Tuesday, December 12, 2017 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.45 AM

റേഷനെച്ചൊല്ലി സര്‍ക്കാരില്‍ ശീതസമരം; ധനമന്ത്രിക്ക്‌ ഭക്ഷ്യമന്ത്രിയുടെ കത്ത്‌

uploads/news/2017/10/151546/k4.jpg

തിരുവനന്തപുരം: ആവശ്യത്തിന്‌ തസ്‌തികകള്‍ അനുവദിക്കാന്‍ ധനവകുപ്പ്‌ വിസമ്മതിച്ചതോടെ ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു.
ജീവനക്കാരുടെ കുറവ്‌ വാതില്‍പ്പടി വിതരണത്തെയടക്കം ബാധിച്ചതോടെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളും അലങ്കോലമായി. ഒരു വിഭാഗം വ്യാപാരികള്‍ കടയടച്ച്‌ സമരം ആരംഭിക്കുന്നതോടെ റേഷന്‍ വിതരണം താറുമാറാകും.
ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നായ വാതില്‍പ്പടി വിതരണം ശരിയായ രീതിയില്‍ നടപ്പാക്കിയിട്ടില്ല. ജീവനക്കാര്‍ കുറവായതാണു പ്രശ്‌നം. ഇക്കാര്യം ഭക്ഷ്യവകുപ്പ്‌ പലവട്ടം ധനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. വാതില്‍പ്പടി വിതരണത്തിനായി എണ്ണൂറില്‍പ്പരം ജീവനക്കാര്‍ വേണ്ടിടത്ത്‌ ഈ വിഭാഗത്തിലുള്ളത്‌ 408 പേര്‍ മാത്രം. സംസ്‌ഥാനത്തെ ഏകദേശം 14,500 റേഷന്‍കടകളില്‍ കൃത്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തുന്നുണ്ടെന്നതടക്കം ഉറപ്പാക്കുന്നതിന്‌ ജീവനക്കാരുടെ എണ്ണക്കുറവ്‌ തടസമാകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ഭക്ഷ്യവകുപ്പ്‌ സമര്‍പ്പിച്ച ഫയല്‍ ധനവകുപ്പ്‌ ആറു വട്ടം മടക്കിയയച്ചു. മറ്റു വകുപ്പുകളില്‍ ജീവനക്കാരെ നിയമിക്കുമ്പോഴാണ്‌ ഒരേ ജില്ലയില്‍ നിന്നുള്ള ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകള്‍ തമ്മില്‍ ശീതസമരം നടക്കുന്നത്‌. തുടര്‍ച്ചയായി ഫയല്‍ മടക്കിയതോടെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നേരിട്ട്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിനു കത്ത്‌ നല്‍കി.
വ്യാപാരികള്‍ സമരത്തിലേക്ക്‌ നീങ്ങുന്നതോടെ സംസ്‌ഥാനത്ത്‌ റേഷന്‍ വിതരണം സ്‌തംഭിക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ്‌ നാലു മാസം കഴിഞ്ഞിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ നവംബര്‍ നാലു മുതല്‍ അനിശ്‌ചിതകാല സമരം പ്രഖ്യാപിച്ചത്‌. ഇതിനു മുന്നോടിയായി നാളെയും മറ്റന്നാളും കടകളടച്ച്‌ തിരുവനന്തപുരം രക്‌തസാക്ഷി മണ്ഡപത്തില്‍ റേഷന്‍ വ്യാപാരികളും ഉപവസിക്കും.
മുഖ്യമന്ത്രി പ്രഖ്യാപിച്ച മാസവേതനമായ 16,000 രൂപ നല്‍കുക, റേഷന്‍കടകള്‍ നവീകരിച്ച്‌ ഇ-പോസ്‌ മെഷീന്‍ സ്‌ഥാപിക്കുക, ഇ- പോസ്‌ മെഷീന്‍ സ്‌ഥാപിച്ച ശേഷമേ വേതന പാക്കേജ്‌ നടപ്പാക്കൂ എന്ന വ്യവസ്‌ഥ ഒഴിവാക്കുക, റേഷന്‍ വിതരണത്തിന്‌ പത്ത്‌ ദിവസമെങ്കിലും സമയം അനുവദിക്കുക, കാര്‍ഡുടമകള്‍ക്ക്‌ വിതരണതോത്‌ സംബന്ധിച്ച സന്ദേശം അയയ്‌ക്കുന്നതിനു മുമ്പ്‌ ആവശ്യമായ സാധനങ്ങള്‍ കടയിലെത്തിയെന്ന്‌ ഉറപ്പുവരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങളാണ്‌ ഇവര്‍ ഉന്നയിക്കുന്നത്‌.
റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവില്‍ കൃത്യസമയത്ത്‌ എത്തിക്കാന്‍ കഴിയാത്തതിന്റെ പഴി റേഷന്‍ വ്യാപാരികളില്‍ അടിച്ചേല്‍പ്പിക്കാനാണ്‌ അധികൃതരുടെ ശ്രമമെന്ന്‌ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോണി നെല്ലൂര്‍ പറയുന്നു. പഴയ മൊത്തവ്യാപാരികളുടെ ബിനാമികളും ചില ഉദ്യോഗസ്‌ഥരുമടങ്ങുന്ന ലോബിയാണ്‌ വാതില്‍പ്പടി വിതരണത്തിനു നേതൃത്വം നല്‍കുന്നത്‌. അതിനാല്‍ ഇപ്പോഴും യഥാര്‍ഥ തൂക്കം ഉല്‍പ്പന്നങ്ങള്‍ കടകളിലെത്തുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു.

ജി. അരുണ്‍

Ads by Google
Monday 02 Oct 2017 01.45 AM
YOU MAY BE INTERESTED
TRENDING NOW