Tuesday, December 12, 2017 Last Updated 23 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.40 AM

ജി.എസ്‌.ടി. സ്ലാബുകള്‍ കുറച്ചേക്കും : ജയ്‌റ്റ്ലി

uploads/news/2017/10/151524/d1.jpg

ഫരീദാബാദ്‌: റവന്യു വരുമാനം മെച്ചപ്പെടുന്നതോടെ ചരക്ക്‌ സേവന നികുതി (ജി.എസ്‌.ടി.) സ്ലാബുകളില്‍ ഇളവിനു സാധ്യതകളുണ്ടെന്ന്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി.
സാധാരണക്കാരായ നികുതിദായകരുടെ ഭാരം കുറയുന്ന തരത്തിലുള്ള പരിഷ്‌കാര നടപടികളുണ്ടാകുമെന്നും നാഷണല്‍ അക്കാഡമി ഓഫ്‌ കസ്‌റ്റംസ്‌, ഇന്‍ഡയറക്‌ട്‌ ടാക്‌സസ്‌ ആന്‍ഡ്‌ നാര്‍ക്കോട്ടിക്‌സ്‌ (നാസിന്‍) സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
നിലവില്‍ 5,12, 18, 28 ശതമാനമാണ്‌ വിവിധ ജി.എസ്‌.ടി. സ്ലാബുകള്‍. നികുതിനഷ്‌ടമുണ്ടാകുന്ന സംസ്‌ഥാനങ്ങള്‍ക്കു നഷ്‌ടപരിഹാരത്തിനു പണം കണ്ടെത്താനായി ആഡംബര കാറുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, കാര്‍ബണേറ്റഡ്‌ ശീതളപാനീയങ്ങള്‍ തുടങ്ങിയവയ്‌ക്കു മേല്‍ സെസ്‌ ചുമത്തുന്നുമുണ്ട്‌. 19 ശതമാനം ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ വരുന്നുള്ളൂ എന്ന്‌ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രത്യക്ഷ നികുതി അടയ്‌ക്കുന്നത്‌ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവരാണെന്ന്‌ ധനമന്ത്രി ചൂണ്ടിക്കാട്ടി. പിന്നാക്കക്കാര്‍ ഇതില്‍പ്പെടില്ല. പരോക്ഷ നികുതിയുടെ സ്‌ഥിതി അതല്ല, അത്‌ എല്ലാവര്‍ക്കും ബാധ്യതയാണ്‌. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ ധാരാളമായി ആശ്രയിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ നികുതിയില്‍ ലഭ്യമാക്കാനാണു സര്‍ക്കാരിന്റെ ശ്രമമെന്ന്‌ അദ്ദേഹം പറഞ്ഞു. ജി.എസ്‌.ടി. സമ്പദായം നടപ്പാക്കിയിട്ട്‌ ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. മെച്ചപ്പെടുത്തലിന്‌ എപ്പോഴും അവസരമുണ്ട്‌. ചെറുകിട നികുതിദായകരുടെ പരാതികള്‍ കുറയ്‌ക്കണം. വരുമാനനഷ്‌ടം ഇല്ലാതാകുന്ന ഘട്ടമെത്തുന്നതോടെ സ്ലാബുകള്‍ കുറയ്‌ക്കുന്നതടക്കം വലിയ പരിഷ്‌കാരങ്ങള്‍ക്ക്‌ ഇടമുണ്ടെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.
സര്‍ക്കാരിന്റെ നികുതിവരുമാനമാണ്‌ വികസനപ്രവര്‍ത്തനങ്ങളുടെ ഊര്‍ജമെന്നും ഇന്ത്യന്‍ റവന്യൂ സര്‍വീസ്‌ (ഐ.ആര്‍.എസ്‌.) ഓഫീസര്‍മാരുടെ 67-ാം ബാച്ചിനെ അഭിസംബോധന ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.
നികുതിയടയ്‌ക്കുന്നതിനോട്‌ പൊതുവേ വിമുഖതയുള്ള സമൂഹമാണു നമ്മുടേത്‌. പക്ഷേ, വികസനം ആവശ്യപ്പെടുന്നവര്‍ക്ക്‌ അതിന്‌ ആവശ്യമായിവരുന്ന പണം സര്‍ക്കാരിനു നല്‍കാനുള്ള ബാധ്യതയുണ്ട്‌. നികുതികള്‍ പിരിച്ചെടുത്തേതീരൂ. എന്നാല്‍ അതിനുവേണ്ടി ഭയപ്പെടുത്തലിന്റെ മാര്‍ഗം സ്വീകരിക്കരുതെന്നും ജയ്‌റ്റ്‌ലി ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കി.

Ads by Google
Monday 02 Oct 2017 01.40 AM
YOU MAY BE INTERESTED
TRENDING NOW