുമാണ്‌ കാരണം പറഞ്ഞത്‌. തുടര്‍ന്ന്‌ കിലോമീറ്ററുകള്‍ അകലെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴേക്കും 28 മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഇതിനകം പ്രാഥമിക ചികിത്സപോലും നല്‍കിയിരുന്നില്ല. കേരളത്തിലെ രണ്ട്‌ മെഡിക്കല്‍ കോളജുകളിലും ചികിത്സനിഷേധിച്ചത്‌ ഗുരുതര വീഴ്‌ചയാണെന്നാണ്‌ പോലീസിന്റെ ആദ്യ നിഗമനം. ഇയാളുടെ കാലിന്റെ ചലനശേഷി തിരിച്ചുകിട്ടുമോ എന്നത്‌ മൂന്നു ദിവസത്തിനു ശേഷമേ പറയാനാകൂ എന്നാണ്‌ കോയമ്പത്തൂരിലെ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.

കേരളത്തില്‍ മറ്റൊരു തമിഴ്‌നാട്‌ സ്വദേശിക്ക്‌ ആശുപത്രികളില്‍ നിന്നുള്ള ചികിത്സാ നിഷേധം മൂലം ജീവന്‍ നഷ്‌ടപ്പെട്ടിട്ട്‌ രണ്ടു മാസം തികച്ചായിട്ടില്ല. ഓഗസ്‌റ്റ്‌ ആദ്യ ആഴ്‌ചയാണ്‌ തമിഴ്‌നാട്‌ സ്വദേശിയായ മുരുകന്‌ കൊല്ലത്തു വച്ച്‌ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്‌. കൊല്ലത്തെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും മുരുകന്‌ വെന്റിലേറ്റര്‍ ലഭ്യമായില്ലെന്നാണ്‌ ആരോപണം. ചികിത്സ നല്‍കാമായിരുന്നെങ്കിലും അതിന്‌ സ്വകാര്യ ആശുപത്രിക്കാര്‍ മുതിര്‍ന്നില്ല. ചെലവ്‌ ആരു വഹിക്കും എന്നതായിരുന്നു അവരുടെ സംശയം. മെഡിക്കല്‍ കോളജിലാകട്ടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക്‌ മാറ്റിവയ്‌ക്കാനുള്ള വെന്റിലേറ്ററേ ഉണ്ടായിരുന്നുള്ളു. എന്തായാലും മുരുകന്റെ ജീവന്‍ നഷ്‌ടമായി. രാജേന്ദ്രന്റെ കാര്യത്തിലാകട്ടെ അയാളുടെ കാലിന്റെ ചലനശേഷി കിട്ടാന്‍ സാധ്യതയില്ലെന്നു പറയുന്നു. അങ്ങനെയെങ്കില്‍ അയാളുടെ ജീവിതവും വഴിമുട്ടും.

മുരുകന്റെ മരണം ഉണ്ടായപ്പോള്‍ ഇനി ഇങ്ങനെയാര്‍ക്കും സംഭവിക്കരുതെന്ന്‌ ഞങ്ങള്‍ ഈ പംക്‌തിയിലൂടെ ആവശ്യപ്പെട്ടതാണ്‌. കേരളത്തില്‍ മന:സാക്ഷി നഷ്‌ടപ്പെടാത്ത എല്ലാവരും ആഗ്രഹിച്ചതും ഇതായിരുന്നു. എന്നാല്‍, വീണ്ടും ഒരാള്‍ ചികിത്സ കിട്ടാതെ നരകിച്ചു. ഇതു കേരളത്തിനു നാണക്കേടാണ്‌. ഇനി ഇങ്ങനെയൊന്ന്‌ സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്‌തമായ നടപടി എടുക്കണം.

Ads by Google
Wednesday 04 Oct 2017 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW