Monday, October 02, 2017 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.35 AM

കാറ്റലോണിയ: ഹിതപരിശോധന തടഞ്ഞ്‌ സ്‌പാനിഷ്‌ പോലീസ്‌; സംഘര്‍ഷം

uploads/news/2017/10/151512/in4.jpg

ബാര്‍സിലോണ: ബാലറ്റ്‌ പെട്ടികള്‍ പിടിച്ചെടുത്തും വോട്ടിനെത്തിയവരെ ബലപ്രയോഗത്തിലൂടെ മടക്കിയയച്ചും സ്‌പാനിഷ്‌ പോലീസ്‌ മുന്നേറിയപ്പോള്‍ സ്വാതന്ത്ര്യത്തിനായി നടത്തിയ ഹിതപരിശോധനയില്‍ വോട്ടു ചെയ്യാനെത്തിയ കാറ്റലോണിയന്‍ ജനത ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: "ഞങ്ങള്‍ക്കു വോട്ട്‌ ചെയ്യണം". പോലീസ്‌ നടപടി കടുപ്പിച്ചതോടെ തെരുവ്‌ യുദ്ധക്കളമായി. സ്‌ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ 337 പേര്‍ക്കു പരുക്കേറ്റു.
ഹിതപരിശോധന ഭരണകൂടം വിലക്കിയിരുന്നതിനാല്‍ വോട്ടെടുപ്പ്‌ തടയാനുള്ള ശക്‌തമായ നീക്കത്തിലായിരുന്നു പോലീസ്‌. വോട്ടെടുപ്പ്‌ തുടങ്ങിയതും സ്‌ഥിതിഗതികള്‍ കൈയാങ്കളിയുടെ വക്കിലെത്തി. വോട്ടിനെത്തിയവരെ സമ്മര്‍ദത്തിലൂടെ മടക്കി അയയ്‌ക്കാന്‍ പോലീസ്‌ പണിപ്പെട്ടു.
വിമത നേതാവ്‌ വോട്ട്‌ ചെയ്യേണ്ട സ്‌പോര്‍ട്‌സ്‌ സെന്ററിലേക്ക്‌ ഇവരെ എത്തിക്കാനായി മറ്റൊരു ശ്രമം. അതിനിടെ, പോലീസിന്റെ പ്രതിരോധത്തെ അവഗണിച്ചു വോട്ടിനു തുനിഞ്ഞവര്‍ക്കു നേരേ റബര്‍ ബുള്ളറ്റ്‌ ഉപയോഗിച്ചു വെടിവയ്‌പുണ്ടായി. ഹിതപരിശോധന നിയമവിരുദ്ധമാണെന്നു കാട്ടി സ്‌പാനിഷ്‌ സര്‍ക്കാര്‍ വിലക്കു പ്രഖ്യാപിച്ചിരുന്നു. ഇത്‌ അവഗണിച്ചു വോട്ടെടുപ്പ്‌ നടന്നതോടെ പതിറ്റാണ്ടിലെ ഏറ്റവും വലിയ ഭരണഘടനാ പ്രതിസന്ധിയിലൂടെയാണു സ്‌പെയിന്‍ കടന്നുപോകുന്നത്‌. മാഡ്രിഡും ബാര്‍സിലോണയും തമ്മിലുള്ള ശക്‌തിപ്രകടനത്തിനാണു വോട്ടെടുപ്പ്‌ വഴിവയ്‌ക്കുന്നതും.
സ്‌പെയിനിലെ സ്വയംഭരണ മേഖലയായ കാറ്റലോണിയയുടെ തലസ്‌ഥാനമാണ്‌ ബാര്‍സിലോണ. വോട്ടെടുപ്പു പ്രഖ്യാപിച്ച കറ്റാലന്‍ സര്‍ക്കാര്‍ രാവിലെ ഒമ്പതിനു തന്നെ വോട്ടെടുപ്പു തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനായി 2,300 പോളിങ്‌ സ്‌റ്റേഷനുകളും അവര്‍ തുറന്നു. എന്നാല്‍, ഇതില്‍ പകുതിയോളം എണ്ണത്തിനു ശനിയാഴ്‌ചതന്നെ പൂട്ടിട്ടതായി സ്‌പെയിന്‍ വ്യക്‌തമാക്കി.പോലീസ്‌ പ്രതിരോധം തീര്‍ക്കുമെന്ന്‌ ഉറപ്പായതോടെ ഹിതപരിശോധനാ അനുകൂലികള്‍ ഇന്നലെ പുലര്‍ച്ചെതന്നെ ബാലറ്റ്‌ പേപ്പറുകള്‍ വോട്ടെടുപ്പ്‌ കേന്ദ്രങ്ങളില്‍ എത്തിച്ചു. പോലീസിന്റെ പ്രതിരോധം ഭേദിക്കാന്‍ ജനങ്ങളോട്‌ ആഹ്വാനവും ചെയ്‌തിരുന്നു. വോട്ട്‌ പെട്ടികളും ബാലറ്റ്‌ പേപ്പറുകളും പിടിച്ചെടുത്തിട്ടും ജനം പിന്‍വാങ്ങിയില്ല. ഇതിനിടെ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥരെ പലരെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കി.
"ഒന്നും രണ്ടുമല്ല, എണ്‍പതു വര്‍ഷത്തെ കാത്തിരിപ്പാണു സഫലമാകുന്നത്‌".- വോട്ടിനെത്തിയ ടാക്‌സി ഡ്രൈവറും തൊണ്ണൂറ്റിരണ്ടുകാരനുമായ റാമോണ്‍ ജോര്‍ദാനയുടെ വാക്കുകള്‍ ഇങ്ങനെ. ഹിതപരിശോധനയില്‍ "യേസ്‌ " വോട്ടിനു ഭൂരിപക്ഷം കിട്ടിയാല്‍ 48 മണിക്കൂറിനകം സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്നായിരുന്നു കറ്റാലന്‍ നേതാവ്‌ കാര്‍ലേസ്‌ പീഗ്‌ഡെമോന്റെ പ്രഖ്യാപനം.

Ads by Google
Advertisement
Monday 02 Oct 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW