Wednesday, January 17, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.31 AM

രാജീവിന്റെ കൊലപാതകം: ചക്കര ജോണിക്കും രഞ്‌ജിത്തിനും വേണ്ടി ലുക്കൗട്ട്‌ നോട്ടീസ്‌

uploads/news/2017/10/151502/c1.jpg

ചാലക്കുടി: അങ്കമാലി നായത്തോട്‌ സ്വദേശി രാജീവ്‌ കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍പ്പോയ അങ്കമാലി സ്വദേശികളായ ചക്കര ജോണി, രഞ്‌ജിത്ത്‌ എന്നിവര്‍ക്കായി പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. കേസില്‍ മുരിങ്ങൂര്‍ സ്വദേശി രാജന്‍, ആറ്റപ്പാടം സ്വദേശി ഷൈജു, പരുമ്പി സ്വദേശി സത്യന്‍, ചാലക്കുടി സ്വദേശി സുനില്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ചാലക്കുടി മജിസ്‌ട്രേറ്റ്‌ അവധിയായതിനാല്‍ പ്രതികളെ കുന്ദംകുളം മജിസ്‌ട്രേറ്റിന്‌ മുന്നിലാണ്‌ ഞായറാഴ്‌ച ഹാജരാക്കിയത്‌.
അതിനിടെ ജോണിയുടെ വസതിയില്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തി. കൊരട്ടി എസ്‌.ഐയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌. കാര്യമായി ഒന്നും തന്നെ റെയ്‌ഡില്‍ കിട്ടിയിട്ടില്ല. ജോണിയുടെ പ്രായമായ പിതാവും മാതാവും മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇവിടെനിന്നു മാറ്റിയെന്നാണു സംശയം.
പണം കടം കൊടുത്തതിനുള്ള രേഖകള്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ്‌ രാജീവിന്റെ മരണത്തില്‍ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനം. രാജീവും ചക്കര ജോണിയും വസ്‌തു ഇടപാടുകളില്‍ കൂട്ടകച്ചവടക്കാരായിരുന്നു. പണമിടപാട്‌ സംബന്ധിച്ച തര്‍ക്കത്തില്‍ ഇരുവരും പിരിഞ്ഞു. ജോണി രാജീവിനെതിരേ അങ്കമാലി പോലീസ്‌ സ്‌റ്റേഷനില്‍ നിരവധി കള്ളക്കേസുകള്‍ നല്‍കിയിരുന്നെന്നും പറയുന്നു. കേസാവശ്യത്തിനായാണ്‌ രാജീവ്‌ എറണാകുളത്തെ പ്രമുഖനായ അഭിഭാഷകന്റെ അടുത്തെത്തുന്നത്‌. പിന്നീട്‌ അഭിഭാഷകന്റെ വസ്‌തു ഇടപാടുകാരനായി മാറി. സാമ്പത്തിക ഇടപാടില്‍ കൃത്രിമം നടത്തിയെന്ന പേരില്‍ രാജീവും അഭിഭാഷകനും തമ്മില്‍ തെറ്റി. രാജീവ്‌ അഭിഭാഷകനില്‍നിന്ന്‌ മൂന്നു കോടി രൂപയും ജോണിയില്‍നിന്നു രണ്ടരക്കോടിയും വസ്‌തു ഇടപാടിനായി കൈപ്പറ്റിയതായി പറയുന്നു.
പണം നല്‍കിയതിന്റെ രേഖകളൊന്നും രണ്ടു പേരും രാജീവില്‍നിന്നു വാങ്ങിയിരുന്നില്ല. പലപ്പോഴായി പണം ആവശ്യപ്പെട്ടെങ്കിലും പണമോ രേഖകളോ നല്‍കാന്‍ രാജീവ്‌ തയാറായില്ലെന്നു പറയപ്പെടുന്നു. രേഖകള്‍ ശേഖരിക്കാനായി ജോണിയുടെ ബന്ധുവായ കൊരട്ടി സ്വദേശി ഷാജുവിന്‌ ക്വട്ടേഷന്‍ നല്‍കിയതായി പോലീസ്‌ പറയുന്നു. ഷാജുവും സംഘവും പരിയാരത്തെ തവളപ്പാറയില്‍ രാജീവിന്റെ തോട്ടത്തിന്‌ സമീപം വീട്‌ വാടകക്കെടുത്ത്‌ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.
രാജീവ്‌ കരാറെടുത്ത തോട്ടത്തില്‍ നേരത്തെ ഒന്നു രണ്ടുതവണ ഇവരെത്തി ബഹളമുണ്ടാക്കിയിരുന്നതായി പറയുന്നു. കൃത്യം നടന്ന ദിവസം തര്‍ക്കം കൈയാങ്കളിയിലെത്തി. തുടര്‍ന്ന്‌ രാജീവിനെ മര്‍ദിച്ചവശനാക്കിയ സംഘം കൈകാലുകളും വായയും വരിഞ്ഞ്‌ കെട്ടി ഓട്ടോറിക്ഷയില്‍ വാടക വീട്ടിലേക്കു കൊണ്ടുപോയെന്നാണു സംശയിക്കുന്നത്‌. പിടിവലിക്കിടയില്‍ ശ്വാസംമുട്ടിമരിച്ചെന്നാണു സൂചന.ഈ സംഭവത്തിനുശേഷം തോട്ടത്തിലെത്തിയ തൊഴിലാളികള്‍ രാജീവിന്റെ സ്‌കൂട്ടര്‍ മറിഞ്ഞ്‌ കിടക്കുന്നത്‌ കണ്ട്‌ വിവരം വീട്ടില്‍ അറിയിച്ചിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകന്‍ അഖില്‍ പരാതിയും നല്‍കിയിരുന്നു. പിന്നീടു പോലീസ്‌ നടത്തിയ തെരച്ചിലാണ്‌ കൃഷിയിടത്തിനു സമീപം ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം കണ്ടത്‌. കൈകള്‍ രണ്ടും മുന്നിലേക്ക്‌ കെട്ടിയിരുന്നു. തലയില്‍ ഒരു മുറിവും കാണപ്പെട്ടു. എന്നാല്‍ മരണകാരണം മുറിവല്ലെന്നും ശ്വാസംമുട്ടിയാണു മരിച്ചതെന്നും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Monday 02 Oct 2017 01.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW