Monday, October 02, 2017 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.45 AM

അടിമുടി അഴിമതി; എം.സി. റോഡ്‌ വികസനം കുളംതോണ്ടി

uploads/news/2017/10/151551/k1.jpg

പത്തനംതിട്ട : കെ.എസ്‌.ടി.പി. രണ്ടാംഘട്ട റോഡ്‌ വികസന പദ്ധതിക്കു ടെന്‍ഡര്‍ നടപടി മുതല്‍ അഴിമതിയെന്നു സൂചന. ലോക ബാങ്ക്‌ നിബന്ധനയ്‌ക്കു വിധേയമായി റോഡ്‌ നിര്‍മാണത്തില്‍ രാജ്യാന്തര ഗുണനിലവാരം പുലര്‍ത്തുന്നതിന്‌ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന കമ്പനികളെപ്പറ്റി കെ.എസ്‌.ടി.പി. വേണ്ടത്ര പഠനം നടത്തിയിരുന്നില്ലെന്ന്‌ ആരോപണമുയര്‍ന്നു.
ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ 47 കി.മീറ്റര്‍ എം.സി റോഡ്‌ വികസനത്തിന്‌ തിരുവനന്തപുരം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീധന്യ കമ്പനിയാണ്‌ കരാര്‍ ഏറ്റെടുത്തത്‌. ആഗോള നിലവാരത്തില്‍ റോഡ്‌ നിര്‍മാണം നടത്തി പരിചയമില്ലാത്ത ഈ സ്‌ഥാപനം കരാര്‍ ഏറ്റെടുത്തത്‌ വളഞ്ഞ മാര്‍ഗത്തിലൂടെയാണെന്നാണ്‌ ആക്ഷേപം. അന്താരാഷ്‌ട്ര കമ്പനിയാണെന്നു ധരിപ്പിക്കാന്‍ യു.എ.ഇ. കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡെല്‍മ എന്ന സ്‌ഥാപനവുമായി ധാരണ ഉണ്ടാക്കിയ ശേഷമായിരുന്നു ടെന്‍ഡര്‍ നടപടികളില്‍ ഏര്‍പ്പെട്ടത്‌. ഡെല്‍മ കമ്പനിയുമായി ശ്രീധന്യയ്‌ക്ക്‌ ബന്ധമുണ്ടോയെന്ന്‌ ഇനിയും വ്യക്‌തമായിട്ടില്ല. ഡെല്‍മ നേരിട്ട്‌ എം.സി റോഡ്‌ വികസനത്തിന്റെ കാര്യത്തില്‍ ഇടപെട്ടിട്ടില്ല. ഇവരുടെ സാങ്കേതിക വിദഗ്‌ധരില്‍ എം.സി റോഡ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നതായും അറിവില്ല. തുടക്കം മുതല്‍ പാളിയ എം.സി റോഡ്‌ നിര്‍മാണം എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന ചിന്തയിലാണ്‌ കെ.എസ്‌.ടി.പിയും ശ്രീധന്യ കമ്പനിയും.
കെ.എസ്‌.ടി.പി. ഒന്നാം ഘട്ട നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിരുന്ന വെഞ്ഞാറന്മൂട്‌-തിരുവനന്തപുരം പാത ഇന്ത്യന്‍ -മലേഷ്യന്‍ സംയുക്‌ത സംരംഭമായ പതി-ബെല്‍ കമ്പനിയാണ്‌ പൂര്‍ത്തീകരിച്ചത്‌. അത്തരത്തില്‍ യു.എ.ഇ. കമ്പനിയുമായി ചേര്‍ന്ന്‌ ശ്രീധന്യ-ഡെല്‍മ കമ്പനി എന്ന പേരിലാണ്‌ ഇപ്പോള്‍ ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള എം.സി റോഡ്‌ വികസനം നടത്തുന്നത്‌. എന്നാല്‍ റോഡിനു പേരിനുപോലും മേന്മയില്ലെന്നാണ്‌ ആരോപണം.
റോഡിന്റെ അടിത്തറയായ താഴെയുള്ള പ്രതലം സംരക്ഷിക്കാന്‍ വെറ്റ്‌ മിക്‌സ്‌ മെക്കാഡം എന്ന മിശ്രിതം ഉപയോഗിച്ചാണ്‌ എം.സി റോഡിന്റെ ഒന്നാം ഘട്ട വികസനം നടപ്പാക്കിയത്‌. അതിനുപകരം വെറും പാറപ്പൊടി ഉപയോഗിച്ചുള്ള തട്ടിക്കൂട്ട്‌ പരിപാടിയാണ്‌ രണ്ടാം ഘട്ടത്തില്‍ നടന്നത്‌. കെ.എസ്‌.ടി.പിയോ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ ബംഗുളൂരു കമ്പനിയോ ഈ ഗുണനിലവാരത്തകര്‍ച്ച ചൂണ്ടിക്കാട്ടാതിരുന്നതിനു പിന്നില്‍ കരാറുകാരനുമായുള്ള രഹസ്യ ധാരണയാണെന്നാണ്‌ ആക്ഷേപം.
ശ്രീധന്യ കമ്പനിക്ക്‌ ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡിന്റെ ടെന്‍ഡര്‍ ലഭിക്കുന്നതിന്‌ കെ.എസ്‌.ടി.പി ഉന്നതര്‍ ചരടുവലി നടത്തിയെന്നും ആരോപണമുണ്ട്‌. കമ്പനിയുമായി ചേര്‍ന്ന്‌ കെ.എസ്‌.ടി.പി. നടത്തിയ ചില വഴിവിട്ട നടപടികളും പുറത്തുവന്നുകഴിഞ്ഞു. കോട്ടയം ചിങ്ങവനത്ത്‌ റോഡിനായി ഏറ്റെടുത്ത സ്‌ഥലത്തെ കിണര്‍ മൂടുന്നതിനുപകരം അതിനുമുകളില്‍ സ്ലാബിടാന്‍ ശ്രീധന്യ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. കൂടാതെ ഈ ഭാഗത്ത്‌ റോഡ്‌ വികസനത്തിനായി നഷ്‌ടപരിഹാരം നല്‍കി ഏറ്റെടുത്ത സ്‌ഥലം ഉപയോഗിക്കാതെ മുന്‍ ഉടമയ്‌ക്ക്‌ തിരികെ നല്‍കാന്‍ കെ.എസ്‌.ടി.പി അധികൃതര്‍ തയാറായതിനു പിന്നിലും അഴിമതി നടന്നതായി ആക്ഷേപമുണ്ട്‌. ഇക്കാര്യത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ കെ.എസ്‌.ടി.പി ഉന്നതര്‍ വെട്ടിലായി.
കെ.എസ്‌.ടി.പി ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ചതുപോലെ പല സ്‌ഥലത്തും പല വീതിയില്‍ റോഡു നിര്‍മിക്കാനും കെ.എസ്‌.ടി.പിനീക്കം നടത്തി. വസ്‌തു ഉടമകളുമായി ഉണ്ടാക്കിയ രഹസ്യധാരണകളാണ്‌ ഇതിനു പിന്നില്‍. നിര്‍മിച്ച റോഡുകളുടെ ഭാഗങ്ങള്‍ ചിലടത്ത്‌ പൊട്ടിയതായും പരാതിയുണ്ട്‌. ലോക നിലവാരത്തിലായിരുന്നു നിര്‍മാണമെങ്കില്‍ കുറഞ്ഞത്‌ അഞ്ചുവര്‍ഷമെങ്കിലും റോഡ്‌ തകരാതെ കിടക്കുമായിരുന്നുവെന്ന്‌ പി.ഡബ്‌ളിയു.ഡി എന്‍ജിനിയര്‍മാര്‍ വ്യക്‌തമാക്കുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കും മുമ്പ്‌ റോഡില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനുപിന്നില്‍ അഴിമതിയാണെന്നും അവര്‍ പറയുന്നു.
നലുവര്‍ഷം മുമ്പ്‌ ആരംഭിച്ച നിര്‍മാണം, സാങ്കേതിക കാരണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇതിനോടകം കഴിയേണ്ടതായിരുന്നു. ചെങ്ങന്നൂര്‍ -ഏറ്റുമാനൂര്‍ പാതയ്‌ക്ക് 293.58 കോടി രൂപായണ്‌ അനുവദിച്ചിരുന്നത്‌. പത്തുമീറ്റര്‍ വീതിയിലുള്ള പാതയില്‍ രണ്ട്‌ വലിയപാലങ്ങളും എട്ട്‌ ചെറിയ പാലങ്ങളുമാണുള്ളത്‌. ഇതില്‍ പമ്പാ നദിക്ക്‌ കുറുകെയുള്ള കല്ലിശേരി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. എന്നാല്‍ മണിമലയാറിന്‌ കുറുകെയുള്ള തോണ്ടറ പാലത്തിന്റെ നിര്‍മാണം എങ്ങുമെത്തിയില്ല. ഈ പാലത്തിന്റെ കാര്യത്തില്‍ യാതൊരു തടസവാദങ്ങളും നിലനില്‍ക്കുന്നില്ലെന്ന കാര്യവും ശ്രദ്ധേയമാണ്‌. 2.2 കി.മീറ്റര്‍ ദൂരം വരുന്ന തിരുവല്ല ബൈപാസ്‌ നിര്‍മാണം സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി കിടക്കുന്നു.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Advertisement
Monday 02 Oct 2017 01.45 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW