Friday, July 13, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Oct 2017 01.23 AM

നാം എന്താണ്‌ ആഘോഷിക്കുന്നത്‌?

uploads/news/2017/10/152108/bft1.jpg

യെമനില്‍ 556 ദിവസം തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ഫാ. ടോം ഉഴുന്നാലില്‍ ഒമാനിലെ സുല്‍ത്താന്റെ ഇടപെടലിലൂടെ മോചിതനായി. ആ വൈദികനെ ജീവനോടെ തിരിച്ചുകിട്ടിയതില്‍ കേരള ജനത സന്തോഷിക്കുന്നു. പക്ഷേ, ആ സന്തോഷം ആഘോഷമാക്കുമ്പോള്‍ എന്താണ്‌ ആഘോഷിക്കുന്നത്‌ എന്നു ചിന്തിക്കണം. തീവ്രവാദികളുടെ തടവില്‍നിന്നു രക്ഷപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്‌. 2015-ല്‍ അഫ്‌ഗാന്‍ തീവ്രവാദികളുടെ പിടിയില്‍നിന്ന്‌ എട്ടു മാസങ്ങള്‍ക്കുശേഷം കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിച്ച ഈശോസഭാ വൈദികനാണു ഫാ. അലക്‌സിസ്‌ പ്രേംകുമാര്‍. അന്നൊന്നും കാണാത്ത ഉത്സവപ്രതീതി ഇപ്പോഴുണ്ട്‌. നാലു കന്യാസ്‌തീകള്‍ ഉള്‍പ്പെടെ 16 പേരെ കൊന്നത്‌ അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു എന്നു വരുന്നോ?
ഇവിടെ നാം വിജയിച്ചു എന്നു സഭയോ സമൂഹമോ കരുതുന്നുണ്ടോ? അദ്ദേഹം ജീവനോടെ തിരിച്ചുവന്നു. പക്ഷേ അദ്ദേഹത്തെ കൊല്ലാന്‍ അവര്‍ ഉദ്ദേശിച്ചു എന്നു ബോധമുള്ളവരാരും പറയില്ല. 16 പേരെ കൊന്നിട്ടാണ്‌ അച്ചനെ അവര്‍ പിടിച്ചുകൊണ്ടുപോയത്‌. അച്ചനെ കൊല്ലാനല്ല, വില പേശാനാണ്‌ അവര്‍ കാണ്ടുപോയത്‌. രണ്ടു തവണയും വിലപേശല്‍ ശക്‌തമാക്കാന്‍ ചിത്രങ്ങളും അവര്‍ അദ്ദേഹത്തിന്റെ വായില്‍ തിരുകിയ അഭ്യര്‍ത്ഥനകളും കേരളത്തില്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്‌തു. അത്‌ ആരെയാണു സഹായിച്ചത്‌, അച്ചനെയോ തീവ്രവാദികളെയോ?
അച്ചന്‍ ഇപ്പോള്‍ മോചിതനായി. വിലപേശല്‍ വിജയിച്ചോ, തോറ്റോ? അവര്‍ വിജയിച്ചതിന്റെ ആഘോഷം നമ്മള്‍ നടത്തണോ? അച്ചന്‍ അവരോടു ക്ഷമിച്ചു എന്നു പറയുന്നു; അതാണു വൈദികന്‍ പറയേണ്ടത്‌. അത്‌ അച്ചന്‍ വ്യക്‌തിപരമായി പറയുന്നതാണ്‌ എന്നു കരുതുന്നു. പക്ഷേ, അവര്‍ ആരാണ്‌? യാതൊരു മനുഷ്യത്വവുമില്ലാതെ അക്രമവും അരാജകത്വവും നടമാടുന്ന നാട്ടില്‍ മനുഷ്യത്വത്തിന്റെ മരണക്കിടക്കയില്‍ ശുശ്രൂഷ നല്‍കാന്‍ വന്നവരെ നിഷ്‌കരുണം വെടിവച്ചുകൊന്നവര്‍. അതിനു കാശുണ്ടാക്കുന്ന കര്‍മത്തിന്റെ ഇരയാണു ഫാ. ടോം.
കത്തോലിക്കാസഭ എന്തിന്‌ അങ്ങോട്ടു കന്യാസ്‌ത്രീകളെ വിട്ടു, വൈദികര്‍ എന്തിനു പോയി? അതില്‍ ഏറ്റ മുറിവുകളിലാണു സഭ. സഭ ഇതു ചെയ്‌തതിന്‌ ഒരു കാരണമേയുള്ളൂ. ക്രൂശിതനായ ക്രിസ്‌തുവിനെ പിന്‍ചെല്ലുക. മനുഷ്യനില്‍ ദൈവികമഹത്ത്വമുണ്ട്‌ എന്നു വിശ്വസിച്ച അതിന്റെ മിഷനറിയായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന സന്ദര്‍ഭങ്ങളാണിവ. ഇവിടെ സഭ കരയണം. ഇതു പണപ്രതാപങ്ങളുടെ വിജയങ്ങളുടെ കഥയല്ല.
ലോകവിജയത്തിന്റെ പുരസ്‌കാര സ്വീകരണവുമല്ല. ലോകത്തെ ജയിക്കുന്നതിന്റെ സന്ദര്‍ഭങ്ങളാണ്‌. മനുഷ്യത്വം ചവിട്ടിമെതിക്കപ്പെടുന്നതിന്റെ മുറവിളികള്‍ ഉയരണം. എന്റെ ദൈവമേ, എന്തുകൊണ്ട്‌ എന്നെ ഉപേക്ഷിച്ചു എന്ന നിലവിളിയുടെ പ്രാര്‍ത്ഥനകള്‍ ഉയരണം.
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ഏഴു വയസുള്ള പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ചു കൊല്ലപ്പെട്ട ഒരു നാടുമാണു നമ്മുടേത്‌. മനുഷ്യരല്ലതായ മനുഷ്യര്‍ ചെയ്യുന്ന ക്രൂരതകള്‍. ദൈവം നാടുവിട്ട സംസ്‌കാരമോ? ക്രിസ്‌തുവിന്‌ 500 വര്‍ഷങ്ങള്‍ക്കുമുമ്പു സോഫോക്ലിസ്‌ എഴുതിയ ഈഡിപ്പസ്‌ രാജാവിന്റെ കഥ ദുരന്തനാടിന്റെയാണ്‌. അവിടെ ആളുകളെ ദിനംപ്രതി കൊല്ലുന്ന യക്ഷി സ്‌പിന്‍ക്‌സ്‌ ഓരോരുത്തരോടും ചോദിക്കുന്നു. രാവിലെ നാലു കാലിലും ഉച്ചയ്‌ക്കു രണ്ടു കാലിലും വൈകിട്ട്‌ മൂന്നു കാലിലും നടക്കുന്ന ജന്തു ഏത്‌? ഉത്തരം പറയാന്‍ കഴിയാത്തവരാണു കൊല്ലപ്പെട്ടത്‌. മനുഷ്യന്‍ എന്നു സ്വയം തിരിച്ചറിയാത്തവര്‍. ഈ നാടു യെമന്‍ മാത്രമല്ല. നിര്‍ദോഷികള്‍ പീഡിപ്പിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. നീതിമാന്‍ എന്തുകൊണ്ടു സഹിക്കുന്നു? എന്തിനാണു യേശുക്രിസ്‌തു ക്രൂശിക്കപ്പെട്ടത്‌? എന്തിനാണു സോക്രട്ടീസിനെ വിഷം കുടിപ്പിച്ചു കൊന്നത്‌? എന്തിനാണു വ്യാസന്‍ ശരശയ്യയില്‍ വീണു മരിച്ച ഭീഷ്‌മരുടെ കഥ പറഞ്ഞത്‌? ലോകത്തില്‍ നീതിയുടെയും മനുഷ്യമഹത്ത്വത്തിന്റെയും നിലപാടുകളും വ്രതങ്ങളും എടുത്തതിന്‌? നീതിമാന്മാരുടെ സഹനം തുടരുന്നു. ഇങ്ങനെയുള്ളവരെ ആദരിക്കുമ്പോള്‍ ഈ ആഘോഷത്തിമിര്‍പ്പിനേക്കാള്‍ മനുഷ്യമഹത്വത്തിനുവേണ്ടിയുള്ള നിലപാടിന്റെയും അതു മരണംകൊണ്ടു ഒപ്പുവയ്‌ക്കുന്ന ധീരതയുടെയും നടപടികളും ജീവിതങ്ങളുമുണ്ടോ?
മദ്ധ്യപൂര്‍വദേശത്തു മനുഷ്യത്വത്തിനെതിരായ ഭീകരതകള്‍ പുതിയ കാര്യമല്ല. അവിടെ ബന്ദിയാക്കപ്പെടുന്നവരെ മോചിപ്പിക്കുന്നതിനു കാന്റര്‍ബെറി ആര്‍ച്ചുബിഷപ്പിന്റെ പ്രതിനിധിയായിരുന്ന ടെറി വെയ്‌റ്റ തന്നെ തീവ്രവാദികളുടെ പിടിയിലായി. 1,763 ദിവസങ്ങള്‍ക്കുശേഷമാണ്‌ അദ്ദേഹം മോചിതനായത്‌. അദ്ദേഹം എഴുതി: സത്യത്തിനുവേണ്ടി നിലകൊള്ളുക എന്നതു ധാര്‍മികമായി ശക്‌തിപ്പെടുത്തുന്നതാണ്‌. എന്റെ കാല്‌പാദങ്ങളില്‍ അവര്‍ കേബിള്‍കൊണ്ട്‌ അടിച്ചപ്പോള്‍ എനിക്കു ഭീകരമായി വേദനിച്ചു. അതിനുശേഷം ഒരാഴ്‌ച എനിക്കൊട്ടും നടക്കാനായില്ല. എനിക്ക്‌ എന്നോട്‌ ദയ തോന്നി, മാത്രമല്ല ഒട്ടും പ്രതിരോധിക്കാനാവാത്ത ഒരുവനോട്‌ ഇങ്ങനെ ക്രൂരത കാണിക്കുന്നതിനോടുള്ള അമര്‍ഷവും എനിക്കുണ്ടായി എന്നു സമ്മതിക്കുന്നു... അപരിഹാര്യമായി ചുറ്റും കാണുന്ന മനുഷ്യസ്വഭാവത്തിന്റെ നിഷേധവശം നമ്മെ നിരാശരാക്കുക എളുപ്പമാണ്‌. എന്തു വന്നാലും ഇതു മറികടക്കണം. ഏകാന്തതയില്‍ പിന്താങ്ങാന്‍ ആരുമില്ല, നിരാശനാകുക എളുപ്പമാണ്‌. ഒരുവന്‍ തന്നില്‍ത്തന്നെ നങ്കൂരമിടണം... എനിക്കു മതവിശ്വാസമുണ്ട്‌...
കവിയായ യിറ്റ്‌സിന്റെ വരികള്‍ നമ്മെ പ്രചോദിപ്പിക്കട്ടെ, ഞാന്‍ പീഡിതനാകാം, എനിക്കുള്ള ഏക പ്രതിരോധം എന്റെ അന്തസ്‌ മാത്രമാണ്‌. എന്റെ അന്തസ്‌ നിന്റെ മുമ്പില്‍ ഞാന്‍ വിരിക്കുന്നു. മൃദുവായി നീ നടക്കുക, എന്റെ അന്തസിന്മേലാണു നീ നടക്കുന്നത്‌.

ഫാ. ഡോ. പോള്‍ തേലക്കാട്ട്‌

Ads by Google
Wednesday 04 Oct 2017 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW