Tuesday, October 31, 2017 Last Updated 37 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 03.59 PM

ശ്വാസകോശത്തെ വൈറസ് പിടികൂടുമ്പോള്‍

ചുറ്റും അണുജീവികളുടെ സാന്നിധ്യമുണ്ടെങ്കിലും ശ്വസോച്ഛ്വാസം വഴി അന്തരീക്ഷവുമായി നിരന്തരബന്ധമുള്ള ശ്വാസകോശങ്ങള്‍ തികച്ചും അണുവിമുക്തമാണ് എന്നതാണ് സത്യം. നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ ഊര്‍ജസ്വലതയാണിത് കാണിക്കുന്നത്.
uploads/news/2017/10/151643/lungsvirus021017.jpg

അണുജീവികള്‍ നിറഞ്ഞു നില്‍ക്കുന്ന ലോകത്താണ് നാമെല്ലാം ജീവിക്കുന്നത്. നമ്മുടെ മൂക്കിലും വായിലും ത്വക്കിലുമെല്ലാം നിരവധി ബാക്ടീരിയകളും വൈറസുകളും സുഖമായി വാഴുന്നു. മിക്കതും ഉപദ്രവകാരികളല്ല. എന്നാല്‍ പലതും മാരക രോഗങ്ങള്‍ക്ക് കാരണമാകാറുമുണ്ട്.

ചുറ്റും അണുജീവികളുടെ സാന്നിധ്യമുണ്ടെങ്കിലും ശ്വസോച്ഛ്വാസം വഴി അന്തരീക്ഷവുമായി നിരന്തരബന്ധമുള്ള ശ്വാസകോശങ്ങള്‍ തികച്ചും അണുവിമുക്തമാണ് എന്നതാണ് സത്യം. നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ ഊര്‍ജസ്വലതയാണിത് കാണിക്കുന്നത്.

കാവല്‍ ഭടന്മാരെപ്പോലെ പ്രവര്‍ത്തിക്കുന്ന നാസാരന്ധ്രങ്ങളിലെ രോമങ്ങള്‍ മൂക്കിലും ശ്വാസനാളികളിലുമുള്ള നേരിയ തന്തുക്കള്‍ (സീലിയ), ചിലയിനം കോശങ്ങള്‍, ഇമ്മ്യൂണോഗ്ലോബുലിനുകള്‍ തുടങ്ങിയവയെല്ലാം സൂക്ഷ്മജീവികള്‍ ശ്വാസകോശത്തില്‍ എത്തുന്നതിനെ തടയുന്നു.

എന്നാല്‍ എല്ലായ്‌പ്പോഴും ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നില്ല. വ്യക്തിയുടെ ആരോഗ്യസ്ഥിതി, രോഗാണുക്കളുടെ എണ്ണം, അവയുടെ അക്രമണോത്സുകത, പ്രതിരോധവ്യവസ്ഥയിലുള്ള തകരാറുകള്‍, ശ്വാസകോശങ്ങള്‍ക്ക് നേരെയുള്ള അസുഖങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ പ്രകൃത്യാ ഉള്ള കാവല്‍ക്കാരെയും മറികടന്ന് ബാക്ടീരിയകളും വൈറസുകളും ശ്വാസകോശത്തില്‍ എത്തിച്ചേരും.

ന്യുമോണിയ പിടിമുറുക്കുമ്പോള്‍


അണുജീവികള്‍ മൂലം ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ് ന്യുമോണിയ എന്നു വിളിക്കുന്നത്. അത് ബാക്ടീരിയ മൂലമോ വൈറസുകള്‍ മൂലമോ അല്ലെങ്കില്‍ മറ്റിനം സൂക്ഷ്മാണുക്കള്‍ മൂലമോ ആകാം.

നിരവധിയിനം വൈറസുകള്‍ ന്യുമോണിയയ്ക്ക് കാരണമാകയിത്തീരാറുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഇന്‍ഫ്‌ളുവന്‍സാ വൈറസുകള്‍. ഇവയില്‍ത്തന്നെ പല വിഭാഗങ്ങളുണ്ട്. അവ എല്ലാം തന്നെ ന്യുമോണിയയ്ക്ക് കാരണമാകാം.

സാധാരണ ഇന്‍ഫ്‌ളുവന്‍സാ അണുബാധ വളരെ ലഘുവായി വന്ന് കാര്യമായ ഉപദ്രവമൊന്നുമുണ്ടാക്കാതെ പോവുകയാണ് പതിവ്. മൂക്കടപ്പ്, മൂക്കൊലിപ്പ്, ജലദോഷപ്പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇത്തരം അണുബാധകള്‍ കണ്ടുവരുന്നത്. എന്നാല്‍ പ്രതിരോധ ശേഷി കുറഞ്ഞ ആളുകളില്‍ ഇവ ന്യുമോണിയയ്ക്ക് കാരണമായേക്കാം.

തുടര്‍ച്ചയായി, പനി, വരണ്ട ചുമ, കടുത്ത ശ്വാസം മുട്ടല്‍, വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാതെ ശരീരത്തിനുണ്ടാകുന്ന നീലനിറം തുടങ്ങിയ ലക്ഷണങ്ങള്‍ ഇത്തരം ന്യുമോണിയകളില്‍ കണ്ടുവരുന്നു.

പലപ്പോഴും സാധാണ ന്യുമോണിയകളില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍ കണ്ടെന്നും വരില്ല. എക്‌സ്‌റേ പരിശോധനയില്‍ ബാക്ടീരിയല്‍ ന്യുമോണിയയില്‍ കാണപ്പെടുന്ന രീതിയിലുള്ള വെളുത്ത പാടുകള്‍ കണ്ടെന്നുവരില്ല. ചിലപ്പോള്‍ അങ്ങിങ്ങായി ചെറിയ പൊട്ടുകള്‍ പോലുള്ള പാടുകള്‍ കണ്ടെന്നുവരാം.

എച്ച്1 എന്‍1 അണുബാധ


വൈറസുകള്‍ക്ക് പ്രത്യേകിച്ചും ഇന്‍ഫ്‌ളുവന്‍സാ വൈറസുകള്‍ക്ക് തങ്ങളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്താനും മറ്റ് സമാന വൈറസുകളുമായി ഇവ കൈമാറ്റം ചെയ്യാനുമൊക്കെ കഴിവുണ്ട്. അത്തരത്തിലുള്ള ജനിതക രൂപഭേദങ്ങളുടെ ഫലമാണ് അടുത്തകാലത്തായി ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന എച്ച്1 എന്‍1 വൈറസുകള്‍.

ഈയിനം വൈറസുബാധയും എല്ലാ ആളുകളിലും കുഴപ്പമുണ്ടാക്കില്ല. പലപ്പോഴും അണുബാധ ഉണ്ടായെന്നുപോലും അറിഞ്ഞെന്ന് വരില്ല. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ ഇവ ന്യുമോണിയയ്ക്ക് കാരണമായിത്തീര്‍ന്ന് അപകടം ഉണ്ടാക്കിയേക്കാം.

ഗര്‍ഭിണികളെ ബാധിക്കുന്ന ഇത്തരം ന്യുമോണിയകള്‍ പലപ്പോഴും മാരകമായിത്തീരാറുണ്ട്. നമ്മുടെ നാട്ടിലെ എച്ച്1 എന്‍1 മരണങ്ങളുടെ കൂട്ടത്തില്‍ ഗര്‍ഭിണികളാണ് കൂടുതല്‍ എന്ന കാര്യം ശ്രദ്ധിക്കുക. അതുപോലെ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരിലും ഇന്‍ഫ്‌ളുവന്‍സയുടെ സങ്കീര്‍ണതകള്‍ കണ്ടുവരുന്നു.

Advertisement
Advertisement
Ads by Google
TRENDING NOW