Friday, December 08, 2017 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 02.21 PM

രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു.... മാസ് റിപ്പോര്‍ട്ടിംഗിലൂടെ സദാചാരവാദികള്‍ ആ കവിത ഫെയ്‌സ്ബുക്കില്‍നിന്നും നീക്കം ചെയ്യിപ്പിച്ചു

uploads/news/2017/10/151630/jaleesha.jpg

സദാചാര വാദികളുടെ സൈബര്‍ പോരാട്ടം ; ജലീഷ ഉസ്മാന്റെ കവിത ഫെയ്സ്ബുക്ക് വാളില്‍ നിന്നും റിമൂവ് ചെയ്തു

കോഴിക്കോട് : പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ശ്രദ്ധിക്കപ്പെട്ട ജലീഷ ഉസ്മാന്റെ കവിത ഫെയ്സ്ബുക്ക് വാളില്‍ നിന്നും റിമൂവ് ചെയ്തു. സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളുടെ സൈബര്‍ പോരാട്ടത്തിന്റെ ഫലമായാണ് ജലീഷയുടെ കവിത ഫെയ്സ്ബുക്ക് വാളില്‍ നിന്നും റിമൂവ് ചെയ്തത്. കവിത അശ്ശീലമാണെന്ന് ആരോപിച്ചു കൊണ്ടുള്ള മാസ് റിപ്പോര്‍ട്ടിംഗാണ് റിമൂവ് ചെയ്യാന്‍ കാരണം. നന്ദി എന്നായിരുന്നു ജലീഷയുടെ വൈറലായ കവിതയുടെ പേര്.

''എന്റെ കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്ന് റിമൂവ് ചെയ്തു തന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി'' എന്ന് കവിത പിന്‍വലിക്കപ്പെട്ടതിന് പിന്നാലെ ജലീഷ ഫെയ്സ്ബുക്കില്‍ കുറിച്ചു. കൊല്ലത്ത് ഏഴു വയസുകാരിയെ ബന്ധു തന്നെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ മനമുരുകിയായിരുന്നു ജലീഷ നന്ദിയെന്ന കവിത രചിച്ചതും ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചതും. ഒരമ്മയാവാന്‍ തയ്യാറെടുക്കുന്ന തനിക്കും ആശങ്കയുണ്ടെന്നും പിറക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ഈ നെറികെട്ട ലോകത്ത് അവളെ എങ്ങനെ സംരക്ഷിക്കുമെന്ന വ്യാകുലതയാണ് തന്റെ രചനയ്ക്ക് പിന്നിലെന്നും ജലീഷ കവിത പോസ്റ്റ് ചെയ്യുമ്പോള്‍ വ്യക്തമാക്കിയിരുന്നു. കവിത അശ്ലീലമാണെന്ന് ഒരു കൂട്ടര്‍ അവകാശപ്പെടുമ്പോള്‍ ജലീഷയുടെ വരികളിലെ തീവ്രതയെ അംഗീകരിക്കുന്നവരാണ് ഭൂരിഭാഗവും.

ജലീഷയുടെ കവിതയുടെ പൂര്‍ണ്ണരൂപം വായിക്കാം...

രണ്ടു തെറിച്ച മുലകളും
കാലുകള്‍ക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയില്‍
ജീവന്‍ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!
മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..
അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കില്‍ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയില്‍
തുളച്ചു
കയറാതിരുന്നതിന്..
തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയില്‍
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ള്‍ ഗപ്പി
പൊങ്ങാതിരുന്നതിന്..
പലഹാരവുമായി വന്ന്
മടിയില്‍ വച്ചു ലാളിക്കുമ്പോള്‍
വീര്‍ത്തുവീര്‍ത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കില്‍ മാത്രം ചലിപ്പിച്ച്
നിര്‍വൃതി പൂണ്ടതിന്..
സ്‌കൂളിലേക്ക് പോകും വഴി
തത്തമ്മകള്‍ മുട്ടയിട്ട
റബ്ബര്‍ തോട്ടങ്ങള്‍
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..
മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പില്‍
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃസാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..
വയറ്റിലുള്ള കുഞ്ഞ്
അനുചന്‍ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാന്‍
അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍
പൊട്ടിത്തെറിക്കാതിരുന്നതിന്..
ആവശ്യം കഴിഞ്ഞു,
പകര്‍ത്തിയ ഫോണ്‍
കീശയിലിട്ട്
'പരാതി കൊടുക്കരുതെന്ന്,
കൊടുത്താല്‍ ഇത് വൈറല്‍ ആക്കുമെന്ന്'
മാത്രം പറഞ്ഞ്
പോവാന്‍ അനുവധിച്ചതിന്..
ട്രെയിനില്‍ നിന്ന്
തള്ളിയിടാതിരുന്നതിന്..
ബസ്സിലെ പിന്‍ സീറ്റില്‍
തലയോട്ടി തകര്‍ക്കപ്പെടാതിരുന്നതിന്..
മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..
ചവറുകള്‍ക്കടിയില്‍ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..
പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..
എത്ര പേരോടാണ്,
എത്ര സന്ദര്‍ഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകള്‍ക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്........!

Ads by Google
Monday 02 Oct 2017 02.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW