Monday, October 02, 2017 Last Updated 48 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.40 AM

രാഷ്‌ട്രീയത്തില്‍ ശോഭിക്കാന്‍ പ്രശസ്‌തിയും പണവും മാത്രം പോരെന്നു രജനീകാന്ത്‌

uploads/news/2017/10/151520/d3.jpg

ചെന്നൈ: രാഷ്‌ട്രീയത്തില്‍ വിജയിക്കാന്‍ പണവും പ്രശസ്‌തിയും മാത്രം പോരെന്നു തമിഴ്‌ സൂപ്പര്‍താരം രജനീകാന്ത്‌. ചെന്നൈയില്‍ ശിവാജി ഗണേശന്‍ സ്‌മാരകത്തിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ കമല്‍ഹാസനെ വേദിയിലിരുത്തിയായിരുന്നു പരാമര്‍ശം.
"രാഷ്‌ട്രീയത്തില്‍ ശോഭിക്കാന്‍ പണത്തിനും പ്രശസ്‌തിക്കുമപ്പുറം വേറെയും ചേരുവകളുണ്ട്‌. അവയെന്തൊക്കെയെന്ന്‌ ജനങ്ങള്‍ക്കു മാത്രമേ അറിയൂ. സത്യമായും അതെനിക്കറിയില്ല. കമല്‍ഹാസന്‌ അതറിയാമെന്നാണു ഞാന്‍ കരുതുന്നത്‌. അറിയാമെങ്കിലും അദ്ദേഹം എനിക്കു പറഞ്ഞുതരില്ല." രാഷ്‌ട്രീയത്തിലിറങ്ങി പരാജയപ്പെട്ട ശിവാജി ഗണേശന്റെ ചരിത്രം ഓര്‍മിപ്പിച്ചും തന്നെ ഒന്നു കുത്തിക്കൊണ്ടുമുള്ള സ്‌റ്റെല്‍ മന്നന്റെ പരാമര്‍ശത്തിന്‌ പക്ഷേ, ഉലകനായകന്‍ മറുപടി നല്‍കിയില്ല.
"രണ്ടു മാസം മുമ്പായിരുന്നെങ്കില്‍ കമല്‍ അതെനിക്ക്‌ പറഞ്ഞുതരുമായിരുന്നു. പക്ഷേ, ഇന്നു ചോദിക്കുമ്പോള്‍ തനിക്കൊപ്പം വരൂ, പറഞ്ഞുതരാം" എന്നാണ്‌ അദ്ദേഹം പറയുകയെന്നും രാഷ്‌ട്രീയത്തില്‍ രണ്ടു പേരുടെയും വഴികള്‍ വെവ്വേറെയാണെന്നു സൂചിപ്പിച്ച്‌ രജനീകാന്ത്‌ പറഞ്ഞു.
അതേസമയം, ശിവാജി ഗണേശന്റെ സ്‌മാരകമായ മണിമണ്ഡപം ഉദ്‌ഘാടനം ചെയ്യാന്‍ വൈകിയ അണ്ണാ ഡി.എം.കെ. സര്‍ക്കാരിനെ കടന്നാക്രമിച്ചായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍. "സംസ്‌ഥാനത്തിനും രാജ്യത്തിനുമപ്പുറം പ്രശസ്‌തി വ്യാപിപ്പിച്ചയാളായിരുന്നു ശിവാജി ഗണേശന്‍. നടനായിരുന്നില്ലെങ്കില്‍, സിനിമാപ്രേമി എന്ന നിലയില്‍ ഞാന്‍ ഇവിടെ വരുമായിരുന്നു. അതില്‍നിന്ന്‌ എന്നെ തടയാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല."- കമല്‍ പറഞ്ഞു.
സര്‍ക്കാര്‍ പരിപാടിയായിരുന്നിട്ടുകൂടി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചടങ്ങില്‍നിന്നു വിട്ടുനിന്നു. കമല്‍ഹാസനുമായി വേദി പങ്കിടുന്നതിലുള്ള വൈമുഖ്യമാണ്‌ കാരണമെന്നാണു സൂചന.

Ads by Google
Advertisement
Monday 02 Oct 2017 01.40 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW