Friday, December 15, 2017 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.31 AM

രാജീവിന്റെ കൊലപാതകം : ചക്കര ജോണി രാജ്യം വിട്ടെന്നു പോലീസ്‌

uploads/news/2017/10/151503/c2.jpg

തൃശൂര്‍: പാട്ടകൃഷിക്കാരനും റിയല്‍ എസ്‌റ്റേറ്റ്‌ ഏജന്റുമായ അങ്കമാലി വീരംപറമ്പില്‍ രാജീവിന്റെ കൊലപാതകത്തില്‍ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന ക്വട്ടേഷന്‍ ഇടനിലക്കാരന്‍ അങ്കമാലി നായത്തോടു സ്വദേശി ചക്കരജോണി രാജ്യംവിട്ടെന്നു പോലീസ്‌. അനേഷണം തന്നിലേക്കും പ്രമുഖ അഭിഭാഷകനായ സി.പി. ഉദയഭാനുവിലേക്കും തിരിഞ്ഞതോടെ ജോണി രാജ്യം വിട്ടെന്നാണു സംശയം.
ചക്കരജോണിയെ കസ്‌റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണം ഇപ്പോള്‍ പിടികൂടിയ നാലുപേരിലേക്കൊതുങ്ങുമെന്നാണു സൂചന. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശികളായ ഷൈജു, സുനില്‍, സത്യന്‍, രാജന്‍ എന്നിവരെയാണു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരുടെ മൊഴിയും രാജീവിന്റെ സുഹൃത്തുക്കളുടെ പരാതിയുമാണ്‌ അന്വേഷണം ചക്കരജോണിയിലേക്കും അഭിഭാഷകനിലേക്കുമെത്തിച്ചത്‌.
ഗൂഢാലോചനയില്‍ ജോണിയടക്കം മൂന്നുപേര്‍ ഉണ്ടെന്നാണു പോലീസിന്റെ കണ്ടെത്തല്‍. രാജീവ്‌ പരുക്കേറ്റ്‌ കിടക്കുന്നുവെന്ന്‌ ഉദയഭാനു പോലീസിനെ വിളിച്ചറിയിച്ചിരുന്നു. രാജീവ്‌ കിടക്കുന്ന സ്‌ഥലം പറഞ്ഞു കൊടുത്തതു ചക്കര ജോണിയാണ്‌. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഉദയഭാനുവിനെ ബന്ധപ്പെട്ടിട്ടുണ്ട്‌.
എന്നാല്‍ രാജീവിന്‌ പരുക്കേറ്റെന്ന്‌ ഡിവൈ.എസ.്‌പിയെ അറിയിച്ചത്‌ ഉദയഭാനുവിന്‌ തുണയാകും. ഇക്കാര്യം പോലീസില്‍ അറിയിക്കുകയാണ്‌ ഉദയഭാനു ചെയ്‌തതെന്നും അതിനാല്‍ ഇപ്പോള്‍ പ്രതിചേര്‍ക്കാനാകില്ലെന്നും പോലീസ്‌ പറഞ്ഞു. കൃത്യത്തില്‍ അഭിഭാഷകന്റെ പങ്കുണ്ടോയെന്നറിയാന്‍ കൃത്യമായ തെളിവുകള്‍ വേണം.
കൊല്ലപ്പെട്ട രാജീവ്‌ അബോധാവസ്‌ഥയില്‍ കിടക്കുന്നുവെന്ന വിവരം അഡ്വ. സി.പി. ഉദയഭാനു ചാലക്കുടി ഡിവൈ.എസ്‌.പി: ഷാഹുല്‍ ഹമീദിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.
കാണാതായ രാജീവ്‌ അബോധാവസ്‌ഥയില്‍ ആണെന്നും പെട്ടെന്ന്‌ സ്‌ഥലത്തെത്തിയാല്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്നുമാണ്‌ അറിയിച്ചത്‌. രാജീവ്‌ കിടക്കുന്ന സ്‌ഥലം എവിടെയെന്ന്‌ ഡിവൈ.എസ്‌.പി. ചോദിച്ചെങ്കിലും അക്കാര്യത്തില്‍ ഉദയഭാനുവിനു വ്യക്‌തതയുണ്ടായിരുന്നില്ല.
തുടര്‍ന്ന്‌ കേസിലെ മുഖ്യസൂത്രധാരനായ ചക്കര ജോണിയെ ഉദയഭാനു ഫോണില്‍ വിളിച്ച്‌ ഡിവൈ.എസ്‌.പിയോട്‌ സ്‌ഥലം എവിടെയെന്ന്‌ അറിയിക്കാന്‍ നിര്‍ദേശിച്ചെന്നാണു പോലീസ്‌ ഭാഷ്യം. ഇതനുസരിച്ച്‌ ചക്കര ജോണി അല്‍പ്പസമയത്തിനകം തന്നെ ഡിവൈ.എസ്‌.പിയെ വിളിച്ച്‌ രാജീവ്‌ കിടക്കുന്ന സ്‌ഥലം അറിയിച്ചിരുന്നു. ഉദയഭാനുവും ചക്കര ജോണിയും നല്‍കിയ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ഡിവൈ.എസ്‌.പിയും സംഘവും രാജീവ്‌ കിടക്കുന്ന സ്‌ഥലം കണ്ടെത്തി കൊലപാതകം സ്‌ഥിരീകരിക്കുകയായിരുന്നു.
കോടീശ്വരനായ ചക്കര ജോണിക്ക്‌ ഓസ്‌ട്രേലിയ, യു.എ.ഇ, തായ്‌ലാന്‍ഡ്‌ എന്നിവിടങ്ങളിലേക്കു വിസയുണ്ടെന്നു പോലീസ്‌ കണ്ടെത്തി. ജോണിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനാണു തീരുമാനം.
വിമാനത്താവളങ്ങളില്‍ ലുക്ക്‌ ഔട്ട്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇയാള്‍ക്ക്‌ ഉന്നത രാഷ്‌ട്രീയ ബന്ധങ്ങളും ബിസിനസ്‌ ബന്ധങ്ങളുമുണ്ടെന്നു പോലീസ്‌ പറയുന്നു.
ചുരുങ്ങിയ കാലയളവിനിടെയാണു ജോണിയുടെ റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലെ വളര്‍ച്ച ഉണ്ടായത്‌. കൊലപാതകത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടിലെ തര്‍ക്കങ്ങളാണെന്നു പോലീസ്‌ പറയുന്നു. ശാസ്‌ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌ ഡിവൈ.എസ്‌.പി. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം.
ചക്കരജോണിയുടെ മാനസികവൈകല്യമുള്ള ഭാര്യാസഹോദരനെ ഉപയോഗിച്ച്‌ തന്നെ വകവരുത്തുമെന്ന്‌ ഭീഷണിയുള്ളതായി രാജീവ്‌ നേരത്തെ പരാതി നല്‍കിയിരുന്നു. ക്വട്ടേഷന്‍ ഗൂഢാലോചനയില്‍ ഇയാളും ഉള്‍പ്പെട്ടിരുന്നുവെന്നു കണ്ടെത്തിയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. രാജീവിനെ കാണാനില്ലെന്നു കാട്ടി മകന്‍ അഖില്‍ നല്‍കിയ പരാതിയില്‍ അഭിഭാഷകനില്‍നിന്നും ജോണിയില്‍നിന്നും ഭീഷണിയുണ്ടെന്നു പറഞ്ഞിരുന്നു.
കൊലപാതകവിവരം പുറത്തു വന്ന സമയത്ത്‌ കേരളത്തിലായിരുന്ന ജോണിയെ അറസ്‌റ്റ്‌ ചെയ്യാന്‍ പോലീസ്‌ വൈകിയതാണ്‌ രാജ്യം വിടാന്‍ സഹായമായത്‌.
ബംഗളൂരു വഴി രാജ്യംവിട്ടെന്നാണു സംശയം. ചക്കരജോണി രക്ഷപ്പെടാന്‍ പോലീസ്‌ ഒത്താശ ചെയ്‌തെന്നും ആക്ഷേപമുണ്ട്‌.

ജോണിയുടെ വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍

അങ്കമാലി: അങ്കമാലി സ്‌റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായിരുന്ന നായത്തോട്‌ സ്വദേശി ചക്കര ജോണി കോടീശ്വരനായി വളര്‍ന്നതു കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നെന്നു നാട്ടുകാര്‍. റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്തേക്കു കളം മാറി ചവുട്ടിയതോടെയാണ്‌ ജോണി കോടികളുടെ ലോകത്തേക്കെത്തുന്നത്‌.
ഇഷ്‌ടികക്കളത്തില്‍ ചെളികുത്തുകാരനായും അങ്കമാലിയില്‍ എഫ്‌.സി.ഐ. ഗോഡൗണിലെ ചുമട്ടു തൊഴിലാളിയായും ജോലി ചെയ്‌ത ചക്കര ജോണിക്കു ചാകരയായതു നെടുമ്പാശേരിയില്‍ വിമാനത്താവളം വന്നതാണ്‌.
നെടുമ്പാശേരിയിലും അങ്കമാലിയിലും സ്‌ഥലത്തിനു പൊന്നുവിലയായി. പ്രവാസികള്‍ ഇവിടങ്ങളില്‍ സ്‌ഥലം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ റിയല്‍ എസ്‌റ്റേറ്റ്‌ ബ്രോക്കറായ ജോണി ശതകോടീശ്വരനായി. ഇപ്പോള്‍ ദുബായിലും നാട്ടിലും ബിസിനസ്‌ സ്‌ഥാപനങ്ങളുണ്ട്‌.
രാഷ്‌ട്രീയക്കാരുടെയും വമ്പന്‍ ബിസിനസുകാരുടെയും ഉറ്റ സുഹൃത്താണ്‌ ചക്കരജോണി. ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുമായും ബന്ധമുള്ളതായി പറയപ്പെടുന്നു. മൂന്നു രാജ്യങ്ങളിലേക്കുള്ള വിസ തരപ്പെടുത്തിയതും ഇത്തരം ബന്ധങ്ങള്‍ മുഖേനയാണ്‌. കുതന്ത്രങ്ങള്‍ പയറ്റാനുള്ള കഴിവാണ്‌ ജോണിയെ വളര്‍ത്തിയത്‌. രാജീവിനെ കൊലപെടുത്തിയതിന്‌ പിന്നിലും ഈ തന്ത്രങ്ങളുണ്ടെന്നാണു പോലീസ്‌ പറയുന്നത്‌.
തവളപ്പാറയില്‍ ജോണി പാട്ടത്തിനെടുത്ത തോട്ടത്തിനടുത്തായി മറ്റൊരു തോട്ടം പാട്ടത്തിനെടുത്താണ്‌ ഇയാള്‍ രാജീവിനെ നിരീക്ഷിച്ചതെന്നു പോലീസ്‌ പറഞ്ഞു.

Ads by Google
Monday 02 Oct 2017 01.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW